ജ്യേഷ്ഠന് പിന്‍ഗാമിയായി ആനയറയില്‍ നിന്ന് ശബരിമലയിലേക്കും...

ജ്യേഷ്ഠന് പിന്‍ഗാമിയായി ആനയറയില്‍ നിന്ന് ശബരിമലയിലേക്കും...

HIGHLIGHTS

ഒരേ കുടുംബത്തില്‍ നിന്നുള്ള ജ്യേഷ്ഠാനുജന്‍മാര്‍ തുടര്‍ച്ചയായി ശബരിമല അയ്യപ്പന്‍റെ കീഴ്ശാന്തിമാരാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ഇവര്‍ രണ്ടുപേരും ആനയറ വലിയ ഉദേശ്വരം ശ്രീമഹാദേവക്ഷേത്രത്തില്‍ നിന്നാണെന്നുള്ളത് മറ്റൊരു പ്രത്യേകത. മേല്‍ശാന്തിയല്ലെങ്കിലും മേല്‍ശാന്തിക്ക് എന്തെങ്കിലും തരത്തിലുള്ള അസൗകര്യം നേരിട്ടാല്‍ പകരക്കാരനായി അയ്യപ്പസ്വാമിക്ക് പൂജ കഴിക്കേണ്ട കൃഷ്ണന്‍പോറ്റിക്ക്, എങ്കില്‍ക്കൂടി ശബരിമലധര്‍മ്മ ശാസ്താവിന്‍റെ മേല്‍ശാന്തിയാവുക എന്നുള്ളത് ഇപ്പോഴും വലിയൊരു സ്വപ്നമാണ്.

തിരുവനന്തപുരം ജില്ലയിലെ ആനയറ വലിയ ഉദേശ്വരം ശ്രീമഹാദേവ ക്ഷേത്രം, നൂറ്റാണ്ടുകളുടെ കാലപ്പഴക്കം പറയുന്ന ഏറെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വലിയ ഉദേശ്വരത്തിനുള്ള ഒരു പ്രത്യേകത, രക്ഷസ്സിന് പ്രതിഷ്ഠയുള്ള ഏകക്ഷേത്രം എന്നുള്ളതാണ്. ഉഗ്രരക്ഷസ്സ്, വീരരക്ഷസ്സ് എന്നീ രണ്ട് സങ്കല്‍പ്പങ്ങളിലാണ് ഇവിടെ രക്ഷസ്സിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇവ്വിധം രക്ഷസ്സിന്‍റെ രണ്ട് പ്രതിഷ്ഠകള്‍ വരാന്‍ ഒരു കാരണമുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവുമായി ബന്ധപ്പെട്ടതാണ് ആ കഥ.

അയല്‍രാജ്യങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിച്ച് തിരുവിതാംകൂറിന്‍റെ അതിര്‍ത്തി വികസിപ്പിക്കുന്നതില്‍ മാര്‍ത്താണ്ഡവര്‍മ്മ വ്യാപൃതനായിരുന്ന കാലം. അക്കാലത്താണ് ഒരു പുതിയ വൈതരണി മഹാരാജാവിനെ അലട്ടാന്‍ തുടങ്ങിയത്. അവിടുന്ന് എവിടെപ്പോയാലും രണ്ട് നിഴല്‍രൂപങ്ങള്‍ പിന്‍തുടരുന്നു. അത് സംബന്ധമായി മഹാരാജാവ് രാജഗുരുക്കളുമായി കൂടിയാലോചന നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ആനയറക്ഷേത്രത്തില്‍ അന്നുണ്ടായിരുന്ന ഒരു ഋഷിവര്യനെക്കണ്ട് അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിക്കുവാനായിരുന്നു.

അതിന്‍പ്രകാരം ക്ഷേത്രത്തിലെത്തിയ മഹാരാജാവിന് ഋഷിവര്യന്‍ നല്‍കിയ ഉപദേശം, 41 ദിവസം ഈ ക്ഷേത്രത്തില്‍ ഭജനമിരിക്കാനായിരുന്നു. അങ്ങനെ ഭജനമിരിക്കുന്ന ദിവസങ്ങളില്‍ രാവിലെ ഭഗവാന് നേദിച്ച ഒരു കദളിപ്പഴവും ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന പടച്ചോറും മാത്രമേ ഭക്ഷിക്കാവൂ എന്നുകൂടി ഋഷിവര്യന്‍ ഉപദേശിച്ചു.
ഋഷിവര്യന്‍റെ ആ ഉപദേശം അക്ഷരംപ്രതി പാലിച്ച മാര്‍ത്താണ്ഡവര്‍മ്മ 41-ാം ദിവസം മഹാദേവന്‍റെ അനുഗ്രഹത്താല്‍ ബാധാമോചിതനായപ്പോള്‍ ആ നിഴല്‍രൂപങ്ങളെ (ഉഗ്രരക്ഷസ്സും വീരരക്ഷസ്സും) ക്ഷേത്രത്തില്‍തന്നെ വിഗ്രഹങ്ങളാക്കി പ്രതിഷ്ഠിച്ചു. അങ്ങനെ 41 ദിവസത്തെ ഭജനമിരിപ്പോടെ ബാധ ഒഴിഞ്ഞെങ്കിലും, തിരുവിതാംകൂര്‍ രാജകുടുംബത്തില്‍പ്പെട്ടവരാരും പിന്നീടിന്നോളം വഴിതെറ്റിപ്പോലും ആനയറ വലിയ ഉദേശ്വരം ശ്രീമഹാക്ഷേത്രത്തിന്‍റെ പടി ചവിട്ടിയിട്ടില്ല.

ശ്രീവരാഹം കുന്നാന്തന്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നും മേല്‍ശാന്തിയായി ഇവിടെ വരുമ്പോള്‍ മൂത്ത ജ്യേഷ്ഠന്‍ നാരായണന്‍ പോറ്റിയാണ്, മഹാദേവനെ പൂജിക്കുവാനുള്ള ചുമതല അനുജന് കൈമാറിയത്. ഒരേ ക്ഷേത്രത്തില്‍ ജ്യേഷ്ഠന് പിന്നാലെ അനുജനും മേല്‍ശാന്തി എന്ന നിലയില്‍ അന്നേ അതൊരു വാര്‍ത്തയായിരുന്നു. അന്ന് അനുജനെ ചുമതലയേല്‍പ്പിച്ചിട്ട് നാരായണന്‍ പോറ്റി നേരെ പോയത് ശബരിമലയിലേക്കായിരുന്നു. ശബലിമലയിലെ കീഴ്ശാന്തിയായി നറുക്ക് വീണതിനെ തുടര്‍ന്നാണ് നാരായണന്‍പോറ്റി വലിയ ഉദേശ്വരം ക്ഷേത്രത്തിലെ  പൂജാച്ചുമതല ഒഴിഞ്ഞത്.

അതിനുശേഷം വര്‍ഷം ഒന്നുകഴിഞ്ഞ്, കാലാവധി പൂര്‍ത്തിയാക്കി നാരായണന്‍ പോറ്റി ശബരിമലയില്‍ നിന്നിറങ്ങുമ്പോള്‍ ഇവിടെയും ശബരിമല കീഴ്ശാന്തി എന്ന നിലയില്‍ നാരായണന്‍ പോറ്റിക്ക് പിന്‍ഗാമിയായി എത്തുന്നത് അനുജന്‍ കൃഷ്ണന്‍പോറ്റി തന്നെ എന്നതാണ് അതിശയകരം. കാരണം ശബരിമല ക്ഷേത്രത്തിലേക്കുള്ള കീഴ്ശാന്തിയുടെ നറുക്കെടുപ്പില്‍ കഴിഞ്ഞതവണ നറുക്കുവീണത് നാരായണന്‍ പോറ്റിക്കായിരുന്നെങ്കില്‍ ഇക്കുറി അദ്ദേഹത്തിന്‍റെ ഇളയ അനുജന്‍ കൃഷ്ണന്‍പോറ്റിക്കാണ് നറുക്ക് വീണത്. അതാണ് പ്രത്യേകത. ഒരേ കുടുംബത്തില്‍ നിന്നുള്ള ജ്യേഷ്ഠാനുജന്‍മാര്‍ തുടര്‍ച്ചയായി ശബരിമല അയ്യപ്പന്‍റെ കീഴ്ശാന്തിമാരാകുന്നത് ഇതാദ്യത്തെ സംഭവമാണ്. ഇവര്‍ രണ്ടുപേരും ആനയറ വലിയ ഉദേശ്വരം ശ്രീമഹാദേവക്ഷേത്രത്തില്‍ നിന്നാണെന്നുള്ളത് മറ്റൊരു പ്രത്യേകത.

ഇരുന്നിടത്തൊക്കെയും മേല്‍ശാന്തി, ശബരിമല അയ്യപ്പന് കീഴ്ശാന്തി

ശ്രീകാര്യം ഇല്ലത്ത് ഹിന്ദി അദ്ധ്യാപകനായിരുന്ന ശ്രീധരന്‍ പോറ്റിയുടെയും സുഭദ്രാ അന്തര്‍ജ്ജനത്തിന്‍റേയും ഇളയമകന്‍ കൃഷ്ണന്‍പോറ്റി പൂര്‍വ്വികരില്‍ നിന്നാണ് പൂജാകര്‍മ്മങ്ങള്‍ പഠിച്ചത്. വളരെ കൊച്ചുപ്രായത്തില്‍ത്തന്നെ നന്നായി ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നതിനാലാകാം, 8-ാം തരത്തില്‍ പഠിക്കുമ്പോള്‍ മുതല്‍ ഫോട്ടോഗ്രാഫിയോടായി കമ്പം. ആ കമ്പം മൂത്തുവന്നപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ അറിയപ്പെടുന്ന ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായി മാറി കൃഷ്ണന്‍പോറ്റി. വിവാഹം, മറ്റ് ചടങ്ങുകള്‍ തുടങ്ങി സീരിയല്‍ രംഗത്തുവരെ നിറഞ്ഞുനിന്നപ്പോഴും ദേവസ്വം ബോര്‍ഡിന് കീഴില്‍ ഒരു പൂജാരിയാവുക എന്നുള്ളത് എന്തുകൊണ്ടോ കൃഷ്ണന്‍പോറ്റിയുടെ വലിയൊരു സ്വപ്നമായിരുന്നു. പൂര്‍വ്വികരുടെ അനുഗ്രഹത്താല്‍ അത് സാധിച്ചപ്പോള്‍ 2010 ല്‍ കുട്ടനാട് കണ്ണാടി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലായിരുന്നു തുടക്കം.

തുടര്‍ന്ന് ശംഖുംമുഖം ദേവിക്ഷേത്രം, മണക്കാട് ശാസ്താംകോവില്‍, പുത്തന്‍ചന്ത ബാലസുബ്രഹ്മണ്യക്ഷേത്രം, കുന്നാന്തന്‍ ഗണപതിക്ഷേത്രം എന്നിവിടങ്ങളിലും ശാന്തിയായി. ഒരു പ്രത്യേകതയുള്ളത്, ഇവിടങ്ങളിലൊക്കെയും മേല്‍ശാന്തിയായിരുന്നു എന്നുള്ളതാണ്. കുന്നാന്തന്‍ ഗണപതി ക്ഷേത്രത്തില്‍ നിന്നുമാണ് വലിയ ഉദേശ്വരത്തേക്ക് വരുന്നത്. ഇവിടെ വന്നശേഷമാണ് ശബരിമലയില്‍ കീഴ്ശാന്തിക്കായി അപേക്ഷിച്ചത്. അതും ശബരിമലയിലേക്കുള്ള ആദ്യ അപേക്ഷ. അപേക്ഷിക്കുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇന്‍റര്‍വ്യൂ പാസ്സായ നാല്‍പ്പത്തിരണ്ടുപേരില്‍ ഒരാളാകാന്‍ കഴിഞ്ഞു. അതിനുശേഷം പത്തുപേരുടെ സെലക്ഷന്‍ ലിസ്റ്റ് വന്നപ്പോള്‍ അതിലും ഒരു പേരുകാരനായി. ഒടുവില്‍ നറുക്കിട്ടപ്പോള്‍ അയ്യപ്പസ്വാമിയുടെയും വലിയ ഉദേശ്വരം മഹാദേവന്‍റേയും, പിന്നെ പൂര്‍വ്വികരുടേയും അനുഗ്രഹത്താല്‍ നറുക്കുവീഴുകയും ചെയ്തു.

അങ്ങനെ ജ്യേഷ്ഠന് പിന്‍ഗാമിയായി വലിയ ഉദേശ്വരത്തെത്തിയ കൃഷ്ണന്‍പോറ്റി, ജ്യേഷ്ഠന് പിന്‍ഗാമിയായി ശബരിമലയിലും എത്തി. ഇത്രകാലവും ശാന്തി ചെയ്ത ക്ഷേത്രങ്ങളിലൊക്കെയും മേല്‍ശാന്തിയായിരുന്ന കൃഷ്ണന്‍പോറ്റി ശബരിമലയില്‍ കീഴ്ശാന്തിയായിട്ടാണ് പൂജാചുമതല ഏറ്റെടുത്തതെങ്കിലും ശബരിമലയിലെ കീഴ്ശാന്തി പോസ്റ്റിന് ചില പ്രത്യേകതകളുണ്ട്. അതിലൊന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റ് മേജര്‍ ക്ഷേത്രങ്ങളിലൊക്കെയും ഒന്നിലധികം കീഴ്ശാന്തിമാരുള്ളപ്പോള്‍ ആ മേജര്‍ ക്ഷേത്രങ്ങളുടെ എത്രയോ ഇരട്ടി ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ശബരിമലയില്‍ മാത്രം ഒറ്റ കീഴ്ശാന്തിയേയുള്ളൂ. പിന്നുള്ളതെല്ലാം സഹായികളാണ്. മറ്റൊരു പ്രത്യേകത, മേല്‍ശാന്തിയായി ദേവസ്വം ബോര്‍ഡിന് പുറത്തുള്ളവര്‍ക്കും അപേക്ഷിക്കാമെങ്കിലും കീഴ്ശാന്തിയായി ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ എന്നുള്ളതാണ്. അതായത് ശബരിമലയിലെ കീഴ്ശാന്തി പോസ്റ്റ് അത്ര ചെറുതല്ല എന്ന് സാരം.

ഫോട്ടോഗ്രാഫിയില്‍ അതീവ തല്‍പ്പരനായ കൃഷ്ണന്‍പോറ്റിയുടെ ഏറ്റവും വലിയ ഹോബി ഇപ്പോഴും ഫോട്ടോഗ്രാഫി തന്നെ. കഴിഞ്ഞ മുപ്പത്തിരണ്ടുവര്‍ഷമായി ശരീരത്തിന്‍റെ ഒരു ഭാഗം തന്നെയായ ക്യാമറ ഇപ്പോഴും ദിവസം ഒരുനേരമെങ്കിലും, വെറുതെയെങ്കിലും ഒന്ന് തോളില്‍ തൂക്കുക എന്നുള്ളത് ഇദ്ദേഹത്തിന്‍റെ ഒരു ശീലമാണ്.

മേല്‍ശാന്തിയല്ലെങ്കിലും മേല്‍ശാന്തിക്ക് എന്തെങ്കിലും തരത്തിലുള്ള അസൗകര്യം നേരിട്ടാല്‍ പകരക്കാരനായി അയ്യപ്പസ്വാമിക്ക് പൂജ കഴിക്കേണ്ട കൃഷ്ണന്‍പോറ്റിക്ക്, എങ്കില്‍ക്കൂടി ശബരിമലധര്‍മ്മ ശാസ്താവിന്‍റെ മേല്‍ശാന്തിയാവുക എന്നുള്ളത് ഇപ്പോഴും വലിയൊരു സ്വപ്നമാണ്. അനുജന്‍ കൃഷ്ണന്‍പോറ്റി അങ്ങനൊരു സ്വപ്നത്തെ താലോലിക്കുമ്പോള്‍, ജ്യേഷ്ഠന്‍ നാരായണന്‍പോറ്റിയുടെ താല്‍പ്പര്യം, തന്നെ ശബരിമലയിലേക്ക് പറഞ്ഞുവിട്ട ആനയറ മഹാദേവന്‍റെ സന്നിധിയിലേക്ക് തിരികെപ്പോകണം എന്നതാണ്.

ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി കെ.ഇ. ശ്രീജാദേവിയാണ്, കൃഷ്ണന്‍പോറ്റിയുടെ ഭാര്യ. പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തകൃഷ്ണനും, 6-ാം തരത്തില്‍ പഠിക്കുന്ന ദേവകൃഷ്ണന്‍, ഹരികൃഷ്ണന്‍ എന്നീ ഇരട്ടകളും മക്കള്‍.