ഉറക്കച്ചടവോടെയുള്ള കണിതരുന്ന എനര്‍ജി - പ്രശാന്ത് മാധവന്‍

ഉറക്കച്ചടവോടെയുള്ള കണിതരുന്ന എനര്‍ജി - പ്രശാന്ത് മാധവന്‍

HIGHLIGHTS

മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ ആട്ടം എന്ന ആനന്ദ് ഏകര്‍ഷി സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ കലാകാരനാണ് പ്രശാന്ത് മാധവന്‍. പിന്നീട്, നരിവേട്ട, പെറ്റ് ഡിറ്റക്ടീവ് തുടങ്ങി നിരവധി സിനിമകളില്‍ പ്രശാന്ത് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി. തന്‍റെ സിനിമായാത്രയെക്കുറിച്ചും വിഷു ഓര്‍മ്മകളെക്കുറിച്ചും പ്രശാന്ത് മാധവന്‍ സംസാരിക്കുന്നു...

 

 

 

വിഷുകാലമൊക്കെ എങ്ങനെയാണ് ഓര്‍ത്തെടുക്കാറ്?

വിഷു എന്നുപറയുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് വിഷുക്കണി തന്നെയാണ്. അത് മറ്റേത് ഉത്സവങ്ങള്‍ക്കും ഇല്ലാത്ത ഒരു സംഗതിയാണല്ലോ. വളരെ അതിരാവിലെ എഴുന്നേറ്റ് ഉറക്കച്ചടവോടെ കണി കാണുക എന്നത് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമാണ്. അതിനുശേഷം പടക്കം പൊട്ടിക്കുക, പൂത്തിരി കത്തിക്കുക. പിന്നെ, ഏറ്റവും ക്രേസ് വിഷു ചക്രം കറക്കുന്നതില്‍ ആയിരുന്നു. അതിന്‍റെ ലൈറ്റും പരിപാടിയും ഒരിക്കലും മറക്കാന്‍ സാധിക്കാത്ത കാര്യമാണ്, പ്രത്യേകിച്ച് കുട്ടിക്കാലത്ത്.

വിഷു എന്നുപറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത്?

ഏപ്രിലില്‍ ആണല്ലോ വിഷു വരുന്നത്. അത് സമ്മര്‍ വെക്കേഷന്‍ സമയം കൂടിയാണ്. കുട്ടിക്കാലത്ത് സ്ക്കൂളില്‍ പോകാതെ, പുസ്തകങ്ങള്‍ വായിക്കാതെ, അടിച്ചുപൊളിച്ച് തിമിര്‍ത്ത് നടക്കാന്‍ സാധിക്കുന്ന ഒരു ഉത്സവം കൂടിയാണ് വിഷു. അന്നത്തെ കാലത്ത്, വിഷു കഴിഞ്ഞ് മൂന്നോ നാലോ ദിവസം നാട്ടില്‍ നിന്നും അടുത്ത് താമസിക്കുന്ന കുറച്ച് വീട്ടുകാരെല്ലാം കൂടെ ഒരു യാത്ര പോവുക പതിവായിരുന്നു. അച്ഛനായിരുന്നു അതിന്‍റെ ടൂര്‍ ഓപ്പറേറ്റര്‍. വിഷു കഴിഞ്ഞ അടുത്തനാളുകളില്‍, മധുര, പഴനി പോലുള്ള ദൈവസ്ഥലങ്ങള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. അതും വിഷു ഓര്‍മ്മകളില്‍ പ്രധാനപ്പെട്ടതാണ്.

ഏറ്റവും പ്രിയപ്പെട്ട ഒരുവിഷുക്കാലം എപ്പോഴായിരുന്നു?

ഏറ്റവും ഇഷ്ടമുള്ള വിഷുക്കാലം തീര്‍ച്ചയായും നമ്മുടെ കുട്ടിക്കാലത്തെ തന്നെയായിരിക്കും. കുട്ടിക്കാലത്ത് എല്ലാവരും ഞങ്ങളുടെ തറവാട്ടില്‍ ഒത്തുകൂടുമായിരുന്നു. ഞങ്ങളുടെ കുടുംബം മാത്രമല്ല, കസിന്‍സും അച്ഛച്ഛനും അച്ചമ്മയും എല്ലാവരും ഉണ്ടാകും. അവരോടൊപ്പമുള്ള കളിയും ചിരിയും തിമിര്‍ക്കലും തല്ലുകൂടലും എല്ലാം വളരെ മധുരമുള്ള ഓര്‍മ്മകളാണ്. ഇന്നും ഓര്‍ക്കുമ്പോള്‍ അതൊക്കെതന്നെയാണ് നമുക്ക് ലഭിച്ച ഏറ്റവും നല്ല ഓര്‍മ്മകള്‍. അതൊരു ആഘോഷകാലമായിരുന്നു. കാരണം, അന്ന് നമുക്ക് യാതൊരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. പഠിക്കുക പോലും വേണ്ടായിരുന്നു. 

പക്ഷെ, വലുതായപ്പോള്‍ അതെല്ലാം മാറി. വലിയൊരു വെക്കേഷന്‍ എന്നത് ഒരു ദിവസത്തെ ആഘോഷത്തിലേക്ക് ചുരുങ്ങി. എന്‍റെ എല്ലാ നല്ല ഓര്‍മ്മകളിലും വിഷു ഞാന്‍ ആഘോഷിച്ചിരിക്കുന്നത് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കൂടെയാണ്. അതുകൊണ്ടുതന്നെ വിഷുവായാലും ഓണമായാലും എപ്പോഴും എന്‍റെ അച്ഛനമ്മമാരോടൊപ്പം അത് ആഘോഷിക്കണം എന്നത് എനിക്ക് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. 

പഠിക്കാനും ജോലിക്കുമായി നാട് വിട്ട് പോകേണ്ടി വന്നിട്ടുണ്ടെങ്കിലും എപ്പോഴും ഈ ദിവസങ്ങളില്‍ തിരിച്ച് വീട്ടിലെത്താന്‍ ശ്രമിക്കാറുണ്ട്. സിനിമയിലേക്ക് വന്നതിനുശേഷം അതിന് ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ, അങ്ങനൊരു സാഹചര്യം വന്നാല്‍, നമുക്ക് ആഘോഷങ്ങള്‍ മാറ്റിവയ്ക്കേണ്ടതായി വരുമല്ലോ. കാരണം, മലയാള സിനിമ എന്നത് വലിയൊരു ഇന്‍വെസ്റ്റ്മെന്‍റൊക്കെയുള്ള പരിപാടിയാണ്. അതില്‍ നില്‍ക്കുമ്പോള്‍ നമുക്ക് ഇത്തരം കാര്യങ്ങള്‍ക്കായി വാശിപിടിക്കാന്‍ പറ്റില്ലല്ലോ.

വിഷുസദ്യയില്‍ പ്രിയപ്പെട്ടത് എന്താണ്?

വിഷു സദ്യ എന്നൊരു കോണ്‍സെപ്റ്റിലേക്ക് വരുമ്പോള്‍, അമ്മ അധികം കറികളുള്ള ഒരു വലിയ സദ്യയൊന്നും പ്രിപ്പയര്‍ ചെയ്യാറില്ല. വളരെ ലിമിറ്റഡായ വിഭവങ്ങളേ സദ്യയില്‍ ഉണ്ടാകൂ. പക്ഷേ, അതിന്‍റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. ലോകത്ത് എവിടെ പോയാലും അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാള്‍ രുചിയുള്ളത് മറ്റെവിടെ നിന്നും കഴിച്ചിട്ടില്ല. മറ്റൊരു ഇഷ്ടവിഭവം വിഷു കഞ്ഞിയാണ്. ബ്രേക്ക്ഫാസ്റ്റിന് മുമ്പായി സര്‍വ്വ് ചെയ്യുന്നതാണത്. ശര്‍ക്കരയും വന്‍പയറും കുത്തരിയുമെല്ലാം ചേര്‍ത്തുള്ള ഒരു വിഭവം. അതാണ് എന്‍റെ ഏറ്റവും പ്രിയപ്പെട്ട വിഷു വിഭവം.

സിനിമയിലേക്ക് വന്നതിനുശേഷം വിഷുവിന് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ?

സിനിമയില്‍ വന്നതിനുശേഷവും വിഷു ആഘോഷങ്ങളില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. 2009 ല്‍ ഏറ്റവും ഇളയ അനിയന്‍ മരണപ്പെട്ടതിനുശേഷം ഞങ്ങള്‍ വലിയ കാര്യമായി ആഘോഷങ്ങളൊന്നും നടത്തിയിട്ടില്ല. ഇപ്പോള്‍ ഒരു അഞ്ച് വര്‍ഷക്കാലമായിട്ടുണ്ടാകും. വീണ്ടും ചെറിയ തോതില്‍ എല്ലാം ആഘോഷിക്കാന്‍ തുടങ്ങിയിട്ട്. സിനിമയിലേക്ക് വന്നതിനുശേഷമുള്ള ഏറ്റവും വലിയ വിഷു ഓര്‍മ്മ ആട്ടത്തിന്‍റെ സെറ്റിലായിരുന്നു. എന്‍റെ ലൈഫ് ചേഞ്ചിങ് സ്റ്റെപ്പായിരുന്നു ആട്ടം. ആ സിനിമ  ഷൂട്ട് ചെയ്ത വീട്ടില്‍ പ്രൊഡ്യൂസര്‍ ഞങ്ങള്‍ക്ക് വിഷു സദ്യ ഒരുക്കി തന്നിരുന്നു.

വിഷു സിനിമകള്‍ ഒക്കെ കാണാറുണ്ടായിരുന്നോ?

വിഷു സിനിമകള്‍ എന്നൊക്കെ പറയുമ്പോള്‍ തീയേറ്റര്‍ ഓര്‍മ്മകളെല്ലാം വളരെ കുറവാണ്. മിഥ്യ എന്നൊരു സിനിമ വിഷു സമയത്ത് എല്ലാവരും ചേര്‍ന്ന് പോയി കണ്ടതൊക്കെ ഓര്‍മ്മയിലുണ്ട്. അതല്ലാതെ, വിഷുവിന് തിയേറ്ററില്‍ പോയി സിനിമ കാണുന്ന പരിപാടി വളരെ കുറവാണ്. എന്‍റെ ഓര്‍മ്മയിലെ വിഷു സിനിമകള്‍ അക്കാലത്ത് ടി.വിയില്‍ വരുന്ന ചിത്രങ്ങളാണ്. സദ്യ കഴിഞ്ഞ് ടി.വിയില്‍ വരുന്ന സിനിമകള്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കാണാറുണ്ട്. അത്തരമൊരു വിഷു സമയത്താണ് ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് എന്ന ചിത്രം ഞാന്‍ കാണുന്നത്.