അയ്യപ്പപ്രസാദം എന്തുകൊണ്ട് റാക്കിലയില്‍

അയ്യപ്പപ്രസാദം എന്തുകൊണ്ട് റാക്കിലയില്‍

HIGHLIGHTS

അതിസാഹസികമായി കാട്ടിനുള്ളില്‍ നിന്ന് ഇലകള്‍ വെട്ടിയൊതുക്കി തലച്ചുമടായി പുറത്തുകടന്ന് സന്നിധാനത്ത് എത്തിക്കുന്നതോടെ റാക്കിലയ്ക്ക് പുണ്യ പരിവേഷമാണ് ലഭിക്കുന്നത്. റാക്കിലയില്‍ മറ്റൊരു ക്ഷേത്രത്തിലും പ്രസാദവിതരണം ഉള്ളതായി അറിയില്ല. പ്രകൃതിദത്തമായ ചില ഗുണങ്ങളും റാക്കിലയിലുണ്ട്. റാക്കിലയില്‍ പ്രസാദം നല്‍കുമ്പോള്‍ ഭക്തരുടെ മനം നിറയും. അതുതന്നെയാണ് റാക്കിലയുടെ പ്രത്യേകതയും.

 

കാനനവാസനായ അയ്യപ്പന്‍റെ തിരുസന്നിധിയില്‍ പ്രസാദം വിതരണം നടത്തുന്നത് 'റാക്കില' എന്നറിയപ്പെടുന്ന കാട്ടുകൂവയുടെ ഇലയിലാണ്. പെട്ടെന്ന്  നശിച്ചുപോകില്ല എന്നതാണ് റാക്കിലയുടെ പ്രത്യേകത. റാക്കിലയില്‍ ലഭിക്കുന്ന പ്രസാദം ഏറെനാള്‍ സൂക്ഷിച്ച് വയ്ക്കാനാവും. അന്യസംസ്ഥാനത്തുനിന്നും അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ക്ക് തിരികെ നാട്ടിലെത്തുന്നതുവരെ കാട്ടുകൂവയിലയിലെ പ്രസാദം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും.പൊന്നമ്പലമേട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരെയുള്ള ഉള്‍വനത്തില്‍ നിന്നുമാണത്രേ റാക്കില പ്രസാദം വിതരണത്തിനായി എത്തിക്കുന്നത്.

കാട്ടരുവികളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഉര്‍വനങ്ങളിലെ ജലാശയങ്ങള്‍ക്ക് അരികിലാണ് റാക്കില ചെടികള്‍ സാധാരണയായി കണ്ടുവരുന്നത്. പൊന്നമ്പലമേട്ടിന് സമീപമുള്ള കാക്കത്തോട്ടില്‍ റാക്കിലച്ചെടികള്‍ ധാരാളമുണ്ട്. ചണ്ണ, കാട്ടുകുപ്പ, ഇഖില എന്നീ പേരുകളിലും റാക്കിലച്ചെടി അറിയപ്പെടുന്നുണ്ട്. സാധാരണ ക്ഷേത്രങ്ങളില്‍ കൂവളത്തിലയിലും, വാഴയിലയിലുമാണ് പ്രസാദം നല്‍കുന്നതെങ്കിലും ശബരിമല കാനനക്ഷേത്രമായതിനാല്‍ വാഴയില ലഭിക്കാനുള്ള ബുദ്ധിമുട്ടും റാക്കില ധാരാളം ലഭിക്കുന്നതുമാണ് അയ്യപ്പപ്രസാദം റാക്കിലയില്‍ നല്‍കുന്നതിനുള്ള കാരണം.

ദിവസം പതിനായിരത്തിലധികം റാക്കിലകളാണ് മണ്ഡല- മകരവിളക്ക് കാലയളവില്‍ സന്നിധാനത്തും പമ്പ ഗണപതി കോവില്‍, ശ്രീരാമക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കായി എത്തിക്കുന്നത്. ഇടുക്കി, വയനാട് വനാന്തരങ്ങളില്‍ നിന്നും റാക്കിലകള്‍ ശേഖരിക്കുന്നതിനായി പ്രത്യേകം ആള്‍ക്കാരെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. മടക്കിയാലും സാധനങ്ങള്‍ പൊതിഞ്ഞാലും റാക്കിലയ്ക്ക് കേടുപാടുകള്‍ സംഭവിക്കില്ല. ജലാശയങ്ങള്‍ക്ക് അരികിലാണ് റാക്കിലച്ചെടികള്‍ തഴച്ച് വളരുന്നത്.

5  അടി ഉയരമുള്ള റാക്കിലച്ചെടിയില്‍ നിന്ന് അതിരാവിലെ തന്നെ ഇല വെട്ടിയെടുക്കണം. വെയിലേറ്റാല്‍ ഇലകള്‍ വാടും. അതിസാഹസികമായി കാട്ടിനുള്ളില്‍ നിന്ന് ഇലകള്‍ വെട്ടിയൊതുക്കി തലച്ചുമടായി പുറത്തുകടന്ന് സന്നിധാനത്ത് എത്തിക്കുന്നതോടെ റാക്കിലയ്ക്ക് പുണ്യ പരിവേഷമാണ് ലഭിക്കുന്നത്. റാക്കിലയില്‍ മറ്റൊരു ക്ഷേത്രത്തിലും പ്രസാദവിതരണം ഉള്ളതായി അറിയില്ല. പ്രകൃതിദത്തമായ ചില ഗുണങ്ങളും റാക്കിലയിലുണ്ട്. റാക്കിലയില്‍ പ്രസാദം നല്‍കുമ്പോള്‍ ഭക്തരുടെ മനം നിറയും. അതുതന്നെയാണ് റാക്കിലയുടെ പ്രത്യേകതയും. വനവാസികളാണ് റാക്കില സന്നിധാനത്ത് എത്തിക്കുന്നത് എന്നതും വിശേഷമാണ്.

Photo Courtesy - Google