
അത്ഭുതവും സന്തോഷവും തോന്നിയ നിമിഷം -ദേവനന്ദ
കല്ലും മുള്ളും ആനയും പുലിയുമൊക്കെ നിറഞ്ഞ കാടായിരുന്നു എന്‍റെ മനസ്സിലെ ശബരിമല. അത്തരം കഥകളായിരുന്നു മുത്തശ്ശിമാര്‍ പറഞ്ഞുതന്നിരുന്നത്. വന്യമൃഗങ്ങളില്‍ നിന്ന് സ്വാമി അയ്യപ്പന്‍ രക്ഷിക്കും എന്ന വിശ്വാസത്തോടെയായിരുന്നു യാത്ര. യാത്രയിലുടനീളം അച്ഛനോട് ആനവരുമോ... ? പുലി വരുമോ...? എന്നിങ്ങനെ ചോദിച്ചുകൊണ്ടായിരുന്നു മലകയറ്റം.
ആദ്യമായി ശബരിമല സന്നിധാനത്ത് എത്തുന്നത് 'മാളികപ്പുറം' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു. എരുമേലി കൊച്ചമ്പലത്തില്‍ വച്ച് കെട്ട് മുറുക്കി പേട്ടകെട്ടി ഒപ്പം അഭിനയിച്ച ഉണ്ണിമുകുന്ദന്‍ ചേട്ടനും, ശ്രീപദുമായി ശബരിമലയിലേയ്ക്ക് പോകുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. ടി.വിയില്‍ മാത്രം കണ്ടിട്ടുള്ള അയ്യപ്പസന്നിധിയില്‍ എത്തുമ്പോള്‍ അത്ഭുതവും സന്തോഷവുമായിരുന്നു. മറ്റൊരു ലോകത്ത് എത്തിയതുപോലെയുള്ള അനുഭവം.
അന്ന് ശബരിമലയില്‍ വലിയ തിരക്ക് ഇല്ലാത്തതിനാല്‍ ഭഗവാനെ മതിയാവോളം കാണാനുള്ള ഭാഗ്യം ലഭിച്ചു. അയ്യപ്പ ചൈതന്യത്താല്‍ നിറയുന്ന അനുഭവമായിരുന്നത്. എഴുപത്തിയഞ്ച് ദിവസം കഠിനവ്രതം എടുത്തായിരുന്നു 'മാളികപ്പുറ'ത്തിലെ കല്ലുവായി വേഷമിട്ടത്. ഭക്തിയോടും പ്രാര്‍ത്ഥനയോടുകൂടിയും അഭിനയിച്ചതുകൊണ്ടാവാം അയ്യപ്പഭക്തര്‍ക്കും സിനിമാപ്രേമികള്‍ക്കും 'കല്ലു' പ്രിയപ്പെട്ടതായത്.
കല്ലും മുള്ളും ആനയും പുലിയുമൊക്കെ നിറഞ്ഞ കാടായിരുന്നു എന്‍റെ മനസ്സിലെ ശബരിമല. അത്തരം കഥകളായിരുന്നു മുത്തശ്ശിമാര്‍ പറഞ്ഞുതന്നിരുന്നത്. വന്യമൃഗങ്ങളില്‍ നിന്ന് സ്വാമി അയ്യപ്പന്‍ രക്ഷിക്കും എന്ന വിശ്വാസത്തോടെയായിരുന്നു യാത്ര. യാത്രയിലുടനീളം അച്ഛനോട് ആനവരുമോ... ? പുലി വരുമോ...? എന്നിങ്ങനെ ചോദിച്ചുകൊണ്ടായിരുന്നു മലകയറ്റം. കുത്തനേയുള്ള നീലിമലയും, അപ്പാച്ചിമേടും ഓടിക്കയറി. പറഞ്ഞുകേട്ടിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഒന്നും മലകയറ്റത്തില്‍ അനുഭവപ്പെട്ടില്ല.
ജീവിതത്തിന്‍റെ ഭാഗമായ അയ്യപ്പസ്വാമിയെ കാണുന്നതിലുള്ള സന്തോഷം മാത്രമായിരുന്നു മനസ്സില്‍. മറ്റ് ക്ഷേത്രങ്ങളില്‍ മൗനമായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവിടെ സങ്കടങ്ങളും, പരാതികളും ആവശ്യങ്ങളും ദുഃഖദുരിതങ്ങളും ശരണം വിളിയില്‍ അലിഞ്ഞ് ഇല്ലാതാകും. രണ്ടാമത്തെ ശബരിമല യാത്ര ഇക്കഴിഞ്ഞ ജൂലൈ 21 നായിരുന്നു. പത്താം പിറന്നാളിനോടനുബന്ധിച്ചുള്ള ശബരിമല യാത്രയായിരുന്നത്. പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വച്ച് കെട്ടുനിറച്ച് അച്ഛനും മുത്തശ്ശിമാരോടൊപ്പമായിരുന്നു യാത്ര. എരുമേലിയില്‍ ഇറങ്ങി വാവര് പള്ളിയില്‍ കയറി കൊച്ചമ്പലത്തിലും, വലിയമ്പലത്തിലും കയറി ദര്‍ശനം നടത്തിയായിരുന്നു ശബരിമലയിലേയ്ക്ക് എത്തിയത്.
പമ്പാ ഗണപതി കോവിലിലും, തൊട്ടടുത്തുള്ള മറ്റ് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി മലകയറി. അയ്യപ്പദര്‍ശനത്തിനുശേഷം തന്ത്രി മോഹനരര് മഹേശ്വരരരെ കാണുന്നതിനും അനുഗ്രഹം വാങ്ങാനുമായി. ഇനി സ്വാമിയെ കാണാന്‍ നാല്‍പ്പത് വര്‍ഷം കാത്തിരിക്കണം. ആ കാത്തിരിപ്പ് എന്തിനേക്കാളും വലുതാണ്... സ്വാമിയേ ശരണമയ്യപ്പാ...