ഗ്രഹനിലയിലൂടെ ദുര്‍മരണം അറിയാം
ഒരു വ്യക്തി ജനിക്കുമ്പോള്‍ തന്നെ അയാളുടെ മരണം എത്രാമത്തെ വയസ്സില്‍ എവിടെവച്ച് ഏതുസമയം എപ്രകാരം എന്ന് വിധാതാവ് കല്‍പ്പിച്ചിട്ടുണ്ടാകും. മരണത്തെ പൊതുവില്‍ ആത്മഹത്യ, ദുര്‍മരണം, സാധാരണമരണം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. വിവിധതരത്തിലുള്ള മരണത്തെപ്പറ്റിയുള്ള ഒരു ചെറിയ വിവരണം മാത്രമാണിത്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. വളരെ സത്യമാണ്. പക്ഷേ വിധി അപ്രകാരം ആണെങ്കില്‍ അതിനെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല. ഒരു വ്യക്തി ജനിക്കുമ്പോള്‍ തന്നെ അയാളുടെ മരണം എത്രാമത്തെ വയസ്സില്‍ എവിടെവച്ച് ഏതുസമയം എപ്രകാരം എന്ന് വിധാതാവ് കല്‍പ്പിച്ചിട്ടുണ്ടാകും. മരണത്തെ പൊതുവില്‍ ആത്മഹത്യ, ദുര്‍മരണം, സാധാരണമരണം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം.
ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളാണെന്നും കഴിവില്ലാത്തവരാണെന്നും ഒരു പൊതുധാരണയുണ്ട്. അതും ഒട്ടും ശരിയല്ല. അഡോള്‍ഫ് ഹിറ്റ്ലര്‍, ഫോട്ടോഗ്രാഫിയില്‍ പുലിറ്റ്സര്‍ സമ്മാനജേതാവായ കെവിന് കാര്‍ട്ടണ്‍ എന്നിവര്‍ സവിശേഷവ്യക്തിത്വങ്ങള്‍ ആയിരുന്നെങ്കിലും ആത്മഹത്യയില്‍ അഭയം പ്രാപിച്ചവരാണ്.
ആയുസ്സിനെ പൊതുവെ മൂന്നായി തരംതിരിക്കാം. അല്‍പ്പായുസ്സ്(32 വയസ്സുവരെ) മദ്ധ്യായുസ്സ്(70 വയസ്സുവരെ), ദീര്‍ഘായുസ്സ്(120 വയസ്സ് വരെ). ഒരു ജാതകത്തില്‍ ആദ്യത്തെ നാലുരാശികളില് നാലോ അതില്‍ കൂടുതലോ ഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍(സൃഷ്ടിഖണ്ഡം) അയാള്‍ക്ക് ദീര്‍ഘായുസ്സുണ്ടെന്നും അതുപോലെ അടുത്ത നാല് രാശികളില് കണ്ടാല്‍(സ്ഥിതിഖണ്ഡം) അയാള്‍ക്ക് വിധിച്ചിരിക്കുന്നത് മദ്ധ്യായുസ്സാണെന്നും അതുപോലെ അടുത്ത നാലുരാശികളില് കണ്ടാല്‍(സംഹാരഖണ്ഡം) അയാള്‍ അല്പ്പായുസ്സുകാരനാണെന്നും പൊതുവില്‍ തീരുമാനിക്കാം.
കൂടാതെ ലഗ്നാധിപനും ശുഭന്മാരും കേന്ദ്രത്തില്‍ നിന്നാല്‍ ദീര്‍ഘായുസ്സുണ്ടെന്നും അപ്രകാരം പണപരത്തില് നിന്നാല്‍ മദ്ധ്യായുസ്സുണ്ടെന്നും അപ്രകാരം ആപോക്സിമത്തില് കണ്ടാല്‍ അല്പ്പായുസ്സുണ്ടെന്നും ഗ്രഹിക്കാം. ജാതകത്തില്‍ 6, 8, 12 ല്‍ ചന്ദ്രന് വരിക ലഗ്നത്തിലോ ലഗ്നാധിപതിക്കോ പാപയോഗം, പാപമദ്ധ്യസ്ഥിതി, നീചരാശി സ്ഥിതി, നീചാംശകസ്ഥിതി വരിക ഇവയൊക്കെ ആയുര്ദോഷത്തെ കാണിക്കുന്ന ഗ്രഹനിലകള്‍ ആണ്.
ആത്മഹത്യയെ കുറിക്കുന്ന ഗ്രഹനിലകള്‍ ഉണ്ടെങ്കിലും വിസ്താരഭയത്താല്‍ അവയില്‍ ചിലതെല്ലാം താഴെ കുറിക്കാം. ലഗ്നകേന്ദ്രത്തില്‍ കുജന് നില്‍ക്കുകയും 7 ല്‍ രാഹുവരികയും ചെയ്താല്‍ ജാതകന് ആത്മഹത്യാ സാധ്യതയുണ്ട്. 4, 5, 6 ല്‍ നില്ക്കുന്ന ലഗ്നാധിപനു പാപയോഗമോ പാപമദ്ധ്യസ്ഥിതിയോ വരുന്നത് ആത്മഹത്യാപ്രവണതയെ കാണിക്കുന്നു. 6 ല്‍ നില്ക്കുന്ന ചന്ദ്രന് കുജബന്ധം വരുന്നതും ആത്മഹത്യയെ കാണിക്കുന്നു. 2-ാം ഭാവാധിപന് 12 ലും 12-ാം ഭാവാധിപന് 2 ലും പരിവര്‍ത്തനം ചെയ്തുനില്‍ക്കുന്നത് കടബാധ്യത നിമിത്തമുള്ള ആത്മഹത്യയെ സൂചിപ്പിക്കുന്നു.
അനിഷ്ടസ്ഥാനത്തുനില്ക്കുന്ന രാഹു ആത്മഹത്യാപ്രേരണ നല്കുന്ന ഗ്രഹമാണ്. രാഹുര്‍ദശയില്‍ ശുക്രാപഹാര കാലത്ത് പ്രണയഹേതുവായി ജാതകന് ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ട്. 6 ല്‍ നില്ക്കുന്ന കുജന് രാഹുയോഗം ആത്മഹത്യയെ കാണിക്കുന്നു. കേതുവാണ് യോഗം ചെയ്യുന്നതെങ്കില്‍ വിഷം കഴിച്ചുള്ള മരണം പറയണം.
8-ാം ഭാവാധിപതി കുജനോട് യോഗം ചെയ്തു ലഗ്നത്തില്‍ നില്ക്കുമ്പോള് പാപന്മാര് 4 ലും 10 ലും അല്ലെങ്കില്‍ 5 ലും 9 ലും നിന്നാല്‍ ആ വ്യക്തി ആത്മഹത്യചെയ്യും. നവാംശചക്രത്തില് ലഗ്നത്തില്‍ നിന്നും പത്താം ഭാവാധിപന് ശനിയോട് യോഗം ചെയ്തുനില്ക്കുകയോ 6, 8, 12 ല്‍ നില്‍ക്കുകയോ ചെയ്താല്‍ വിഷം കഴിച്ചുമരിക്കും. ഈവിധത്തില്‍ 10-ാം ഭാവാധിപന് രാഹുവിനോടോ കേതുവിനോടോ യോഗം ചെയ്താല്‍ തൂങ്ങിമരിക്കും.
ഇനി ദുര്മരണത്തെ കാണിക്കുന്ന ചില ഗ്രഹനിലകള്‍ സൂചിപ്പിക്കാം. അഷ്ടമത്തില്‍ പാപഗ്രഹങ്ങള്‍ ശുഭഗ്രഹ ദൃഷ്ടിയോ യോഗമോ ഇല്ലാതെ നില്ക്കുക, അഷ്ടമാധിപന് പാപഗ്രഹ ദൃഷ്ടിയോ, പാപഗ്രഹയോഗമോ ഉണ്ടായി ശുഭഗ്രഹദൃഷ്ടിയോ യോഗമോ ഇല്ലാതെ നില്ക്കുക എങ്കില്‍ ആ വ്യക്തിക്ക് ദുര്മരണമായിരിക്കും അനുഭവപ്പെടുക. ചന്ദ്രന് 10 ല്‍ നില്ക്കുമ്പോള് സൂര്യനും ശനിയും 8 ല്‍ നില്ക്കുക, ലഗ്നത്തില്‍ ഇരിക്കുന്ന 8-ാം ഭാവാധിപനെ പക്ഷബലം ഇല്ലാത്ത ചന്ദ്രന് നോക്കുക.
ചന്ദ്രരാശിയില്‍ നിന്നും 5, 9 ഭാവങ്ങളില്‍ പാപന്മാര് നില്‍ക്കുകയോ നോക്കുകയോ ചെയ്യുക, ലഗ്നത്തില്‍ കുജന്, ശനി ദൃഷ്ടി ഇല്ലാതെയും പക്ഷബലം ഇല്ലാത്ത ചന്ദ്രന് 11 ലും നില്ക്കുക, മാരകഗ്രഹങ്ങള് അഷ്ടമത്തിലും ശനിയും കുജനും 7 ലും നില്ക്കുക, ശനി 10 ലും രവി 7 ലും കുജന് 4 ലും നില്ക്കുക ഇവയെല്ലാം ദുര്മരണത്തെ കാണിക്കുന്ന ഗ്രഹനിലകള്‍ ആകുന്നു.
കൂടാതെ രാഹുപാപദൃഷ്ടനായി അഷ്ടമത്തില്‍ നിന്നാല്‍ പാമ്പുകടിയേറ്റുമരിക്കാന് ഇടവരും. കേതു ഗുളികനോടുകൂടി അഷ്ടമത്തില്‍ നിന്നാല്‍ അഗ്നിയാല്‍ മരണം സംഭവിക്കും. ബലഹീനനും പാപദൃഷ്ടനുമായ കുജന് അഷ്ടമത്തില്‍ നിന്നാല്‍ മുറിവ് സംബന്ധമായിട്ടായിരിക്കണം മരണം. ലഗ്നത്തില്‍ നിന്നും 5, 8, 9 ഭാവങ്ങളില്‍ സൂര്യന്, കുജന്, മന്ദന്‍, ചന്ദ്രന് എന്നിവര്‍ നിന്നാല്‍ കുന്ന്, മരം, മതില് ഇവയില്‍ നിന്നു വീണിട്ടോ അല്ലെങ്കില്‍ ഇവ ഇടിഞ്ഞുവീണിട്ടോ മരണം സംഭവിക്കാം. 4 ല്‍ കുജന്, 2 ല്‍ ചന്ദ്രന്, 10 ല്‍ സൂര്യന് എന്നിങ്ങനെ നിന്നാല്‍ ആന, കുതിര, മറ്റു വാഹനങ്ങള്‍ മുതലായവയില്‍ നിന്നായിരിക്കും മരണം.
സൂര്യന് ലഗ്നത്തിലും ശനി അഞ്ചിലും ചന്ദ്രന് എട്ടിലും കുജന് 9 ലും നിന്നാല്‍ വൃക്ഷത്തില്‍ നിന്നു വീണിട്ടോ വൃക്ഷം ഒടിഞ്ഞുവീണിട്ടോ ആയിരിക്കും മരണം. ചന്ദ്രന് 8 ല്‍, കുജന് 10 ല്‍, ശനി 4 ല്‍ രവി ലഗ്നത്തില്‍ നിന്നാല്‍ അടികൊണ്ട് മരണപ്പെടും. 4 ല്‍ കുജനും 7 ല്‍ സൂര്യനും 8 ല്‍ ചന്ദ്രനും നിന്നാല്‍ ഭക്ഷ്യവിഷമേറ്റായിരിക്കും മരണം. ബുധനും ചന്ദ്രനും 8 ലോ 6 ലോ നിന്നാല്‍ മരണം വിഷം ഉള്ളില്‍ ചെന്നായിരിക്കും മരണം.
സൂര്യനും ചന്ദ്രനും കൂടി 8 ലോ 6 ലോ നിന്നാല്‍ മൃഗങ്ങളുടെ ആക്രമണം മൂലം മരണപ്പെടാം. ശനി 8 ലും കുജന് 12 ലും നിന്നാല്‍ മരണം ആയുധം മൂലമായിരിക്കും. ലഗ്നത്തില്‍ ചന്ദ്രനും 4 ല്‍ ശനിയും 10 ല്‍ കുജനും നിന്നാല്‍ കലഹം മൂലം ആയുധം ഏറ്റുമരിക്കും.
വിവിധതരത്തിലുള്ള മരണത്തെപ്പറ്റിയുള്ള ഒരു ചെറിയ വിവരണം മാത്രമാണിത്.
കെ.ആര്.നാരായണന്
Phone: 9400481576
