രാഹുകാലം യമകണ്ടകാലം ഗുളികകാലം
ഭാരതീയ ജ്യോതിഷശാസ്ത്രത്തിലും പഞ്ചാംഗപരമ്പരയിലും ദിനചര്യയായി ബന്ധപ്പെട്ട് പ്രത്യേക പ്രാധാന്യം നല്‍കപ്പെടുന്ന സമയങ്ങളാണ് രാഹുകാലം. യമകണ്ടകാലം (യമഗണ്ഡകാലം), ഗുളികകാലം എന്നിവ. സാധാരണയായി പുതിയ സംരംഭങ്ങള്‍, യാത്രകള്‍, വിവാഹനിശ്ചയങ്ങള്‍, വ്യാപാരാരംഭങ്ങള്‍ തുടങ്ങിയ ശുഭകാര്യങ്ങള്‍ ഈ സമയങ്ങളില്‍ ഒഴിവാക്കണമെന്നാണ് പരമ്പരാഗത വിശ്വാസം. എന്നാല്‍ ഇവയെ വെറും അശുഭസമയങ്ങളായി മാത്രം കാണുന്നത് ജ്യോതിഷത്തിന്‍റെ ആഴം മനസ്സിലാക്കാത്ത സമീപനമാണ്. അതിനാല്‍ രാഹുകാലം, യമകണ്ടകാലം, ഗുളികകാലം എന്നിവയുടെ യഥാര്‍ത്ഥ അര്‍ത്ഥവും പ്രാധാന്യവും മനസ്സിലാക്കുന്നത് ജ്യോതിഷപഠനത്തില്‍ അനിവാര്യമാണ്.
ഭാരതീയ ജ്യോതിഷശാസ്ത്രത്തിലും പഞ്ചാംഗപരമ്പരയിലും ദിനചര്യയായി ബന്ധപ്പെട്ട് പ്രത്യേക പ്രാധാന്യം നല്‍കപ്പെടുന്ന സമയങ്ങളാണ് രാഹുകാലം. യമകണ്ടകാലം (യമഗണ്ഡകാലം), ഗുളികകാലം എന്നിവ. സാധാരണയായി പുതിയ സംരംഭങ്ങള്‍, യാത്രകള്‍, വിവാഹനിശ്ചയങ്ങള്‍, വ്യാപാരാരംഭങ്ങള്‍ തുടങ്ങിയ ശുഭകാര്യങ്ങള്‍ ഈ സമയങ്ങളില്‍ ഒഴിവാക്കണമെന്നാണ് പരമ്പരാഗത വിശ്വാസം. എന്നാല്‍ ഇവയെ വെറും അശുഭസമയങ്ങളായി മാത്രം കാണുന്നത് ജ്യോതിഷത്തിന്‍റെ ആഴം മനസ്സിലാക്കാത്ത സമീപനമാണ്. രാഹു, കേതു, ഗുളികന്‍ എന്നീ നിഴല്‍ ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും സ്വാധീനവുമായി ബന്ധപ്പെട്ട ഈ സമയങ്ങള്‍ പുരാണപശ്ചാത്തലവും ജ്യോതിഷതത്ത്വങ്ങളും ആത്മീയ സൂചനകളും ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ രാഹുകാലം, യമകണ്ടകാലം, ഗുളികകാലം എന്നിവയുടെ യഥാര്‍ത്ഥ അര്‍ത്ഥവും പ്രാധാന്യവും മനസ്സിലാക്കുന്നത് ജ്യോതിഷപഠനത്തില്‍ അനിവാര്യമാണ്.
രാഹുവും കേതുവും- നിഴല്‍ഗ്രഹങ്ങളുടെ സ്വഭാവം
നവഗ്രഹങ്ങളില്‍ രാഹുവിനും കേതുവിനും അതീവ പ്രത്യേകമായ സ്ഥാനമുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, ഗുരു, ശുക്രന്‍, ശനി എന്നീ ഏഴ് ഗ്രഹങ്ങള്‍ക്ക് സ്വതന്ത്രമായ രാശികളും ആധിപത്യസ്ഥാനങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളപ്പോള്‍, രാഹുവിനും കേതുവിനും അത്തരം ഭൗതിക അസ്തിത്വമോ സ്വാധീനമേഖലയോ ഇല്ല. എന്നിരുന്നാലും ജ്യോതിഷശാസ്ത്രത്തില്‍ ഇവയ്ക്ക് അത്യന്തം ശക്തമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ ഛായാഗ്രഹങ്ങള്‍ അഥവാ നിഴല്‍ ഗ്രഹങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു.
ആധുനിക ജ്യോതിശാസ്ത്രപ്രകാരം രാഹുവും കേതുവും ഭൗതികഗ്രഹങ്ങളല്ല; മറിച്ച് ചന്ദ്രന്‍റെ ഭ്രമണപഥവും സൂര്യന്‍റെ പ്രത്യക്ഷഗതിപഥമായ എക്ലിപ്റ്റിക്കും (ഋരഹശുശേര) തമ്മില്‍ കൂടിച്ചേരുന്ന രണ്ട് ഗണിത ബിന്ദുക്കളാണ്. ഇവയില്‍ വടക്കുഭാഗത്തുള്ള സംഗമബിന്ദുവിനെ രാഹു എന്നും തെക്കുഭാഗത്തുള്ള സംഗമബിന്ദുവിനെ കേതു എന്നും വിളിക്കുന്നു. ഈ രണ്ട് ബിന്ദുക്കളും പരസ്പരം 180 ഡിഗ്രി അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ രാഹു ഏത് രാശിയിലാണോ നിലകൊള്ളുന്നത്. അതിന്‍റെ നേര്‍ എതിര്‍ രാശിയിലായിരിക്കും കേതു സ്ഥിതി ചെയ്യുക.
ജ്യോതിഷപരമായി രാഹുവിനെയും കേതുവിനെയും കര്‍മ്മഫലങ്ങളുടെ ശക്തമായ സൂചകങ്ങളായി കണക്കാക്കുന്നു. രാഹു ഭൗതികാഭിലാഷങ്ങള്‍, ലോകവിജം, അധികാരം, വിദേശബന്ധങ്ങള്‍, അസാധാരണ അനുഭവങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്യുമ്പോള്‍ കേതു വൈരാഗ്യം, ആത്മീയത, തപസ്സ്, ജ്ഞാനം, മോക്ഷചിന്ത എന്നിവയുടെ കാരകനായി പരിഗണിക്കപ്പെടുന്നു. അതിനാല്‍ ഇവ മനുഷ്യജീവിതത്തിലെ ഭോഗവും മോക്ഷവും എന്ന രണ്ട് ധ്രുവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. ഗ്രഹങ്ങളുടെ രൂപീകരണത്തിലും രാഹു-കേതുക്കള്‍ക്ക് നിര്‍ണ്ണായക പങ്കുള്ളതിനാല്‍, ജ്യോതിഷത്തിലും ജ്യോതിശാസ്ത്രത്തിലും ഇവയ്ക്ക് അതുല്യമായ പ്രാധാന്യമുണ്ട്.
രാഹു ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും ഗ്രഹമാണ്. അധികാരം, പ്രശസ്തി, ധനം, രാഷ്ട്രീയം, വിദേശബന്ധങ്ങള്‍, ആധുനിക സാങ്കേതികവിദ്യ, ശാസ്ത്രീയ പുരോഗതി, അസാധാരണ നേട്ടങ്ങള്‍ എന്നിവയുമായി രാഹുവിന് അടുത്ത ബന്ധമുണ്ട്. ഒരു വ്യക്തിയെ സാധാരണ ജീവിതപരിധികള്‍ക്കപ്പുറം ഉയര്‍ത്തിക്കൊണ്ടുപോകാനുള്ള ശക്തി രാഹുവിനുണ്ടെന്ന് ജ്യോതിഷം പറയുന്നു. അതിനാല്‍ രാഹുവിന്‍റെ സ്വാധീനമുള്ളവര്‍ക്ക് വലിയ ലക്ഷ്യങ്ങളും അതുല്യമായ നേട്ടങ്ങളും കൈവരിക്കാനുള്ള ത്വര കൂടുതലായിരിക്കും. എന്നാല്‍ ഈ നേട്ടങ്ങളോടൊപ്പം മായ, മോഹം, അമിതാഗ്രഹം, അഹങ്കാരം എന്നിവയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മറുവശത്ത്, കേതു മുന്‍പറഞ്ഞപോലെ വൈരാഗ്യത്തിന്‍റെയും ആത്മീയതയുടെയും ജ്ഞാനത്തിന്‍റെയും പ്രതീകമാണ്. ലോകസുഖങ്ങളുടെയും ഭൗതിക വിജയങ്ങളുടെയും നിസ്സാരത തിരിച്ചറിയാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ശക്തിയാണ് കേതു.
രാഹുകാലം യമകണ്ടകാലം ഗുളികകാലം
ഭാരതീയ പഞ്ചാംഗശാസ്ത്രത്തില്‍ ദിനത്തിലെ പകല്‍സമയത്തെ എട്ട് തുല്യഭാഗങ്ങളായി വിഭജിച്ചാണ് രാഹുകാലം, യമകണ്ടകാലം, ഗുളികകാലം എന്നിവ നിര്‍ണ്ണയിക്കുന്നത്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള സമയത്തെ എട്ട് സമഭാഗങ്ങളായി തിരിച്ചശേഷം ഓരോ ദിവസത്തിനും നിശ്ചിതഭാഗങ്ങള്‍ രാഹു, യമകണ്ടകം, ഗുളികന്‍ എന്നിവയ്ക്കായി കണക്കാക്കുന്നു. ഈ സമയങ്ങള്‍ ശുഭാശുഭ നിര്‍ണ്ണയത്തില്‍ മാത്രമല്ല, ജ്യോതിഷപരമായും ആത്മീയപരമായും പ്രത്യേക സ്ഥാനമുള്ളവയാണ്.
രാഹുകാലം
രാഹുവിന്‍റെ സ്വാധീനം ശക്തമായി പ്രവര്‍ത്തിക്കുന്ന സമയത്തെയാണ് രാഹുകാലം എന്നുവിളിക്കുന്നത്. പരമ്പരാഗതമായി ഈ സമയത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക. യാത്രകള്‍ പുറപ്പെടുക, ധനകാര്യ ഇടപാടുകള്‍ നടത്തുക, വിവാഹനിശ്ചയം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകാര്യങ്ങള്‍ തുടങ്ങുക എന്നിവ ഒഴിവാക്കണമെന്ന് പഞ്ചാംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, രാഹുകാലം പൂര്‍ണ്ണമായും ദോഷകരമാണെന്ന് കരുതേണ്ടതില്ല. രാഹുശാന്തി, ദുര്‍ഗ്ഗോപാസന, സര്‍പ്പാരാധന, മന്ത്രജപം, താന്ത്രികസാധനകള്‍ തുടങ്ങിയവയ്ക്ക് ഈ സമയം വിശേഷഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. രാഹു ഭൗതികജീവിതത്തിലെ ആഗ്രഹങ്ങളുടെയും ലോകാനുഭവങ്ങളുടെയും പ്രതിനിധിയായതിനാല്‍ ഈ സമയം ആത്മപരിശോധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഉപയോഗിക്കുന്നത് ശ്രേയസ്ക്കമാണ്.
യമകണ്ടകകാലം(യമഗണ്ഡകാലം)
പൊതുവേ യമഗണ്ഡകാലത്തെ 'കേതുകാലം' എന്ന പേരില്‍ ജനങ്ങള്‍ അറിയുന്നുണ്ടെങ്കിലും ജ്യോതിഷഗ്രന്ഥങ്ങളില്‍ യമകണ്ടകം ഒരു സ്വതന്ത്ര ഉപഗ്രഹമായി പരാമര്‍ശിക്കപ്പെടുന്നു. ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍ എന്നിവരുടെ ആരാധനയ്ക്കും ജപധ്യാനങ്ങള്‍ക്കുമായി ഈ സമയം അനുയോജ്യമാണെന്ന് കരുതപ്പെടുന്നു.
ഗുളികകാലം
ഗുളികന്‍ അഥവാ മാന്ദി ശനിയുമായി ബന്ധപ്പെട്ട പ്രധാന ഉപഗ്രഹമാണ്. ജാതകവിശകലനത്തില്‍ ഗുളികന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ട്. ഗുളികകാലം കര്‍മ്മഫലങ്ങളുടെയും ജീവിതത്തിലെ ദീര്‍ഘകാല സ്വാധീനങ്ങളുടെയും സൂചകമായി കണക്കാക്കപ്പെടുന്നു. ചില ആചാരങ്ങളില്‍ ഈ സമയത്ത് ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും, മറ്റുചില സമ്പ്രദായങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഗുളികകാലം അനുകൂലമാണെന്നും അഭിപ്രായപ്പെടുന്നു. ശനിയുടെ ഗൗരവവും കര്‍മ്മസംബന്ധമായ ഫലങ്ങളും ഗുളികയിലൂടെ പ്രകടമാകുന്നതിനാല്‍ ഈ സമയം ആത്മനിയന്ത്രണത്തിനും ധ്യാനത്തിനും ശനി ആരാധനയ്ക്കും പ്രാധാന്യം നല്‍കപ്പെടുന്നു.
ഇങ്ങനെ രാഹുകാലം, യമകണ്ടകാലം, ഗുളികകാലം എന്നിവ വെറും അശുഭസമയങ്ങള്‍ മാത്രമല്ല, ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും സൂക്ഷ്മസ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുന്ന ജ്യോതിഷ കാല വിഭാഗങ്ങളാണ്. ശരിയായ ദൃഷ്ടികോണത്തില്‍ അവയെ മനസ്സിലാക്കുമ്പോള്‍, അവ മനുഷ്യജീവിതത്തിലെ കര്‍മ്മം, അനുഭവം, ആത്മീയവളര്‍ച്ച എന്നിവയെക്കുറിച്ചുള്ള ആഴമുള്ള സന്ദേശങ്ങള്‍ നല്‍കുന്നവയാണെന്ന് തിരിച്ചറിയാന്‍ കഴിയും.
സമയപ്പട്ടിക- രാഹുകാലം- യമകണ്ടകാലം, ഗുളികകാലം.
(സൂര്യോദയം 6.00 am, സൂര്യാസ്തമയം 6.00 pm എന്ന അടിസ്ഥാനത്തില്‍)
രാഹുകാലം
രാഹുവിന്‍റെ സ്വാധീനകാലമായ രാഹുകാലത്തില്‍ സാധാരണയായി പുതിയ ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നത് ഒഴിവാക്കുന്നുവെങ്കിലും ആത്മീയപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമയം വളരെ അനുയോജ്യമാണ്. പ്രത്യേകിച്ച് താഴെപ്പറയുന്ന ദേവതാരാധനകള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു.
* ദുര്‍ഗ്ഗാദേവി
* ഭദ്രകാളി
* നാഗദേവതകള്‍
രാഹു ഭ്രമം, മായ, ആഗ്രഹങ്ങള്‍, അസാധാരണ അനുഭവങ്ങള്‍ എന്നിവയുടെ കാരകനായതിനാല്‍ ഈ സമയത്ത് ദുര്‍ഗ്ഗാസപ്തശതി പാരായണം, നാഗപൂജ, മന്ത്രജപം എന്നിവ നടത്തുന്നത് മനസ്സിലെ അശാന്തി കുറയ്ക്കാന്‍ സഹായകമാണെന്ന് വിശ്വാസം നിലനില്‍ക്കുന്നു.
യമകണ്ടകാലം
ജനപ്രിയമായി കേതുകാലം എന്ന് അറിയപ്പെടുന്ന യമകണ്ടകകാലം ആത്മീയ ഉണര്‍വിനും ബുദ്ധിശക്തിക്കും അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് ആരാധിക്കപ്പെടുന്ന പ്രധാനദേവതകള്‍
* ശ്രീ ഗണപതി
* സുബ്രഹ്മണ്യസ്വാമി
* മഹാദേവന്‍
ഗണപതി വിഘ്നനിവാരകനായതിനാല്‍ പ്രവര്‍ത്തനതടസ്സങ്ങള്‍ നീക്കുന്നു. സുബ്രഹ്മണ്യസ്വാമി ധൈര്യവും ജ്ഞാനവും നല്‍കുന്നു; മഹാദേവന്‍ ആത്മനിയന്ത്രണവും മോക്ഷചിന്തയും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ യമകണ്ടകാലത്ത് ധ്യാനം, ജപം, ശിവസ്തോത്ര പാരായണം എന്നിവ വളരെ ഫലപ്രദമാണെന്ന് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.
ഗുളികകാലം
ഗുളികന്‍ ശനിയുടെ ഉപഗ്രഹമായി കണക്കാക്കപ്പെടുന്നതിനാല്‍, ഗുളികകാലം കര്‍മ്മഫലങ്ങളുടെയും ദീര്‍ഘകാല പ്രത്യാഘാതങ്ങളുടെയും സമയമായി കാണപ്പെടുന്നു. ഈ സമയത്ത് ആരാധിക്കപ്പെടുന്ന ദേവതകള്‍.
* ശനീശ്വരന്‍
* ഭൈരവന്‍
* ഹനുമാന്‍
ഗുളികകാല ശാന്തിക്ക് ശനീശ്വരാരാധനയും ഭൈരവോപാസനയും ഹനുമാന്‍ ജപവും അത്യന്തം ഫലപ്രദമാണെന്ന് വിശ്വാസം നിലനില്‍ക്കുന്നു. പ്രത്യേകിച്ച് സഹനം, നിയന്ത്രണം, ആത്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ഗുളികകാലം അനുയോജ്യമായ സമയമായി കണക്കാക്കപ്പെടുന്നു.
ഇങ്ങനെ ഓരോ സമയത്തിനും അനുയോജ്യമായ ദേവതാരാധനയും മന്ത്രസാധനയും നിര്‍ദ്ദേശിക്കുന്നത്, ഈ കാലങ്ങളെ ഭയത്തിന്‍റെ സമയങ്ങളായി കാണുന്നതിനേക്കാള്‍ ആത്മപരിശോധനയ്ക്കും ആത്മവികാസത്തിനും ഉപയോഗിക്കേണ്ട പ്രത്യേക ജ്യോതിഷകാലങ്ങളായി മനസ്സിലാക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നു.
രാഹുകാലം എളുപ്പത്തില്‍ ഓര്‍മ്മവയ്ക്കുന്ന സൂത്രവാക്യം
രാഹുകാലം ദിവസങ്ങളുടെ ക്രമം ഓര്‍മ്മ വയ്ക്കാന്‍ ഒരു പരമ്പരാഗത സൂത്രവാക്യം ഉപയോഗിക്കുന്നു.
ഈ വാക്യത്തിലെ ഓരോ ആദ്യാക്ഷരവും ഉപയോഗിച്ച് തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള രാഹുകാലം ഓര്‍മ്മവയ്ക്കാം.
ദിവസം പ്രകാരം രാഹുകാലം
* തിങ്കള്‍(തിന്നട)-7.30 am-9.00 am
* ശനി(ശങ്കര)-9.00 am -10.30 am
* വെള്ളി(വെണ്ണ)-10.30 am -12.00 pm
*ബുധന്‍(ബുദ്ധിക്കും)-12.00 pm -1.30 pm
* വ്യാഴം(വ്യാധിക്കും)-1.30 pm -3.00 pm
* ചൊവ്വ(ചൊല്ലുന്നു)-3.00 pm -4.30 pm
* ഞായര്‍(ഞാന്‍)-4.30 pm -6.00 pm
ഡോ: ബ്രഹ്മശ്രീ പാടൂര്‍ സുബ്രഹ്മണ്യശാസ്ത്രികള്‍
ഫോണ്‍: 8943340423
