ആറ്റുകാലമ്മയെ പൂജിക്കാനും സേവിക്കാനും കിട്ടിയ ഈ അവസരം ജന്മാന്തര പുണ്യമായി കാണുന്നു... - ആറ്റുകാല്‍ മേല്‍ശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി
2016 ല്‍ കോയമ്പത്തൂര്‍ അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തി ആയിരിക്കുമ്പോള്‍ 9 മണിക്കൂര്‍ ക്യൂ നിന്ന് വളരെ കഷ്ടത അനുഭവിച്ചാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ആ എന്നെ 2017 ല്‍ മാളികപ്പുറത്തേക്ക് മേല്‍ശാന്തിയായി യഥേഷ്ടം ഭഗവാനെ ദര്‍ശിക്കാനും അനുഗ്രഹം നേടാനുള്ള ഭാഗ്യം ശബരിമല ശാസ്താവ് നല്‍കി. ഉത്തമഭക്തരെ ഭഗവാന്‍ ഒരിക്കലും കൈവിടില്ല. മേല്‍ശാന്തി അനീഷ് നമ്പൂതിരി ആറ്റുകാലമ്മയുടെ പൊങ്കാല വിശേഷങ്ങളെക്കുറിച്ച് ജ്യോതിഷരത്നത്തോട് മനസ്സ് തുറക്കുന്നു.
ആറ്റുകാല്‍ പൊങ്കാല 2026 മാര്‍ച്ച് 3 കുംഭം 19 ന് ചൊവ്വാഴ്ച
സ്ത്രീകള്‍ മനവും തനുവും സമര്‍പ്പിക്കുന്ന ആത്മസമര്‍പ്പണത്തിന്‍റെ ഉത്സവമാണ് ആറ്റുകാല്‍ പൊങ്കാല. പ്രപഞ്ചത്തില്‍ ഏറ്റവുമധികം സ്ത്രീകള്‍ പൊങ്കാല സമര്‍പ്പിക്കുന്ന ക്ഷേത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് ആറ്റുകാലമ്മയ്ക്ക് മാത്രമാണ്. പൊങ്കാല എന്ന പദത്തിനര്‍ത്ഥം സമൃദ്ധി എന്നാണ്. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോട് ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നിവേദ്യം. പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചുചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മകമായ ഒന്നാണ്. പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമെന്യേ പൊങ്കാല നിവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു.

ഇപ്പോഴത്തെ ആറ്റുകാല്‍ മേല്‍ശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി പറയുന്നു. 'ആറ്റുകാലമ്മയെ പൂജിക്കാനും സേവിക്കാനും കിട്ടിയ ഈ അവസരം ജന്മാന്തര പുണ്യമായി കാണുന്നു. അച്ഛന്‍ പാലക്കാട് വരിക്കം ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്‍റെയും മകനായി പിറക്കാന്‍ കഴിഞ്ഞ പുണ്യം. പിന്നെ തന്ത്രം പഠിപ്പിച്ച ഗുരുനാഥന്മാരായ പാണ്ടിക്കാട് മൂത്തേടത്തു മന ദാമോദരന്‍ നമ്പൂതിരിയുടെയും പാലക്കാട് മംഗലത്ത് ഇല്ലത്ത് നന്ദന്‍ നമ്പൂതിരിയുടെയും അനുഗ്രഹം. മാതാപിതാഗുരു എന്നാണല്ലോ ചൊല്ല്.
പൂര്‍വ്വപുണ്യം കൊണ്ട് ഉത്തമ ബ്രാഹ്മണയില്ലത്ത് ജനിക്കാനും ഉത്തമഗുരുക്കന്മാരെ സേവിക്കാനും കിട്ടിയ അനുഗ്രഹത്തിന്‍റെ വരപ്രസാദമാണ് 2017 ശബരിമലയില്‍ മാളികപ്പുറം മേല്‍ശാന്തി ആകാനും ഇപ്പോള്‍ ലോകപ്രശസ്തമായ ആറ്റുകാലമ്മയെ മേല്‍ശാന്തി ആയിരുന്നു സേവിക്കാനും ഭാഗ്യം ഉണ്ടായത്. എപ്പോഴും എന്‍റെ വളര്‍ച്ചയില്‍ പ്രാര്‍ത്ഥനയോടെ കൂടെ നില്‍ക്കുന്നത് എന്‍റെ വേളി മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ അധ്യാപിക ശ്രീവിദ്യ അന്തര്‍ജനവും ഞങ്ങളുടെ മകന്‍ അഭിഷേകുമാണ്.
കുടുംബ പരദേവതയായ കണ്ണൂര്‍ കല്യാശ്ശേരി മാങ്ങാട്ടുപറമ്പ് തിരുവമ്പാടി ശ്രീകൃഷ്ണഭഗവാന്‍റേയും തേവാരമൂര്‍ത്തിയായ ശ്രീഭദ്രകാളിയുടെയും അനുഗ്രഹം പറഞ്ഞറിയിക്കാവുന്നതല്ല. 18 വര്‍ഷം മയ്യനാട് ജന്മംകുളം ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി ആയിരുന്നു. തീര്‍ച്ചയായിട്ടും ആ ദേവിയുടെ അനുഗ്രഹം എനിക്ക് ആറ്റുകാലമ്മയുടെ ശ്രീകോവിലിലെത്താന്‍ അവസരം ഉണ്ടാക്കി എന്നുവിശ്വസിക്കുന്നു. മണ്ണൂര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി ആയി സേവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2016 ല്‍ കോയമ്പത്തൂര്‍ അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തി ആയിരിക്കുമ്പോള്‍ 9 മണിക്കൂര്‍ ക്യൂ നിന്ന് വളരെ കഷ്ടത അനുഭവിച്ചാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ആ എന്നെ 2017 ല്‍ മാളികപ്പുറത്തേക്ക് മേല്‍ശാന്തിയായി യഥേഷ്ടം ഭഗവാനെ ദര്‍ശിക്കാനും അനുഗ്രഹം നേടാനുള്ള ഭാഗ്യം ശബരിമല ശാസ്താവ് നല്‍കി. ഉത്തമഭക്തരെ ഭഗവാന്‍ ഒരിക്കലും കൈവിടില്ല. മേല്‍ശാന്തി അനീഷ് നമ്പൂതിരി ആറ്റുകാലമ്മയുടെ പൊങ്കാല വിശേഷങ്ങളെക്കുറിച്ച് ജ്യോതിഷരത്നത്തോട് മനസ്സ് തുറക്കുന്നു.
ആശ്രയിക്കുന്നവരെ രക്ഷിക്കുന്ന ദേവി മഹാമായയാണ് ആറ്റുകാല്‍ അമ്മ. ചിലപ്പതികാരത്തിലെ കണ്ണകിയുടെ സങ്കല്‍പ്പത്തിലും സ്ത്രീശാക്തീകരണത്തിന്‍റെ ദൈവികഭാവത്തിലും ദാരുകനിഗ്രഹശേഷം കോപം ശമിക്കുന്ന ഭാവത്തിലുമാണ് ആറ്റുകാലമ്മ. ആ അമ്മയുടെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ പൂരം നക്ഷത്രം. ഈ ദിവസം ആണ് അമ്മയ്ക്ക് ഭക്തജനങ്ങള്‍ നേരിട്ട് നിവേദ്യം അര്‍പ്പിക്കുന്നത്. ദേവിക്കുള്ള ആത്മസമര്‍പ്പണമാണ് പൊങ്കാല. പൊങ്കാല അര്‍പ്പിച്ച് ദേവിയോട് ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പാണ് എന്നാണ് വിശ്വാസം. ഭക്തന്‍ തന്‍റെ മനസ്സും ശരീരവും ധനവും അമ്മയ്ക്ക് സമര്‍പ്പിക്കുന്നതിന് തുല്യമാണ് പൊങ്കാല സമര്‍പ്പിക്കുന്നത്. തനു മനധനസമര്‍പ്പണം എന്നാണ് പൊങ്കാലയെ വിശേഷിപ്പിക്കുന്നത്. വ്രതമെടുത്ത് ദര്‍ശനം നടത്തുന്നത് തനു സമര്‍പ്പണം. അമ്മയോടുള്ള പ്രാര്‍ത്ഥന മന:സമര്‍പ്പണം. നിവേദ്യ വസ്തുക്കള്‍ കൊണ്ടുള്ളത് ധനസമര്‍പ്പണം. ഇത് മൂന്നും ഒത്തുചേരുമ്പോള്‍ പൂര്‍ണ്ണമായ സമര്‍പ്പണം തന്നെയാകും.

മംഗല്യഭാവത്തിനും സത്സന്താനത്തിനും അമ്മയ്ക്കരികില്‍ അഭയം തേടുന്നവര്‍ക്ക് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്നാണ് അനുഭവസാക്ഷ്യങ്ങള്‍. പാര്‍വതിദേവിയുടെ അവതാരമായ കണ്ണകി സങ്കല്‍പ്പമാണ് ദേവിയുടേത്. വടക്ക് ദര്‍ശനമായിരിക്കുന്ന ദേവി സൗമ്യഭാവത്തിലാണ്. ദേവിയുടെ രണ്ട് വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഉണ്ട്. മൂലവിഗ്രഹവും അഭിഷേക വിഗ്രഹവും. മൂലവിഗ്രഹത്തില്‍ അഭിഷേകം നടത്താറില്ല. രത്നങ്ങളും സ്വര്‍ണ്ണ അങ്കിയും കൊണ്ട് മൂലവിഗ്രഹം അണിയിച്ചൊരുക്കിയിരിക്കുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്: ആറ്റുകാല്‍ മേല്‍ശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി
'വരിക്കം ഇല്ലം. ജന്മംകുളം.' ഫോണ്‍: 9447419100
തയ്യാറാക്കിയത്: ജ്യോതിഷരത്നം വേണു മഹാദേവ്
ഫോണ്‍: 9847575559
