ശ്രീകൃഷ്ണന്‍റെ പ്രജാവാത്സല്യം
ദ്വാരകാനാഥനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏറെ കാരുണ്യവാനായിരുന്നു. ആരെങ്കിലും സങ്കടക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ഭഗവാന്‍റെ മുന്നില്‍ ചെന്ന് സങ്കടം ഉണര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഭഗവാന്‍ അവസരോചിതം ചിന്തിച്ച് സങ്കടം പരിഹരിക്കാനും ബദ്ധ ശ്രദ്ധനായിരുന്നു.
ദ്വാരകാനാഥനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏറെ കാരുണ്യവാനായിരുന്നു. ആരെങ്കിലും സങ്കടക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ഭഗവാന്‍റെ മുന്നില്‍ ചെന്ന് സങ്കടം ഉണര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഭഗവാന്‍ അവസരോചിതം ചിന്തിച്ച് സങ്കടം പരിഹരിക്കാനും ബദ്ധ ശ്രദ്ധനായിരുന്നു.
ഒരു ദിവസം ഒരപരിചിതന്‍ ദ്വാരകാപുരിയിലെത്തി. അയാള്‍ ഒരു സങ്കടം ബോധിപ്പിക്കാന്‍ എത്തിയതാണ്. ഭഗവാന്‍ അയാളോട് പ്രശ്നം എന്തായാലും മടിക്കാതെ പറയുവാന്‍ ആവശ്യപ്പെട്ടു.
അപരിചിതന്‍ പറഞ്ഞു. പ്രഭോ മഗധരാജാവായ ജരാസന്ധന്‍ അയാളുടെ കാരാഗൃഹത്തില്‍ ഇരുപതിനായിരത്തി എണ്ണൂറ് രാജാക്കന്മാരെ ബന്ധനസ്ഥരാക്കിയിട്ടുണ്ട്. ഇപ്പോള്‍ ജരാസന്ധന്‍ അവരെയെല്ലാം ഭൈരവന് ബലി കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്. രാജാക്കന്മാരെ തടവിലിടാന്‍ കാരണമുണ്ട്. അങ്ങ് ജരാസന്ധനുമായി പതിനെട്ട് പ്രാവശ്യം യുദ്ധം ചെയ്തപ്പോഴും ആ രാജാക്കന്മാരില്‍ ഒരാള്‍ പോലും ജരാസന്ധനെ യുദ്ധത്തില്‍ സഹായിക്കാന്‍ തയ്യാറായില്ല എന്ന കുറ്റമാണ് അവരില്‍ ചുമത്തപ്പെട്ടിരിക്കുന്നത്. അതിനാല്‍ അവരെ ബലി നല്‍കും മുന്‍പെ രക്ഷിക്കണമെന്ന അപേക്ഷയുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്.
ഭഗവാന്‍ മറുപടി പറയുന്നതിന് മുമ്പായി ശ്രീനാരദ മഹര്‍ഷിയും അവിടെ എത്തിച്ചേര്‍ന്നു.
നാരദന്‍റെ അഭ്യര്‍ത്ഥന
നാരദമുനിയെ സല്‍ക്കരിച്ചശേഷം ഭഗവാന്‍ നാരദന്‍റെ വരവിന്‍റെ ഉദ്ദേശ്യമെന്താണെന്ന് തിരക്കി.
നാരദന്‍ പറഞ്ഞു. 'യുധിഷ്ഠിര മഹാരാജാവിന് ഒരു 'രാജസൂയയജ്ഞം' ചെയ്താല്‍ കൊള്ളാമെന്നുണ്ട്. അങ്ങയുടെ നേതൃത്വത്തില്‍ യജ്ഞം നിര്‍വ്വഹിക്കപ്പെടണമെന്നാണ് യുധിഷ്ഠിരന്‍ ആഗ്രഹിക്കുന്നത് ഈ വിവരം ഉണര്‍ത്തിക്കുവാനാണ് ഞാന്‍ വന്നത്.
ഇപ്പോള്‍ രണ്ടുതരത്തിലുള്ള ആവശ്യങ്ങളാണ് ഭഗവാന് മുന്‍പില്‍. രണ്ടും പ്രാധാന്യമുള്ളവതന്നെ. ഇവയില്‍ ഏത് സ്വീകരിക്കണം? ആദ്യത്തേത് ജീവരക്ഷയാണെങ്കില്‍ മറ്റേത് മഹത്തായ ഒരു യജ്ഞവുമാണ്. തന്‍റെ സജീവ സാന്നിദ്ധ്യം ഒരേസമയം രണ്ടുകാര്യത്തിലും കൂടിയേ തീരൂ.
ഭഗവാന്‍ തന്‍റെ പ്രധാന മന്ത്രിയും, മഹാബുദ്ധിമാനും പ്രിയസുഹൃത്തും ദീര്‍ഘദര്‍ശിയുമായ ഉദ്ധവന്‍റെ ഉപദേശം തേടി. യഥാര്‍ത്ഥത്തില്‍ സര്‍വ്വേശ്വരനും, സര്‍വ്വജ്ഞനുമായ കൃഷ്ണന് വേറൊരാളുടെ ഉപദേശത്തിന്‍റെ ആവശ്യം വരുന്നില്ല. നമ്മെപ്പോലുള്ളവര്‍ രണ്ട് പ്രശ്നങ്ങളെ ഒരേസമയം അഭിമുഖീകരിക്കേണ്ടതായി വരുമ്പോള്‍ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കരുതെന്ന തത്ത്വം ഭഗവാന്‍ പരോക്ഷമായി ഇതിലൂടെ നമ്മെ ബോധവല്‍ക്കരിക്കുകയാണ്.
ഉദ്ധവന്‍റെ അഭിപ്രായം
ഭഗവാന്‍ ഉദ്ധവരോട് ചോദിച്ചു. 'ഉദ്ധവാ ഇക്കാര്യത്തില്‍ അങ്ങയുടെ അഭിപ്രായമെന്താണ്?' ഉദ്ധവന്‍ പറഞ്ഞു. 'ആദ്യം ഇന്ദ്രപ്രസ്ഥത്തിലേയ്ക്കുതന്നെയാണ് പോകേണ്ടത്. യുധിഷ്ഠിരന് യാഗം തുടങ്ങാന്‍ ദ്വിഗ് വിജയം സാധിക്കേണ്ടതായിട്ടുണ്ട്.'
മറ്റാരും യുധിഷ്ഠിരനെ എതിര്‍ത്തില്ലെങ്കിലും ജരാസന്ധന്‍ നിശ്ചയമായും എതിര്‍ക്കുകതന്നെ ചെയ്യും. യുദ്ധത്തില്‍ ജരാസന്ധനെ നിഗ്രഹിക്കാന്‍ ഭീമന് പ്രയാസമില്ല. പക്ഷേ ആ അവസരത്തില്‍ അങ്ങ് ഭീമന് ജരാസന്ധനെ എങ്ങനെ നിഗ്രഹിക്കണമെന്ന് ഒരു സൂചന നല്‍കണമെന്നുമാത്രം. ജരാസന്ധനെക്കൊന്ന് തടങ്കലിലാക്കപ്പെട്ട രാജാക്കന്മാരെ മോചിപ്പിക്കാം. പിന്നീട് യുധിഷ്ഠിരന്‍റെ രാജസൂയയാഗം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യാം.
ഉദ്ധവരുടെ ഈ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി. ഭഗവാന്‍ ബലരാമനുമായി ചര്‍ച്ച ചെയ്തശേഷം ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെട്ടു.
ഭഗവാന്‍റെയും പരിവാരങ്ങളുടേയും എഴുന്നെള്ളത്തുകണ്ട് യുധിഷ്ഠിര മഹാരാജാവ് വളരെ സന്തോഷിച്ചു. വേണ്ടവിധം അവരെ സല്‍ക്കരിച്ചു. താമസസൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തി.
ഭഗവാന്‍ യുധിഷ്ഠിരനോട് പറഞ്ഞു. 'ഇതാ, ദ്വാരകയുടെ കപ്പം സ്വീകരിക്കൂ.'
യുധിഷ്ഠിരന്‍ പറഞ്ഞു. 'ജരാസന്ധനൊഴികെ എല്ലാവരും കപ്പം നല്‍കിയിട്ടുണ്ട്. യുദ്ധത്തിനുള്ള ഭാവമാണെന്ന് തോന്നുന്നു.'
ഭഗവാന്‍ പറഞ്ഞു. 'അതേക്കുറിച്ചോര്‍ത്ത് അങ്ങ് വിഷമിക്കേണ്ട, ഞാന്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.'
തുടര്‍ന്ന് കൃഷ്ണന്‍ ഭീമാര്‍ജ്ജുനന്മാരേയും കൂട്ടി ജരാസന്ധന്‍റെ അടുക്കലേയ്ക്ക് യാത്രയായി.
അവര്‍ മൂവരും ബ്രാഹ്മണ വേഷത്തിലാണ് ജരാസന്ധനെ സമീപിച്ചത്. ജരാസന്ധന്‍
പരമദുഷ്ടനാണെങ്കിലും ബ്രാഹ്മണരോട് ആരാധനയുള്ളവനാണ്. തന്‍റെ മുന്നിലെത്തിയ മൂന്ന് ബ്രാഹ്മണരേയും ജരാസന്ധന്‍ സ്വീകരിച്ചു. ആവശ്യമുള്ളത് ചോദിച്ചാല്‍ തരാന്‍ തയ്യാറാണെന്നും ജരാസന്ധന്‍ പറഞ്ഞു.
ഭഗവാന്‍ മന്ദസ്മിതം തൂകിക്കൊണ്ട് ജരാസന്ധനോട് പറഞ്ഞു. 'ഞാന്‍ അങ്ങയുടെ ശത്രുവായ കൃഷ്ണനാണ്. ഇവര്‍ ഭീമനും അര്‍ജ്ജുനനും ഞങ്ങള്‍ക്കാവശ്യമായത് യുദ്ധമാണ്.'
ജരാസന്ധന്‍ പറഞ്ഞു. 'സന്തോഷം, ഞാന്‍ യുദ്ധത്തിന് തയ്യാറാണ്. ഭീമസേനനുമായി എതിരിടാം. നിങ്ങള്‍ രണ്ടുപേരും കാണികളായി ഇരുന്നാല്‍ മതി.'
ജരാസന്ധനും ഭീമനും തമ്മിലുള്ള ഗദായുദ്ധം
രണ്ട് കൂറ്റന്‍ ഗദകളുമായി ജരാസന്ധനും ഭീമനും തമ്മില്‍ യുദ്ധം തുടങ്ങി. ഇരുവരും തുല്യബലശാലികളാകയാല്‍ യുദ്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇരുപത്തിയേഴ് ദിനങ്ങള്‍ കഴിഞ്ഞു. ഇരുപത്തിയെട്ടാമത്തെ ദിവസമായപ്പോള്‍ ഭീമനില്‍ കുറേശ്ശേ തളര്‍ച്ച കാണപ്പെട്ടു.
ജരാസന്ധനെ നിഗ്രഹിക്കണമെങ്കില്‍ അയാളുടെ ശരീരം നെടുകെ പിളര്‍ന്ന് ഇരുവശവും തിരിച്ചിടണം. ഒരു മരച്ചില്ലെയെടുത്ത് ഭഗവാന്‍ നടുവെ ചീന്തി ഇലയും കടയും തിരിച്ചിട്ടു.
ഭീമന് കാര്യം മനസ്സിലായി. പെട്ടെന്ന് ജരാസന്ധനെ ഭീമന്‍ തള്ളി താഴെയിട്ടു. ഒരു കാലില്‍ ബലമായ ചവിട്ടിനിന്നുകൊണ്ട് മറ്റേകാലില്‍ പിടിച്ച് ജരാസന്ധന്‍റെ ദേഹം രണ്ടായി നടുവെ പിളര്‍ന്നു. തലയും കാലും ഇരുവശവും യോജിക്കാത്തവിധം തിരിച്ചിട്ടു. അങ്ങനെ ഭഗവാന്‍ ഭീമനെക്കൊണ്ട് ജരാസന്ധനെ നിഗ്രഹിച്ചു. ജരാസന്ധവധം കഴിഞ്ഞശേഷം കാരാഗൃഹത്തില്‍ നിന്ന് ബന്ധസ്ഥരായ രാജാക്കന്മാരെ മോചിപ്പിച്ചു.
