
ശനിയെ ഭയക്കേണ്ടതില്ല, ശനി മാറ്റം 2025
ഗ്രഹങ്ങളില്‍ ഈശ്വരപദവിയുള്ള ഗ്രഹമാണ് ശനീശ്വരന്‍. ശരിയായി പറഞ്ഞാല്‍ ശനി ഭഗവാന്‍ ആരെയും ശിക്ഷിക്കുന്നില്ല. നമ്മുടെ കുറവുകളെ ഇല്ലാതാക്കി നമ്മളെ ശരിയിലേയ്ക്ക് നയിക്കുകയാണ് ചെയ്യുന്നത്. അതായത് ഏഴരശനി, കണ്ടകശനി അഷ്ടമശനി ബാധിച്ചവര്‍ അസമയങ്ങളില്‍ യാത്രകള്‍ ഉപേക്ഷിക്കുക. അനാവശ്യകൂട്ടുകെട്ടുകളില്‍ നിന്ന് അകന്നുനില്‍ക്കുക, അനാവശ്യ രഹസ്യ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുക, പ്രാര്‍ത്ഥനയും ഈശ്വരീയമായ ദിനചര്യകളും മുടക്കാതിരിക്കുക, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക. ജാമ്യം, മധ്യസ്ഥത, അന്യരെ സഹായിക്കല്‍ ഇവ ഒഴിവാക്കുക. ഇങ്ങനെ സന്മാര്‍ഗ്ഗത്തിലും ധാര്‍മ്മികമായും ദൈവികമായും ജീവിച്ചുപോകുന്നവരെ സംബന്ധിച്ച് ശനീശ്വരന്‍ ദോഷം ചെയ്യുകയില്ല എന്നുമാത്രമല്ല എല്ലാ രീതിയിലും സഹായിക്കുകയും വിദേശയാത്ര, വീടുപണി, കര്‍മ്മലാഭം, കച്ചവടലാഭം ഇവ നല്‍കി അവരവരുടെ പ്രവര്‍ത്തനമേഖലയില്‍ ഊര്‍ജ്ജം പകരുകതന്നെ ചെയ്യും.
കഴിഞ്ഞ രണ്ടരവര്‍ഷമായി കുംഭരാശിയില്‍ നിന്നിരുന്ന ശനി 2025 മാര്‍ച്ച് 29 ന് രാത്രിയില്‍ മീനം രാശിയിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ കുറെ നാളായി കഷ്ടതകള്‍ അനുഭവിച്ചിരുന്ന അഞ്ച് രാശിക്കാര്‍ക്ക് സ്വസ്ഥതയും ജീവിതസാഹചര്യങ്ങളില്‍ മാറ്റവും വരുന്ന ശനിമാറ്റമാണ് സംഭവിക്കുന്നത്. ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, മകരം എന്നീ കൂറുകളില്‍ ജനിച്ചവര്‍ക്ക് സ്വപ്നസാക്ഷാത്ക്കാരത്തിന്‍റെ നാളുകളാണ്. അതേസമയം ശനിമാറുന്ന മീനം രാശിയുടെ കേന്ദ്ര രാശികളായ ധനു, കന്നി, മിഥുനം രാശികളില്‍ ജനിച്ചവര്‍ക്ക് കണ്ടകശനി ആരംഭിക്കുകയാണ്. കുംഭം, മീനം, മേടം രാശിക്കാര്‍ക്ക് ഏഴരശനിയും കണ്ടകശനി അനുഭവിച്ചിരുന്ന ചിങ്ങക്കൂറുകാര്‍ക്ക് അഷ്ടമശനിയും ബാധകമാണ്.
ശനി ശിക്ഷകനല്ല
ഗ്രഹങ്ങളില്‍ ഈശ്വരപദവിയുള്ള ഗ്രഹമാണ് ശനീശ്വരന്‍. ശരിയായി പറഞ്ഞാല്‍ ശനി ഭഗവാന്‍ ആരെയും ശിക്ഷിക്കുന്നില്ല. നമ്മുടെ കുറവുകളെ ഇല്ലാതാക്കി നമ്മളെ ശരിയിലേയ്ക്ക് നയിക്കുകയാണ് ചെയ്യുന്നത്. അതായത് ഏഴരശനി, കണ്ടകശനി അഷ്ടമശനി ബാധിച്ചവര്‍ അസമയങ്ങളില്‍ യാത്രകള്‍ ഉപേക്ഷിക്കുക. അനാവശ്യകൂട്ടുകെട്ടുകളില്‍ നിന്ന് അകന്നുനില്‍ക്കുക, അനാവശ്യ രഹസ്യ ഇടപാടുകളില്‍ ഏര്‍പ്പെടാതിരിക്കുക, പ്രാര്‍ത്ഥനയും ഈശ്വരീയമായ ദിനചര്യകളും മുടക്കാതിരിക്കുക, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക. ജാമ്യം, മധ്യസ്ഥത, അന്യരെ സഹായിക്കല്‍ ഇവ ഒഴിവാക്കുക. ഇങ്ങനെ സന്മാര്‍ഗ്ഗത്തിലും ധാര്‍മ്മികമായും ദൈവികമായും ജീവിച്ചുപോകുന്നവരെ സംബന്ധിച്ച് ശനീശ്വരന്‍ ദോഷം ചെയ്യുകയില്ല എന്നുമാത്രമല്ല എല്ലാ രീതിയിലും സഹായിക്കുകയും വിദേശയാത്ര, വീടുപണി, കര്‍മ്മലാഭം, കച്ചവടലാഭം ഇവ നല്‍കി അവരവരുടെ പ്രവര്‍ത്തനമേഖലയില്‍ ഊര്‍ജ്ജം പകരുകതന്നെ ചെയ്യും.
ശനിമാറ്റം സാമൂഹ്യപുരോഗതി
നീചഭംഗരാജയോഗം, രാജയോഗം, ധനികയോഗം, അഖണ്ഡ സാമ്രാജ്യയോഗം, വിദ്യായോഗം, കാമയോഗം മഹാപരിവര്‍ത്തനയോഗം, ഭൃഗുമംഗള യോഗം, ചന്ദ്രമംഗളയോഗം ഇങ്ങനെ വിശിഷ്ടമായ പല യോഗങ്ങളും സംഭവിച്ച ഒരു അപൂര്‍വ്വ സംഗമമുഹൂര്‍ത്തത്തിലാണ് ശനീശ്വരന്‍റെ മീനം രാശിയിലേയ്ക്കുള്ള സംക്രമം. ആയതിനാല്‍ രാജ്യത്തും സമൂഹത്തിലും ധനപരമായിട്ടം സാമ്പത്തിക സാമൂഹിക പുരോഗതിയിലും വളരെ വലിയ നേട്ടങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരികയും അത് രാജ്യപുരോഗതിയില്‍ പ്രകടമാവുകയും ചെയ്യും. കഴിഞ്ഞകാലം സമൂഹം നേരിട്ടുകൊണ്ടിരുന്ന നിരവധി വൈദ്യശാസ്ത്ര രംഗത്തെയും ആരോഗ്യരംഗത്തെയും വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. ധനപരമായി ക്ലേശം അനുഭവിച്ചിരുന്ന വ്യവസായ കച്ചവടസ്ഥാപനങ്ങള്‍ ക്രമേണ ലാഭകരമായി തീരാന്‍ സാധ്യതയുണ്ട്. എന്തായാലും വളരെ പ്രതീക്ഷയുടെ ഒരു നല്ല കാലമാണ് 2025.
ജ്യോതിശാസ്ത്രപരമായി വിശ്വാസികള്‍ ഏറ്റവും പേടിക്കുന്ന ഗ്രഹമാണ് ശനി. വാസ്തവത്തില്‍ ശനി ഒരിക്കലും ആരെയും ദ്രോഹിക്കുന്നില്ല. ധര്‍മ്മത്തിന്‍റെയും നീതിയുടെയും പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ശനി സഹായിയാണ്. കര്‍മ്മകാരകനും ഭൃത്യകാരനുമായ ശനി നമ്മുടെ വിജയത്തിനും പ്രവൃത്തി വിജയത്തിനും സഹായിക്കുന്ന ഈശ്വരനാണ്. ശനിയാണ് ഈ രാശിയില്‍ കൂടുതല്‍ കാലം നില്‍ക്കുന്ന ഗ്രഹം. ഏതാണ്ട് രണ്ടരവര്‍ഷം. ശനിക്ക് വക്രഗതി ഉണ്ടെങ്കില്‍ ഇതിന് മാറ്റം വരാവുന്നതാണ്. ശനിയുടെ രാശിപ്പകര്‍ച്ച കൊണ്ട് മാത്രം ഒരു ജാതകന്‍റെ ഫലം പൂര്‍ണ്ണമായി പറയുക അസാധ്യമാണ്. മറ്റ് ഗ്രഹങ്ങളുടെ ബലാബലവും ശനിയുടെ ബലാബലവും ജാതകാല്‍ ഉള്ള ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്തെങ്കില്‍ മാത്രമെ ശനിയുടെ മാറ്റത്തെ പൂര്‍ണ്ണമായും അപഗ്രഥിക്കാന്‍ സാധിക്കുകയുള്ളൂ. എങ്കിലും ശനി മാറ്റം വരുമ്പോള്‍ കണ്ടകശനി, ഏഴരശനി ബാധിച്ചവര്‍ തീര്‍ച്ചയായും ഈശ്വരാധീനം വര്‍ദ്ധിപ്പിക്കുക, രഹസ്യ ഇടപാടുകള്‍, ദുഷ്ടജനസംസര്‍ഗ്ഗം, അസമയയാത്രകള്‍, അധാര്‍മ്മിക മാര്‍ഗ്ഗത്തിലുള്ള ധനസമ്പാദനം, ദുശ്ശീലങ്ങള്‍ ഇവ ഒഴിവാക്കുകതന്നെ വേണം. ശനി എല്ലാവര്‍ക്കും ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലം ഉണ്ടാക്കുമെന്ന് ചിന്തിക്കണം.
2025 മാര്‍ച്ച് മാസം 28 വരെ ശനി നില്‍ക്കുന്നത് കുംഭം രാശിയിലാണ്. അടുത്ത ദിവസം മീനംരാശിയിലേക്ക് പ്രവേശിക്കും. ഈ മാറ്റത്തോടെ ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്‍റെ കൂടെ ജാതകാല്‍ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങള്‍ വിലയിരുത്തണം.
മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
മേടക്കൂറുകാര്‍ക്ക് ഏഴരശനി തുടങ്ങുകയാണ്. ശനി പന്ത്രണ്ടാം ഭാവത്തില്‍. എല്ലാകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ട കാലം. ബിസിനസിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ പുതിയ പദ്ധതികളും മാറ്റങ്ങളും ഉടന്‍ കൊണ്ടുവരരുത്. സഹപ്രവര്‍ത്തകരെയും പാര്‍ട്ണര്‍മാരെയും ജാഗ്രതയോടെ നിരീക്ഷിക്കുക. പ്രതികൂല ജീവിതസാഹചര്യങ്ങളെ അതിജീവിക്കേണ്ടതായി വരും. വാക്കിലും പ്രവര്‍ത്തിയിലും ക്ഷമ പുലര്‍ത്തുക. സമയം അത്ര നന്നല്ല എന്നൊരു ബോധം എപ്പോഴും ഉണ്ടാവണം. ദുശ്ശീലങ്ങള്‍, അനാവശ്യ കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവണം. സന്താനങ്ങളുടെ കാര്യത്തില്‍ വലിയ ദോഷങ്ങല്‍ വരില്ല. കര്‍മ്മത്തില്‍ അലസത ബാധിക്കാതെ ശ്രദ്ധിക്കണം. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവജാഗ്രത പുലര്‍ത്തണം. വിദ്യാര്‍ത്ഥികള്‍ അലസത വെടിയണം. പൊതുപ്രവര്‍ത്തകര്‍ക്ക് മോശപ്പെട്ട സംസാരം വഴി ഭാവിയെ പ്രതികൂലമായി ബാധിക്കുവാന്‍ സാദ്ധ്യത. ധ്യാനം, ജപം, ക്ഷേത്രദര്‍ശനം ഇവ മുടക്കരുത്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിയും. പരാജയത്തിന്‍റെ കാരണം തിരിച്ചറിഞ്ഞ് തിരുത്താന്‍ നോക്കണം.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
ഇടവക്കൂറുകാര്‍ക്ക് കണ്ടകശനി മാറി ശനി പതിനൊന്നാം ഭാവത്തിലേക്ക് വരുന്നു. കഷ്ടകാലം മാറുകയാണ്. ചിരകാല സ്വപ്നപദ്ധതികള്‍ പൂര്‍ത്തിയാകും. ജോലിയില്‍ പ്രമോഷന്‍, ഇഷ്ടസ്ഥാനത്തേക്ക് മാറ്റം, അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍ വരാവുന്ന കാലമാണ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. വിദേശയാത്രയ്ക്കുള്ള അവസരം ദൈവകൃപയാല്‍ വന്നുചേരും. പ്രണയത്തില്‍ ആഗ്രഹസാഫല്യം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കും. ആഗ്രഹിച്ച വിവാഹം നടക്കും. വേര്‍പെട്ട് താമസിക്കുന്ന ദമ്പതികള്‍ക്ക് പുനസ്സമാഗമം സാദ്ധ്യമാകും. കോടതി വ്യവഹാരം, തര്‍ക്കം ഇവയില്‍ രമ്യമായ പരിഹാരം. കൃഷിലാഭം. പുതിയ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ വഴി ഗുണാനുഭവങ്ങള്‍ ലഭിക്കും.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
മിഥുനക്കൂറുകാര്‍ക്ക് ഭാഗ്യസ്ഥാനത്തുനിന്ന് ശനി പത്താം ഭാവത്തിലേക്ക് മാറുകയാണ്. ഉദ്യോഗത്തില്‍ മേലധികാരികളുടെ താക്കീത് വരാതെ ശ്രദ്ധിക്കുക. ധനപരമായി ചില ബുദ്ധിമുട്ടുകള്‍ വരാം. വിവാഹകാര്യങ്ങളില്‍ തല്‍ക്കാലം തടസ്സം വന്നാലും പിന്നീട് ഗുണം വരും. വിദേശയാത്ര നീണ്ടുപോകും. ആരോഗ്യകാര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തുക. പൊതുപ്രവര്‍ത്തകര്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. കേസുകള്‍ തര്‍ക്കങ്ങള്‍ ഇവയില്‍ കടുംപിടിത്തം ഒഴിവാക്കുക. വാശി, പക ഇവ ഒഴിവാക്കുക, പുതിയ സൗഹൃദങ്ങളില്‍ നിന്ന് ചതി വരാതെ സൂക്ഷിക്കുക. കഠിനാധ്വാനവും നിരന്തര പരിശ്രമങ്ങളും വിജയം സമ്മാനിക്കും. അകന്നുനിന്ന ബന്ധുക്കള്‍ വീണ്ടും അടുക്കും. യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണം. നല്ല സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളണം. ദൈവിക കര്‍മ്മങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നത് ഗുണകരമാകും.
കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറുകാര്‍ക്ക് അഷ്ടമശനിയുടെ കഷ്ടതകളില്‍ നിന്ന് ശനി ഭാഗ്യഭാവത്തിലേക്ക് മാറുകയാണ്. അപ്രതീക്ഷിത ധനലാഭം. ചിരകാല സ്വപ്നപദ്ധതികള്‍ നടപ്പിലാക്കും. വലിയ സംരംഭങ്ങള്‍, മുതല്‍മുടക്കുകള്‍ എന്നിവ ഉടന്‍ പാടില്ല. കച്ചവടങ്ങള്‍ ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ പ്രയാസമാണ്. ബന്ധുക്കളുടെ കാര്യങ്ങളില്‍ ഇടപെടുന്നത് വളരെ ആലോചനയോടെ വേണം. എതിരാളികളെ കരുതിയിരിക്കണം. ഒറ്റയ്ക്ക് സുപ്രധാന തീരുമാനങ്ങള്‍ എടുക്കരുത്. സുഹൃത്തുക്കളുമായി കൂടിയാലോചന നടത്തുക. അനാവശ്യ വാഗ്ദാനങ്ങള്‍ നല്‍കരുത്. ഓണ്‍ലൈന്‍ വഴിയുള്ള ബന്ധങ്ങള്‍ പിന്നീട് ബാധ്യതയായി മാറും. ദൈവിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണകരം. ഒരു കാര്യത്തിലും എടുത്തുചാട്ടം വേണ്ട. ക്ഷമ നേട്ടങ്ങള്‍ വഴിയൊരുക്കും.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
ചിങ്ങക്കൂറുകാര്‍ക്ക് കണ്ടകശനി അഷ്ടമത്തിലേക്ക് മാറുകയാണ്. അനാവശ്യ ടെന്‍ഷന്‍ സാഹചര്യങ്ങള്‍ ഒഴിവാക്കുക. ദൈവിക കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങള്‍ പോലും അവഗണിക്കരുത്. വ്യായാമങ്ങള്‍ ശീലിക്കുന്നത് ഗുണകരമാവും. മറ്റ് ഗ്രഹങ്ങളുടെ അനുകൂല സ്ഥിതി മൂലം ദോഷകാഠിന്യം കുറയും. മറ്റുള്ളവരുമായി സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കുക. ആരെയും സഹായിക്കാന്‍ പോയി മന:ക്ലേശം നേടാതിരിക്കുക. സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍ ബുദ്ധി ഉപയോഗിച്ച് നേട്ടങ്ങള്‍ കൈവരിക്കണം. സാമ്പത്തിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ധനം കൈകാര്യം ചെയ്യുമ്പോഴും അതീവജാഗ്രത പുലര്‍ത്തുക, ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തപ്പെട്ട കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. ബിസിനസ്സില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. കലാസാഹിത്യ രംഗത്തുള്ളവര്‍ ഏഷണി സൃഷ്ടിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിനും വിദേശയാത്രയ്ക്കും അവസരം വരും. പുതിയ ജോലി തേടുന്നവര്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
കന്നിക്കൂറുകാര്‍ക്ക് ശനി ഏഴാം ഭാവത്തിലേക്ക് മാറുകയാണ്. പ്രണയം, സൗഹൃദങ്ങള്‍ ഇവയില്‍ ചതി വരാതെ ശ്രദ്ധിക്കേണ്ടതാണ്. കുടുംബ സ്വസ്ഥത ഇല്ലാതാക്കരുത്. വാക്കിലും പ്രവൃത്തിയിലും ക്ഷമ പുലര്‍ത്തുക. രാഷ്ട്രീയബന്ധങ്ങളില്‍ മാറ്റം വരാം. ജോലിയില്‍ താക്കീത് വരാതെ സൂക്ഷിക്കുക. ധനം നിലനിര്‍ത്താന്‍ ശ്രമിക്കണം. തുറന്നുപറയുന്ന ശീലം പാടില്ല. ശത്രുക്കള്‍ തലപൊക്കും. അവിഹിത ഇടപാടുകള്‍ ചെയ്യരുത്. ചെലവ് നിയന്ത്രിക്കുക. ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കണം. വിദ്യാര്‍ത്ഥികള്‍ കഠിനാദ്ധ്വാനം ചെയ്താല്‍ ഫലം കാണും. ജാമ്യം, മധ്യസ്ഥത, തര്‍ക്കം ഇവ ഒഴിവാക്കണം. വര്‍ഷമധ്യത്തോടെ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)
തുലാക്കൂറുകാര്‍ക്ക് ശനി ആറാം ഭാവത്തിലേക്ക് മാറുകയാണ്. പലവഴിയില്‍ ധനപരമായി നേട്ടം. അപ്രതീക്ഷിത ലോട്ടറിഭാഗ്യം. കടബാധ്യതകള്‍ കുറഞ്ഞുവരും. ബിസിനസ്സില്‍ വരുമാനം ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥത വരും. പുതിയ അവസരങ്ങള്‍ വന്നുചേരും. ഉപരിപഠനം പൂര്‍ത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും. മക്കളോടൊപ്പം പുണ്യതീത്ഥയാത്രകള്‍ക്ക് യോഗമുണ്ട്. ഭൂമി, ഗൃഹം വാങ്ങാനും വീട് പുതുക്കിപ്പണിയാനും യോഗമുണ്ട്. മംഗല്യഭാഗ്യം, ജോലിമാറ്റം, ഇഷ്ടസന്താനലബ്ധി, സ്ഥലംമാറ്റം ഇവയും അനുഭവത്തില്‍ വരും.
വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാര്‍ക്ക് ശനി അഞ്ചാം ഭാവത്തിലേക്ക് മാറുകയാണ്. സന്താനങ്ങളുടെ കാര്യത്തില്‍ നല്ല ശ്രദ്ധ വേണം. ആരോഗ്യകാര്യങ്ങളും അവഗണിക്കരുത്. വലിയനേട്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും നഷ്ടസാധ്യത ഇല്ല. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനാധ്വാനത്തിലൂടെ വിജയം വരിക്കും. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി സമയവും പണവും ചെലവഴിക്കും. തടസ്സങ്ങളെ ഈശ്വരപ്രാത്ഥനകൊണ്ട് മാറ്റിയെടുക്കും. അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കിയാല്‍ നന്ന്. ശരിയായ തീരുമാനം എടുത്ത് തക്ക സമയത്ത് ചെയ്യുന്ന പ്രവൃത്തികള്‍ നല്ല ഫലം തരും. വിനയം, ക്ഷമ തുടങ്ങിയവ സര്‍വ്വവിധത്തിലുള്ള ആദരവിനും വഴിയൊരുക്കും. ഭൗതികജീവിതത്തിനോടൊപ്പം ആദ്ധ്യാത്മിക ചിന്തകളും സമന്വയിപ്പിക്കുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ധനുക്കൂറുകാര്‍ക്ക് ശനി നാലാം ഭാവത്തിലേക്ക് മാറുകയാണ്. മറ്റ് ഗ്രഹങ്ങളുടെ അനുകൂല സ്ഥിതി മൂലം ദോഷകാഠിന്യം കുറയും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. പ്രതീക്ഷിക്കുന്ന അത്ര ആനുകൂല്യങ്ങള്‍ തൊഴില്‍രംഗത്ത് നിന്ന് ലഭിക്കണമെന്നില്ല. ചെറിയകാര്യങ്ങളില്‍ പോലും കുടുംബത്തില്‍ അസ്വസ്ഥത ഉടലെടുക്കുന്ന സാഹചര്യം ആകയാല്‍ വാക്കുകളിലും പെരുമാറ്റത്തിലും മിതത്വം പാലിക്കാന്‍ ശ്രമിക്കുക. ധനപരമായി നേട്ടമുണ്ടാക്കാന്‍ കഴിയുന്ന എല്ലാ അവസരവും ഭംഗിയായി ഉപയോഗപ്പെടുത്തണം. കഠിനാധ്വാനത്താല്‍ പരീക്ഷയില്‍ വിജയം വരിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ദുശ്ശീലങ്ങള്‍ ഒഴിവാക്കണം. ഈശ്വരാധീനത്താല്‍ വിഷമങ്ങള്‍ തരണം ചെയ്യും.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
മകരക്കൂറുകാര്‍ക്ക് ശനി മൂന്നാം ഭാവത്തിലേക്ക് മാറുകയാണ്. അകന്നിരുന്ന ബന്ധുക്കള്‍ അടുക്കും. വിദേശജോലി, ഉന്നത പഠനനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും. പ്രണയം പൂവണിയും. രോഗവിമുക്തി, മുടങ്ങിക്കിടപ്പുള്ള പണികള്‍ പൂര്‍ത്തിയാക്കും. സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബിസിനസ്സ് വിപുലീകരിക്കാനാകും. പഠനഗുണം, പരീക്ഷാവിജയം, തൊഴില്‍ലാഭം, വിവാഹം ഇവയും നടക്കും. അകന്നിരുന്ന ദമ്പതികള്‍ അടുക്കും. ഗുണകരമായ ഉദ്യോഗമാറ്റമുണ്ടാകും. കാര്‍ഷികമേഖലയില്‍ ഗുണം. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വ്യാപാരം വിപുലമാക്കും.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
കുംഭക്കൂറുകാര്‍ക്ക് ശനി രണ്ടാം ഭാവത്തിലേക്ക് മാറുകയാണ്. ഈശ്വരാധീനം വര്‍ദ്ധിപ്പിക്കണം. ധനം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. മറ്റുള്ളവരെ പിണക്കാതെ സൂക്ഷിക്കണം. പഴയകാല ശത്രുക്കള്‍ തലപൊക്കും. ക്ഷമയും ബുദ്ധിയും കൊണ്ട് നേരിടണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാഗ്രത വേണം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടരുത്. ജാമ്യം, മധ്യസ്ഥത ഒഴിവാക്കുക. കുടുംബത്തില്‍ വാക്കിലും പ്രവൃത്തിയിലും ക്ഷമ പുലര്‍ത്തുക. തെറ്റിദ്ധാരണ, വാശി, മടി, ദുര്‍ചിന്തകള്‍ ഒഴിവാക്കുക. ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ എവിടെയും വിജയിക്കാവുന്ന സമയം. വര്‍ഷപകുതി കഴിഞ്ഞാല്‍ സമയം വളരെ നന്നാവും. ഭാഗ്യാനുഭവങ്ങള്‍ തേടിവരും. പുതിയ സ്വപ്നപദ്ധതികള്‍ നടക്കും. അതുവരെ എന്ത് കാര്യത്തിനും രണ്ടുതവണ ആലോചിക്കണം.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാര്‍ക്ക് ശനി ജന്മത്തിലേക്ക് മാറുകയാണ്.ആരോഗ്യം ശ്രദ്ധിക്കണം. ഈശ്വരചിന്ത വര്‍ദ്ധിപ്പിക്കണം. രഹസ്യ ഇടപാടുകള്‍ തിരിച്ചടിക്കും. അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് പേരുദോഷം വരുത്തരുത്. വാക്കില്‍ നിയന്ത്രണം. ആരോഗ്യശ്രദ്ധ വേണം. പൊതുപ്രവര്‍ത്തകര്‍ക്ക് വിശ്വസ്തരില്‍ നിന്ന് ബുദ്ധിമുട്ടുണ്ടാകാം. ആരേയും അമിതമായി വിശ്വസിക്കരുത്. തര്‍ക്കം, കേസ്, വഴക്ക് ഇവ ഒത്തുതീര്‍പ്പിന് ശ്രമിക്കുക. എല്ലാകാര്യങ്ങളിലും വിട്ടുവീഴ്ചാ മനോഭാവം വേണം. സൗഹൃദങ്ങള്‍ ഗുണം ചെയ്യും. അകന്നിരുന്നവരുമായി രമ്യതയില്‍ എത്താന്‍ ശ്രമിക്കണം. സ്വസ്ഥത വീണ്ടെടുക്കാന്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണം. അപകീര്‍ത്തി ഉണ്ടാകാവുന്ന സമയദോഷകാലമാണ്. ദുശ്ശീലങ്ങള്‍, ദുഷിച്ച കൂട്ടുകെട്ട് ഇവയില്‍ നിന്നും വിട്ടുനില്‍ക്കണം. ദാമ്പത്യജീവിതത്തില്‍ വിട്ടുവീഴ്ചാമനോഭാവം ഗുണം ചെയ്യും. സമാധാനമായി പ്രശ്നങ്ങള്‍ പരിഹരിക്കുക. വൈരാഗ്യബുദ്ധി ഉപേക്ഷിച്ച് ഈശ്വരചിന്ത വളര്‍ത്തുക
ശനിദോഷശാന്തിക്ക്
ശനിയാഴ്ച എള്ളുകലര്‍ന്ന ഭക്ഷണം കാക്കയ്ക്ക് നല്‍കുക. ഭദ്രകാളി, ഹനുമാന്‍, ശാസ്താവ്, ശനീശ്വരന്‍, കാലഭൈരവന്‍ എന്നീ ദേവതാമന്ത്രം ജപം ദോഷകാഠിന്യം കുറയ്ക്കും. ഹനുമാന്‍സ്വാമിക്ക് അവല്‍ നിവേദ്യം, ശാസ്താവിന് എള്ളുപായസം, പാനകം, നല്ലെണ്ണ സമര്‍പ്പണം ഇവയും ശനിദോഷകാഠിന്യം കുറയ്ക്കും. വികലാംഗര്‍, വയോധികര്‍, രോഗികള്‍ ഇവരെ സഹായിക്കുന്നതും ശനിദോഷ ശാന്തി നല്‍കും. ശനിദോഷത്താല്‍ ആരോഗ്യപ്രശ്നം വരുന്നവര്‍ ശനിയുടെ ആയുര്‍വേദ മൗലികകളാല്‍ സ്നാനം ചെയ്യുന്നതും ഗുണകരം. ശാസ്താവിന് കരിക്കഭിഷേകം ശനി ദുരിതശാന്തിക്കും ആരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്. വിദ്യാവിജയത്തിനും വിഘ്നനിവാരണത്തിനും ത്വക്രോഗശാന്തിക്കും അയ്യപ്പക്ഷേത്രങ്ങളില്‍ അഭിഷേകം ഗുണകരം. നീരാജനം തെളിയിക്കല്‍, എള്ളുപായസം എന്നിവ അഭീഷ്ടസിദ്ധി, പാപശാന്തി എന്നിവയ്ക്കെല്ലാം ഉത്തമം. നീലശംഖു പുഷ്പാര്‍ച്ചന ശനിദോഷ നിവാരണത്തിന് അതിവിശേഷമാണ്.
ജ്യോതിഷരത്നം
വേണുമഹാദേവ്
(9847575559)