രാമായണ പാരായണം - നാലാം ദിവസം

രാമായണ പാരായണം - നാലാം ദിവസം

 

രാമായണ മാസത്തിലെ നാലാം ദിവസത്തെ പാരായണത്തിൽ ബാലകാണ്ഡത്തിലെ സീതാസ്വയംവരം മുതൽ ഭാർഗവഗർവ്വശമനം വരെയുള്ള ഭാഗങ്ങളാണ് ഉൾപ്പെടുന്നത്. ഭക്തി, വിനയം, ധർമ്മനിഷ്ഠ, ആതിഥ്യമര്യാദ തുടങ്ങിയ ജീവിതമൂല്യങ്ങളെ ആഴത്തിൽ പ്രതിപാദിക്കുന്ന അധ്യായങ്ങളാണിവ.

വിശ്വാമിത്ര മഹർഷിയുടെ യാഗസംരക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം, അദ്ദേഹം ശ്രീരാമനെയും ലക്ഷ്മണനെയും മിഥിലയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ജനക മഹാരാജാവിന്റെ അരമനയിൽ സൂക്ഷിച്ചിരുന്ന ശിവധനുസ്സ് ദർശിക്കാനും സീതാദേവിയുടെ സ്വയംവരത്തിൽ പങ്കെടുക്കാനുമാണ് യാത്ര.

ജനകന്റെ പ്രഖ്യാപനപ്രകാരം, ശിവധനുസ്സ് ഉയർത്തി കുലയ്ക്കാൻ കഴിയുന്നവനെയാണ് സീത വരനായി സ്വീകരിക്കുക. അനേകം രാജാക്കന്മാർ ശ്രമിച്ചെങ്കിലും വില്ല് ഉയർത്താൻ പോലും സാധിച്ചില്ല. എന്നാൽ ശ്രീരാമൻ അനായാസം ധനുസ്സ് ഉയർത്തി കുലച്ചപ്പോൾ അത് ഒടിഞ്ഞു. ആ മഹാശബ്ദം ലോകമെങ്ങും പ്രതിധ്വനിച്ചുവെന്നാണ് രാമായണം വിവരിക്കുന്നത്.

ഈ വാർത്ത അറിഞ്ഞ ദശരഥ മഹാരാജാവ് കുടുംബസമേതം മിഥിലയിലെത്തി. തുടർന്ന് ശ്രീരാമനും സീതയും വിവാഹിതരായി. അതോടൊപ്പം ജനകന്റെ മറ്റ് മൂന്ന് പുത്രിമാരുടെയും ദശരഥന്റെ മറ്റ് പുത്രന്മാരുടെയും വിവാഹങ്ങളും നടന്നു. ഊർമിളയെ ലക്ഷ്മണനും, മാണ്ഡവിയെ ഭരതനും, ശ്രുതകീർത്തിയെ ശത്രുഘ്നനും വിവാഹം ചെയ്തു.

വിവാഹച്ചടങ്ങുകൾക്ക് ശേഷം ജനക മഹാരാജാവിനോട് യാത്ര പറഞ്ഞ് ദശരഥനും കുടുംബവും അയോധ്യയിലേക്ക് മടങ്ങി. ഈ ഭാഗത്തിന് പിന്നാലെയാണ് പരശുരാമന്റെ അഹങ്കാരം ശ്രീരാമൻ ശമിപ്പിക്കുന്ന ഭാർഗവഗർവ്വശമന സന്ദർഭം വരുന്നത്. ഭക്തി, വിനയം, ധർമ്മം എന്നിവയുടെ മഹത്വം ഉയർത്തിക്കാട്ടുന്ന സുപ്രധാന സംഭവങ്ങളായാണ് ഈ അധ്യായങ്ങൾ കണക്കാക്കപ്പെടുന്നത്.

നാലാം ദിവസം പാരായണം ചെയ്യേണ്ട ഭാ​ഗം

സീതാസ്വയംവരം

വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോൾ

വിശ്വനായകൻ തന്നോടീവണ്ണമരുൾ ചെയ്‌താൻ:

“ബാലകന്മാരെ!പോക മിഥിലാപുരിക്കു ന‍ാം

കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ.

യാഗവും മഹദേവചാപവും കണ്ടുപിന്നെ

വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണ‍ാം.”

ഇത്തരമരുൾചെയ്‌തു ഗംഗയും കടന്നവർ

സത്വരം ചെന്നു മിഥിലാപുരമകം പുക്കു.

മുനിനായകനായ കൗശികൻ വിശ്വാമിത്രൻ

മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം

മനസി നിറഞ്ഞൊരു പരമാനന്ദത്തോടും

ജനകമഹീപതി സംഭ്രമസന്വിതം

പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു-


മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം

ആമോദപൂർവ്വം പൂജിച്ചാചാരംപൂണ്ടുനിന്ന

രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും

സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര-

നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:

‘കന്ദർപ്പൻ കണ്ടു വന്ദിച്ചീടിന ജഗദേക-

സുന്ദരന്മാരാമിവരാരെന്നു കേൾപ്പിക്കേണം.

നരനാരയണന്മാരാകിയ മൂർത്തികളോ

നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോൾ?’

വിശ്വാമിതനുമതു കേട്ടരുൾചെയ്‌തീടിനാൻ:

‘വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!

വീരന‍ാം ദശരഥൻ‍തന്നുടെ പുത്രന്മാരിൽ

ശ്രീരാമൻ ജ്യേഷ്‌ഠനിവൻ ലക്ഷ്‌മണൻ മൂന്നാമവൻ.


എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാൻ

ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം.

കാടകംപുക്കനേരം വന്നൊരു നിശാചരി

താടകതൻനെയൊരു ബാണംകൊണ്ടെയ്‌തു കൊന്നാൻ.

പേടിയും തീർന്നു സിദ്ധാശ്രമം പുക്കു യാഗ-

മാടൽകൂടാതെ രക്ഷിച്ചീടിനാൻ വഴിപോലെ

ശ്രീപാദ‍ാംബുജരജഃസ്‌പൃഷ്ടികൊണ്ടഹല്യതൻ

പാപവും നശിപ്പിച്ചു പാവനയാക്കീടിനാൻ

പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളിൽ

പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.’

ഇത്തരം വിശ്വാമിത്രൻതന്നുടെ വാക്യം കേട്ടു

സത്വരം ജനകനും പൂജിച്ചുവഴിപോലെ

സൽക്കാരായോഗ്യന്മാര‍ാം രജപുത്രന്മാരെക്ക-


ണ്ടുൾക്കുരുന്നിങ്കൽ പ്രീതി വർദ്ധിച്ച ജനകനും

തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു

“ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം”

എന്നതുകേട്ടു മന്ത്രിപ്രവരൻ നടകൊണ്ടാ-

നന്നേരം ജനകനും കൗശികനോടു ചൊന്നാൻ:

“രാജനന്ദനനായ ബാലകൻ രഘുവരൻ

രാജീവലോചനൻ സുന്ദരൻ ദാശരഥി

വില്ലിതുകുലച്ചുടൻ വലിച്ചു മൂറിച്ചീടിൽ

വല്ലഭനിവൻ മമ നന്ദനയ്‌ക്കെന്നു നൂനം.”

“എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോൾ

വില്ലിഹ വരുത്തീടു”കെന്നരുൾചെയ്തു മുനി.

കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും

ഹുങ്കാരത്തോടു വന്നു ചാപവാഹകൻമാരും


സത്വരമയ്യായിരം കിങ്കരന്മാരും കൂടി

മൃത്യുശാസനചഅപമെടുത്തു കൊണ്ടുവന്നാർ.

ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം

കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും.

ചന്ദ്രശേഖരനുടെ പള്ളിവിൽ കണ്ടു രാമ-

ചന്ദ്രനുമാനന്ദമുൾക്കൊണ്ടു വന്ദിച്ചീടിനാൻ.

“വില്ലെടുക്കാടാമോ? വലിക്കാമോ?

ചൊല്ലുകെ”ന്നതു കേട്ടുചൊല്ലിനാൻ വിശ്വാമിത്രൻ:

‘എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട

കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ’.

മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു

മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം.

ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ


കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം

നിന്നരുലുന്നനേരമീരേഴുലോകങ്ങളു-

മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം

പാട്ടുമാട്ടവും കൂത്തും പുഷ്‌പവൃഷ്‌ടിയുമോരോ

കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം

ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-

ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്ല‍ാം

ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-

ഹോത്സവാരംഭഘോഷം കണ്ടു കൗതുകം പൂണ്ടാർ.

ജനകൻ ജഗത്‌സ്വാമിയാകിയ ഭഗവാനെ-

ജ്ജനസംസദി ഗാഢാശ്ലേഷവും ചെയ്താനല്ലോ.

ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു

നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ


മൈഥിലി മയിൽപ്പേട പോലെ സന്തോഷംപൂണ്ടാൾ

കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും.

മൈഥിലിതന്നെപ്പരിചാരികമാരും നിജ-

മാതാക്കന്മാരും കൂടി നന്നായിചമയിച്ചാർ.

സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി

സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ

സ്വർണ്ണമാലയും ധരിച്ചാദരഅൽ മന്ദം മന്ദ-

മർണ്ണോജനേത്രൻ മുൻപിൽ സത്രപം വിനീതയായ്‌

വന്നുടൻ നേത്രോത്പലമാലയുമിട്ടാൾ മുന്നേ,

പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ

മാലയും ധരിച്ചു നീലോല്പലകാന്തി തേടും

ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങീടിനാൻ.

ഭൂമിനന്ദനയ്‌ക്കനുരൂപനായ് ശോഭിച്ചീടും


ഭൂമിപാലകബാലൻതന്നെക്കണ്ടവർകളും

ആനന്ദംബുധിതന്നിൽ വീണുടൻ മുഴുകിനാർ

മാനവവീരൻ വാഴ്‌കെന്നാശിയും ചൊല്ലീടിനാർ

അന്നേരം വിശ്വാമിത്രൻ തന്നോടു ജനകനും

വന്ദിച്ചുചൊന്നാ “നിനിക്കാലത്തെക്കളയാതെ

പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ-

സ്സത്വരം ദശരഥഭൂപനെ വരുത്തുവാൻ.”

വിശ്വാമിത്രനും മിഥിലാധിപൻതാനും കൂടി

വിശ്വാസം ദശരഥൻ തനിക്കു വരുംവണ്ണം

നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു

വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും.

സാകേതപുരി പുക്കു ഭൂപാലൻതന്നെക്കണ്ടു

ലോകൈകാധിപൻകൈയിൽ കൊടുത്തു പത്രമതും


സന്ദേശം കൺറ്റു പംക്തിസ്യന്ദനൻ താനുമിനി –

സ്സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു.

അഗ്നിമാനുപാദ്ധ്യായനാകിയ വസിഷ്‌ഠനും

പത്നിയാമരുന്ധതിതാനുമായ് പുറപ്പെട്ടു.

കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും

കൗസല്യാദികളായ ഭാര്യമാരോടും കൂടി

ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും

പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും

മിഥിലാപുരമകം പുക്കിതു ദശരഥൻ

മിഥിലാധിപൻതാനും ചെന്നെതിരേറ്റുകൊണ്ടാൻ.

വന്ദിച്ചു ശതാനന്ദൻ തന്നോടും കൂടെച്ചെന്നു

വന്ദ്യന‍ാം വസിഷ്‌ഠനെത്തദനു പത്നിയേയും

അർഘ്യാപാദ്യാദികളാലർപ്പിച്ചു യഥാവിധി

സത്ക്കരിച്ചിതു യഥായോഗ്യമുർവ്വീന്ദ്രൻതാനും.

രാമലക്ഷ്‌മണന്മാരും വന്ദിച്ചു പിതാവിനെ-

സ്സാമോദം വസിഷ്‌ഠനാമാചാര്യപാദ‍ാംബ്ജവും

തൊഴുതു മാതൃജനങ്ങളേയും യഥാക്രമം

തൊഴുതു ശ്രീരാമപാദ‍ാംഭോജമനുജന്മാർ.

തൊഴുതു ഭരതനെ ലക്ഷ്‌മണകുമാരനും

തൊഴുതു ശത്രുഘ്‌നനും ലക്ഷ്‌മണപാദ‍ാംഭോജം.

വക്ഷസി ചേർത്തു താതൻ രാമനെപ്പുണർന്നിട്ടു

ലക്ഷ്‌മണനെയും ഗാഢാശ്ലേഷവും ചെയ്തീടിനാൻ

ജനകൻ ദശരഥൻ തന്നുടെ കൈയുംപിടി-

ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്‌:

“നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌

നാലുപുത്രന്മാർ ഭവാൻതനിക്കുണ്ടല്ലോതാനും

ആകയാൽ നാലു കുമാരന്മാർക്കും വിവാഹം ചെ-

യ്‌താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട.”

വസിഷ്‌ഠൻതാനും ശതാനന്ദനും കൗശികനും

വിധിച്ചു മുഹൂർത്തവും നാല്വർക്കും യഥാക്രമം

ചിത്രമായിരിപ്പൊരു മണ്ഡപമതും തീർത്തു

മുത്തുമാലകൾ പുഷ്പഫലങ്ങൾ തൂക്കി നാനാ-

രത്നമണ്ഡിത സ്തംഭതോരണങ്ങളും നാട്ടി

രത്നമണ്ഡിതസ്വർണ്ണപീഠവും വച്ചു ഭക്ത്യാ

ശ്രീരാമപാദ‍ാംഭോജം കഴുകിച്ചനന്തരം

ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും

ഹോമവും കഴിച്ചു തൻപുത്രിയ‍ാം വൈദേഹിയെ

രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.

തല്പാദതീർത്ഥം നിജ ശിരസി ധരിച്ചുട-

നാൾപുളക‍ാംഗത്തോടെ നിന്നിതു ജനകനും.

യാതൊരു പാദതീർത്ഥം ശിരസി ധരിക്കുന്നു

ഭൂതേശവിധിമുനീന്ദ്രാദികൾ ഭക്തിയോടെ.

ഊർമ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും

കാമ്യ‍ാംഗിമാര‍ാം ശ്രുതകീർത്തിയും മാണ്ഡവിയും

ഭരത ശത്രുഘ്നൻമാർ തന്നുടെ പത്നിമാരായ്;

പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും.

കൗശികാത്മജനോടും വസിഷ്‌ഠനോടും കൂടി

വിശദസ്മിതപൂർവ്വം പറഞ്ഞു ജനകനും:

“മുന്നം നാരദനരുൾചെയ്തു കേട്ടിരിപ്പു ഞാ-

നെന്നുടെ മകളായ സീതാവൃത്താന്തമെല്ല‍ാം

യാഗഭൂദേശം വിശുദ്ധ്യാർത്ഥമായുഴുതപ്പോ-

ളേകദാ സിതാമദ്ധ്യേ കാണായി കന്യാരത്നം

ജാതയായൊരു ദിവ്യകന്യകതനിക്കു ഞാൻ

സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം

പുത്രിയായ് വളർത്തു ഞാനിരിക്കും കാലത്തിങ്ക-

ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം

എന്നോടു മഹാമുനിതാനരുൾചയ്‌താനപ്പോൾ:

‘നിന്നുടെ മകളായ സീതാവൃത്താന്തം കേൾ നീ

പരമാനന്ദമൂർത്തി ഭഗവാൻ നാരായണൻ

പരമാത്മാവാമജൻ ഭക്തവത്സലൻ നാഥൻ

ദേവകാര്യാർത്ഥം പംക്തികണ്ഠനിഗ്രഹത്തിനായ്

ദേവേന്ദ്രവിരിഞ്ചരുദ്രാദികളർത്ഥിക്കയാൽ

ഭൂമിയിൽ സൂര്യാന്വയേ വന്നവതരിച്ചിതു

രാമനായ് മായാമർത്ത്യവേഷം പൂണ്ടറിഞ്ഞാലും.

യോഗേശ്വരൻ മനുഷ്യനായിടുമ്പോളതുകാലം

യോഗമായാദേവിയും മാനുഷവേഷത്തോടെ

ജാതയായിതു തവ വേശ്മനി തൽക്കാരണാൽ

സാദരം ശ്രീരാമനു കൊടുക്ക മടിയാതെ’

ഇത്ഥം നാരദനരുളിച്ചെയ്‌തു മറഞ്ഞിതു

പുത്രിയായ് വളർത്തിതു ഭക്തികൈക്കൊണ്ടു ഞാനും

സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ!

ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു?

എന്നതോർത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി

പന്നഗവിഭൂഷണൻതന്നനുഗ്രഹശക്ത്യാ.

മൃത്യുശാസനാചഅപം മുറിച്ചീടുന്ന പുമാൻ

ഭർത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം

ചിത്തത്തിൽ നിരൂപിച്കുവരുത്തി നൃപന്മാരെ

ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും

ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടൻ

ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ

അത്ഭുതപുരുഷനാമുല്പലനേത്രൻതന്നെ

ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേൻ ഭാഗ്യവശാൽ.”

ദർപ്പകസമനായ ചില്പുരുഷനെ നോക്കി

പില്പാടു തെളിഞ്ഞുരചെയ്‌തിതു ജനകനും:

“അദ്യ മേ സഫലമായ് വന്നു മാനുഷജന്മം

ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടും

ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി

വിദ്യുത്സംയുതമായ ജീമൂതമെന്നപോലെ

ശക്തിയ‍ാം ദേവിയോടും യുക്തനായ് കാൺകമൂലം

ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം.

രക്തപങ്കജചരണാഗ്രേ സന്തതം മമ

ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം

ത്വൽ പാദ‍ാംബുജഗളീത‍ാംബു ധാരണം കൊണ്ടു

സർപ്പഭൂഷണൻ ജഗത്തൊക്കെസ്സംഹരിക്കുന്നു;

ത്വൽ പാദ‍ാംബുജഗളീത‍ാംബുധാരണം കൊണ്ടു

സല്പുമാൻ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം

ത്വൽ പാദ‍ാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും

കില്‌ബിഷത്തോടു വേർപെട്ടു നിർമ്മലയാൾ.

നിന്തിരുവടിയുടെ നാമകീർത്തനം കൊണ്ടു

ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു

സന്തതം യോഗസ്ഥൻമാരാകിയ മുനീന്ദ്രന്മാർ;

ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം”

ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും

ഭക്തികൈക്കൊണ്ടു കൊടുത്തീടിനാൻ മഹാധനം;

കരികളറുനൂറും പതിനായിരം തേരും

തുരഗങ്ങളെയും നൽകീടിനാൻ നൂറായിരം;

പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും

വസ്ത്രങ്ങൾ ദിവ്യങ്ങളായുള്ളതും ബഹുവിധം.

മുത്തുമാലകൾ ദിവ്യരത്നങ്ങൾ പലതരം

പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും

സീതാദേവിക്കു കൊടുത്തീടിനാൻ ജനകനും;

പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും.

വിധിനന്ദനപ്രമുഖന്മാര‍ാം മുനികളെ

വിധിപൂർവ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാൻ.

സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും

സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു

കല്‌മഷമകന്നൊരു ജനകനൃപേന്ദ്രനും

തന്മകളായ സീതതന്നെയുമാശ്ലേഷിച്ചു

നിർമ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ-

ധർമ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ.

ചിന്മയൻ മായാമയനായ രാഘവൻ നിജ-

ധർമ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു.

മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും

മൃദുഗാനങ്ങൾ തേടും വീനയും കുഴലുകൾ

ശൃംഗകാഹളങ്ങളും മദ്ദളമിടക്കകൾ

ശൃംഗാരരസപരിപൂർണ്ണവേഷങ്ങളോടും

ആന തേർ കുതിര കാലാളായ പടയോടു-

മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും

കൗശികവസിഷ്‌ഠാദിതാപസേന്ദ്രന്മാരായ

ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും

വേഗമോടെഅയോദ്ധ്യയ്‌ക്കാമ്മാറങ്ങു തിരിച്ചപ്പോ-

ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ.

സന്നാഹത്തോടു നടന്നീടുമ്പോൾ ജനകനും

പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം

വെൺകൊറ്റക്കുട തഴ വെൺചാമരങ്ങളോടും

തിങ്കൾമണ്ഡലം തൊഴുമാലവട്ടങ്ങളോടും

ചെങ്കൊടിക്കൂറകൾകൊണ്ടങ്കിതധ്വജങ്ങളും

കുങ്കുമമലയജകസ്തൂരിഗന്ധത്തോടും

നടന്നു വിരവോടു മൂന്നു യോജന വഴി

കടന്നനേരം കണ്ടു ദുർന്നിമിത്തങ്ങളെല്ല‍ാം.

ഭാർഗ്ഗവഗർവശമനം
അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ

“ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ”ന്നാൻ.

“മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ

പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,

ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ

ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും.”

ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം

പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാർഗ്ഗവനെയും.

നീലനീരദനിഭനിർമ്മലവർണ്ണത്തോടും

നീലലോഹിതശിഷ്യൻ ബഡവാനലസമൻ

ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു

പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ

ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ;

ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.

ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമൻ തന്നെ-

പ്പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചാൻ പലതരം:

“കാർത്തവീര്യാരേ! പരിത്രാഹി മ‍ാം തപോനിധേ!

മാർത്താണ്ഡകുലം പരിത്രാഹി കാരുണ്യ‍ാംബുധേ!

ക്ഷത്രിയാന്തക! പരിത്രാഹി മ‍ാം ജമദഗ്നി-

പുത്ര!മ‍ാം പരിത്രാഹി രേണുകാത്മജ! വിഭോ!

പരശുപാണേ! പരിപാലയ കുലം മമ

പരമേശ്വരപ്രിയ! പരിപാലയ നിത്യം.

പാർത്ഥിവസമുദായരക്തതീർത്ഥത്തിൽ കുളി-

ച്ചാസ്ഥയാ പിതൃഗണതർപ്പണംചെയ്ത നാഥ!

കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!

കാൽത്തളിരിണ തവ ശരണം മമ വിഭോ!”

ഇത്തരം ദശരഥൻ ചൊന്നതാദരിയാതെ

ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം

വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലമ്പോലെ ദീപ്ത്യാ

സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ:

“ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കൽ?

മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ

നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാൻ;

വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേൾ.

നീയല്ലോ ബലാൽ ‍ശൈവചാപം ഖണ്ഡിച്ചതെന്റെ

കയ്യിലുണ്ടൊരു ചാപം വൈഷ്ണവം മഹാസാരം

ക്ഷത്രിയകുലജാതൻ നീയിതുകൊണ്ടു

സത്വരം പ്രയോഗിക്കിൻ നിന്നോടു യുദ്ധം ചെയ്‌വൻ.

അല്ലായ്‌കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-

ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും

ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ?

ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ”.

രേണുകാത്മജനേവം പറഞ്ഞോരന്തരം

ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും

അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും

സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.

എന്തോന്നുവരുന്നിതെന്നോർത്തു ദേവാദികളും

ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും

പംക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥപൂണ്ടു,

സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.

മുഗ്ദഭാവവുംപൂണ്ടു രാമന‍ാം കുമാരനും

ക്രുദ്ധന‍ാം പരശുരാമൻതന്നോടരുൾ ചെയ്‌തു:

“ചൊല്ലെഴും മഹാനുഭാവന്മാര‍ാം പ്രൗഢാത്മാക്കൾ

വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ

ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ!

സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു?

നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-

ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ?

അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-

ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.

ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേൻ

ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.

ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല

ശത്രുസംഹാരംചെയ്‌വാൻ ശക്തിയുമില്ലല്ലോ.

അന്തകാന്തകൻപോലും ലംഘിച്ചീടുന്നതല്ല

നിന്തിരുവടിയുടെ ചിന്തിത,മതുമൂലം

വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-

മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട.”

സുന്ദരൻ സുകുമാരനിന്ദിരാപതി രാമൻ

കന്ദർപ്പകളേബരൻ കഞ്ജലോചനൻ പരൻ

ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി

വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതൻ ദേവൻ

മന്ദഹാസവും പൂണ്ടു വന്ദിച്ചു മന്ദേതരം

നന്ദിച്ചു ദശരഥ നന്ദനൻ വില്ലും വാങ്ങി

നിന്നരുളുന്നനേരമീരേഴു ലോകങ്ങളുമൊ

ന്നിച്ചു നിറഞ്ഞൊരു തേജസ്സു കാണായ്‌വന്നു.

കുലച്ചു ബാണമേകമെടുത്തു തൊടുത്താശു

വലിച്ചു നിറച്ചുടൻ നിന്നിതു ജിതശ്രമം

ചോദിച്ചു ഭൃഗുപതിതന്നോടു രഘുപതി:

‘മോദത്തോടരുളിച്ചെയ്തീടണം ദയാനിധേ!

മാർഗ്ഗണം നിഷ്ഫലമായ്‌വരികയില്ല മമ

ഭാർഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം!’

ശ്രീരാമവചനംകേട്ടന്നേരം ഭാർഗ്ഗവനു-

മാരൂഡാനന്ദമതിനുത്തരമരുൾചെയ്തു:

ശ്രീരാമ! രാമ! മഹാബാഹോ! ജാനകീപതേ!

ശ്രീരമണാത്മാരാമ! ലോകാഭിരാമ! രാമ!

ശ്രീരാമ! സീതാഭിരാമാനന്ദാത്മക! വിഷേ്ണാ!

ശ്രീരാമ രാമ! രമാരമണ! രഘുപതേ!

ശ്രീരാമ രാമ! പുരുഷോത്തമ! ദയാനിധേ!

ശ്രീരാമ! സൃഷ്ടിസ്ഥിതിപ്രളയഹേതുമൂർത്തേ!

ശ്രീരാമ! ദശരൗനെന്ദന! ഹൃഷീകേശ!

ശ്രീരാമരാമരാമ! കൌസല്യാത്മജ! ഹരേ!

എങ്കിലോ പുരാവൃത്തം കേട്ടുകൊണ്ടാലും മമ

പങ്കജവിലോചന! കാരുണ്യവാരാന്നിധേ!

ചക്രതീർത്ഥത്തിങ്കൽചെന്നെത്രയും ബാല്യകാലേ

ചക്രപാണിയെത്തന്നെ തപസ്സു ചെയ്‌തേൻ ചിരം

ഉഗ്രമാം തപസ്സുകൊണ്ടിന്ദ്രിയങ്ങളെയെല്ലാം

നിഗ്രഹിച്ചനുദിനം സേവിച്ചേൻ ഭഗവാനെ.

വിഷ്ണു കൈവല്യമൂർത്തി ഭഗവാൻ നാരായണൻ

ജിഷ്ണുസേവിതൻ ഭജനീയനീശ്വരൻ നാരായണൻ

മാധവൻ പ്രസാദിച്ചു മൽ പുരോഭാഗേ വന്നു

സാദരം പ്രത്യക്ഷനായരുളിച്ചെയ്തീടിനാൻ!

‘ഉത്തിഷേ്ഠാത്തിഷ്ഠ ബ്രഹ്മൻ! തുഷ്ടോഹം തപസാ തേ

സിദ്ധിച്ചു സേവാഫലം നിനക്കെന്നറിഞ്ഞാലും

മത്തേജോയുക്തൻ ഭവാനെന്നതുമറിഞ്ഞാലും.

കർത്തവ്യം പലതുണ്ടു ഭവതാ ഭൃഗുപതേ!

കൊല്ലണം പിതൃഹന്താവാകിയ ഹേഹയനെ

ചൊല്ലെഴും കാർത്തവീര്യാർജ്ജുനനാം നൃപേന്ദ്രനെ

വല്ലജാതിയു,മവൻ മല്ക്കലാംശജനല്ലോ

വല്ലഭം ധനുർവേദത്തിന്നവനേറുമല്ലോ.

ക്ഷത്രിയവംശമിരുപത്തൊന്നു പരിവൃത്തി

യുദ്ധേ നിഗ്രഹിച്ചു കശ്യപനു ദാനം ചെയ്ക

പൃഥ്വീമണ്ഡലമൊക്കെ, പ്പിന്നെശ്ശാന്തിയെപ്രാപി-

ച്ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും.

പിന്നെ ഞാൻ ത്രേതായുഗേ ഭൂമിയിൽ ദശരഥൻ

തന്നുടെ തനയനായ്‌വന്നവതരിച്ചീടും.

അന്നു കണ്ടീടാം തമ്മിലെന്നാലെന്നുടെ തേജ-

സ്സന്യൂനം ദാശരഥി തന്നിലാക്കീടുക നീ.

പിന്നെയും തപസ്സുചെയ്താബ്രഹ്മപ്രളയാന്ത-

മെന്നെസ്സേവിച്ചു വസിച്ചീടുക മഹാമുനേ!’

എന്നരുൾചെയ്തു മറഞ്ഞീടിനാൻ നാരായണൻ

തന്നിയോഗങ്ങളെല്ലാം ചെയ്തിതു ഞാനും നാഥാ!

നിന്തിരുവടിതന്നെ വന്നവതരിച്ചോരു

പംക്തിസ്യന്ദനസുതനല്ലോ നീ ജഗല്പതേ!

എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം

നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം

ബ്രഹ്മാദിദേവകളാൽ പ്രാർത്ഥിയ്ക്കപ്പെട്ടുള്ളോരു

കർമ്മങ്ങൾ മായാബലംകൊണ്ടു സാധിപ്പിയ്ക്ക നീ.

സാക്ഷാൽ ശ്രീനാരായണൻതാനല്ലോ ഭവാൻ ജഗൽസാ

ക്ഷിയായിടും വിഷ്ണു ഭഗവാൻ ജഗന്മയൻ.

ഇന്നിപ്പോൾ സഫലമായ് വന്നിതു മമ ജന്മം

മുന്നം ചെയ്‌തൊരു തപസ്സാഫല്യമെല്ലാം വന്നു.

ബ്രഹ്മമുഖ്യന്മാരാലും കണ്ടു കിട്ടീടാതൊരു

നിർമ്മലമായ രൂപം കാണായ് വന്നതുമൂലം

ധന്യനായ് കൃതാർത്ഥനായ് സ്വസ്ഥനായ് വന്നേനല്ലോ;

നിന്നുടെ രൂപമുള്ളിൽ സന്തതം വസിയേ്ക്കണം.

അജ്ഞാനോൽഭവങ്ങളാം ജന്മാദിഷഡ്ഭാവങ്ങൾ

സുജ്ഞാനസ്വരൂപനാം നിങ്കലില്ലല്ലോ പോറ്റീ!

നിർവ്വികാരത്മാ പരിപൂർണ്ണനായിരിപ്പൊരു

നിർവ്വാണപ്രദനല്ലോ നിന്തിരുവടി പാർത്താൽ.

വഹ്നിയിൽ ധൂമം പോലെ വാരിയിൽ നുര പോലെ

നിന്നുടെ മഹാമായാവൈഭവം ചിത്രം! ചിത്രം!

യാവത്തര്യന്തം മായാസംവൃതം ലോകമോർത്താൽ

താവത്തര്യന്തമറിയാവതല്ല ഭവത്തത്ത്വം.

സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും

ത്വൽസേവാരതന്മാരാം മാനുഷർ മെല്ലെ മെല്ലെ

ത്വന്മായാരചിതമാം സംസാരപാരാവാരം

തന്മറുകരയേറീടുന്നിതു കാലംകൊണ്ടേ.

ത്വൽജ്ഞാനപരന്മാരാം മാനുഷജനങ്ങൾക്കുള്ളജ്ഞാ

നം നീക്കുവോരു സൽഗുരു ലഭിച്ചീടും.

സൽഗുരുവരങ്കൽനിന്നമ്പോടു വാക്യജ്ഞാനമുൾക്കാ

മ്പിലുദിച്ചീടും ത്വൽപ്രസാദത്താലപ്പോൾ.

കർമ്മബന്ധത്തിങ്കൽനിന്നാശു വേർപെട്ടു ഭവൽ

ചിന്മയപദത്തിങ്കലാഹന്ത! ലയിച്ചീടും.

ത്വൽഭക്തിവിഹീനന്മാരായുള്ള ജനങ്ങൾക്കു

കല്പകോടികൾകൊണ്ടും സിദ്ധിയ്ക്കയില്ലയല്ലോ.

വിജ്ഞാനജ്ഞാനസുഖം മോക്ഷമെന്നറിഞ്ഞാലും

അജ്ഞാനം നീക്കി ത്വൽബോധം മമ സിദ്ധിയേ്ക്കണം.,

ആകയാൽ ത്വത്താദപത്മങ്ങളിൽ സദാകാല

മാകുലംകൂടാതൊരു ഭക്തി സംഭവിയേ്ക്കണം.

നമസ്തേ ജഗത്പതേ! നമസ്തേ രമാപതേ!

നമസ്തേ ദാശരധെ നമസ്തേ സതാം പതേ!

നമസ്തേ വേദപതേ! നമസ്തേ ദേവപതേ!

നമസ്തേ മഖപതേ! നമസ്തേ ധരാപതേ!

നമസ്തേ ധർമ്മപതേ! നമസ്തേ സീതാപതേ!

നമസ്തേ കാരുണ്യാബ്ധേ! നമസ്തേ ചാരുമൂർത്തേ!

നമസ്തേ രാമ രാമ! നമസ്തേ രാമചന്ദ്ര!

നമസ്തേ രാമ രാമ! നമസ്തേ രാമഭദ്ര!

സന്തതം നമോസ്തു തേ ഭഗവൻ! നമോസ്തു തേ

ചിന്തയേ ഭവച്ചരണാംബുജം നമോസ്തു തേ

സ്വർഗ്ഗതിയ്ക്കായിട്ടെന്നാൽ സഞ്ചിതമായ പുണ്യ-

മൊക്കെ നിൻ ബാണത്തിനു ലക്ഷ്യമായ് ഭവിയേ്ക്കണം.’

എന്നതു കേട്ടു തെളിഞ്ഞന്നേരം ജഗന്നാൗൻെ

മന്ദഹാസവും ചെയ്തു ഭാർഗ്ഗവനോടു ചൊന്നാൻ:

‘സന്തോഷം പ്രാപിച്ചേൻ ഞാൻ നിന്തിരുവടിയുള്ളിലെ

ന്തോന്നു ചിന്തിച്ചതെന്നാലവയെല്ലാം തന്നേൻ’

പ്രീതികൈക്കൊണ്ടു ജമദഗ്നിപുത്രനുമപ്പോൾ

സാദരം ദശരഥ പുത്രനോടരുൾ ചെയ്തു:

‘ഏതാനുമനുഗ്രഹമുണ്ടെന്നെക്കുറിച്ചെങ്കിൽ

പാദഭക്തന്മാരിലും പാദപത്മങ്ങളിലും

ചേതസി സദാകാലം ഭക്തി സംഭവിയേ്ക്കണം

മാധവ! രഘുപതേ! രാമ! കാരുണ്യാംബുധേ!

ഇസ്തോത്രം മയാ കൃതം ജപിച്ചീടുന്ന പുമാൻ

ഭക്തനായ് തത്വജ്ഞനായീടേണം, വിശേഷിച്ചും

മൃത്യു വന്നടുക്കുമ്പോൾ ത്വത്താദാംബുജസ്മൃതി

ചിത്തേ സംഭവിപ്പതിന്നായനുഗ്രഹിയേ്ക്കണം.’

‘അങ്ങനെ തന്നെ’യെന്നു രാഘവൻ നിയോഗത്താൽ

തിങ്ങിന ഭക്തിപൂണ്ടു രേണുകാതനയനും

സാദരം പ്രദക്ഷിണം ചെയ്തു കുമ്പിട്ടു കൂപ്പി

പ്രീതനായ്‌ചെന്നു മഹേന്ദ്രാചലം പുക്കീടിനാൻ.

ഭൂപതി ദശരഥൻതാനതിസന്തുഷ്ടനായ്

താപവുമകന്നു തൻപുത്രനാം രാമൻതന്നെ

ഗാഡമായാശ്ലേഷം ചെയ്താനന്ദാശ്രുക്കളോടും

പ്രൌഡാത്മാവായ വിധിനന്ദനനോടും കൂടി

പുത്രന്മാരോടും പടയോടും ചെന്നയോദ്ധ്യയിൽ

സ്വസ്ഥമാനസനായ് വാണീടിനാൻ കീർത്തിയോടെ.

ശ്രീരാമാദികൾ നിജഭാര്യമാരോടും കൂടി

സ്വൈരമാനസന്മാരായ് രമിച്ചുവാണീടിനാരെല്ലാവരും.

വൈകുണ്ഠപുരിതന്നിൽ ശ്രീഭഗവതിയോടും

വൈകുണ്ഠൻ വാഴും പോലെ രാഘവൻ സീതയോടും

ആനന്ദമൂർത്തി മായാമാനുഷവേഷം കൈക്കൊ

ണ്ടാനന്ദം പൂണ്ടു വസിച്ചീടിനാനനുദിനം.

കേകയനരാധിപനാകിയ യുധാജിത്തും

കൈകേയീതനയനെ കൂട്ടിക്കൊണ്ടങ്ങു ചെൽവാൻ

ദൂതനെയയച്ചതു കണ്ടൊരു ദശരൗൻെ

സോദരനായ് മേവീടും ശത്രുഘ്‌നനോടും കൂടി

സാദരം ഭരതനെപ്പോവാനായ് നിയോഗിച്ചാ

നാദരവോടും നടന്നീടിനാരവർകളും.

മാതുലൻതന്നെക്കണ്ടു ഭരതശത്രുഘ്‌നന്മാർ

മോദമുൾക്കൊണ്ടു വസിച്ചീടിനാരതുകാലം.

മൈൗിെലിയോടും നിജനന്ദനനോടും ചേർന്നു

കൌസല്യാദേവിതാനും പരമാനന്ദം പൂണ്ടാൾ.

രാമലക്ഷ്മണന്മാരാം പുത്രന്മാരോടും നിജ

ഭാമിനിമാരോടുമാനന്ദിച്ചു ദശരഥൻ

സാകേതപുരിതന്നിൽ സുഖിച്ചു വാണീടിനാൻ

പാകശാസനനമരാലയേ വാഴുംപോലെ.

നിർവ്വികാരാത്മാവായ പരമാനന്ദമൂർത്തി

സർവ്വലോകാനന്ദാർത്ഥം മനുഷ്യാകൃതിപൂണ്ടു

തന്നുടെ മായാദേവിയാകിയ സീതയോടുമൊ

ന്നിച്ചുവാണാനയോദ്ധ്യാപുരിതന്നിലന്നേ.

ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ
ബാലകാണ്ഡം സമാപ്തം