ഗണിതവും ജ്യോതിഷവും

ഗണിതവും ജ്യോതിഷവും

HIGHLIGHTS

2018 ലെ പ്രളയം കേരളീയര്‍ക്ക് അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു. കാലാവസ്ഥാ നിരീക്ഷകര്‍ക്ക് ഇത്തരമൊരു പ്രളയം മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിച്ചിരുന്നില്ല. അതിതീവ്രമഴ ഉണ്ടാകും എന്ന് പറഞ്ഞിരുന്നെങ്കിലും അസാധാരണമായ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് അറിയിപ്പ് നല്‍കുവാന്‍ കഴിഞ്ഞില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. 'ഗ്രഹങ്ങളുടെ ചലനവും കേരളത്തിലെ കാലാവസ്ഥയും' എന്ന വിഷയത്തിന് കേന്ദ്ര ഫെല്ലോഷിപ്പ് നേടിയ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് അന്ന് ഇത്തരമൊരു പ്രളയത്തെക്കുറിച്ച് തന്‍റെ ലേഖനത്തിലൂടെ പറഞ്ഞിരുന്നു. ഗണിതവും ജ്യോതിഷവും സ്ഥിതിവിവരശേഖരവും അപഗ്രഥിച്ചായിരുന്നു ഉണ്ണികൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.

 

2018 ലെ പ്രളയം കേരളീയര്‍ക്ക് അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു. കാലാവസ്ഥാ നിരീക്ഷകര്‍ക്ക് ഇത്തരമൊരു പ്രളയം മുന്‍കൂട്ടി പ്രവചിക്കുവാന്‍ സാധിച്ചിരുന്നില്ല. അതിതീവ്രമഴ ഉണ്ടാകും എന്ന് പറഞ്ഞിരുന്നെങ്കിലും അസാധാരണമായ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് അറിയിപ്പ് നല്‍കുവാന്‍ കഴിഞ്ഞില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. 'ഗ്രഹങ്ങളുടെ ചലനവും കേരളത്തിലെ കാലാവസ്ഥയും' എന്ന വിഷയത്തിന് കേന്ദ്ര ഫെല്ലോഷിപ്പ് നേടിയ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് അന്ന് ഇത്തരമൊരു പ്രളയത്തെക്കുറിച്ച് തന്‍റെ ലേഖനത്തിലൂടെ പറഞ്ഞിരുന്നു. ഗണിതവും ജ്യോതിഷവും സ്ഥിതിവിവരശേഖരവും അപഗ്രഥിച്ചായിരുന്നു ഉണ്ണികൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.

'വരാഹമിഹിരന്‍ 1500 വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ ബൃഹത് സംഹിതയില്‍ ആഷാഢ മാസത്തില്‍ സൂര്യഗ്രഹണം വന്നാല്‍ ആ വര്‍ഷം അതിവൃഷ്ടി കൊണ്ട് ദുരിതമുണ്ടാകും എന്ന് പറയുന്നുണ്ട്(ജൂലൈ 12 നും ആഗസ്റ്റ് 15 നും ഇടയ്ക്ക് കേരളത്തില്‍ സൂര്യഗ്രഹണം ഉണ്ടാകുന്നകാലം). 1924 ലെ വെള്ളപ്പൊക്കമായാലും 1961 ലേതായാലും 2018-19 ലേതായാലും ഇത് ആവര്‍ത്തിക്കുന്നത് കാണാം. മറ്റുവര്‍ഷങ്ങളിലൊന്നും ഇത്തരത്തില്‍ സൂര്യഗ്രഹണം കേരളത്തില്‍ ഉണ്ടായിട്ടില്ല.

വേനലിലായാലും ബുധശുക്രയോഗങ്ങള്‍ ന്യൂനമര്‍ദ്ദത്തിന് മുമ്പ് കാണാം. 1986 ഒക്ടോബറില്‍ കുംഭത്തില്‍ വ്യാഴവും തുലാത്തില്‍ ബുധനും ശുക്രനും വന്നിരുന്നു. അന്ന് ഒറ്റദിവസം 107 മില്ലീമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. 1992 ഒക്ടോബര്‍ മകരത്തില്‍ ശനിയും തുലാത്തില്‍ ബുധനും ശുക്രനും കൂടി വന്നപ്പോള്‍ അന്ന് ഒറ്റദിവസം 78 മി.മീ മഴ ലഭിച്ചു. 2018 ല്‍ ദിവസവും 2019 ല്‍ 9 ദിവസവും ഈ കോമ്പിനേഷന്‍ ആവര്‍ത്തിച്ചു. 2018 ല്‍ 52.1 മി.മീറ്ററും 2019 ല്‍ 67.3 മി.മീറ്ററും ഈ ദിവസങ്ങളില്‍ ഒറ്റദിവസം തന്നെ മഴ ലഭിച്ചു. 1997 ഒക്ടോബറില്‍ മകരത്തില്‍ വ്യാഴനും കന്നിയില്‍ ബുധനും വൃശ്ചികത്തില്‍ ശുക്രനും കൂടി വന്നപ്പോള്‍ അന്ന് ഒറ്റദിവസം 63 മി.മീറ്റര്‍ മഴ പെയ്തിട്ടുണ്ട്. 1997 ല്‍ 3 ദിവസവും 2008 ല്‍ 12 ദിവസവും ഈ കോമ്പിനേഷന്‍ വന്നു. അക്കാലങ്ങളില്‍ യഥാക്രമം 63 മി.മീറ്ററും 96 മി.മീറ്ററും മഴ പെയ്തിട്ടുണ്ട്. ഈ കോമ്പിനേഷന്‍ വരാത്ത വര്‍ഷം മഴ കുറവാണ്.

കന്നിരാശിയില്‍ ബുധനും തുലാത്തിലോ വൃശ്ചികത്തിലോ ശുക്രനും വന്ന കാലത്ത് നല്ല മഴതന്നെയാണ് ലഭിച്ചിരുന്നത്. ഈ കോമ്പിനേഷനില്‍ 60 മുതല്‍ 75 % വരെ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. ചിത്ര ഞാറ്റുവേലയില്‍ വൃശ്ചികത്തില്‍ ശുക്രനും തുലാത്തില്‍ ബുധനും വന്ന 2000 ല്‍ ഒറ്റദിവസം 132.1 മി.മീറ്റര്‍ മഴ പെയ്തു. 1987, 2000, 2013, 2026 വര്‍ഷങ്ങള്‍ മഴ കൂടുതലാവുന്ന പാറ്റേണില്‍ വരും. 2026 വേനലില്‍ 12 ദിവസം മഴ ലഭിക്കുമെന്നാണ് കാണുന്നത്. ഒരു വര്‍ഷം ശക്തമായ മഴകിട്ടിയാല്‍ അടുത്ത 3 വര്‍ഷം ഇക്കാലത്ത് മഴ കുറവായിരുന്നു. അതില്‍ 2018 മുതല്‍ മാറ്റം വന്നിട്ടുണ്ട്. പ്രളയശേഷം 1924 മുതല്‍ 3 വര്‍ഷവും 1961 മുതല്‍ 3 വര്‍ഷവും ഇങ്ങനെ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതും അടുത്തകാലത്ത് വൃശ്ചികക്കാറ്റിന്‍റെ വേഗതയിലുണ്ടാവുന്ന കാര്യമായ കുറവും തമിഴ്നാട്ടിലെയും കേരളത്തിലെയും ഊഷ്മാവിന്‍റെ അളവുമായി ബന്ധപ്പെട്ടതാവാം. ചൊവ്വ കന്നിയില്‍ വരുന്ന കാലത്തും മഴ കൂടുതല്‍ പെയ്യുന്നുണ്ട്. 1995, 1997, 2004, 2006, 2012, 2014, 2019, 2021 വര്‍ഷങ്ങള്‍ അങ്ങനെയാണ്. ഇതില്‍ 2012 ല്‍ 229 മി.മീറ്റര്‍ മഴ പെയ്ത ദിവസമുണ്ട്.

ശനിയും ചൊവ്വയും കൂടുതല്‍കാലം ഒരേ രാശിയില്‍ വരുമ്പോള്‍ ചൂട് കൂടിക്കൂടി വരുന്നത് വ്യക്തമാണ്. ബുധനും ചൊവ്വയും ശനിയും കൂടിക്കണ്ടാല്‍ കാറ്റുമായ ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പറയുന്നുണ്ട്. ബൃഹജ്ജാതകത്തിന് പുറമെ മുഹൂര്‍ത്തരത്നം എന്ന ഗ്രന്ഥത്തിലും കാലാവസ്ഥാ പ്രവചനത്തിനുള്ള വിവിധ സൂചനകള്‍ പറയുന്നുണ്ട്. ഇതുപോലെ സൂര്യാസ്തമയ സമയത്ത് ശുക്രന്‍ ഉദിച്ച് തിളങ്ങി നിന്നാല്‍ ആ വര്‍ഷത്തില്‍ ലോകം മുഴുവനും രോഗം പരക്കുമെന്ന് ഈ ഗ്രന്ഥത്തില്‍ ഒരു ശ്ലോകമുണ്ട്. 2019 സെപ്തംബര്‍ മുതല്‍ പടിഞ്ഞാറ് ഭാഗത്ത് നമുക്കിത് കാണുമായിരുന്നു. 

അതിനുശേഷമാണല്ലോ ലോകം മുഴുവനും കൊറോണയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.
ഏത് വേനലിലും ബുധശുക്രന്മാര്‍ 30 ഡിഗ്രിക്കകത്ത് കാണുന്ന സമയത്ത് മഴ പെയ്യുന്നത് സുവ്യക്തമാണ്. പ്രകൃതിയുടെ വികൃതികളില്ലാത്ത സമയം കണ്ടെത്തി മംഗളകര്‍മ്മങ്ങള്‍ നടത്തിയിരുന്നതുപോലെ ആധാനകാല ലഗ്ന നവാംശകത്തിന് ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ലിംഗ നിര്‍ണ്ണയത്തില്‍ ഗണ്യമായ സ്ഥാനമുണ്ട്. മണ്ണുത്തി വെറ്ററിനറി കോളേജിലെ 2002 മുതല്‍ 2005 വരെയുള്ള ഫാം റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയ പശുക്കളുടെ ബീജസങ്കലനകുത്തിവയ്പ്പ് നടത്തിയ സമയത്തിന്‍റെയും ആ പശുക്കളുടെ കുട്ടികള്‍ പശുവാണോ മൂരിയാണോ എന്നതിന്‍റെയും വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ കുത്തിവയ്പ്പു സമയത്തെ ലഗ്നനവാംശകത്തിന് സമാനമായ ലിംഗമാണ് കുട്ടിക്ക് എന്ന് കണ്ടെത്തിയിരുന്നു. അതായത് സ്ത്രീരാശി ലഗ്നമായി സ്ത്രീരാശി ലഗ്നനവാംശക സമയത്ത് കുത്തിവയ്പ്പ് നടത്തിയാല്‍ പശുക്കുട്ടിയെ ലഭിക്കുമെന്ന നിഗമനത്തിലെത്തി 63 പശുക്കളുടെ വിവരങ്ങളായിരുന്നു ലഭ്യമായിരുന്നത്. 

അതില്‍ രണ്ടെണ്ണം ചാപിള്ളകളായിരുന്നു. ബാക്കി 1:1 എന്ന അനുപാത പ്രകാരമായിരുന്നു പശുക്കുട്ടികളുടെയും മൂരിക്കുട്ടികളുടെയും എണ്ണം. ഈ അറിവ് ഉപയോഗിച്ച് പശുക്കളുടെ ജനനമുഹൂര്‍ത്തം നിര്‍ണ്ണയിക്കാനായാല്‍ മൃഗങ്ങളുടെ പ്രത്യുല്‍പ്പാദനരംഗത്ത് അതൊരു വലിയ കാല്‍വയ്പ്പായിരിക്കും. ഇക്കാര്യം വിക്രമാദിത്യന്‍റെ രാജസദസ്സിലെ നവരത്നങ്ങളിലൊരാളായിരുന്ന വരാഹമിഹിരന്‍ തന്‍റെ ഏറ്റവും പ്രശസ്തമായ വരാഹഹോര ശാസ്ത്രഗ്രന്ഥത്തില്‍ 'ലഗ്നനവാംശകം തുല്യരാണ്'എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗണിതശാസ്ത്രത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ജ്യോതിഷത്തിലും അപാര പാണ്ഡിത്യമുള്ള ഉണ്ണികൃഷ്ണന്‍ ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 'സ്റ്റാറ്റിസ്റ്റിക്കല്‍ മാര്‍ഗ്ഗങ്ങളിലൂടെ കാലാവസ്ഥ വിശകലനം' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ കുട്ടനെല്ലൂര്‍ സി. അച്യുതമേനോന്‍ ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും മാത്തമാറ്റിക്സ് & ഡേറ്റാ സയന്‍സ് വിഭാഗം മേധാവിയുമായി സേവനമനുഷ്ഠിക്കുകയാണ്. പിതാവ് വാക കുട്ടന്‍ കയ്മള്‍, കൂറ്റനാട് രാവുണ്ണി പ്പണിക്കര്‍, മണപ്പുഴ രാമന്‍ നമ്പൂതിരി എന്നിവരില്‍ നിന്ന് ജ്യോതിഷം പഠിച്ച ഉണ്ണികൃഷ്ണന്‍ കേരള ജ്യോതിഷപരിഷത്തിന്‍റെ ത്രിവത്സര ഡിപ്ലോമയായ ജ്യോതിഷവിദ്യാവിശാരദും നേടിയിട്ടുണ്ട്.

വിജ്ഞാനപ്രദമായ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ഉണ്ണികൃഷ്ണന്‍ ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ഡോക്യുമെന്‍ററി സംവിധായകന്‍ എന്നിങ്ങനെ കലാരംഗത്തും ശ്രദ്ധേയനാണ്. ഗണിതശാസ്ത്രത്തില്‍ തെളിയിക്കപ്പെടാത്ത ഫെര്‍മിക്സ് ലാസ്റ്റ് തീയറി സംബന്ധിച്ച് ഉണ്ണികൃഷ്ണന്‍ നടത്തിയ കണ്ടെത്തലുകള്‍ക്ക് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനായിട്ടുണ്ട്. 37 ഓളം ഗണിതശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍ സമാഹരിച്ചുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഗണിതചരിതം എന്ന ഗ്രന്ഥം ഗണിതശാസ്ത്രലോകത്തിന് വലിയ മുതല്‍ക്കൂട്ടാണ്. കെടാവിളക്ക് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയ ഉണ്ണികൃഷ്ണന്‍ നിരവധി പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

രമേഷ്കുമാര്‍ കോട്ടപ്പടി,
(9840974160)