രാമായണ പാരായണം - ഒന്നാം ദിവസം

രാമായണ പാരായണം - ഒന്നാം ദിവസം

 

ഇന്ന് കർക്കടകം ഒന്ന്. ഇന്നാണ് രാമായണ മാസാരംഭം. ഇന്നു മുതൽ എല്ലാ ദിവസവും വീടുകളിൽ രാമായണം പാരായണം ചെയ്യുന്നത് ശുഭകരമെന്നാണ് വിശ്വാസം. കർക്കടകം ഒന്നായ ഇന്ന് ബാലകാണ്ഡം- ആരംഭം മുതൽ ഉമാമഹേശ്വര സംവാദം വരെയാണ് പാരായണം ചെയ്യേണ്ടത്. 

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണത്തെ തൊട്ട് വന്ദിച്ചാണ് രാമായണ പാരായണം ആരംഭിക്കേണ്ടത്. ആദ്യം ശ്രീരാമ സ്‌തുതികൾ ചൊല്ലിയ ശേഷമേ പാരായണം തുടങ്ങാവൂ. കർക്കടകം അവസാനിക്കുമ്പോൾ രാമായണം മുഴുവൻ വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം. ഉഷ സന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കാൻ പാടില്ലെന്നും വിശ്വാസമുണ്ട്. ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാ'മ എന്ന ഭാഗത്ത് നിന്നാണ് പാരായണം തുടങ്ങേണ്ടത്. ഏത് ഭാഗം വായിക്കുന്നതിന് മുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്‌തിരിക്കണമെന്ന് നിഷ്‌കർഷിക്കപ്പെടുന്നു.

ശുഭ കാര്യങ്ങൾ വർണിക്കുന്നിടത്ത് നിന്ന് തുടങ്ങി ശുഭകരമായ കാര്യങ്ങൾ വിവരിക്കുന്നിടത്ത് പാരായണം അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവയുള്ള ഭാഗത്തുനിന്ന് പാരായണം തുടങ്ങരുത്. ഈ ഭാ​ഗങ്ങളിൽ പാരായണം അവസാനിപ്പിക്കുകയും ചെയ്യരുത്. നിത്യപാരായണം ചെയ്യുമ്പോൾ യുദ്ധകാണ്ഡത്തിൻറെ അവസാന ഭാഗത്ത് നൽകിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്‌തു വേണം വായന നിർത്താൻ.

ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു

ബാലകാണ്ഡം
 
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!

ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.

നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.
 
ഇഷ്ടദേവതാവന്ദനം
 
കാരണനായ ഗണനായകൻ ബ്രഹ്‌മാത്മകൻ
കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്‌നങ്ങളെ
വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
വാണീടുകനാരതമെന്നുടെ നാവുതന്മേൽ
വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
 
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-
യ്കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ
വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!
വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!
 
വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ്പിറന്നോരു
വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ
വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട
കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ..!