നിങ്ങള്‍ക്കും പണക്കാരനാകണോ?
HIGHLIGHTS
ഒരാളുടെ ജാതകം പരിശോധിച്ചാല്‍ അയാള്‍ പണവുമായി ഏത് രീതിയില്‍ ബന്ധപ്പെടുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. അയാളുടെ ജാതകം പരിശോധിച്ചാല്‍ അയാള്‍ പണം നഷ്ടപ്പെടുത്തുകയാണോ അതോ ഉണ്ടാക്കുകയാണോ ചെയ്യുന്നതെന്നും മനസ്സിലാക്കാന്‍ സാധിക്കും. ജ്യോതിഷപ്രകാരം വ്യാഴം എന്ന ഗ്രഹമാണ് ഒരാളുടെ സാമ്പത്തിക നിലയെ സ്വാധീനിക്കുന്നത്. വ്യാഴത്തിന്‍റെ സ്വാധീനം കുറവാണെങ്കില്‍ സാമ്പത്തിക നിലയും ഭദ്രമായിരിക്കില്ല. ഇത്തരം ഗ്രഹപഠനത്തിലൂടെ ഏതുവിധത്തിലാണ് ഒരാള്‍ പണമുണ്ടാക്കുന്നത് എന്നും മനസ്സിലാക്കാന്‍ സാധിക്കും.
ധനയോഗം ജ്യോതിഷത്തില്‍
ധനയോഗം എന്നത് ഒരു ജാതകനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം ഉള്ള ഒരു യോഗം ആണ്. ജാതകന്‍റെ സന്തോഷകരമായ ജീവിതത്തിന് ധനം കൂടിയേതീരൂ. അതുകൊണ്ടാണ് ഒരു ജാതകം വിശകലനം ചെയ്യുമ്പോള്‍ ധനസ്ഥിതികൂടി കാര്യമായി പരിഗണിക്കുന്നത്.
ജാതകന്‍റെ ഗ്രഹനില നോക്കിയാല്‍ ആ ജാതകന്‍ സാമ്പത്തികപരമായി എത്ര ഉന്നതി കൈവരിക്കാന്‍ സാധിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ജാതകത്തിലെ ഗ്രഹനില എടുത്തുനോക്കി താഴെ പറയുന്ന പോലെയുള്ള ഗ്രഹസ്ഥിതിയോ യോഗങ്ങളോ ഉണ്ടോ എന്ന് നോക്കി, താന്‍ സാമ്പത്തികമായി ഉയരുമോ എന്ന് മനസ്സിലാക്കാം.
വിവിധതരം ധനയോഗങ്ങള്‍
ലഗ്നാധിപതിയും ധനാധിപതിയും ചേര്‍ന്ന് രണ്ടാം ഭാവത്തിലിരിക്കുക. രണ്ടാം ഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ ഇരിക്കുക. രണ്ടാം ഭാവത്തിന് ശുഭഗ്രഹദൃഷ്ടി ഉണ്ടായിരിക്കുക. രണ്ടാം ഭാവാധിപതിക്കുമേല്‍ ശുഭഗ്രഹ ദൃഷ്ടി ഉണ്ടായിരിക്കുക. രണ്ടാം ഭാവാധിപതിയോട് ചേര്‍ന്ന് ഏതെങ്കിലും ശുഭഗ്രഹം ഉണ്ടായിരിക്കുക. ധനകാരകനായ വ്യാഴന്‍/ഗുരു ഏതെങ്കിലും കേന്ദ്രസ്ഥാനത്തിരിക്കുക. ബുധന് ഗുരുവിന്‍റെ പൂര്‍ണ്ണദൃഷ്ടി ഉണ്ടായിരിക്കുക. ഗുരു ത്രികോണസ്ഥാനത്തിലിരിക്കുക. ഗുരു ലാഭസ്ഥാനമായ പതിനൊന്നില്‍ നില്‍ക്കുക. രണ്ടാം ഭാവാധിപതി ഏതെങ്കിലും കേന്ദ്രസ്ഥാനത്ത് ഉച്ചത്തില്‍ ഇരിക്കുക. രണ്ടാം ഭാവാധിപതി ഏതെങ്കിലും ത്രികോണസ്ഥാനത്ത് ഉച്ചത്തില്‍ ഇരിക്കുക. ലഗ്നം വൃശ്ചികമോ, കുംഭമോ ആയിരിക്കുകയും രണ്ടാം ഭാവാധിപതി പതിനൊന്നില്‍ ഇരിക്കുക.
വൃശ്ചികമോ കുംഭമോ ലഗ്നമുള്ള ജാതകത്തില്‍ രണ്ടാം ഭാവാധിപതി രണ്ടില്‍ ഇരിക്കുക. ലഗ്നാധിപതി എവിടെ ഇരിക്കുന്നുവോ അവിടെ രണ്ടാം ഭാവാധിപതി കേന്ദ്രസ്ഥാനത്ത് ഉച്ചത്തിലിരിക്കുക. ലഗ്നാധിപതിയും രണ്ടാം ഭാവാധിപതിയും മിത്രസ്ഥാനത്തിരിക്കുക. ലഗ്നാധിപതിയോ രണ്ടാം ഭാവാധിപതിയോ ഉച്ചസ്ഥാനത്തിരിക്കുക. ലഗ്നാധിപതി, രണ്ടാം ഭാവാധിപതി, ലാഭസ്ഥാനാധിപതി എന്നീ ഗ്രഹങ്ങള്‍ തമ്മില്‍ പരസ്പരം ശുഭകരമായ ബന്ധം ഉണ്ടാകുക. ഗുരുവും, ചന്ദ്രനും തമ്മില്‍ ഏതെങ്കിലും ശുഭഭാവത്തില്‍ യോഗം.
ഗുരു രണ്ടാം ഭാവാധിപതി ആയി ചൊവ്വയോടൊപ്പം ചേര്‍ന്ന് ഒരേ ഭാവത്തിലിരിക്കുക. ചന്ദ്രനും കുജനും ചേര്‍ന്ന് ഏതെങ്കിലും കേന്ദ്രസ്ഥാനത്ത്, ത്രികോണ സ്ഥാനത്ത്, പതിനൊന്നാം ഭാവത്തില്‍ യോഗം, ലഗ്നത്തിന്‍റെ 3, 6, 10, 11 എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങളിരിക്കുക. ഏഴാം ഭാവാധിപതി പത്തില്‍ ഉച്ചസ്ഥാനത്തിരിക്കുക. ഏഴാം ഭാവാധിപതി പത്താം ഭാവത്തിലും പത്താം ഭാവാധിപതി ഒന്‍പതാം ഭാവാധിപതിയോട് ചേര്‍ന്ന് ഉച്ചത്തിലും ഇരിക്കുക എന്നിവയെല്ലാം ഉള്ള വ്യക്തിക്ക് നല്ല ധനയോഗം ഉണ്ടാകും.
പൂജാപരിഹാരങ്ങള്‍
ഗ്രഹങ്ങളെയും ദേവതകളെയും ഹോമങ്ങളിലൂടെയും പൂജകളിലൂടെയും പ്രീതിപ്പെടുത്താം. മഹാലക്ഷ്മിഹോമം, ലക്ഷ്മികുബേരഹോമം, സത്യനാരായണപൂജ എന്നിവ ഇതിന് പറ്റിയ മര്‍ഗ്ഗങ്ങളാണ്. ലക്ഷ്മിഗായത്രീമന്ത്രം ഉരുവിടുന്നതും നമ്മുടെ ഉള്ളിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ഹോമങ്ങളും യജ്ഞങ്ങളും അഗ്നിസാക്ഷിയായാണ് നാം ചെയ്യാറുള്ളത്. 'ശ്രീയം ഇഛേത് ഹുതാശനാത്' എന്നതാണ് വേദവചനം. ഹോമം വഴി അഗ്നിദേവതയെ പ്രീതിപ്പെടുത്തുന്നു. സര്‍വ്വവും ശുദ്ധീകരിക്കുന്ന അഗ്നി നമ്മുടെ പ്രാര്‍ത്ഥനയെ ഈശ്വരസന്നിധിയിലെത്തിക്കുകയും ദേവതകളെ സംപ്രീതരാക്കുകയും ചെയ്യുന്നുവെന്നതാണ് വിശ്വാസം.
ലക്ഷ്മികുബേരഹോമം
ദേവി മഹാലക്ഷ്മി സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും അധിദേവതയാണ്. കുബേരന്‍ ധനസൂക്ഷിപ്പുകാരനും. ധനം ഉണ്ടാക്കാന്‍ കുറുക്കുവഴികള്‍ ഒന്നുമില്ല. നേരാംവണ്ണം സമ്പാദിക്കുന്ന ധനം ജീവിതത്തില്‍ ഉപകാരപ്രദമാകും. അല്ലാത്ത ധനം ദോഷം മാത്രമേ ഉണ്ടാക്കൂ. എന്നാല്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടും ധനം ഉണ്ടാകുന്നില്ല, ഉണ്ടാക്കിയ ധനം കൈയില്‍ നില്‍ക്കുന്നില്ല എന്ന അനുഭവം ഉള്ളവര്‍ക്ക് ലക്ഷ്മീകുബേരപൂജ മൂലം പ്രയോജനം ഉണ്ടാകും. അല്ലാതെ ലക്ഷ്മീകുബേരപൂജ നടത്തി വെറുതെ ഇരുന്നാല്‍ ധനം കൈയില്‍ വരില്ല. ലക്ഷ്മീകുബേരഹോമത്തില്‍ ഭാഗഭാക്കാകുമ്പോള്‍ ധനം വരാന്‍ ലക്ഷ്മിയും ധനം നിലനില്‍ക്കാന്‍ കുബേരനും സഹായിക്കും എന്നത് നിശ്ചയമാണ്.
ജാതകദോഷത്താലും ചാരവശാലുമുള്ള ഭാഗ്യക്കുറവിനാലും ധനക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഈ പൂജയിലൂടെ ഗുണം ഉണ്ടാകും. വിശിഷ്യാ ദീപാവലിദിനം ലക്ഷ്മീകുബേരഹോമം നടത്തുന്നത് വളരെ ഗുണകരമാണ്.
ജീവിതത്തില്‍ സാമ്പത്തിക ഉയര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും കുബേരമന്ത്രം ഉത്തമമാണ്. ഈ മന്ത്രം ശിവക്ഷേത്രത്തിലിരുന്ന് ഏകാഗ്രതയോടെ ഒരു ലക്ഷം തവണ ജപിച്ചാല്‍ സമ്പത്തുണ്ടാകുമെന്നാണ് വിശ്വാസം. കൂവളത്തിന് ചുവട്ടിലിരുന്ന് ശിവഭഗവാനെയും കുബേര ഭഗവാനെയും ധ്യാനിച്ച ശേഷം ഒരു ലക്ഷം തവണ മന്ത്രം ഉരുവിട്ടാല്‍ ഗൃഹത്തില്‍ സകല ഐശ്വര്യങ്ങളും അഭിവൃദ്ധിയുമുണ്ടാകുമെന്നാണ് പറയുന്നത്. അത്ഭുതസിദ്ധിയുള്ള ഈ മന്ത്രം തെറ്റായി ജപിക്കരുത്. അങ്ങനെയായാല്‍ ഫലം വിപരീതമാകും. കൂടാതെ ശ്രേഷ്ഠനായ ഒരു ഗുരുവിന്‍റെ ഉപദേശപ്രകാരം മാത്രമേ ഈ മന്ത്രം ഉരുവിടാവൂ. ലക്ഷ്മീകുബേരഹോമം നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമഐശ്വര്യങ്ങളും അനുഭവഫലങ്ങളാകും.
മന്ത്രം-
ഓം ഹ്രീം യക്ഷായ
കുബേരായ വൈശ്രവണായ ധന-
ധാന്യാധിപതയേ ധനധാന്യസമൃദ്ധിം മേ-
ദേഹി ദദാപയ സ്വാഹാ.
ഓം ഐം ഹ്രീം ശ്രീം ഓം
മഹാലക്ഷ്മയൈ കമലധാരിണ്യയൈ
സിംഹവാഹിനിയൈ
ശ്രീയൈ നമഃ സ്വാഹാ.
ഈ മന്ത്രം 1008 ഉരു, വെളുത്തപക്ഷത്തില്‍ വെള്ളിയാഴ്ച 6.00 മണി മുതല്‍ 7 മണിവരെ രാവിലെ 41 ദിവസം തടസ്സം ഇല്ലാതെ ജപിച്ചുവരികയും 4133 ആവൃത്തി പശുവിന്‍ പാല്‍, താമരപ്പൂ, പശുവിന്‍നെയ്യ് എന്നീ ഹോമദ്രവ്യങ്ങള്‍ ഉപയോഗിച്ച് ആഹുതി അര്‍പ്പിക്കുകയും 414 ഉരു തര്‍പ്പണവും, 42 ഉരു മാര്‍ജ്ജനവും 5 ബ്രാഹ്മണര്‍ക്ക് വിധിയാം വണ്ണം ഭോജനവും ചെയ്താല്‍ മഹാലക്ഷ്മി പ്രസാദം ഉണ്ടാവുകയും ധനധാന്യസമൃദ്ധി, കുലത്തില്‍ കുടുംബത്തില്‍ വീട്ടില്‍ അഷ്ടലക്ഷ്മി വിലാസം ഉണ്ടാകുമെന്നും ഇതനുഷ്ഠിക്കുന്നയാള്‍ കുബേരതുല്യനായ ധനാഢ്യനായി മാറും എന്നും അഷ്ടലക്ഷ്മിവിലാസം എന്ന പൂര്‍വ്വികഗ്രന്ഥം ഉപദേശിക്കുന്നു. ഉത്തമനായ ജ്യോതിഷിയെയും ഉത്തമവൈദികനേയും സന്ദര്‍ശിച്ച് നല്ല മുഹൂര്‍ത്തത്തില്‍ ഉത്തമ വിശ്വാസത്തോടുകൂടി ഈ കര്‍മ്മം ചെയ്താല്‍ തീര്‍ച്ചയായും നല്ലഫലം ലഭിക്കും.
തീര്‍ത്ഥസ്നാനം, മന്ത്രജപം, ബ്രാഹ്മണവിശ്വാസം, ദൈവവിശ്വാസം, ജ്യോതിഷം മരുന്ന്/ വൈദ്യന്‍ എന്നിവയില്‍ നമുക്ക് എത്ര വിശ്വാസം ഉണ്ടോ, അതിനനുസരിച്ച് ഉള്ള ഫലം ലഭിക്കും എന്ന് ആപ്തമതം.
അവലംബം: ലക്ഷ്മിവിലാസകാവ്യം(ഓല ചുവടി) ബൃഹത്പരാശരഹോരാശാസ്ത്രം, സങ്കേതനിധി, ഭാവാര്‍ത്ഥ രത്നാകരം, ബൃഹത്ജാതകം, മാന്ത്രിക തിലകം, ജാതകാഭരണം, കൂടാതെ മറ്റനേകം ഇന്‍റര്‍നെറ്റ് സൈറ്റുകള്‍.
ഡോ. ബ്രഹ്മശ്രീ പാടുര്‍ സുബ്രഹ്മണ്യ ശാസ്ത്രികള്‍
MA, PhD(San), PhD(Astro),
(08943340423)
