ബലികർമ്മങ്ങളെക്കുറിച്ച് അറിയാൻ
2023 ജൂലൈ 17 തിങ്കളാഴ്ച കർക്കിടകവാവ് (1198 കർക്കിടകം 1 ന്)
മനുഷ്യജന്മം ലഭിക്കുന്നതിനുമുമ്പ് നാലുലക്ഷം ജന്മങ്ങൾ ഓരോ ആത്മാവും സ്വീകരിച്ചു കഴിഞ്ഞിരിക്കുമെന്ന് സനാതന ധർമ്മപുരാണങ്ങളിൽ പറയുന്നു. ശ്രീമദ് ഭഗവത്ഗീതയിൽ ശ്രീകൃഷ്ണഭഗവാൻ അർജ്ജുനനോട് പറയുന്നു.
'ബഹുനി മേ വൃതീതാനി; ജന്മാനി തവ ചാർജ്ജുന!
താന്യഹം വേദസർവ്വാണി; നത്വം വേത്ഥ പരന്തപ!'
നീയും ഞാനും അനേകജന്മങ്ങൾ കഴിഞ്ഞവരാണ്. നിനക്ക് ഒന്നും ഓർമ്മിക്കുവാൻ കഴിയുന്നില്ല. ഞാനാകട്ടെ എല്ലാം അറിയുന്നു. വിവേചനബുദ്ധിയുള്ള മനുഷ്യൻ തന്റെ ജന്മം വിനിയോഗിക്കേണ്ടത് പുനർജന്മമുണ്ടാകാത്ത വിധം കർമ്മബന്ധം അവസാനിപ്പിച്ചു മോക്ഷം നേടുന്നതിനായിരിക്കണം.
മനുഷ്യരുടെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമാണ്. മനുഷ്യവർഷത്തിന് ഉത്തരായനമെന്നും ദക്ഷിണായനമെന്നും രണ്ടായി ഭാഗിച്ചിരിക്കുന്നു. ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയുമാകുന്നു. എന്നാൽ പിതൃക്കൾക്ക് ദക്ഷിണായനം പകലും ഉത്തരായനം രാത്രിയുമാണ്. കർക്കിടകമാസത്തിൽ ദിവസമാരംഭിക്കുന്ന പിതൃക്കൾക്ക് പാർവ്വണശ്രാദ്ധത്തിലൂടെ ഒരു ദിവസത്തെ ഭക്ഷണം ലഭിക്കുന്നു. മനുഷ്യർ എല്ലാവർഷവും കർക്കിടകമാസ അമാവാസിയിലും ബലി, തർപ്പണം, ശ്രാദ്ധം ഇവ മുടങ്ങാതെ നടത്തുമ്പോൾ പിതൃക്കൾക്ക് എല്ലാദിവസവും ഭക്ഷണം ലഭിക്കുന്നു.
കർക്കിടകവാവ്, ശിവരാത്രി, ദീപാവലി, അക്ഷയതൃതീയ തുടങ്ങിയ പുണ്യദിനങ്ങളിൽ ശ്രാദ്ധം നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പിതൃകർമ്മം അനുഷ്ഠിക്കുന്നവർ വെറ്റില മുറുക്ക്, മദ്യപാനം, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം, എണ്ണതേക്കൽ, സംഭോഗം എന്നിവ ഉപേക്ഷിക്കണം. മിതാഹാരിയായി ശുദ്ധ വൃത്തിയോടെ മനസ്സിൽ ഈശ്വരചിന്ത നിറച്ച് പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി പ്രാർത്ഥിച്ച് കഴിയണം. ശ്രാദ്ധദിവസവും തലേദിവസവും ഇത് അനുവർത്തിക്കണം. മിതഭാഷിയായി പാപദുഷ്ടചിന്തകൾ കൂടാതെ മനസ്സ് ഈശ്വരനിലും പിതൃക്കളിലും സമർപ്പിക്കണം.
പുരോഹിതൻ പറയുന്നത് ഏറ്റുചൊല്ലി എള്ളും ചോറും ജലത്തിൽ സമർപ്പിക്കുന്നതോടെ ബലി തീർന്നുവെന്നാണ് ഭൂരിപക്ഷം ആളുകളും കരുതുന്നത്. എന്നാൽ സങ്കൽപ്പശുദ്ധിയില്ലാതെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുകയില്ല.
ആരാണ് പിതൃക്കൾ?
നമ്മുടെ തലമുറയിലൂടെ മരിച്ചുപോയ പൂർവ്വികന്മാരായ മനുഷ്യർ, ദിവ്യമനുഷ്യർ, മഹർഷിമാർ ഇവരെല്ലാവരുമാണ് പിതൃക്കൾ. അപ്പോൾ ബലിയെന്നത് അവർക്കുവേണ്ടിയും, അവരുടെ തൃപ്തിക്കുവേണ്ടിയും അവരുടെ അനുഗ്രഹത്തിനുവേണ്ടിയും അർപ്പിക്കുന്ന അനുഷ്ഠാനമാണ്. സനാതനധർമ്മം അനുശാസിക്കുന്ന പഞ്ചമഹായജ്ഞങ്ങളിലൊന്നാണ് ബലിസമർപ്പണം അഥവാ പിതൃതർപ്പണം. അത് ശ്രദ്ധയോടെ വേണം നിർവ്വഹിക്കുവാൻ. പിതൃയാനത്തിൽ ബലിയായി നൽകുന്ന വസ്തുവാണ് പിണ്ഡം. തർപ്പണം ചെയ്യുമ്പോൾ പിണ്ഡം വിഭവസമൃദ്ധമായോ അല്ലാതെയോ വച്ചിരിക്കുന്ന അന്നത്തെയും സൂചിപ്പിക്കുന്നു. പിണ്ഡം പൊതുവേ അന്നമാണ്. തിലം(എള്ള്), തേൻ, ജലം, പാൽ, കദളിപ്പഴം, ദീപം, ധൂപം, പുഷ്പം എന്നിവ ഇതിനുവേണം.
പിതൃയജ്ഞത്തിൽ അഥവാ പിതൃബലിയിൽ രണ്ട് ഭാഗങ്ങളുണ്ട്. തർപ്പണം, ശ്രാദ്ധം എന്നിവ.
തർപ്പണം: ഇത് പിതൃക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി ചെയ്യുന്നതാണ്. തർപ്പണത്തിന്റെ അർത്ഥം അർപ്പിക്കുകയെന്നാണ്. പിതൃക്കളുടെ തൃപ്തിക്കായി 'സ്വാഹാ' എന്ന ശബ്ദത്തോടുകൂടി അന്നവും ജലവും നൽകണം. ദേവന്മാർക്ക് കൂടി ഇതോടൊപ്പം കർമ്മം ചെയ്യാം. ദേവന്മാർക്ക് അക്ഷതമിശ്രിതജലവും, പിതൃക്കൾക്ക് തിലമിശ്രിത ജലത്താലും തർപ്പണം ചെയ്യണം.
ശ്രാദ്ധം
പിതൃക്കളുടെ പ്രീതിക്കായി ചെയ്യുന്ന ക്രിയയാണ് ശ്രാദ്ധം.
'പ്രജ്ഞാ ശ്രദ്ധാർ ചാ ദ്യോണ;'
'ശ്രദ്ധയാ ദീയതേ തശ്ഛ്രാദ്ധം;
'ശ്രദ്ധാർത്ഥം മിതം ശ്രാദ്ധം;'
'ശ്രദ്ധായ ഇതം ശ്രാദ്ധം.'
ഇങ്ങനെ പലവിധത്തിൽ ശ്രാദ്ധത്തെ വിവരിക്കുന്നു. തങ്ങളുടെ മരിച്ചുപോയ പിതൃഗണങ്ങളെ ഉദ്ദേശിച്ച് ശ്രദ്ധാപൂർവ്വം ചെയ്യുന്ന കർമ്മമാണ് ശ്രാദ്ധം.
സനാതനധർമ്മത്തിൽ വിശ്വസിച്ച് പിതൃസ്മരണയിൽ പിൻതലമുറക്കാർ അനുഷ്ഠിക്കുന്ന കർമ്മമാണ് ശ്രാദ്ധം. ഒരാൾക്ക് പിന്നിൽ പിതൃക്കളുടെ വിപുലലോകം തന്നെയുണ്ട്. അയാൾക്കുശേഷം പുത്രപ്രപുത്ര കണ്ണികളിലൂടെ നീളുന്ന തലമുറകളുമുണ്ട്. ഇതിനിടയിലെ ഒരു കണ്ണി മാത്രമാണിയാൾ. ഗർഭദാന അനുഷ്ഠാനത്തിലൂടെ വരാനിരിക്കുന്ന തലമുറകളെ ഒരാൾ പവിത്രമാകുമ്പോൾ ശ്രാദ്ധത്തിലൂടെ തനിക്ക് പിന്നിൽ കടന്നുപോയ പിതൃക്കളെ പവിത്രരാക്കുന്നു. ഇവ ഒരാളാൽ അനുഷ്ഠിക്കപ്പെടുകയോ ചെയ്യുന്നതാണ്. പുത് എന്ന നരകത്തിൽ നിന്നും പിതാവിന്റെ ആത്മാവുയരുന്നത് മകൻ ശ്രാദ്ധം ചെയ്യുമ്പോഴാണ്.
നിലവിളക്ക്, ഗണപതി നിവേദ്യം, ജലപാനം, അരച്ച ചന്ദനം, നിവേദ്യം, കർപ്പൂരം, ഭസ്മം, പവിത്രം, കുറുമ്പുല്ല്, കൂർച്ചം, പശുവിൻ ചാണകം, വാഴയില, നെയ്യ്, തേൻ, കദളിപ്പഴം തുടങ്ങിയവ ശ്രാദ്ധകർമ്മത്തിന് അത്യാവശ്യമാണ്.
