ചൊവ്വാദോഷത്തിന് 25 പരിഹാരമാര്‍ഗ്ഗങ്ങള്‍

ചൊവ്വാദോഷത്തിന് 25 പരിഹാരമാര്‍ഗ്ഗങ്ങള്‍

HIGHLIGHTS

ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെന്ന് അറിയുന്നമാത്രയില്‍ മനോവിഷമം അധികരിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് ചൊവ്വാദോഷം കൂടുതല്‍ ബാധിക്കുന്നത്. മനസ്സിനിണങ്ങിയ വിവാഹബന്ധം ചൊവ്വാദോഷക്കാര്‍ക്ക് പ്രതീക്ഷയ്ക്ക് പോലും വക നല്‍കുന്നില്ല. വളരെയധികം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണ് ചൊവ്വാദോഷം. യഥാര്‍ത്ഥത്തില്‍ ചൊവ്വാദോഷത്തെ സംബന്ധിച്ച ശരിയായ ജ്ഞാനം ലഭ്യമാകാത്തതും തെറ്റിദ്ധാരണയ്ക്ക് ആക്കം കൂട്ടുന്നു.

ചൊവ്വാദോഷം പ്രതിപാദിക്കപ്പെടുമ്പോള്‍ ജാതകത്തിലെ രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കൂടി കണക്കിലെടുക്കേണ്ടതായിട്ടുണ്ട് എന്നാണ് അഭിജ്ഞമതം.

രണ്ടാം ഭാവത്തില്‍ ചൊവ്വ നിന്നാല്‍ അതിന്‍റെ ഏഴിലേയ്ക്കുള്ള ദൃഷ്ടി ലഗ്നത്തിന്‍റെ അഷ്ടമത്തിലേക്കായിരിക്കും. അഷ്ടമം സ്ത്രീകള്‍ക്ക് മംഗല്യസ്ഥാനമാണ്. സ്ത്രീക്കും പുരുഷനും ആയുര്‍സ്ഥാനവുമാണ്. അതിനാല്‍ അഷ്ടമത്തിലേക്കുള്ള പാപന്‍റെ വീക്ഷണം ആയുസ്സിന് ഹാനികരമാകാനിടയുണ്ട്.
നാലാം ഭാവം കൊണ്ട് ചിന്തിക്കുന്നത് ജീവിതസൗഖ്യം, ഗൃഹം എന്നിവയാണ്. നാലില്‍ ചൊവ്വ നിന്നാല്‍ മേല്‍പ്പറഞ്ഞ സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടും. മാത്രമല്ല നാലിലെ ചൊവ്വ പത്തിനെ നോക്കുന്നതിനാല്‍ കര്‍മ്മം, തൊഴില്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കും.

ഏഴില്‍ ചൊവ്വ നിന്നാല്‍ അത് ലഗ്നത്തിനെ നോക്കുന്ന കാരണത്താല്‍ ആരോഗ്യഹാനിക്കിട വരും. ലഗ്നത്തില്‍ നില്‍ക്കുന്ന പാപനും ഇതേ ദോഷം ആവര്‍ത്തിക്കും.

പന്ത്രണ്ടിലെ ചൊവ്വ വിദേശവാസം, വൈകല്യം, വിരഹം എന്നിവ ഉണ്ടാക്കി ത്തീര്‍ക്കും.

എട്ടിലെ ചൊവ്വ ആയുര്‍ദോഷത്തിനൊപ്പം ധനനഷ്ടത്തിനും കാരണമാകും. സ്ത്രീകളെ സംബന്ധിച്ച് എട്ടില്‍ നില്‍ക്കുന്ന ചൊവ്വ വൈധവ്യത്തെ ഉണ്ടാക്കിത്തീര്‍ക്കും.

ജാതകത്തില്‍ ലഗ്നാലോ, ചന്ദ്രാലോ ശുക്രനാലോ 1, 2, 4, 7, 9, 12 ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുന്നതിനെയാണ് ചൊവ്വാദോഷം എന്നുപറയുന്നത്. ഇവയില്‍ ശുക്രനില്‍ നിന്നുള്ള ഭാവങ്ങളില്‍ ചൊവ്വയ്ക്കാണ് കൂടുതല്‍ ദോഷം.

25 ദോഷ പരിഹാരങ്ങള്‍

ചൊവ്വയെ സംബന്ധിച്ച ദോഷങ്ങള്‍ക്ക് ജാതകത്തില്‍ തന്നെ പരിഹാരമാര്‍ഗ്ഗങ്ങളും ആചാര്യന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ലഗ്നാലോ, ചന്ദ്രാലോ, ശുക്രനാലോ 1, 2, 4, 7, 8, 12 ഭാവങ്ങളില്‍ ചൊവ്വ നിന്നാല്‍ തന്നെയും ജാതകത്തില്‍ ഇനി പ്രതിപാദിക്കുന്ന ഗ്രഹനില ഉണ്ടെങ്കില്‍ ചൊവ്വാദോഷം ബാധകമാകില്ലെന്ന് പറയുന്നു.

1. ഏഴില്‍ നില്‍ക്കുന്ന ചൊവ്വയെ വ്യാഴം വീക്ഷിക്കുക. 

2. ലഗ്നാലോ, ചന്ദ്രനാലോ, ഏഴില്‍ ഏഴാം ഭാവാധിപനോ ശുഭനോ നിന്നാല്‍ വൈധവ്യം ഭവിക്കുകയില്ല.

3. കേന്ദ്ര ത്രികോണങ്ങളില്‍ ശുഭഗ്രഹങ്ങളും, മൂന്ന്, ആറ്, പതിനൊന്ന് ഭാവങ്ങളില്‍ പാപഗ്രഹങ്ങളും, ഏഴില്‍ ഏഴാം ഭാവാധിപനും നിന്നാല്‍ ചൊവ്വാദോഷത്തിന് പരിഹാരമാകും.

4. സ്ത്രീപുരുഷ ജാതകങ്ങളില്‍ ഒരാളുടെ ജാതകത്തിലെ പാപസ്ഥിതി തന്നെ മറ്റേ ആളുടെ ജാതകത്തില്‍ ഉണ്ടെന്നുവരികില്‍ ചൊവ്വാദോഷം പരിഹരിക്കപ്പെടും.

5. കുംഭം, ചിങ്ങം രാശികളില്‍ നില്‍ക്കുന്ന ചൊവ്വ ദോഷം ചെയ്യില്ല.

6. മിഥുനം, കന്നി, തുലാം, ഇടവം എന്നിവയില്‍ പന്ത്രണ്ടാം ഭാവമായി ചൊവ്വ നിന്നാല്‍ കടുത്ത ദോഷത്തിന് ഇടയില്ല.

7. ഇടവം, തുലാം നാലാം ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുന്നതുകൊണ്ടും ദോഷമില്ല.

8. ധനു, മീനം, എട്ടാം ഭാവത്തില്‍ ചൊവ്വ നിന്നാല്‍ ദോഷമില്ല.

9. ചൊവ്വ ചന്ദ്രനോടോ, വ്യാഴത്തോടോ, ബുധനോടോ യോഗം ചെയ്താല്‍ ദോഷം ഒഴിവാകും.

10. ചന്ദ്രന്‍, വ്യാഴം, ബുധന്‍ ഇവയിലേതെങ്കിലും ഒന്ന് ചൊവ്വയെ വീക്ഷിച്ചാലും ദോഷത്തിന് പരിഹാരമാകും.

11. മകരമോ കര്‍ക്കിടകമോ ഏഴാം ഭാവങ്ങളില്‍ പരിഹാരമാകും. 

12. മിഥുനമോ, കന്നിയോ രണ്ടാം ഭാവങ്ങളില്‍ ചൊവ്വ നിന്നാലും ദോഷമില്ല.

13. ശനി ലഗ്നത്തിലോ ഏഴ്, നാല്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളിലോ നിന്നാല്‍ ദോഷത്തിന് പരിഹാരമാകും.

14. ചൊവ്വ ഉച്ചക്ഷേത്രത്തിലോ, വ്യാഴക്ഷേത്രത്തിലോ നില്‍ക്കുക. ചൊവ്വയ്ക്ക് മിത്രക്ഷേത്രസ്ഥിതി വരിക, നീചരാശി സ്ഥിതി വരിക, ചൊവ്വ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ അംശിക്കുക എന്നിവയിലും ചൊവ്വാദോഷം അകലുന്നതാണ്.

15. ചൊവ്വ-ഗുരു, ചൊവ്വ- ചന്ദ്രന്‍ ഗുരുവോ ശുക്രനോ ലഗ്നത്തില്‍ നില്‍ക്കുക. ഈ ഗ്രഹനിലയിലും ചൊവ്വാദോഷം ബാധകമല്ല.

16. ലഗ്നം മേടത്തിലും ധനു പന്ത്രണ്ടിലും വൃശ്ചികം നാലിലും, ഇടവം ഏഴിലും കുംഭം എട്ടിലും നിന്നാലും ചൊവ്വാദോഷത്തിന് പ്രസക്തിയില്ല.

17. ഗുരുവും ശുക്രനും ബലവാന്മാരായി ഏഴിലോ ലഗ്നത്തിലോ നാലിലോ ഒന്‍പതിലോ പന്ത്രണ്ടിലോ  നിന്നാല്‍ ചൊവ്വാദോഷമില്ല.

18. കര്‍ക്കിടകം, ചിങ്ങം, ധനു, മീനം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവര്‍ക്ക് ചൊവ്വായോഗകാരകനായി ദോഷം ചെയ്യുന്നില്ല. എന്നാല്‍ മിഥുനം, കന്നി, തുലാം, ഇടവം ലഗ്നക്കാര്‍ക്ക് ചൊവ്വ പാപനാണ്.

19. ഉച്ചത്തിലോ, മിത്രത്തിലോ, സ്വവംശത്തിലോ, സ്വ ഉച്ച നവാംശകത്തിലോ നില്‍ക്കുന്ന ചൊവ്വയ്ക്ക് പാപം കുറവായിരിക്കും.

20. രണ്ടില്‍ ചന്ദ്രനും ശുക്രനും നിന്നാലും ചൊവ്വയെ വ്യാഴം വീക്ഷിച്ചാലും രാഹു കേന്ദ്രത്തില്‍ നിന്നാലും ചൊവ്വയും രാഹുവും കേന്ദ്രത്തില്‍ നിന്നാലും, ചൊവ്വയും രാഹുവും ചേര്‍ന്നാലും ദോഷമില്ല.

21. മേടം, വൃശ്ചികം, രണ്ടാം ഭാവമായി ചൊവ്വ നിന്നാലും ഇടവം, തുലാം നാലാം ഭാവമായി ചൊവ്വനിന്നാലും കന്നി, തുലാം പന്ത്രണ്ടാം ഭാവമായി ചൊവ്വ നിന്നാലും ഏഴിലോ, എട്ടിലോ പാപഗ്രഹം നിന്നാലും ഒന്‍പതില്‍ ശുക്രന്‍ നിന്നാലും ചൊവ്വയ്ക്ക് ദോഷമില്ല.

22. പുരുഷജാതകത്തില്‍ ലഗ്നാലോ ചന്ദ്രാലോ ശുക്രനാലോ ചൊവ്വ നാലിലോ നിന്നാലും ഏഴിലോ നില്‍ക്കുകയും നാല്, ഏഴ് ഭാവങ്ങള്‍ മേടം, വൃശ്ചികം, മകരം, കര്‍ക്കിടകമായി വരികയാണെങ്കിലും ദോഷം ഭവിക്കുകയില്ല.

23. ചൊവ്വയ്ക്ക് പകരം ശനി ഒന്ന്, രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളില്‍ നിന്നാല്‍ ദോഷമില്ല. ചൊവ്വാദോഷം മാറും.

24. ശനി, രാഹു, കേതു എന്നിവ ചൊവ്വയുമായി യോഗം ചേരുന്നത് പാപം പരിഹരിക്കും.

25. ചന്ദ്രനും ചൊവ്വയും ഒരേ രാശിയില്‍ നിന്നാലും ചൊവ്വാദോഷം ഉണ്ടാകുന്നതല്ല.

ആചാര്യന്മാരുടെ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സശ്രദ്ധം പഠിക്കുക ഴി ചൊവ്വാദോഷം സംബന്ധമായ തെറ്റിദ്ധാരണകള്‍ നീങ്ങുന്നതോടൊപ്പം ആശ്വസിക്കാനും സംഗതിയാകും.

മറ്റു മുഹൂര്‍ത്തമില്ലെങ്കിലും വിവാഹം നടത്താം.

'ജൈവയോഗം' എന്ന പേരില്‍ ഒരു വിവാഹയോഗം ഉള്ളതായി പറയപ്പെടുന്നു. വ്യാഴം ബലവാനായി സ്വക്ഷേത്രത്തില്‍ നിന്നാലും, ലഗ്നരാശിയില്‍ ബുധശുക്ര കേന്ദ്രത്തില്‍ നിന്നാലും മുഹൂര്‍ത്തമില്ലെങ്കിലും വിവാഹം നടത്താം. ഇതിനെ'ജൈവയോഗം' എന്നാണ് പറയുന്നത്.