രാമായണ പാരായണം: പന്ത്രണ്ടാം ദിനം

രാമായണ പാരായണം: പന്ത്രണ്ടാം ദിനം

 

രാമായണ പാരായണത്തിന്റെ പന്ത്രണ്ടാം ദിവസത്തിൽ ആരണ്യകാണ്ഡത്തിലെ ജടായു സംഗമം മുതൽ ഖരവധം വരെയുള്ള അധ്യായങ്ങളാണ് ഭക്തർ പാരായണം ചെയ്യുന്നത്. ധർമ്മനിഷ്ഠ, ആത്മീയജ്ഞാനം, സ്വയംനിയന്ത്രണം, തിന്മയ്ക്കെതിരായ നന്മയുടെ വിജയം തുടങ്ങിയ സന്ദേശങ്ങൾ ഈ ഭാഗങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.

ജടായു സംഗമം

വനത്തിൽ സഞ്ചരിക്കുന്നതിനിടെ രാമനും ലക്ഷ്മണനും ജടായുവിനെ കണ്ടുമുട്ടുന്നു. ആദ്യം അവനെ സംശയത്തോടെ സമീപിച്ചെങ്കിലും, പിതാവായ ദശരഥന്റെ ആത്മസുഹൃത്താണ് ജടായുവെന്ന് തിരിച്ചറിയുന്നു. തെറ്റിദ്ധാരണയ്ക്ക് ക്ഷമ ചോദിച്ച രാമൻ, പരിക്കേറ്റ പക്ഷിരാജന് ആവശ്യമായ പരിചരണവും നൽകുന്നു. വിശ്വാസത്തിന്റെയും മുതിർന്നവരോടുള്ള ആദരവിന്റെയും പ്രാധാന്യവും, പുറംകാഴ്ചകൾ മാത്രം നോക്കി ആരെയും വിലയിരുത്തരുതെന്ന പാഠവുമാണ് ഈ സന്ദർഭം നൽകുന്നത്.

പഞ്ചവടി പ്രവേശം

തുടർന്ന് രാമനും സീതയും ലക്ഷ്മണനും പഞ്ചവടിയിലെത്തി അവിടെ ഒരു ലളിതമായ ആശ്രമം നിർമ്മിച്ച് താമസം ആരംഭിക്കുന്നു. വനവാസത്തിലെ പ്രയാസങ്ങൾക്കിടയിലും ധർമ്മം കൈവിടാതെ, പ്രകൃതിയോടിണങ്ങി സംതൃപ്തിയോടെയും ഭക്തിയോടെയും ജീവിക്കുന്ന മാതൃകയാണ് അവരുടെ ജീവിതം.

ലക്ഷ്മണോപദേശം

പഞ്ചവടിയിലെ ജീവിതത്തിനിടെ രാമൻ ലക്ഷ്മണന് ആത്മീയജ്ഞാനം പകർന്നുനൽകുന്നു. ആത്മാവിന്റെ യഥാർഥ സ്വഭാവം, ലോകമെന്ന മായയുടെ സ്വാധീനം, മോക്ഷത്തിലേക്കുള്ള മാർഗം എന്നിവയെക്കുറിച്ചാണ് ഉപദേശം. ശാശ്വതസത്യത്തെ തിരിച്ചറിയാനും ദൈവവിശ്വാസത്തോടെയും ജ്ഞാനാന്വേഷണത്തോടെയും ജീവിക്കേണ്ടതിന്റെ ആവശ്യകതയും രാമൻ വിശദീകരിക്കുന്നു.

ശൂർപ്പണഖാഗമനം

രാക്ഷസിയായ ശൂർപ്പണഖ രാമനോട് പ്രണയാഭ്യർഥനയുമായി എത്തുന്നു. രാമൻ അത് നിരസിച്ചതോടെ അവൾ സീതയെ ആക്രമിക്കാൻ ശ്രമിക്കുന്നു. ഇതിനെത്തുടർന്ന് ലക്ഷ്മണൻ അവളെ അംഗഭംഗം വരുത്തുന്നു. ഈ സംഭവം പിന്നീട് രാക്ഷസരുമായുള്ള ഏറ്റുമുട്ടലുകൾക്ക് വഴിതെളിക്കുന്നു. വിവേകമില്ലാത്ത ആഗ്രഹങ്ങൾ വിനാശത്തിലേക്ക് നയിക്കുമെന്നും, സ്വയംനിയന്ത്രണത്തിന്റെയും പ്രിയപ്പെട്ടവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യവും ഈ ഭാഗം ഓർമ്മപ്പെടുത്തുന്നു.

ഖരവധം

ശൂർപ്പണഖയുടെ പരാതിയെ തുടർന്ന് ഖരനും ദൂഷണനും ത്രിശിരസും ഉൾപ്പെടെയുള്ള രാക്ഷസസേന രാമനെ ആക്രമിക്കുന്നു. എന്നാൽ ഒറ്റയ്ക്കുതന്നെ രാമൻ അവരെയെല്ലാം പരാജയപ്പെടുത്തി വധിക്കുന്നു. രാമന്റെ ദൈവികശക്തിയും ധർമ്മത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഈ യുദ്ധത്തിലൂടെ പ്രകടമാകുന്നു. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയവും ധർമ്മത്തിന്റെ അജയ്യമായ ശക്തിയും ഈ അധ്യായം ഉയർത്തിക്കാട്ടുന്നു.

ജടായുസംഗമം

ശ്രുത്വൈതൽസ്തോത്രസാരമഗസ്ത്യ‍സുഭാഷിതം
തത്വാർത്ഥസമന്വിതം രാഘവൻ തിരുവടി
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
വീണുടൻ നമസ്‌കരിച്ചഗസ്ത്യ‍പാദ‍ാംബുജം
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധന‍ാം ജടായുഷം
എത്രയും വളർന്നൊരു വിസ്‌മയംപൂണ്ടു രാമൻ
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻ:
“രക്ഷസ‍ാം പ്രവരനിക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ.”
ലക്ഷ്‌മണൻതന്നോടിത്ഥം രാമൻ ചൊന്നതു കേട്ടു
പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാൻഃ
“വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവൻ;
ഹന്തവ്യനല്ല ഭവഭക്തന‍ാം ജടായു ഞാൻ.”
എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ
നന്നായാശ്ലേഷംചെയ്‌തു നൽകിനാനനുഗ്രഹം:
“എങ്കിൽ ഞാനിരിപ്പതിനടുത്തു വസിക്ക നീ
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
കിങ്കരപ്രവരനായ്‌ വാഴുക മേലിൽ ഭവാൻ.”

പഞ്ചവടീപ്രവേശം

എന്നരുൾചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌.
പർണ്ണശാലയും തീർത്തു ലക്ഷ്‌മണൻ മനോജ്ഞമായ്‌
പർണ്ണപുഷ്പങ്ങൾകൊണ്ടു തൽപവുമുണ്ടാക്കിനാൻ.
ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
ഷോത്തമൻ വസിച്ചിതു ജാനകീദേവിയോടും.
കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
വൃതകാനനേ ജനസംബാധവിവർജ്ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
ശ്രീരാമനയോദ്ധ്യയിൽ വാണതുപോലെ വാണാൻ.
ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
ച്ചാസ്ഥയാ രക്ഷാർത്ഥമായ്‌ നിന്നീടും ഭക്തിയോടെ.
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
ഗൗതമിതന്നിൽ കുളിച്ചർഗ്‌ഘ്യവും കഴിച്ചുടൻ
പോരുമ്പോൾ സൗമിത്രി പാനീയവും കൊണ്ടുപോരും
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.


ലക്ഷ്മണോപദേശം

ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവൻ
തൃക്കഴൽ കൂപ്പി വിനയാനതനായിച്ചൊന്നാൻ:
“മുക്തിമാർഗ്ഗത്തെയരുൾചെയ്യേണം ഭഗവാനേ!
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം.
ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ല‍ാം
മാനസാനന്ദം വരുമാറരുൾചെയ്‌തീടേണം.
ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ല‍ാം
നേരോടെയുപദേശിച്ചീടുവാൻ ഭൂമണ്ഡലേ.”
ശ്രീരാമനതു കേട്ടു ലക്ഷ്‌മണൻതന്നോടപ്പോ-
ളാരുഢാനന്ദമരുൾചെയ്‌തിതു വഴിപോലെഃ
“കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം
കേട്ടോളം തീർന്നീടും വികൽപഭ്രമമെല്ല‍ാം.
മുമ്പിനാൽ മായാസ്വരൂപത്തെ ഞാൻ ചൊല്ലീടുവ-
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ.
വിജ്ഞാനസഹിതമ‍ാം ജ്ഞാനവും ചൊൽവൻ പിന്നെ
വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ!
ജ്ഞേയമായുളള പരമാത്മാനമറിയുമ്പോൾ
മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ.
ആത്മാവല്ലാതെയുളള ദേഹാദിവസ്‌തുക്കളി-
ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ
മായയാകുന്നതതു നിർണ്ണയമതിനാലെ
കായസംബന്ധമാകും സംസാരം ഭവിക്കുന്നു.
ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു
രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ.
എന്നതിൽ മുന്നേതല്ലോ ലോകത്തെക്കൽപിക്കുന്ന-
തെന്നറികതിസ്ഥൂലസൂക്ഷ്‌മഭേദങ്ങളോടും
ലിംഗാദി ബ്രഹ്‌മാന്തമാമവിദ്യാരൂപമേതും
സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും.
ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ-
താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും.
മായാകൽപിതം പരമാത്മനി വിശ്വമെടോ!
മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു.
രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ.
മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായതും
മാനസത്തിങ്കൽ സ്‌മരിക്കപ്പെടുന്നതുമെല്ല‍ാം
സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ
വിഭ്രമം കളഞ്ഞാലും വികൽപമുണ്ടാകേണ്ട.
ജന്മസംസാരവൃക്ഷമൂലമായതു ദേഹം
തന്മൂലം പുത്രകളത്രാദി സംബന്ധമെല്ല‍ാം.
ദേഹമായതു പഞ്ചഭൂതസഞ്ചയമയം
ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാൽ.
ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി
മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ല‍ാം
ഓർത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ
ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം.
എന്നിവറ്റിങ്കൽനിന്നു വേറൊന്നു ജീവനതും
നിർണ്ണയം പരമാത്മാ നിശ്ചലൻ നിരാമയൻ.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മാവെന്നും പരമാത്മാവെന്നതുമോർക്കിൽ
കേവലം പര്യായശബ്‌ദങ്ങളെന്നറിഞ്ഞാലും.
ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ
മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം
മാനസേ വെടിഞ്ഞു സന്തുഷ്‌ടനായ്‌ സദാകാലം
അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ
മന്യുഭാവവുമകലെക്കളഞ്ഞനുദിനം
ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്‌തു നിജ
ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്‌തുകൊണ്ടു
നിത്യവും സൽക്കർമ്മങ്ങൾക്കിളക്കം വരുത്താതെ
സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്‌
മാനസവചനദേഹങ്ങളെയടക്കിത്ത-
ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ
ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി-
ലനഹങ്കാരത്വേന സമഭാവനയോടും
സർവാത്മാവാകുമെങ്കലുറച്ച മനസ്സോടും
സർവദാ രാമരാമേത്യമിതജപത്തൊടും
പുത്രദാരാർത്ഥാദിഷു നിസ്നേഹത്വവും ചെയ്‌തു
സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം
ഇഷ്‌ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ-
ന്തുഷ്‌ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം
പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു-
മേകാന്തേ പരമാത്മജ്ഞാനതൽപരനായി
വേദാന്തവാക്യാർത്ഥങ്ങളവലോകനം ചെയ്‌തു
വൈദികകർമ്മങ്ങളുമാത്മനി സമർപ്പിച്ചാൽ
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും
മാനസേ വികൽപങ്ങളേതുമേയുണ്ടാകൊല്ലാ.
ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി-
ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാര
മാനസാദികളൊന്നുമിവറ്റിൽനിന്നു മേലേ
മാനമില്ലാത പരമാത്മാവുതാനേ വേറേ
നിൽപിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം
തൽപദാത്മാ ഞാനിഹ ത്വൽപദാർത്ഥവുമായി
ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീട‍ാം
ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്‌തുതന്നെ.
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ
ഞാനിതെന്നറിവിനു സാധനമാകയാലെ.
സർവത്ര പരിപൂർണ്ണനാത്മാവു ചിദാനന്ദൻ
സർവസത്വാന്തർഗ്ഗതനപരിച്ഛേദ്യനല്ലോ.
ഏകനദ്വയൻ പരനവ്യയൻ ജഗന്മയൻ
യോഗേശനജനഖിലാധാരൻ നിരാധാരൻ
നിത്യസത്യജ്ഞാനാദിലക്ഷണൻ ബ്രഹ്‌മാത്മകൻ
ബുദ്ധ്യുപാധികളിൽ വേറിട്ടവന്മായാമയൻ
ജ്ഞാനംകൊണ്ടുപഗമ്യൻ യോഗിനാമേകാത്മന‍ാം
ജ്ഞാനമാചാര്യശാസ്‌ത്രൗഘോപദേശൈക്യജ്ഞാനം.
ആത്മനോരേവം ജീവപരയോർമ്മൂലവിദ്യാ
ആത്മനി കാര്യകാരണങ്ങളും കൂടിച്ചേർന്നു
ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി
ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ.
ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ-
മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി-
തുളളവണ്ണമേ പറവാനുമിതറിവാനു-
മുളളം നല്ലുണർവുളേളാരില്ലാരും ജഗത്തിങ്കൽ
മത്ഭക്തിയില്ലാതവർക്കെത്രയും ദുർലഭം കേൾ
മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും.
നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി
രാത്രിയിൽ തന്റെ പദം ദീപമുണ്ടെന്നാകിലേ
നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ
ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ.
ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം
ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.
മത്ഭക്തന്മാരോടുളള നിത്യസംഗമമതും
മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും
ഏകാദശ്യാദി വ്രതാനുഷ്‌ഠാനങ്ങളും പുന-
രാകുലമെന്നിയേ സാധിച്ചുകൊൾകയുമഥ
പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല
ഭോജനമഗ്നിവിപ്രാണ‍ാം കൊടുക്കയുമഥ
മൽക്കഥാപാഠശ്രവണങ്ങൾചെയ്‌കയും മുദാ
മൽഗുണനാമങ്ങളെക്കീർത്തിച്ചുകൊളളുകയും
സന്തതമിത്ഥമെങ്കൽ വർത്തിക്കും ജനങ്ങൾക്കൊ-
രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും.
ഭക്തി വർദ്ധിച്ചാൽ പിന്നെ മറ്റൊന്നും വരേണ്ടതി-
ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ.
ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങൾ
സദ്യഃ സംഭവിച്ചീടുമെന്നാൽ മുക്തിയും വരും.
മുക്തിമാർഗ്ഗം താവക പ്രശ്‌നാനുസാരവശാ-
ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.
വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ
ഭക്തന്മാർക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ.
ഭക്തനെന്നാകിലവൻ ചോദിച്ചീലെന്നാകിലും
വക്തവ്യമവനോടു വിശ്വാസം വരികയാൽ.
ഭക്തിവിശ്വാസശ്രദ്ധായുക്തന‍ാം മർത്ത്യനിതു
നിത്യമായ്പാഠം ചെയ്‌കിലജ്ഞാനമകന്നുപോം.
ഭക്തിസംയുക്തന്മാര‍ാം യോഗീന്ദ്രന്മാർക്കു നൂനം
ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും.”

ശൂർപ്പണഖാഗമനം

ഇത്തരം സൗമിത്രിയോടരുളിച്ചെയ്‌തു പുന-
രിത്തിരിനേരമിരുന്നീടിനോരനന്തരം
ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ-
ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു
യാമിനീചരി ജനസ്ഥാനവാസിനിയായ
കാമരൂപിണി കണ്ടാൾ കാമിനി വിമോഹിനി,
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്‌
ഭംഗിതേടീടും പദപാതങ്ങളതുനേരം.
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുൾക്കൊണ്ടു രാമാശ്രമമകംപുക്കാൾ.
ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം
ഭാനുഗോത്രജം ഭവഭയനാശനം പരം
മാനവവീരം മനോമോഹനം മായാമയം
മാനസഭവസമം മാധവം മധുഹരം
ജാനകിയോടുംകൂടെ വാണീടുന്നതു കണ്ടു
മീനകേതനബാണപീഡിതയായാളേറ്റം.
സുന്ദരവേഷത്തോടും മന്ദഹാസവുംപൊഴി-
ഞ്ഞിന്ദിരാവരനോടു മന്ദമായുരചെയ്‌താൾഃ
“ആരെടോ ഭവാൻ? ചൊല്ലീടാരുടെ പുത്രനെന്നും
നേരൊടെന്തിവിടേക്കു വരുവാൻ മൂലമെന്നും,
എന്തൊരു സാദ്ധ്യം ജടാവല്‌ക്കലാദികളെല്ലാ-
മെന്തിനു ധരിച്ചിതു താപസവേഷമെന്നും.
എന്നുടെ പരമാർത്ഥം മുന്നേ ഞാൻ പറഞ്ഞീട‍ാം
നിന്നോടു നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
രാക്ഷസേശ്വരനായ രാവണഭഗിനി ഞാ-
നാഖ്യയാ ശൂർപ്പണഖ കാമരൂപിണിയല്ലോ
ഖരദൂഷണത്രിശിരാക്കള‍ാം ഭ്രാതാക്കന്മാ-
ർക്കരികേ ജനസ്ഥാനേ ഞാനിരിപ്പതു സദാ.
നിന്നെ ഞാനാരെന്നതുമറിഞ്ഞീലതും പുന-
രെന്നോടു പരമാർത്ഥം ചൊല്ലണം ദയാനിധേ!”
“സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി-
നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം.
എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത
ധന്യേ! മൽഭ്രാതാവായ ലക്ഷ്‌മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.”
എന്നതു കേട്ടനേരം ചൊല്ലിനാൾ നിശാചരി ഃ
“എന്നോടുകൂടെപ്പോന്നു രമിച്ചുകൊളേളണം നീ.
നിന്നെയും പിരിഞ്ഞുപോവാൻ മമ ശക്തി പോരാ
എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ.”
ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു
മാനവവീരനവളോടരുൾചെയ്‌തീടിനാൻഃ
“ഞാനിഹ തപോധനവേഷവുംധരിച്ചോരോ
കാനനംതോറും നടന്നീടുന്നു സദാകാലം.
ജാനകിയാകുമിവളെന്നുടെ പത്നിയല്ലോ
മാനസേ പാർത്താൽ വെടിഞ്ഞീടരുതൊന്നുകൊണ്ടും.
സാപത്ന്യോത്ഭവദുഃഖമെത്രയും കഷ്‌ടം!കഷ്‌ടം!
താപത്തെസ്സഹിപ്പതിന്നാളല്ല നീയുമെടോ.
ലക്ഷ്‌മണൻ മമ ഭ്രാതാ സുന്ദരൻ മനോഹരൻ
ലക്ഷ്‌മീദേവിക്കുതന്നെയൊക്കും നീയെല്ല‍ാംകൊണ്ടും.
നിങ്ങളിൽ ചേരുമേറെ നിർണ്ണയം മനോഹരേ!
സംഗവും നിന്നിലേറ്റം വർദ്ധിക്കുമവനെടോ.
മംഗലശീലനനുരൂപനെത്രയും നിന-
ക്കങ്ങു നീ ചെന്നു പറഞ്ഞീടുക വൈകീടാതെ.”
എന്നതു കേട്ടനേരം സൗമിത്രിസമീപേ പോയ്‌-
ചെന്നവളപേക്ഷിച്ചാൾ, ഭർത്താവാകെന്നുതന്നെ
ചൊന്നവളോടു ചിരിച്ചവനുമുരചെയ്‌താ-
“നെന്നുടെ പരമാർത്ഥം നിന്നോടു പറഞ്ഞീട‍ാം.
മന്നവനായ രാമൻതന്നുടെ ദാസൻ ഞാനോ
ധന്യേ! നീ ദാസിയാവാൻതക്കവളല്ലയല്ലോ.
ചെന്നു നീ ചൊല്ലീടഖിലേശ്വരനായ രാമൻ-
തന്നോടു തവ കുലശീലാചാരങ്ങളെല്ല‍ാം.
എന്നാലന്നേരംതന്നെ കൈക്കൊളളുമല്ലോ രാമൻ
നിന്നെ”യെന്നതു കേട്ടു രാവണസഹോദരി
പിന്നെയും രഘുകുലനായകനോടു ചൊന്നാ-
“ളെന്നെ നീ പരിഗ്രഹിച്ചീടുക നല്ലൂ നിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്‌വരാ.
മന്നവാ! ഗിരിവനഗ്രാമദേശങ്ങൾ തോറും
എന്നോടുകൂടെ നടന്നോരോരോ ഭോഗമെല്ലാ-
മന്യോന്യം ചേർന്നു ഭുജിക്കായ്‌വരുമനാരതം.”
ഇത്തരമവളുരചെയ്‌തതു കേട്ടനേര-
മുത്തരമരുൾചെയ്‌തു രാഘവൻതിരുവടി ഃ
“ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തി വേണമതിനിവളുണ്ടെനിക്കിപ്പോൾ.
ഒരുത്തി വേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കുംനേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി
വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ
വരിച്ചുകൊളളുമവനില്ല സംശയമേതും.ണ
തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെൽക
കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!”
രാഘവവാക്യം കേട്ടു രാവണസഹോദരി
വ്യാകുലചേതസ്സൊടും ലക്ഷ്മണാന്തികേ വേഗാൽ
ചെന്നുനിന്നപേക്ഷിച്ചനേരത്തു കുമാരനു-
“മെന്നോടിത്തരം പറഞ്ഞീടൊല്ലാ വെറുതേ നീ
നിന്നിലില്ലേതുമൊരു ക‍ാംക്ഷയെന്നറിക നീ
മന്നവനായ രാമൻതന്നോടു പറഞ്ഞാലും.”
പിന്നെയുമതു കേട്ടു രാഘവസമീപേ പോയ്‌-
ചെന്നുനിന്നപേക്ഷിച്ചാളാശയാ പലതരം.
കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവുംപൂണ്ടു രാക്ഷസിയപ്പോൾ
മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്‌ട്രയും കൈക്കൊണ്ടേറ്റം
കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ
സംഭ്രമത്തോടു രാമൻ തടുത്തുനിർത്തുംനേരം
ബാലകൻ കണ്ടു ശീഘ്രം കുതിച്ചു ചാടിവന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ല‍ാം
ഛേദിച്ചനേരമവളലറി മുറയിട്ട-
നാദത്തെക്കൊണ്ടു ലോകമൊക്കെ മറ്റൊലിക്കൊണ്ടു.
നീലപർവതത്തിന്റെ മുകളിൽനിന്നു ചാടി
നാലഞ്ചുവഴി വരുമരുവിയാറുപോലെ
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയ‍ാം നിശാചാരി വേഗത്തിൽ നടകൊണ്ടാൾ.
രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.
രാക്ഷസപ്രവരനായീടിന ഖരൻമുമ്പിൽ
പക്ഷമറ്റവനിയിൽ പർവതം വീണപോലെ
രോദനംചെയ്‌തു മുമ്പിൽ പതനംചെയ്‌തു നിജ
സോദരിതന്നെനോക്കിച്ചൊല്ലിനാനാശു ഖരൻഃ
“മൃത്യുതൻ വക്ത്രത്തിങ്കൽ സത്വരം പ്രവേശിപ്പി-
ച്ചത്ര ചൊല്ലാരെന്നെന്നോടെത്രയും വിരയെ നീ.”
വീർത്തുവീർത്തേറ്റം വിറച്ചലറിസ്സഗദ്‌ഗദ-
മാർത്തിപൂണ്ടോർത്തു ഭീത്യാ ചൊല്ലിനാളവളപ്പോൾഃ
“മർത്ത്യന്മാർ ദശരഥപുത്രന്മാരിരുവരു-
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാർ.
രാമലക്ഷ്‌മണന്മാരെന്നവർക്കു നാമമൊരു
കാമിനിയുണ്ടു കൂടെ സീതയെന്നവൾക്കു പേർ.
അഗ്രജൻനിയോഗത്താലുഗ്രനാമവരജൻ
ഖഡ്‌ഗേന ഛേദിച്ചതു മൽകുചാദികളെല്ല‍ാം.
ശൂരനായീടും നീയിന്നവരെക്കൊലചെയ്‌തു
ചോര നല്‌കുക ദാഹം തീരുമാറെനിക്കിപ്പോൾ.
പച്ചമ‍ാംസവും തിന്നു രക്തവും പാനംചെയ്‌കി-
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും.”
എന്നിവ കേട്ടു ഖരൻ കോപത്തോടുരചെയ്താൻഃ
“ദുർന്നയമേറെയുളള മാനുഷാധമന്മാരെ
കൊന്നു മൽഭഗിനിക്കു ഭക്ഷിപ്പാൻ കൊടുക്കണ-
മെന്നതിനാശു പതിന്നാലുപേർ പോക നിങ്ങൾ.
നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ-
രാകൂതം വരുത്തീടും നിനക്കു മടിയാതെ.”
എന്നവളോടു പറഞ്ഞയച്ചാൻ ഖരനേറ്റ-
മുന്നതന്മാര‍ാം പതിന്നാലു രാക്ഷസരെയും.
ശൂലമുൽഗരമുസലാസിചാപേഷുഭിണ്ഡി-
പാലാദി പലവിധമായുധങ്ങളുമായി
ക്രൂദ്ധന്മാരാർത്തുവിളിച്ചുദ്ധതന്മാരായ്‌ ചെന്നു
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം.
ബദ്ധവൈരേണ പതിന്നാൽവരുമൊരുമിച്ചു
ശസ്ത്രൗഘം പ്രയോഗിച്ചാർ ചുറ്റുംനിന്നൊരിക്കലെ.
മിത്രഗോത്രാൽഭൂതനാമുത്തമോത്തമൻ രാമൻ
ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം
പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടൻ
പ്രത്യർത്ഥിജനത്തെയും വധിച്ചാനോരോന്നിനാൽ.
ശൂർപ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി-
ബ്ബാഷ്പവും തൂകി ഖരൻമുമ്പിൽവീണലറിനാൾ.
“എങ്ങുപൊയ്‌ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചൊൽ, നീ.”
“അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ-
ണ്ടിങ്ങിനിവരാതവണ്ണം പോയാർ തെക്കോട്ടവർ.”
എന്നു ശൂർപ്പണഖയും ചൊല്ലിനാ,ളതുകേട്ടു
വന്ന കോപത്താൽ ഖരൻ ചൊല്ലിനാനതുനേരംഃ
“പോരിക നിശാചരർ പതിന്നാലായിരവും
പോരിനു ദൂഷണനുമനുജൻ ത്രിശിരാവും.
ഘോരന‍ാം ഖരനേവം ചൊന്നതു കേട്ടനേരം
ശൂരന‍ാം ത്രിശിരാവും പടയും പുറപ്പെട്ടു.
വീരന‍ാം ദൂഷണനും ഖരനും നടകൊണ്ടു
ധീരതയോടു യുദ്ധം ചെയ്‌വതിന്നുഴറ്റോടെ.
രാക്ഷസപ്പടയുടെ രൂക്ഷമ‍ാം കോലാഹലം
കേൾക്കായനേരം രാമൻ ലക്ഷ്‌മണനോടു ചൊന്നാൻഃ
“ബ്രഹ്‌മാണ്ഡം നടുങ്ങുമാറെന്തൊരു ഘോഷമിതു?
നമ്മോടു യുദ്ധത്തിനു വരുന്നു രക്ഷോബലം.
ഘോരമായിരിപ്പോരു യുദ്ധവുമുണ്ടാമിപ്പോൾ
ധീരതയോടുമത്ര നീയൊരു കാര്യംവേണം.
മൈഥിലിതന്നെയൊരു ഗുഹയിലാക്കിക്കൊണ്ടു
ഭീതികൂടാതെ പരിപാലിക്കവേണം ഭവാൻ.
ഞാനൊരുത്തനേ പോരുമിവരെയൊക്കെക്കൊൽവാൻ
മാനസേ നിനക്കു സന്ദേഹമുണ്ടായീടൊലാ.
മറ്റൊന്നും ചൊല്ലുന്നില്ലെന്നെന്നെയാണയുമിട്ടു
കറ്റവാർകുഴലിയെ രക്ഷിച്ചുകൊളേളണം നീ.”
ലക്ഷ്‌മീദേവിയേയുംകൊണ്ടങ്ങനെതന്നെയെന്നു
ലക്ഷ്‌മണൻ തൊഴുതു പോയ്‌ ഗഹ്വരമകംപുക്കാൻ.

ഖരവധം

ചാപബാണങ്ങളേയുമെടുത്തു പരികര-
മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി.
നില്‌ക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര-
രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാർ.
വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം
പ്രക്ഷേപിച്ചിതു വേഗാൽ പുഷ്‌കരനേത്രൻമെയ്‌മേൽ .
തൽക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമൻ
രക്ഷോവീരന്മാരെയും സായകാവലി തൂകി
നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങൾതന്നാ-
ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ല‍ാം.
ഉഗ്രന‍ാം സേനാപതി ദൂഷണനതുനേര-
മുഗ്രസന്നിഭനായ രാമനോടടുത്തിതു.
തൂകിനാൻ ബാണഗണ,മവേറ്റ്‌ രഘുവരൻ
വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി.
നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും
കാലവേശ്‌മനി ചേർത്തു സാരഥിയോടുംകൂടെ.
ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ
കോപേന തേരിൽനിന്നു ഭൂമിയിൽ ചാടിവീണാൻ.
പിൽപാടു ശതഭാരായസനിർമ്മിതമായ
കെൽപേറും പരിഘവും ധരിച്ചു വന്നാനവൻ.
തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി
തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി.
മസ്തകം പിളർന്നവനുർവിയിൽ വീണു സമ-
വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും.
ദൂഷണൻ വീണനേരം വീരന‍ാം ത്രിശിരസ്സും
രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താൻ.
മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്‌താൻ
മൂന്നുമെയ്‌തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും
നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി
നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താൻ.
അവയും മുറിച്ചവനയുതം ബാണമെയ്‌താ-
നവനീപതിവീരനവയും നുറുക്കിനാൻ.
അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ-
ലുത്തമ‍ാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ.
അന്നേരം ഖരനാദിത്യാഭതേടീടും രഥം-
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,-
നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ല‍ാം.
രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും
ഭൂമിയുമാകാശവും കാണരുതാതെയായി.
നിഷ്‌ഠുരതരമായ രാഘവശരാസനം
പൊട്ടിച്ചാൻ മുഷ്‌ടിദേശേ ബാണമെയ്താശു ഖരൻ.
ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ-
ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാ,നതുനേരം
താപസദേവാദികളായുളള സാധുക്കളും
താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താർ.
ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു
ഭയത്തോടമരരും താപസന്മാരും ചൊന്നാർ.
തല്‌ക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം
ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം
തൃക്കയ്യിൽ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം;
മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ-
സ്സുൾക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോൾ.
ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും
കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാൽ.
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി-
ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ
മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ
തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ.
പിന്നെയും ഗദയുമായടുത്താനാശു ഖരൻ
ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ.
ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി-
ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ.
ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരൻ
വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം.
പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു
മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ
നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ
വീരന‍ാം രഘുപതി തടുത്തുകളഞ്ഞപ്പോൾ
വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ-
ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ
ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ
ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ
തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി
വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ
സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ
യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി-
ക്രോധേന രഘുവരനോടടുത്തീടുന്നേരം
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-
ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ.
വീണിതു ലങ്കാനഗരോത്തരദ്വാരേ തല
തൂണി പുക്കിതു വന്നു ബാണവുമതുനേരം.
കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു
കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാർ.
ഖരദൂഷണത്രിശിരാക്കള‍ാം നിശാചര-
വരരും പതിന്നാലായിരവും മരിച്ചിതു
നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ,-
ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും.
മരിച്ച നിശാചരർ പതിനാലായിരവും
ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം,
ജ്ഞാനവും ലഭിച്ചിതു രാഘവൻപോക്കൽനിന്നു
മാനസേ പുനരവരേവരുമതുനേരം
രാമനെ പ്രദക്ഷിണംചെയ്‌തുടൻ നമസ്‌കരി-
ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരംഃ
“നമസ്തേ പാദ‍ാംബുജം രാമ! ലോകാഭിരാമ!
സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം.
സമസ്തേശ്വര! ദയാവാരിധേ! രഘുപതേ!
രമിച്ചീടണം ചിത്തം ഭവതി രമാപതേ!
ത്വൽപാദ‍ാംബുജം നിത്യം ധ്യാനിച്ചു മുനിജന-
മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
മുൽപാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ-
ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം
‘ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല-
ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാ’നിതി
പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല-
മോർത്തരുൾചെയ്‌തു പരമേശ്വരനതുനേരം.
‘യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ.
രാക്ഷസദേഹന്മാര‍ാം നിങ്ങളെച്ഛേദിച്ചന്നു-
മോക്ഷവും തന്നീടുവനില്ല സംശയമേതും.’
എന്നരുൾചെയ്‌തു പരമേശ്വരനതുമൂലം
നിർണ്ണയം മഹാദേവനായതും രഘുപതി.
ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ-
മാനന്ദസ്വരൂപന‍ാം നിന്തിരുവടി നാഥാ!”
എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ
മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്‌തുഃ
“വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ-
ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ.
ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ
സാക്ഷിയ‍ാം പരബ്രഹ്‌മം സച്ചിദാനന്ദമേകം.
ബാല്യകൗമാരാദികളാഗമാപായികള‍ാം
കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ്മീതേ നില്‌ക്കും.
പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം
പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും.”
ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി
ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി.
രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം.
സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു
രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താൻ.
ശസ്ത്രൗഘനികൃത്തമ‍ാം ഭർത്തൃവിഗ്രഹം കണ്ടു
മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം
തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ-
ളൊക്കവേ പുണ്ണുമതിൻ വടുവും വാച്ചീടിനാൾ.
രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു
ലക്ഷ്‌മണൻ നിജഹൃദി വിസ്‌മയം തേടീടിനാൻ.
‘രാവണൻതന്റെ വരവുണ്ടിനിയിപ്പോ’ളെന്നു
ദേവദേവനുമരുൾചെയ്‌തിരുന്നരുളിനാൻ.
പിന്നെ ലക്ഷ്‌മണൻതന്നെ വൈകാതെ നിയോഗിച്ചാൻഃ
‘ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം.
യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കൾ
സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
താപസന്മാരോടറിയിച്ചു നീ വരികെ’ന്നു
പാപനാശനനരുൾചെയ്‌തയച്ചോരുശേഷം,
സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ-
നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ.
ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു-
മമർത്ത്യവൈരികളെന്നുറച്ചു മുനിജനം.
പലരുംകൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ
പലലാശികൾമായ തട്ടായ്‌വാൻ മൂന്നുപേർക്കും
അംഗുലീയവും ചൂഡാരത്നവും കവചവു-
മംഗേ ചേർത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാർ.
ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ-
തൃക്കാല്‌ക്കൽവച്ചു തൊഴുതീടിനാൻ ഭക്തിയോടെ.
അംഗുലീയകമെടുത്തംബുജവിലോചന-
നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
മൈഥിലിതനിക്കു നല്‌കീടിനാൻ, കവചവും
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ