ഗണേശവദനനും ശനീശ്വരനും
വിഘ്നേശ്വരന്‍റെ ഉല്‍പ്പത്തി സംബന്ധിച്ചു പല സംഭവങ്ങളും ഐതിഹ്യരൂപേണ പ്രചാരത്തിലുണ്ടല്ലോ ? അക്കൂട്ടത്തില്‍ ഈ സംഭവത്തെയും കണക്കാക്കാം.
ഒരിക്കല്‍ പാര്‍വതീദേവിക്ക് സന്താനങ്ങളുണ്ടാകാത്തതിന്‍റെ പേരില്‍ വിഷമം തോന്നിയിരുന്നു. തന്‍റെ ആഗ്രഹം ദേവി മഹാദേവനെ ഉണര്‍ത്തിച്ചു. ഒരു പുത്രനുണ്ടാവാന്‍ എന്തു സത്ക്കര്‍മ്മമാണ് താന്‍ അനുഷ്ഠിക്കേണ്ടതെന്ന് ദേവി ഭഗവാനോട് ചോദിച്ചു.
ശിവന്‍ പറഞ്ഞു- ദേവീ 'പുണ്യകവ്രതം' അനുഷ്ഠിച്ചാല്‍ മതി പുത്രനുണ്ടാകും.
ശ്രീപാര്‍വ്വതി ഭഗവാന്‍റെ അനുമതിയോടെ വ്രതാനുഷ്ഠാനം ആരംഭിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണനെ ഉപാസനാമൂര്‍ത്തിയായി സങ്കല്‍പ്പിച്ചുകൊണ്ട് ആരാധിക്കാനും മന്ത്രങ്ങളുച്ചരിച്ചുകൊണ്ട് ഭജിക്കുവാനും തുടങ്ങി. കൃത്യമായ വ്രതാനുഷ്ഠാനത്തിന്‍റെയും ഉപാസനയുടെയും ഫലമായി ഭഗവാന്‍ പ്രസന്നനായി ശ്രീ പാര്‍വതിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
ദേവിയോട് ഭഗവാന്‍ കൃഷ്ണന്‍ അരുളി ചെയ്തു. 'നിരാശയരുത് ദേവി. കല്‍പ്പംതോറും ഭഗവതിക്ക് പുത്രനായി ഞാന്‍ ഭവിക്കുന്നതാണ്.'
ശ്രീകൃഷ്ണന്‍ ശ്രീപാര്‍വ്വതിക്ക് നല്‍കിയ വരത്തെത്തുടര്‍ന്ന് താന്‍തന്നെ ഗണേശരൂപേനെ ഉമാമഹേശ്വരന്മാര്‍ക്ക് പുത്രനായി ഭവിച്ചു. ശിവദമ്പതികള്‍ക്ക് പുത്രനുണ്ടായ വാര്‍ത്തയറിഞ്ഞ് ബ്രഹ്മാദി ദേവകളെല്ലാം കുഞ്ഞിനെ ദര്‍ശിക്കുവാന്‍ കൗതുകത്തോടെ കൈലാസത്തില്‍ എത്തിക്കൊണ്ടിരുന്നു.
മുഖം കുനിച്ചു കൊണ്ടുള്ള ശനിയുടെ വരവ്
ശ്രീപാര്‍വ്വതിപുത്രനെ ഒരു നോക്കുകാണാന്‍ 'ശനി'ക്ക് ആഗ്രഹം ജനിച്ചു. മുഖം ഉയര്‍ത്താതെ കുമ്പിട്ടനിലയിലാണ് ശനി കൈലാസത്തില്‍ പ്രവേശിച്ചത്.
ശ്രീപാര്‍വ്വതിക്ക് അത്ഭുതം തോന്നി. ദേവി ശനിയോട് ചോദിച്ചു- മുഖം കുമ്പിട്ടിരിക്കുന്നത് എന്തുകൊണ്ടാണ് ?
ശനി പറഞ്ഞു- 'ദേവി ക്ഷമിക്കണം. എന്‍റെ പത്നിയുടെ ശാപം കാരണമാണ് ഞാന്‍ മുഖം ഉയര്‍ത്താത്തത.് എന്‍റെ നോട്ടം ആരുടെ നേര്‍ക്ക് പതിഞ്ഞാലും അമംഗളം ഭവിക്കട്ടെ എന്നുളള പത്നീശാപം ഭയന്ന് ഞാന്‍ ആരെയും മുഖം ഉയര്‍ത്തി നോക്കാറില്ല.
പാര്‍വതി ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചു- ആട്ടെ അങ്ങയുടെ പത്നി അങ്ങനെ ശപിക്കുവാനെന്താ കാരണം ?
ശനി ലജ്ജയോടെ പറഞ്ഞു- ഋതുകാലത്തില്‍ അവളെ പ്രാപിക്കുവാന്‍ ഞാന്‍ തയ്യാറാകാ ത്ത കാരണം കുപിതയായി അവളെന്നെ ശപിച്ചു.
ശനിയുടെ നോട്ടത്തിലുണ്ടായ അനിഷ്ട സംഭവം
തന്‍റെ ഓമനപുത്രനെ കാണ്മാനുള്ള കൊതി കൊണ്ടാണല്ലോ ശനി വന്നത്. ആ നിലയ്ക്ക് കുഞ്ഞിനെ കണ്ടോളാന്‍ ദേവി അനുമതിയേകി.
ശനി ഭയത്തോടെ തന്‍റെ ഇടത്തെ കണ്ണിന്‍റെ അറ്റം കൊണ്ട് കുഞ്ഞിനെ ഒന്നു നോക്കി തല്‍ക്ഷണം പാര്‍വ്വതി. ബാലന്‍റെ ശിരസ്സ് തകര്‍ന്നുപോയി.
അതുകാണുകെ പാര്‍വതിക്ക് ഉണ്ടായ സങ്കടം എങ്ങനെ വര്‍ണ്ണിക്കാന്‍..? ദേവി ഉറക്കെ കരയാന്‍ തുടങ്ങി.
ഭഗവാന്‍ ശ്രീകൃഷ്ണന് ശ്രീപാര്‍വതിയുടെ ദുഃഖം സഹിക്കാനായില്ല. ഭഗവാന്‍ ഉടനെ തന്‍റെ ചക്രായുധവും എടുത്തുകൊണ്ട് പുഷ്പഭദ്ര നദിക്കരയിലുള്ള വനത്തിലേക്ക് ചെന്നു.
ദേവേന്ദ്രന്‍റെ വാഹനമായ നാല്‍ക്കൊമ്പനാന ഇന്ദ്രന് ലഭിച്ച ശാപം ഹേതുവായി ഇന്ദ്രനെ ഉപേക്ഷിച്ച് ഭൂമിയില്‍ പുഷ്പഭദ്രാ നദിക്കരയിലുള്ള വനത്തില്‍ വിഹരിച്ചു പോരുന്നുണ്ടെന്ന് കൃഷ്ണന് അറിയാമായിരുന്നു.
വനത്തിലെത്തിയ ഭഗവാന്‍ തന്‍റെ ചക്രായുദ്ധം ഉപയോഗിച്ച് ഐരാവതത്തിന്‍റെ ശിരസ്സ് മുറിച്ചെടുത്ത് ഗണേശന്‍റെ നഷ്ടപ്പെട്ട ശിരസ്സിന്‍റെ സ്ഥാനത്ത് വെച്ച് ഉറപ്പിച്ചു. അക്കാരണത്താല്‍ പാര്‍വതീ പുത്രന്‍ പിന്നീട് ആനത്തലയോട് കൂടിയവനായി തീര്‍ന്നു. ഗണേശോല്‍പ്പാത്തിയെ കുറിച്ച് നാരദന്‍റെ വ്യാഖ്യാനം ഇപ്രകാരമായിരുന്നു.
തന്‍റെ പുത്രന്‍റെ ശിരസ്സ് നഷ്ടപ്പെട്ടതിലുള്ള സങ്കടം ശ്രീ പാര്‍വതിക്ക് കൃഷ്ണന്‍ തന്നെ പരിഹരിച്ചു നല്‍കി. വിഘ്നേശ്വരന്‍റെ ഉല്‍പ്പത്തി സംബന്ധിച്ചു പല സംഭവങ്ങളും ഐതിഹ്യരൂപേണ പ്രചാരത്തിലുണ്ടല്ലോ ? അക്കൂട്ടത്തില്‍ ഈ സംഭവത്തെയും കണക്കാക്കാം.
