ശബരിമലയില്‍ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠന്‍ നീലകണ്ഠന്‍ നമ്പൂതിരിക്ക് പിന്നാലെ അനുജന്‍ മുരളീധരന്‍ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ മേല്‍ശാന്തി
ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രവും ആറ്റുകാല്‍ ഭഗവതി ക്ഷേത്രവും തമ്മില്‍ വലിയ ചില സമാനതകളുണ്ട്. ഇന്‍ഡ്യയില്‍ തന്നെ, ഇത്രയും ഭക്തര്‍ വ്രതനിഷ്ഠ പാലിച്ച് ഭഗവത് പുണ്യം തേടിയെത്തുന്ന ഇതുപോലെ രണ്ട് ദേവസന്നിധികള്‍ വേറെയില്ലെന്ന് ഉറപ്പിച്ചുതന്നെ പറയുവാന്‍ കഴിയും. ഏകവ്യത്യാസം, ശബരിമലയില്‍ ലക്ഷങ്ങള്‍ തീര്‍ത്ഥാടകരായി എത്തുന്നത് രണ്ടുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടനകാലത്താണെങ്കില്‍ ആറ്റുകാലില്‍ അത് ഒറ്റദിവസം ആണെന്നുള്ളതാണ്.
മറ്റൊന്ന്, ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളൊഴിച്ചുള്ളവരാണ് ഇരുമുടിക്കേട്ടുമേന്തി മലചവിട്ടി അയ്യപ്പനെ കാണാനെത്തുന്നത്. ആറ്റുകാലിലാകട്ടെ ദേവിപ്രീതിക്കായി പൊങ്കാലയര്‍പ്പിക്കാനെത്തുന്നവരൊക്കെയും സ്ത്രീകളാണെന്നുള്ള പ്രത്യേകതയുണ്ട്. അവര്‍ക്ക് പക്ഷേ പ്രായപരിധിയൊന്നും ബാധകമല്ല.
ഇതൊക്കെക്കൊണ്ടാണ് ആറ്റുകാല്‍ ക്ഷേത്രത്തിന് സ്ത്രീകളുടെ ശബരിമല എന്ന ഒരു അപരനാമം കൂടിയുള്ളത്. അങ്ങനെനോക്കുമ്പോള്‍ ഈ രണ്ട് ക്ഷേത്രങ്ങളിലും മേല്‍ശാന്തിയാകാന്‍ അവസരം ലഭിക്കുന്നത് തീര്‍ച്ചയായും ഒരു മഹാഭാഗ്യം തന്നെയാണ്. സംശയം വേണ്ട.
എങ്കില്‍ ആ മഹാഭാഗ്യം രണ്ട് പ്രാവശ്യം പടികടന്നുചെന്ന ഒരു മനയുണ്ട് വൈക്കത്ത്. ഇണ്ടം തുരുത്തി മന. ഈ മനയിലെ ജ്യേഷ്ഠാനുജന്മാര്‍ രണ്ടുപേര്‍ക്കാണ് ആദ്യം ശബരിമല അയ്യപ്പനും പിന്നെ ആറ്റുകാല്‍ ഭഗവതിക്കും പൂജ ചെയ്യുവാനുള്ള അവസരം ലഭിച്ചത്. ഇണ്ടം തുരുത്തിയ മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്‍റെയും മക്കളായ നീലകണ്ഠന്‍ നമ്പൂതിരിയും മുരളീധരന്‍ നമ്പൂതിരിയുമാണ് ആ ഭാഗ്യവാന്മാര്‍. 94 ല്‍ ശബരിമല മേല്‍ശാന്തിയായിരുന്ന ജ്യേഷ്ഠന്‍ നീലകണ്ഠന്‍ നമ്പൂതിരിക്ക് സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദേവിയെ പൂജിക്കുവാന്‍ ഏതാണ്ട് ഏഴുവര്‍ഷത്തോളമാണ് അവസരം ലഭിച്ചത്.
അന്ന് അവസരം നീട്ടി നല്‍കിയിരുന്നതിനാലാണ് നീലകണ്ഠന്‍ നമ്പൂതിരിക്ക് അത്രയും കാലം ആറ്റുകാല്‍ ഭഗവതിക്ക് പൂജ ചെയ്യുവാനുള്ള സൗഭാഗ്യം ലഭിച്ചത്. എന്നാലിന്നു പക്ഷേ ഒറ്റവര്‍ഷത്തേക്കാണ് നിയമനം. അതും ശബരിമലയിലെ അതേ നറുക്കെടുപ്പ് സമ്പ്രദായത്തിലൂടെ. അങ്ങനെയൊരു കടുത്ത നറുക്കെടുപ്പിലൂടെ ഇണ്ടം തുരുത്തി മനയില്‍ നിന്നും വീണ്ടുമൊരാള്‍ കൂടി ആറ്റുകാലമ്മയുടെ സവിധത്തില്‍ പൂജാരിയായി എത്തുന്നത്.
കുടുംബക്ഷേത്രത്തില്‍
അച്ഛന്‍റെ മരണശേഷം 11-ാമത്തെ വയസ്സുമുതലാണ് മുരളീധരന്‍ നമ്പൂതിരി പൂജാക്രമങ്ങളും വിധികളുമൊക്കെ പഠിച്ചത്. അമ്മാവന്‍ മോനാട്ടുമന കൃഷ്ണന്‍ നമ്പൂതിരിയായിരുന്നു ഗുരു. വൈക്കത്ത് നിന്നുള്ള ആദ്യശബരിമല മേല്‍ശാന്തിയാണ് കൃഷ്ണന്‍ നമ്പൂതിരി. ഇദ്ദേഹത്തെക്കൂടെക്കൂട്ടിയാല്‍ ശബരിമല അയ്യപ്പന് പൂജ കഴിക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ള വൈക്കത്തുകാരുടെ സംഖ്യ ഇന്നോളം പത്താണ്. അതില്‍ നാലോ അഞ്ചോ പേര്‍ മുരളീധരന്‍ നമ്പൂതിരിയുടെ കുടുംബക്കാര്‍.
ഇവരെക്കൂടാതെ സന്നിധാനത്ത് മാളികപ്പുറം ശാന്തിയാകാനുള്ള അവസരവും ഇണ്ടം തുരുത്തി മനയ്ക്ക് ലഭിച്ചിട്ടുണ്ട്. മുരളീധരന്‍ നമ്പൂതിരിയുടെ അനുജന്‍ ഹരിഹരന്‍ നമ്പൂതിരിയായിരുന്നു കഴിഞ്ഞ പ്രാവശ്യം മാളികപ്പുറം മേല്‍ശാന്തി. വര്‍ഷങ്ങളോളം സ്ക്കൂള്‍ പഠനവും ശാന്തി പഠനവും പൂജയും ഒരുമിച്ച് കൊണ്ടുപോയിരുന്ന മുരളീധരന്‍ നമ്പൂതിരി ആദ്യമായി ശരിക്കും ഒരു പൂജാരിയായി മാറുന്നത് അമ്മയുടെ ഇല്ലത്തെ ശ്രീകൃഷ്ണക്ഷേത്രത്തിലാണ്. അതിനുശേഷം 92 ലാണ് ദേവസ്വം ബോര്‍ഡില്‍ ശാന്തി നിയമനം ലഭിച്ചത്. വൈക്കം ഗ്രൂപ്പിലെ ഒരു ദേവീക്ഷേത്രത്തില്‍.
തുടര്‍ന്ന് വൈക്കം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിയുന്നതിനിടെ കൂട്ടുമ്മേല്‍ ദേവീക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രം, ആറ്റുവേലയ്ക്ക് പ്രസിദ്ധമായ വടയാര്‍ ഇളങ്കാവ് ക്ഷേത്രം. തുടങ്ങി നിരവധി പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളില്‍ പൂജാരിയാകാനുള്ള അവസരം ലഭിച്ചു. 2004 ല്‍ കുട്ടുമ്മേല്‍ ദേവിക്ഷേത്രത്തില്‍ ശാന്തിയായിരിക്കുമ്പോഴാണ് ശബരിമലയിലെ നറുക്കില്‍ വരുന്നത്. അതാകട്ടെ ഏറെക്കാലമായുള്ള ഒരാഗ്രഹവും.
ലക്ഷോപലക്ഷം സ്ത്രീകള്‍ ഒറ്റദിവസം കൊണ്ട് ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്ന മറ്റൊരു ക്ഷേത്രം ആറ്റുകാല്‍ ഭഗവതി ക്ഷേത്രമല്ലാതെ വേറെയില്ല. ലോകത്തിലെ സ്ത്രീകളുടെ ഏറ്റവും വലിയ കൂടിച്ചേരലായി കൂടി ആറ്റുകാല്‍ പൊങ്കാലയെ വിശേഷിപ്പിക്കാം.
അനന്തപുരിയുടെ ദേശീയോത്സവമായ ആറ്റുകാല്‍ പൊങ്കാലയില്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നുമാത്രമല്ല, തിരുവനന്തപുരത്തോട് ചേര്‍ന്നുകിടക്കുന്ന കന്യാകുമാരി, നാഗര്‍കോവില്‍, തിരുനെല്‍വേലി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും, വിദേശരാജ്യങ്ങളില്‍ നിന്നടക്കം ലക്ഷോപലക്ഷം ഭക്തജനങ്ങളാണ് വര്‍ഷം തോറും വ്രതനിഷ്ഠയോടെ പങ്കെടുക്കുന്നത്. ചെറുപ്പം മുതല്‍ക്കേ ആ വാര്‍ത്തകള്‍ വായിച്ചും കേട്ടുമൊക്കെ അറിഞ്ഞിട്ടുള്ള മുരളീധരന്‍ നമ്പൂതിരിക്ക്, മുഖ്യമായും ജ്യേഷ്ഠനില്‍ നിന്നും ലഭിച്ച കേട്ടറിവാണ് ആറ്റുകാലമ്മയെ പൂജിക്കുവാന്‍ അവസരം ലഭിക്കണമെന്നുള്ള ആഗ്രഹം മനസ്സില്‍ വളര്‍ത്തിയത്. ശബരിമലയില്‍ നിന്നും ഇറങ്ങിയതുമുതല്‍ അത് കലശലായി. സ്ത്രീകളുടെ ശബരിമല എന്ന നിലയില്‍ പ്രശസ്തമായ ആറ്റുകാലില്‍ കൂടി അവസരം ലഭിച്ചാല്‍ അത് വലിയൊരു ജന്മപുണ്യമാണെന്നുള്ള ചിന്ത കൂടിക്കൂടി വരികകൂടി ചെയ്തതോടെ അതിനുള്ള ശ്രമമായി. ആ ശ്രമമാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്.

പൊങ്കാലയ്ക്ക് പിന്നില്‍
കയ്യില്‍ പള്ളിവാള്‍, തൃശൂലം, ഫലകം എന്നിവ വഹിച്ച ചതുര്‍ബാഹുവായ ശ്രീഭദ്രകാളിയാണ് ആറ്റുകാല്‍ ഭഗവതി. ദാരിക വധത്തിനുശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ദാരികവധത്തിനുശേഷം ഭക്തജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ ഭക്തര്‍ പൊങ്കാല നിവേദ്യം നല്‍കി സ്വീകരിച്ചു എന്നും അതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണ് വര്‍ഷത്തിലൊരിക്കല്‍ പൊങ്കാല അര്‍പ്പിക്കുന്നതെന്നുമാണ് ഇത് സംബന്ധമായുള്ള വിശ്വാസം.
നിരപരാധിയായ തന്‍റെ ഭര്‍ത്താവ് കോവലനെ പാണ്ഡ്യരാജാവ് അന്യായമായി വധിച്ചതില്‍ കോപം പൂണ്ട കര്‍ണ്ണകി, ഭയങ്കരമായ കാളീരൂപം പൂണ്ട് പാണ്ഡ്യരാജാവിനെ വധിച്ചശേഷം തന്‍റെ കോപാഗ്നിയാല്‍ മധുരാനഗരത്തെ ദഹിപ്പിച്ചു എന്നും ഒടുവില്‍ മധുരമീനാക്ഷിയുടെ അപേക്ഷ പ്രകാരം കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ചു എന്നും ഐതിഹ്യം പറയുന്നു. അപ്രകാരം കൊടുങ്ങല്ലൂരില്‍ വാഴുന്ന ജഗദീശ്വരിയായ ശ്രീ ഭദ്രകാളി, ആറ്റുകാല്‍ മുല്ലവീട്ടില്‍ തറവാട്ടിലെ കാരണവര്‍ക്ക് നല്‍കിയ സ്വപ്നദര്‍ശനത്തെ തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ ഭദ്രകാളിയെ ആറ്റുകാലില്‍ കുടിയിരുത്തിയതെന്ന് വിശ്വസിച്ചുപോരുന്നു.
അതെന്തായാലും പൊങ്കാല ആരംഭിക്കുന്ന സമയത്ത് തോറ്റം പാട്ടില്‍ പാണ്ഡ്യരാജാവിന്‍റെ വധം പാടിയാണ് ഭഗവതിയെ സ്തുതിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭഗവതി കൊടുങ്ങല്ലൂരില്‍ നിന്നും വരുന്നു എന്നും വിശ്വാസമുണ്ട്.
കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ ഉത്സവം ആരംഭിച്ച് പത്തുദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളില്‍ അമ്മ തുണയാകുമെന്നും, ഒടുവില്‍ ഭഗവതിയുടെ സന്നിധിയില്‍ മോക്ഷം പ്രാപിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
പ്രധാന പ്രതിഷ്ഠ
ദാരികവധത്തിനുശേഷം വേതാളപ്പുറത്തിരിക്കുന്ന ചതുര്‍ബാഹുവായ ഭദ്രകാളിയുടെ, വടക്കോട്ട് ദര്‍ശനമരുളുന്ന രൂപം ദാരുവിഗ്രഹമാണ്. അകത്തെ മണ്ഡപത്തിന് മുകളിലായി വേതാളാരൂഢമായ ശ്രീ ഭദ്രകാളിയുടെ മറ്റൊരു രൂപം, ഗണപതി, സുബ്രഹ്മണ്യ സമേതയായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
മഹാഗണപതി, മഹാദേവന്‍, നാഗരാജാവ്, മാടന്‍ തമ്പുരാന്‍, ഹനുമാന്‍ എന്നീ ഉപദേവന്‍മാരുമുണ്ട്. തോറ്റംപാട്ട് പാടി കാപ്പുകെട്ടി ഭദ്രകാളിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ നിന്നും ക്ഷണിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഭഗവതിയുടെ മനുഷ്യരൂപത്തിലുള്ള ജനനത്തില്‍ തുടങ്ങി മധുരാദഹനവും പാണ്ഡ്യരാജാവിന്‍റെ വധം വരെയുള്ള ഭാഗങ്ങളുമാണ് തോറ്റംപാട്ടായി പൊങ്കാലയ്ക്ക് മുന്‍പ് പാടിത്തീര്‍ക്കുന്നത്.
പൊങ്കാലദിവസം നടക്കുന്ന മറ്റൊരു പ്രധാനവഴിപാടാണ് ബാലന്‍മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. ദാരികനുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ദേവീഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാരായി സങ്കല്‍പ്പിക്കുന്നത്.
ആറ്റുകാല്‍ ഭഗവതിയെക്കുറിച്ചുള്ള ഈവക വിവരങ്ങളൊക്കെ മനസ്സിലാക്കിയശേഷമാണ് ചിങ്ങം ഒന്നിന് മുരളീധരന്‍ നമ്പൂതിരി അമ്മയെ പൂജിക്കുവാനുള്ള നിയോഗം ഏറ്റെടുത്തത്. അതിന് മുന്‍പ് 7 ദിവസം ക്ഷേത്രത്തില്‍ ഭജനമിരുന്നു. ഇനി ഒരു വര്‍ഷം ആറ്റുകാലമ്മയുടെ മേല്‍ശാന്തി.
ഗീതയാണ് മുരളീധരന്‍ നമ്പൂതിരിയുടെ ഭാര്യ. ഇരട്ടകളുള്‍പ്പെടെ മൂന്ന് മക്കള്‍. രണ്ട് ആണും ഒരു പെണ്ണും.
Photo Courtesy - Google
