ചന്ദനവും, ഭസ്മവും, സിന്ദൂരവും അണിയുന്നതിനുള്ള രീതികളും അതിനു പിന്നിലെ സങ്കല്‍പ്പവും ശാസ്ത്രവും
ക്ഷേത്രദര്‍ശനം നടത്തി പുരോഹിതരില്‍നിന്ന് കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്...? വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൗന്ദര്യച്ചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പ്പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ. ചന്ദനവും, ഭസ്മവും, സിന്ദൂരവും അണിയുന്നതിനു ചില രീതികളുണ്ട്. അതിന് പിന്നില്‍ വലിയൊരു സങ്കല്‍പ്പവും ശാസ്ത്രവുമുണ്ട്.
ക്ഷേത്രദര്‍ശനം നടത്തി പുരോഹിതരില്‍നിന്ന് കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ് ചെയ്യാറുള്ളത്...?
വിവിധതരം ഡിസൈനുകളില്‍ ഓരോരുത്തരും സൗന്ദര്യച്ചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പ്പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ. ചന്ദനവും, ഭസ്മവും, സിന്ദൂരവും അണിയുന്നതിനു ചില രീതികളുണ്ട്. അതിന് പിന്നില്‍ വലിയൊരു സങ്കല്‍പ്പവും ശാസ്ത്രവുമുണ്ട്.
ക്ഷേത്രച്ചടങ്ങിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമാണ് തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്.
പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു തീര്‍ത്ഥം. ചന്ദനം, പുഷ്പം, ധൂപം, ദീപം ഇവ അഞ്ചും സ്വീകരിക്കണം എന്നാണ് വിധി. ദേവന്‍റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവന്‍റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.
അനുഷ്ഠാനപരമായി കുറി തൊടുന്നതിന് ചില സവിശേഷരീതികളുണ്ട്
ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ് കുറി തൊടുന്നതിന് ഉപയോഗിക്കുന്നത്.
ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും, ചന്ദനം വൈഷണവവും, കുങ്കുമം ശാക്തേയവുമാണ്. നെറ്റിത്തടം, കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറംഭാഗം, കണങ്കാലുകള്‍ എന്നിങ്ങനെ 12 ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്ന് ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ് കുറി തൊടല്‍ എന്നുപറയുന്നത്.
അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം
നെറ്റിത്തടമാണ് കുറിതൊടുന്നതിന് പ്രധാനഭാഗം. വിദ്യയുടെയും ജ്ഞാനത്തിന്‍റെയും കേന്ദ്രസ്ഥാനമായ ഈ സ്ഥാനത്ത് കുറിതൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറിതൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വവ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ് ഭസ്മം. എല്ലാ ഭൗതിക വസ്തുക്കളും കത്തിയമര്‍ന്നതിനുശേഷമുള്ളതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന് ഈ പരമാത്മതത്വമാണ്.
നെറ്റിക്ക് കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണം എന്നാണ് ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്ന് കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കും അണിയാം.
ഓരോ ഭസ്മരേഖയും തനിക്ക് കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗൃഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്. കുറികളുടെ എണ്ണം അതായത് ഗൃഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞു എന്നതിന്‍റെ സൂചനയും.
ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് ഭസ്മം നെറ്റിക്ക് കുറുകെ ധരിക്കുന്നത്. ഭസ്മം അണിയുന്ന വിരല്‍ വലതുകൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്ത് ആരംഭിച്ച് കുറിയിട്ട ശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണം വച്ച് പുരികങ്ങള്‍ക്ക് മദ്ധ്യേ സ്പര്‍ശിച്ച് നിര്‍ത്തണമെന്നാണ് വിധി.
ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച് തേച്ച് ഇരുകൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.
ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണുതത്ത്വത്തെ സൂചിപ്പിക്കുന്നു
ചന്ദനത്തിന്‍റെ സുഗന്ധം വളരെ വേഗത്തില്‍ വ്യാപിക്കുന്നതാണ്. കൂടാതെ മനോഹരവും തണുപ്പുള്ളതും ആണിത്. ഇതിലൂടെ സര്‍വ്വവ്യാപിയും വിശുദ്ധ സത്വഗുണ പ്രധാനിയുമായ വിഷ്ണുവിനെ സൂചിപ്പിക്കാന്‍ ചന്ദനം പര്യാപ്തമാകുന്നു. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദുഃഖത്തിന് ഔഷധമായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. പ്രകൃതിപരിപാലനകര്‍ത്താവായ വിഷ്ണുവിന്‍റെ നെടുനായകത്വം സൂചിപ്പിക്കാനായി ചന്ദനം നെറ്റിയില്‍ ലംബമായി അണിയണം.
നെറ്റിക്ക് കുറുകെ ചന്ദനമണിയുന്നത് വൈഷ്ണവ സമ്പ്രദായങ്ങള്‍ക്ക് എതിരാണ്. സുഷുമ്നാനാഡിയുടെ പ്രതീകമായാണ് ചന്ദനം ലംബമായി അണിയുന്നത്. ഇരുകൈകളിലെയും മോതിരവിരല്‍ ഉപയോഗിച്ച് 12 സ്ഥാനങ്ങളിലും ലംബമായി ചന്ദനം തൊടുന്നു.
കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാതത്വത്തെ ഇത് സൂചിപ്പിക്കുന്നു. നെറ്റിക്ക് നടുവിലോ പുരികങ്ങള്‍ക്ക് നടുവിലോ ആണ് കുങ്കുമം തൊടുന്നത്. ആത്മാവില്‍ ബിന്ദുരൂപത്തില്‍ സ്ഥിതി ചെയ്ത് സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ് വൃത്താകൃതിയില്‍ കുങ്കുമം തൊടുന്നത്. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ് ആത്മാവിന് ആസ്ഥാനമായ പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്.
കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകയോ അണിയാന്‍ പാടില്ലെന്ന് ശാക്തേയ മതം. കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത് ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത് വിഷ്ണുമായാപ്രതീകവും മൂന്നും കൂടി അണിയുന്നത് ത്രിപുര സുന്ദരീപ്രതീകവുമാണ്.
സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍
വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത് അതിന് നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്. വിവാഹമെന്ന ഭോഗാത്മക ചടങ്ങുപോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്.
സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവാത്മാവിന്‍റെ പരിധി അവസാനിപ്പിക്കുന്നത് പരമാത്മാവിലാണ്. ശിരോമധ്യം ഈ പരമാത്മ സ്ഥാനമാണ്. ഇവിടേക്കുള്ള സാങ്കല്‍പ്പിക രേഖയാണ് സീമന്തരേഖ.
ശിവശക്തി സംബന്ധംപോലെ ഭൂമിയില്‍ സൃഷ്ടിക്ക് തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷന് പത്നിയാകുമ്പോള്‍ സ്ത്രീക്ക് പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തം ആകുന്നു. അതുകൊണ്ട് പരമാത്മസ്ഥാനത്തേയ്ക്ക് പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പുനിറം കൊണ്ട് മറയ്ക്കുന്നു.
ചുവപ്പ് രജോഗുണമാണ്. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ് ഈ നിറം സൂചിപ്പിക്കുന്നത്.
തരവത്ത് ശങ്കരനുണ്ണി
9847118340