ചുനക്കരയ്ക്ക് സാന്ത്വനമേകുന്ന കൈലാസ ദേവസാന്നിധ്യം
ഓം നമഃ ശിവായ
ശാന്തം പത്മാസനസ്ഥം ശശിധര മകുടം
പഞ്ചവക്ത്രം ത്രിനേത്രം
ശൂലം വജ്രം ച ഖണ്ഡഗം പരശുമഭയദം
ദക്ഷഭാഗേ വഹന്തം
നാഗം പാശം ച ഘണ്ഡാം പ്രളയ
ഹുതവഹം സാങ്കുശം വാമഭാഗേ
നാനാലങ്കാര ദീപ്തം സ്ഫടിക
മണിനിഭം പാർവ്വതീശം നമാമി.
ഏതാണ്ട് 1500 ൽപ്പരം വർഷം പഴക്കമുള്ള ക്ഷേത്രമാണ് ചുനക്കര തിരുവൈരൂർ ശ്രീമഹാദേവക്ഷേത്രം. സ്വയം ഭൂശിലയിൽ ചൈതന്യം കുടികൊള്ളുന്നതും പ്രാചീനകാലം മുതൽ ആരാധനനടത്തി വരുന്നതും അത്യപൂർവ്വമായ സമസ്ത ഭൂതഗണങ്ങളോടും കൂടി ഭഗവാൻ ശ്രീമഹാദേവൻ സ്വയംഭൂവായി പരിലസിക്കുന്ന ഭാരതത്തിലെ ഏക ശിവക്ഷേത്രമാണിത്.
പല ശിവക്ഷേത്രങ്ങൾക്കും ഐതിഹ്യമായിപ്പറയുന്ന ഒരു കഥയാണ് ഈ ക്ഷേത്രത്തിനുമുള്ളത്. നിരവധി വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ പുല്ലെരിഞ്ഞുകൊണ്ടുനിന്ന ഒരു സ്ത്രീ അരിവാളിന്റെ മൂർച്ച കൂട്ടുവാനായി അടുത്തുകണ്ട കല്ലിൽ തേച്ചപ്പോൾ രക്തം പൊടിക്കുന്നത് കണ്ട് ഭയാക്രാന്തയായി അലറി വിളിച്ചോടി നിലത്തുവീണു മരിച്ചു. കൂട്ടത്തിൽ ഉണ്ടായിരുന്നവരിൽ നിന്നും വാർത്ത നാലുപാടും പരക്കുകയും ചോര പൊടിഞ്ഞ ശിലയെ വിശുദ്ധമായി കരുതുകയും ചെയ്തു.
ഇതേ കാലയളവിൽ ബന്ധുസന്ദർശനത്തിനായി പോയ അയിരൂർ തമ്പുരാൻ ഒരു മരോട്ടി വൃക്ഷത്തിന്റെ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. അന്ന് അഷ്ടമി ദിവസം ആയിരുന്നു. ശിവഭക്തനായ തമ്പുരാൻ എല്ലാ അഷ്ടമിദിവസവും ശിവപൂജ ചെയ്യുക പതിവായിരുന്നു. പക്ഷേ അങ്ങനെ ശിവപൂജ ചെയ്യാൻ യാതൊരു സാധ്യതയും കാണാതെ അദ്ദേഹം ഖിന്നനായി. ക്ഷീണം മൂലം മയങ്ങിപ്പോയ അദ്ദേഹം ഒരു സ്വപ്നം കണ്ടു. സ്വപ്നദർശനം കിഴക്കുദിക്കിലെ മലമുകളിൽ തന്റെ ചൈതന്യമുള്ള ഒരു ശില ഉണ്ടെന്നും അതിൽ അഭിഷേകാർച്ചന നടത്തി സ്വസ്ഥചിത്തനാകാൻ ശിവപ്പെരുമാൾ കൽപ്പിക്കുന്നതായിരുന്നു. സമീപത്ത് ആവി പറക്കുന്ന ചാണകം കാണുന്ന ശിലയിലാണ് തന്റെ ചൈതന്യം കുടികൊള്ളുന്നത് എന്നും സൂചിപ്പിക്കപ്പെട്ടിരുന്നു. തമ്പുരാൻ സമീപത്തെ വീട്ടിലെ കാരണവരെ വിളിച്ചുവരുത്തി വഴികാട്ടിയായി മുന്നേ നടത്തി. അങ്ങനെ തമ്പുരാനും, പരിവാരങ്ങളും രക്തം പൊടിഞ്ഞ വിശുദ്ധ ശിലയുടെ സമീപമെത്തി.
ഭടന്മാരുടേയും കാരണവരുടേയും സഹായത്താൽ അക്കാലത്തെ സമീപഗൃഹങ്ങളിൽ നിന്നും കരിക്കും പാലും നിവേദ്യത്തിനുള്ള ഇതര സാധനങ്ങളും വരുത്തി അഭിഷേകവും, അർച്ചനയും, നിവേദ്യവും നടത്തി. പ്രസാദം തമ്പുരാനും ഭടന്മാരും നാട്ടുകാരും കഴിച്ചു. തമ്പുരാനിൽ നിന്നും വൃത്താന്തങ്ങൾ അറിഞ്ഞ ഓടനാട് രാജാവ്(കായംകുളം) അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കുവാനുള്ള ചുമതല അദ്ദേഹത്തിനുതന്നെ നൽകി.
ക്ഷേത്രനിർമ്മാണത്തിന് അയിരൂർ തമ്പുരാൻ തന്റെ നാട്ടിൽ നിന്നാണ് വിദഗ്ദ്ധരായ ശിൽപ്പികളേയും പണിക്കാരേയും കൊണ്ടുവന്നത്. തമ്പുരാന് മുൻപേ വഴികാട്ടിയായി നടന്ന കുടുംബക്കാരെ നിമ്പടക്കാരെന്നും അഭിഷേകത്തിനായി കുരുമ്പയും, പാലും, നൽകിയ കുടുംബങ്ങളെ യഥാക്രമം കുരുമ്പാലിൽ, പാലത്തിട്ട എന്നും, നിവേദ്യത്തിനായി ചേനയും മറ്റ് ഇതര സാധനങ്ങളും നൽകിയ കുടുംബത്തെ 'ചേങ്കര' എന്നും നാമകരണം ചെയ്തു. അയിരൂർ ദേശത്തുനിന്നും വിശ്വകർമ്മരേയും ക്ഷേത്രനിർമ്മാണത്തിനായി ചുനക്കരയിൽ കൊണ്ടുവന്ന് കുടിപാർപ്പിച്ച് പോന്നു. വിളക്കെടുപ്പ്, മാലകെട്ട്, കണക്കെഴുത്ത് ഇവകൾ നടത്തുന്നതിനായി അയിരൂർ ദേശത്തുനിന്നും ഒരു വാര്യർ കുടുംബത്തെയും കൊണ്ടുവന്നിരുന്നു. കണക്കുചക്കിരൻ എന്ന സ്ഥാനപ്പേര് നൽകി കുടിപാർപ്പിക്കപ്പെട്ട ഇവരുടെ പിൻമുറക്കാർ മഹാപണ്ഡിതന്മാരായിട്ടുണ്ട്. എ.ആർ. രാജാരാജാവർമ്മയുടെ ഗുരുനാഥൻവരെ ആ ശൃംഖലയിലുണ്ടായി.
പ്രാചീന ശിൽപ്പകലയുടെ മകുടോദാഹരണമാണ് ക്ഷേത്രശ്രീകോവിലിലെ ചുവരുകൾ. പുരാണേതിഹാസങ്ങളുടെ നേർക്കാഴ്ചകൾ എന്നതിനെ വിശേഷിപ്പിക്കാം. വേദവ്യാസന്റെ ഭാഗവതകഥ ശ്രവിക്കുന്ന ശ്രീശുകനും ആ കഥ എഴുതിയെടുക്കുന്ന ഗണപതിയും, ഗണപതിയും സുബ്രഹ്മണ്യനും കൂടിയുള്ള കുട്ടിക്കളിയും, ഭഗവാൻ ശ്രീകൃഷ്ണൻ ഗോപസ്ത്രീകളുടെ ചേലകൾ മോഷ്ടിച്ചെടുത്തതിനുശേഷം മരക്കൊമ്പത്ത് ഇരിക്കുന്നതും ഗോപസ്ത്രീകൾ ഉടയാടകൾ തേടുന്നതുമായ ഭാവദീപ്തങ്ങളായ ശിൽപ്പമാല ഇവിടെ കാണുവാൻ സാധിക്കും. ഐരാവതത്തിൽ എഴുന്നെള്ളുന്ന ദേവേന്ദ്രനിലൂടെ കണ്ണോടിച്ചു നാം അവസാനം കൽക്കിയിലാണ് എത്തുന്നത്. ഹിരണ്യകശിപുവിന്റെ മാറ് പിളർന്ന് നിൽക്കുന്ന നരസിംഹവും തൊഴുതുവണങ്ങുന്ന പ്രഹ്ലാദനും നന്ദികേശനും ജീവൻതുളുമ്പുന്ന ശിൽപ്പങ്ങളാണ്. കൃഷ്ണാവതാര കഥകളും ശിൽപ്പ ശൃംഖലയിലെ കണ്ണികളാണ്. രാമായണകഥയിൽ ഹനുമാനെ സുരസ എന്ന ഘോരഭീകരരൂപിണി ഭക്ഷിക്കുവാനായി വായ തുറക്കുന്നതും അതീവ ബുദ്ധിമാനും ശ്രീരാമ ഭക്തനും ആയ അദ്ദേഹം തന്റെ ശരീരം വളരെ ചെറുതാക്കി സുരസയുടെ വായിൽ കൂടി കയറി ചെവിയിലൂടെ പുറത്ത് ഇറങ്ങുന്നതുമായ മനോഹരദൃശ്യം ദാരുശിൽപ്പങ്ങളിൽ കാണുവാൻ സാധിക്കുന്നതാണ്. വിഷ്ണുഭഗവാന്റ നാഭീകമലത്തിൽ വിളങ്ങുന്ന ബ്രഹ്മാവും, ദശാവതാര ദർശനങ്ങളും വിദേശികളേയും, മറ്റ് ദാരുശിൽപ്പകലാന്വേഷകരെവരേയും ഒരുപോലെ ആകർഷിക്കുന്ന ഘടകം ആണ്.
ഏതാണ്ട് 50 വർഷങ്ങൾക്ക് മുൻപ് വരെ തിരുവൈരൂർ മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട്, ചുനക്കരക്കാളകളെ(നന്ദികേശന്മാരെ) ഊരുചുറ്റിക്കുക പതിവായിരുന്നു. മനോഹരമായ പാടങ്ങളും, തോടുകളും കുന്നുകളും കയറിയിറങ്ങി, വിളവെടുപ്പിനുശേഷമുള്ള യാത്ര ഇന്നും ഏതൊരു ഭക്തന്റെയും മനസ്സിൽ നിലനിൽക്കുന്ന കാഴ്ചയാണ്. പല വീടുകളിലായി ചുറ്റിയെത്തുന്ന നന്ദികേശന്മാർ വീടിന്റെ പടി കടന്നെത്തി, തല മുകളിലോട്ട് ഉയർത്തി, കഴുത്തിലെ മണി കിലുക്കി നിൽക്കും. അപ്പോൾ കൂട്ടത്തിൽ ഋഷഭത്തിനൊപ്പം വന്ന ആൾ ചുനക്കര ഭഗവാൻ വന്നിട്ടുണ്ടേ എന്ന് ഉണർത്തിക്കും. ഇത് കേട്ടുകഴിയുമ്പോൾ ഗൃഹത്തിലെ പ്രായമായ സ്ത്രീ ഓടി ചെന്ന് കളം തൂത്തുവാരി സൂക്ഷിച്ചിട്ടുള്ള നെല്ലിൽ ഒരു പങ്കുമായി എത്തും. അപ്പോൾ കൂടെയുള്ളയാൾ കഞ്ഞിയും കാടിയും തവിടുമായി എത്തും. അത് ഋഷഭത്തിനുള്ളതാണ്. അപ്പോൾ സന്തതികളിൽ ആരെങ്കിലും ഒരു രൂപാ നാണയം നന്ദികേശ ശിരസ്സിൽ വച്ച് അനുഗ്രഹം നേടും. ഒരു രൂപയെന്നത് പഴയ കാലത്തേതാണ്. ഇപ്പോൾ അതിന് മാറ്റം സംഭവിച്ചിട്ടുണ്ട്. അതിനുശേഷം കാളയ്ക്കൊപ്പം വന്നയാൾ ഭസ്മത്തട്ടത്തിൽ നിന്ന് ഭസ്മം നൽകുകയും എല്ലാവരും ഭക്തിപൂർവ്വം അതണിയുകയും ചെയ്യും. എനിക്കും അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്.
ഏകദേശം 26 കിലോമീറ്റർ താണ്ടിയുള്ള നടത്തത്തിൽ നന്ദികേശൻ നന്നേ ക്ഷീണിതനായിരിക്കുക പതിവാണ്. അങ്ങനെയുള്ള അവസരത്തിൽ ഞങ്ങളുടെ വീട്ടിലെ എരുത്തിലിൽ നന്ദികേശനെ കെട്ടുകയും കൂടെ നടക്കുന്ന ആൾ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. പിന്നെ പിറ്റേദിവസം രാവിലെയാണ് അയാൾ എത്തുക. വേണ്ടത്ര കച്ചിയും എടുത്ത് തലച്ചുമടായി അയാൾ വീണ്ടും നന്ദികേശയാത്ര തുടരുകയും ചെയ്യും. ഇതെല്ലാം എന്റെ കുട്ടിക്കാലത്തെ ഓർമ്മകളാണ്.
ഈ അടുത്തസമയത്ത് ക്ഷേത്രത്തിൽ എത്തിയ ഞാൻ ആദ്യം അന്വേഷിച്ചത് ചുനക്കരക്കാളകൾ ഇപ്പോഴും ഉണ്ടോ എന്നായിരുന്നു. ഇപ്പോൾ രണ്ട് കാളകൾ ഗോശാലയിൽ ഉണ്ടെന്നായിരുന്നു ക്ഷേത്രം സെക്രട്ടറി പറഞ്ഞത്. ഒരു ജോലിക്കാരൻ അവയ്ക്കായി മാത്രമുണ്ട്.
ഇന്ന് കൃഷിയില്ല. പാടങ്ങൾ തരിശായി. കാളയും കലപ്പയും അപ്രത്യക്ഷമായി. ചുനക്കരക്കാളയും ഓച്ചിറക്കാളയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വാശി കൂടുതൽ ഓച്ചിറക്കാളയ്ക്കാണ്. ചുനക്കരക്കാള വെച്ചൂർ ഇനത്തോട് അടുത്തുനിൽക്കുന്നു.
ഉപദേവതകൾ
ഇവിടുത്തെ ഉപദേവതകൾ നന്ദികേശൻ, ഗണപതി, ശാസ്താവ്, രക്ഷസ്സ്, യക്ഷി, നാഗരാജാവ്, നാഗയക്ഷി, ഇണ്ടിളയപ്പൻ, ഭഗവതി എന്നിവരാണ്. പ്രധാനദേവനും നന്ദികേശനും യഥാസ്ഥാനങ്ങളിലുള്ള ഉപദേവന്മാരും എല്ലാം സ്വയം ഭൂവാണ്. നാഗപ്രതിഷ്ഠയും ദേവീപ്രതിഷ്ഠയും മാത്രമാണ് മനുഷ്യനിർമ്മിതമായിട്ടുള്ളൂ. അതുകൊണ്ടുതന്നെ അനിതര സാധാരണമായ ശക്തിവിശേഷമാണ് ഇവിടെ കുടികൊള്ളുന്നത്. ചുനക്കര ദേശദേവാധിപത്യസ്ഥാനവും ശ്രീമഹാദേവനുണ്ട്. സർവ്വാഭീഷ്ടദായകനായി വാണരുളുന്ന ശ്രീമഹാദേവ സന്നിധിയിൽ അഭയം പ്രാപിക്കുന്നത് സായൂജ്യത്തിന് വഴിതെളിക്കും എന്നതിൽ തർക്കമില്ല.
പൂപറിക്കൽ വഴിപാട്
കുന്നിൻ മുകളിൽ പരിലസിക്കുന്ന ചുനക്കര തിരുവൈരൂർ ശ്രീമഹാദേവ ക്ഷേത്രം അരനൂറ്റാണ്ടിന് മുൻപുവരെ വൻ കൂവളക്കാടുകളാൽ സമൃദ്ധം ആയിരുന്നു. നിത്യേന നൂറുകണക്കിന് കുട്ടികൾ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് കുത്തിലക്കുമ്പിളിൽ കൂവളത്തിലയുമായി നാലമ്പലത്തിലെത്തി സമർപ്പണം നടത്തി, വഴിപാടുകാരുടെ ഭവനങ്ങളിൽ എത്തി വിഭവസമൃദ്ധമായ സദ്യയുണ്ണുന്നതുമായ പ്രധാന വഴിപാടായിരുന്നു പൂപറിക്കൽ.
കൂവളക്കാടുകൾ ഇല്ലാതായതോടെ കൂവളമാല വാങ്ങി നൽകുന്നതിലേക്ക് അത് ഒതുങ്ങി. കുത്തിലക്കുമ്പിളിൽ പൂക്കൾ കുന്നുപോലെ നിറഞ്ഞിരുന്ന അക്കാലം ക്ഷേത്രദർശകർക്ക് കണ്ണിനും മനസ്സിനും ആനന്ദദായകമായിരുന്നു. ചുനക്കര പൂപറിക്കൽ എണ്ണത്തിൽ കുറഞ്ഞെങ്കിലും അതിന്റെ ഖ്യാതി ഇന്നും നിലനിൽക്കുന്നു.
വഴിപാട്
ആസ്ത്മാ(വലിവ് രോഗത്തിന്)യ്ക്ക് പാളയും കയറും(പണ്ട് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന മാതൃക) വഴിപാട് ക്ഷേത്രത്തിൽ ഇന്നും നടന്നുവരുന്നു.
മകരോത്സവ നാളുകളിൽ പുരാതനകാലം മുതൽ നടത്തുന്ന ചുനക്കര ഉരുൾനേർച്ചയ്ക്ക് ഇപ്പോഴും ഭക്തജനലക്ഷങ്ങളാണ് എത്തുന്നത്. സ്വയംഭൂവായ ദേവചൈതന്യം തുളുമ്പുന്ന മണ്ണിനെ പൂമെത്ത ആക്കി, മനസ്സും ശരീരവും ഏകാത്മകമാക്കി ഉരുണ്ട് ആത്മസായൂജ്യം നേടാത്തവരായി ആരുമില്ല.
ഉരുൾ തുടങ്ങുന്നതിന് മുമ്പായി വ്രതശുദ്ധിയോടുകൂടി ക്ഷേത്രക്കുളത്തിൽ കുളിച്ച് ഓലക്കാൽ കീറി തലയിലും അരയിലും കെട്ടി കുട്ടികൾ മുതൽ വൃദ്ധന്മാർ വരെയുള്ളവർ ക്ഷേത്രത്തിൽ ശയനപ്രദക്ഷിണം നടത്തുന്നു. ഇത് കാണാൻ വമ്പിച്ച ജനാവലിയാണ് വരുന്നത്.
സന്താനലബ്ധി, ആയുരാരോഗ്യ സൗഖ്യം എന്നിവ നേടാൻ വേണ്ടിയും ഉരുൾനേർച്ച നടത്തുന്നവരുമുണ്ട്. ഉരിളിച്ച സദ്യയും നടത്താറുണ്ട്. ഈ വഴിപാടിന് സാമ്പത്തികച്ചെലവ് ചുരുക്കമാണ്. ആൺസന്തതി ഇല്ലാത്തവർ മറ്റു കുട്ടികളെക്കൊണ്ട് ഉരുളിച്ച നടത്തുന്നു.
അതുപോലെ ഉത്സവനാളിലെ പ്രധാന വഴിപാടാണ് കാളകെട്ട് മഹോത്സവവും. ഓണാട്ടുകരയിലെ മിക്ക പ്രദേശങ്ങളിലേയും കരഭൂമികളും നിലങ്ങളും ക്ഷേത്രാരംഭകാലത്ത് ചുനക്കര ദേവസ്വത്തിനായിരുന്നു. പണ്ട് മകരക്കൊയ്ത്ത് കഴിഞ്ഞ് നൂറുമേനി വിളവിന്റെ പ്രതിഫലമായി ഓണാട്ടുകരയുടെ ദേശദേവനായ ചുനക്കര മഹാദേവന് തിരുമുൾക്കാഴ്ചയായി കർഷകർ ദൂരെ ദേശത്തുനിന്നും അനേകം ചെറിയ കെട്ടുകാളകളെ തോളിലേന്തി ക്ഷേത്രം വലംവച്ചിരുന്നു. ഒരു പൈതൃക ഗ്രാമ കെട്ടുകാഴ്ചയുടെ പ്രഭവകേന്ദ്രവും ചുനക്കര ആണെന്നാണ് ഐതിഹ്യം. ഈ ആചാരം ഇപ്പോൾ ഇല്ലെങ്കിലും ഉത്സവനാളുകളിൽ ക്ഷേത്രത്തിൽ കെട്ടിയൊരുക്കി വച്ചിരിക്കുന്ന ചെറിയ നന്ദികേശന്മാർക്ക് ചെറിയ തുക നൽകി ആർപ്പുവിളികളോടെ നാലമ്പലത്തിൽ വലം വയ്ക്കുന്നത് ഇന്നും തുടരുന്ന കാഴ്ചവിരുന്നാണ്. ഉത്സവദിവസം തെക്കുവശത്തുള്ള വയലിൽ നിന്നും കൂറ്റൻ നന്ദികേശന്മാരെ ചുനക്കര ഭഗവാൻ തണ്ടിൽ എഴുന്നെള്ളി ക്ഷേത്രമുറ്റത്തേയ്ക്ക് ആനയിക്കപ്പെടുന്നു.
ചുനക്കരദേശം മുഴുവനും സർവ്വവവും ഭഗവാന് സമർപ്പണം ചെയ്ത ശുകമുനിയുടെ തപോവനം കൂടിയാണെന്നാണ് ഭക്തജനവിശ്വാസം.
പതിനായിരങ്ങളുടെ ധർമ്മദൈവമായ ചുനക്കര ശ്രീമഹാദേവന്റെ തൃക്കൊടി കീഴിൽ നിറപറ സമർപ്പിക്കുന്നത് ഉദ്ദിഷ്ടകാര്യസിദ്ധിക്ക് പ്രധാന വഴിപാടാണ്. നാൽക്കാലികളെ രോഗശാന്തിക്കായി ക്ഷേത്രത്തിൽ കെട്ടുന്നതും പുരാതനകാലം മുതലെ ദേവപ്രീതിക്കായി നടത്തുന്ന മറ്റൊരു വഴിപാടാണ്.
പ്രധാന ദിവസങ്ങൾ
മകരത്തിലെ തിരുവാതിര, ചോതി, ചതയം, ആറാട്ടായി വരത്തക്കവിധം കൊടിയേറി പത്തുദിവസത്തെ ഉത്സവമാണ് ഇവിടെ. പറയെടുപ്പ് ദിവസങ്ങളിൽ എല്ലാ കരകളിലും ഭഗവാൻ എത്തുമ്പോഴും സ്വയംഭൂ ആയതിനാൽ ക്ഷേത്രം അടയ്ക്കാറില്ലെന്നത് ഇവിടുത്തെ സവിശേഷതയാണ്. തൃപ്പറയ്ക്കൊരുങ്ങുന്ന ഭഗവാന് കൈനീട്ടിപ്പറ നൽകുന്നതിനുള്ള അവകാശം കുരുമ്പോലിൽ, പാലത്തിട്ട കുടുംബക്കാർക്കാണ്.
ക്ഷേത്രഭരണം
ആറുകരകളിലായി പരന്നുകിടക്കുന്ന കരക്കാർ തെരഞ്ഞെടുക്കുന്ന ഹൈന്ദവ സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. അയിരൂർ വാര്യത്തിന് ക്ഷേത്രവുമായി അഭേദ്യമായ ബന്ധമാണുള്ളത്. താന്ത്രികാവകാശം കൊല്ലം നെടിയവിള കീഴ് താമരശ്ശേരി കുടുംബത്തിനാണ്.
ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴികൾ
1. കൊല്ലം-തേനി നാഷണൽ ഹൈവേയിൽ ചാരുംമൂടിനും മാങ്കാംകുഴിക്കും മദ്ധ്യേ ചുനക്കര പോസ്റ്റോഫീസ് ജംഗ്ഷനിൽ കോട്ടമുക്കിൽ നിന്നും 1 കിലോമീറ്റർ കിഴക്ക്.
2. കറ്റാനം-മാവേലിക്കര റൂട്ടിൽ കുറത്തിക്കാട്ടുനിന്നും 4 കിലോമീറ്റർ കിഴക്ക്.
3. കായംകുളം- പുനലൂർ റൂട്ടിൽ ചാരുംമൂട്ടിൽ നിന്നും 4 കിലോ മീറ്റർ വടക്ക്.
4. ഹരിപ്പാട്-പന്തളം റൂട്ടിൽ മാങ്കാംകുഴിയിൽ നിന്നും 4 കിലോ മീറ്റർ തെക്ക്.
