അയ്യപ്പഗാനമാലപിച്ച പി.ജെ. ജോസഫ്

അയ്യപ്പഗാനമാലപിച്ച പി.ജെ. ജോസഫ്

HIGHLIGHTS

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റവന്യൂ മന്ത്രിയായിരിക്കെ 1984 ല്‍ ചിത്രീകരിച്ച 'ശബരിമല ദര്‍ശനം' എന്ന ഭക്തി സിനിമയ്ക്കായി പി.ജെ. ജോസഫ് പിന്നണി ഗായകനായ ചരിത്രം അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. എത്ര പിരിമുറുക്കത്തിനിടയിലും രണ്ട് വരി പാടാമോ എന്ന് ചോദിച്ചാല്‍ ഒരു പാട്ട് മുഴുവന്‍ കൃത്യമായ താളത്തോടെ ജോസഫ് പാടിയിരിക്കും.

 

സാമഗാനപ്രിയനാണയ്യപ്പന്‍. കളഭാഭിഷേകം പോലെ പ്രിയപ്പെട്ടത്. വീരമണിയുടേയും ജയവിജയന്മാരുടേയും യേശുദാസിന്‍റേയും നാദാര്‍ച്ചനയുടെ സ്വരമാധുരിയില്‍ ആകൃഷ്ടരായി ഭക്തലക്ഷങ്ങള്‍ ഇടുമുടിയേന്തി അയ്യപ്പസന്നിധിയിലെത്തിയതും ചരിത്രം.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റവന്യൂ മന്ത്രിയായിരിക്കെ 1984 ല്‍ ചിത്രീകരിച്ച 'ശബരിമല ദര്‍ശനം' എന്ന ഭക്തി സിനിമയ്ക്കായി പി.ജെ. ജോസഫ് പിന്നണി ഗായകനായ ചരിത്രം അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. എത്ര പിരിമുറുക്കത്തിനിടയിലും രണ്ട് വരി പാടാമോ എന്ന് ചോദിച്ചാല്‍ ഒരു പാട്ട് മുഴുവന്‍ കൃത്യമായ താളത്തോടെ ജോസഫ് പാടിയിരിക്കും. അത്രയ്ക്കുണ്ടത്രേ സംഗീതവും ജോസഫും തമ്മിലുള്ള ആത്മബന്ധം. കേരളാകോണ്‍ഗ്രസ് എത്ര പിളര്‍ന്നാലും ജോസഫും പാട്ടും തമ്മില്‍ പിളരില്ല എന്നാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ പറയുന്നത്.

1984 ജൂലൈ മാസത്തിലാണ് യേശുദാസിന്‍റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്റ്റുഡിയോയില്‍ വെച്ച് ഗാനം റിക്കോര്‍ഡിങ് ചെയ്തത്.

'ഈ ശ്യാമസന്ധ്യവിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി
ഹൃദയം നിറഞ്ഞ സുഗന്ധം തരും
വസന്തം മറഞ്ഞോ പ്രിയ ദേവതേ...'

എന്നിങ്ങനെയാണ് പാട്ടിന്‍റെ പല്ലവി.

അക്കാലത്ത് ഏറ്റവും തിരക്കേറിയ ഗാനരചയിതാവായിരുന്ന ചുനക്കര രാമന്‍കുട്ടിയുടേതായിരുന്നു വരികള്‍. സംഗീതമാന്ത്രികന്‍ ജെറി അമല്‍ദേവായിരുന്നു വരികള്‍ ചിട്ടപ്പെടുത്തിയത്. നിയമസഭാ സമ്മേളനവും മന്ത്രിസഭയോഗവും മറ്റ് തിരക്കുകളും കഴിഞ്ഞ് രാത്രികളിലായിരുന്നു റിഹേഴ്സല്‍. ജെറി അമല്‍ദേവ് പാട്ടിന്‍റെ താളവും ഭാവവും പാടുമ്പോള്‍ വാക്കുകള്‍ക്ക് ഉണ്ടാകേണ്ട കൃത്യതയുമൊക്കെ കൃത്യമായിത്തന്നെ മനസ്സിലാക്കിത്തരും. അന്നൊരു ശനിയാഴ്ചയായിരുന്നു. 

രാവിലെ നാല് മുതല്‍ വാദ്യമേളത്തോടെ റിഹേഴ്സല്‍. 9 മണിയോടെ തരംഗിണി സ്റ്റുഡിയോയില്‍ എത്തി. സിനിമയുടെ നിര്‍മ്മാതാവ് അനുപമ ഫിലിംസ് ചന്ദ്രലാലും സംവിധായകന്‍ മലയാറ്റൂര്‍ സുരേന്ദ്രനും പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്റ്റുഡിയോയിലിരുന്ന് വീണ്ടും ഒരു മണിക്കൂറോളം റിഹേഴ്സല്‍. പന്ത്രണ്ട് മണിയോടെ റിക്കോഡിങ്. അക്കാലത്ത് ട്രാക്ക് സംവിധാനം ഉണ്ടായിരുന്നില്ല. ജെറി അമല്‍ദേവിന്‍റെ മുഖത്തെ സംതൃപ്തിയും അദ്ദേഹത്തിന്‍റെ ശാന്തസ്വഭാവവുമാണ് പാടാനുള്ള ആത്മധൈര്യം നല്‍കിയത്. 

ഇഷ്ടപ്പെട്ട ഈണവും താളവും വരികളുമായതിനാല്‍ ടെന്‍ഷന്‍ ഇല്ലാതെയാണ് പാടിയത്. പരമാവധി നന്നായി പാടാന്‍ കഴിഞ്ഞെന്നാണ് വിശ്വാസം.

അനുപമ ഫിലിംസ് ചന്ദ്രലാലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിന് വഴങ്ങിയാണ് സിനിമയില്‍ പാടിയത്. ജെറി അമല്‍ദേവിനും ഇക്കാര്യത്തില്‍ താല്‍പ്പര്യം ഉണ്ടായിരുന്നു. 'ശബരിമല ദര്‍ശനം' സിനിമയ്ക്കായി മറ്റ് മൂന്ന് ഗാനങ്ങള്‍ കൂടി റെക്കോര്‍ഡ് ചെയ്യപ്പെട്ടു. അതില്‍ രണ്ടെണ്ണം യേശുദാസും മറ്റൊന്ന് കെ.എസ്. ചിത്രയും ആലപിച്ചു.

1984 സെപ്തംബര്‍ മാസം തരംഗിണി 'ശബരിമല ദര്‍ശനം' സിനിമയുടെ ഗാനങ്ങള്‍ വിപണിയിലെത്തിച്ചു. എല്ലാ ഗാനങ്ങളും ശ്രദ്ധേയമായി. യേശുദാസ് ആലപിച്ച 'ശബരിമലയൊരു പൂങ്കാവനം...' എന്ന ഗാനം ഹിറ്റ് ഗാനവുമായി. വീണ്ടും നിരവധി തവണ സിനിമയില്‍ പാടാനുള്ള ക്ഷണം എത്തിയെങ്കിലും അതിനുള്ള സമയമോ സന്ദര്‍ഭമോ ഉണ്ടായില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തോടെയായിരുന്നു കൂടുതല്‍ താല്‍പ്പര്യം. യേശുദാസ്, എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര എന്നിവരോടൊപ്പം നിരവധി തവണ വേദികളില്‍ 
പാടിയിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.

'ശബരിമല ദര്‍ശനം' എന്ന സിനിമ പുറത്തിറങ്ങിയില്ല. അങ്ങനെ ജോസഫിന്‍റെ ആദ്യഗാനം തിരശ്ശീലയിലെത്താന്‍ ഭാഗ്യമുണ്ടായില്ല. എങ്കിലും 'ഈ ശ്യാമസന്ധ്യ വിമൂകം സഖീ...' എന്ന ഗാനം ആകാശവാണി ഇടയ്ക്കിടെ സംപ്രേഷണം ചെയ്യാറുണ്ട്. യൂ ട്യൂബിലും ഈ ഗാനം കേള്‍ക്കാം.