ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന അലൗകിക ആനന്ദം പി.കെ. വീരമണി ദാസന്‍ (ഗായകന്‍)
പ്രപഞ്ചത്തിന്‍റെ മൂര്‍ത്തീരൂപമാണ് അയ്യപ്പന്‍. ഭഗവാനും ഭക്തനും തമ്മിലുള്ള ആത്മബന്ധത്തിന് ഊടും പാവും നെയ്യുന്ന പുണ്യസന്നിധിയാണ് ശബരിമല. ഇവിടെ പണ്ഡിതനും പാമരനുമില്ല. കുബേരനും ദരിദ്രനുമില്ല. തലമുറകള്‍ക്ക് ഇവിടം മാതൃകയാക്കാം. സര്‍വ്വരേയും സമഭാവനയോടെ കാണാന്‍ കഴിയുന്ന ശൈവ- വൈഷ്ണവ ശക്തിസ്വരൂപമാണ് അയ്യപ്പന്‍റെ സന്നിധി. സ്വാമിയേ ശരണം അയ്യപ്പാ...
ഇക്കഴിഞ്ഞ മകരവിളക്ക് ദിനമാണ് അയ്യന്‍ ഹരിവരാസനപുരസ്ക്കാരം നല്‍കിയത്. പതിറ്റാണ്ടുകളായി തുടരുന്ന സംഗീത സപര്യക്ക് ലഭിക്കുന്ന ഇരട്ടി മധുരമാണ് ഇതിലൂടെ അനുഭവവേദ്യമാകുന്നത്. ഒരു ലക്ഷം രൂപായും പ്രശസ്തി പത്രവുമടങ്ങുന്ന ഹരിവാസന പുരസ്ക്കാരം ദേവസ്വംമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ ഹൃദയത്തില്‍ നിന്ന് 'സ്വാമിയേശരണം' എന്ന അയ്യപ്പമന്ത്രം മുഴങ്ങിക്കൊണ്ടിരുന്നു. അന്ന് പുരസ്ക്കാരദാനച്ചടങ്ങില്‍ വച്ച് 'പന്തളത്ത് ബാലകനേ ശരണം... ശരണം...' എന്ന ഗാനം പാടുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞ് പാടി അവസാനിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി അന്ന് പുരസ്ക്കാര ദാനച്ചടങ്ങിന്‍റെ വേദിയില്‍ അമേരിക്കയിലുള്ള സുഹൃത്ത് കുര്യാക്കോസ് മണിയാട്ടുകുടി നിര്‍മ്മിച്ച 'അയ്യന്‍ വാഴും പൂമല'എന്ന ഭക്തിഗാന ആല്‍ബം മന്ത്രി കെ. രാധാകൃഷ്ണന്‍ സാര്‍ പ്രകാശനം ചെയ്തിരുന്നു. ആല്‍ബം ഇപ്പോള്‍ നന്നായി വിറ്റഴിയുന്നു. എല്ലാം അയ്യന്‍തുണ.
സംഗീതം ഇല്ലാതെ ഭക്തി പൂര്‍ണ്ണമാകുന്നില്ല. അയ്യപ്പഭക്തിക്ക് ഭാഷയില്ല. സംഗീതത്തിനും ഭാഷയില്ല. തമിഴ്- തെലുഗു- കന്നഡ- സംസ്കൃതം ഭാഷകളിലായി 6,000 ല്‍ അധികം ഹിന്ദുഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്. അതില്‍ മിക്കവയും ഹിറ്റ് ഗാനങ്ങളാണ്. രാമാനുജ സുപ്രഭാതം, അമ്മന്‍കോവില്‍ ആല്‍ബങ്ങളിലെ ഗാനങ്ങള്‍ സിനിമാഗാനങ്ങളേക്കാള്‍ തമിഴകത്ത് പ്രശസ്തമാണ്.
സിനിമാഗാനങ്ങള്‍ക്ക് ശബ്ദമാകാന്‍ അവസരങ്ങള്‍ നിരവധി തവണ തേടിയെത്തിയെങ്കിലും രണ്ട് തമിഴ് സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് പാടിയിട്ടുള്ളത്. സംഗീതക്കച്ചേരികള്‍ക്കും, ഭക്തിഗാന പ്രോഗ്രാമുകള്‍ക്കുമായി ലോകം ചുറ്റുന്നതിനിടയില്‍ സിനിമാസംഗീതസംവിധായകരെ കാണുന്നതിനും, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പെരുമാറുന്നതിനുമൊക്കെ സമയവും, താല്‍പ്പര്യവും അനുവദിച്ചില്ല എന്നതാണ് വാസ്തവം. അതില്‍ പറയത്തക്ക സങ്കടമൊന്നും തോന്നിയിട്ടില്ല. ഭക്തിയാണ് പരമപ്രധാനം. ആ വഴിയേ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. അയ്യപ്പന്‍റെ കയ്യില്‍ പിടുത്തമിട്ടുള്ള ജീവിതയാത്ര അങ്ങനെതന്നെ തുടരട്ടെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ശ്രുതിലയ' എന്ന ലൈറ്റ് മ്യൂസിക് ട്രൂപ്പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മതിയാക്കി ഭക്തിഗാനരംഗത്ത് സജീവമായിരിക്കുന്നു.
പാടുമ്പോള്‍ പണത്തേക്കാള്‍ മുഖ്യമായി തോന്നിയത് ഭക്തിക്കും സന്തോഷത്തിനും സമാധാനത്തിനുമാണ്. ഹരിവരാസന പുരസ്ക്കാരം മുന്‍വര്‍ഷങ്ങളില്‍ അര്‍ഹരായവര്‍ യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും ഇളയരാജയുമൊക്കെയാണ്. അപ്പോള്‍ അയ്യപ്പന്‍റെ പുരസ്ക്കാരത്തിന്‍റെ പ്രാധാന്യവും, മൂല്യവും ഊഹിക്കാവുന്നതേയുള്ളൂ. ശബരിമല അയ്യപ്പനുമായുള്ള ബന്ധം കുട്ടിക്കാലം മുതലേ ആരംഭിച്ചതാണ്. ജന്മസ്ഥലമായ മധുരയില്‍ മധുര മീനാക്ഷിദേവിയുടെ ഭക്തരാണ് അധികം എങ്കിലും വൃശ്ചികമാസം ആകുമ്പോള്‍ ദേവീഭക്തരായ അയല്‍വാസികളും, സ്വന്തക്കാരും കൂറുമാറി അയ്യപ്പഭക്തരാകുന്നത് കണ്ടിട്ടുണ്ട്. അപ്പോള്‍ അവരുടെ സ്വഭാവത്തിലും അത്ഭുതകരമായ മാറ്റം ഉണ്ടാകുന്നതും ശ്രദ്ധിച്ചിട്ടുണ്ട്.
നിസ്വാര്‍ത്ഥമായ ഭക്തിയാണ് ഭഗവാന്‍ ആവശ്യപ്പെടുന്നത്. അലൗകികമായ ആനന്ദം അനുഭവിച്ചിട്ടുള്ളത് അയ്യപ്പസന്നിധിയിലാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ്യപ്പസന്നിധിയില്‍ എത്തുന്നത്. സ്ത്രീകള്‍ പ്രസവവേദന മറക്കുന്നത് പോലെ ബുദ്ധിമുട്ടുകളുടെ ഓര്‍മ്മകള്‍ ദിവ്യസന്നിധിയില്‍ എത്തുമ്പോള്‍ എവിടേക്കോ പോയ്മറയുന്നത് അനുഭവിച്ചിട്ടുണ്ട്. പിന്നീട് മറ്റൊരു ലോകത്താണ്. സങ്കടങ്ങള്‍ക്കും പരാതികള്‍ക്കൊന്നും അവിടെ സ്ഥാനമില്ല. അത് അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാകൂ. സമാധാനവും സന്തോഷവും ധൈര്യവും നല്‍കുന്ന ഒരാള്‍ ഒപ്പമുണ്ടെന്നൊരു അനുഭവം. ഇരുന്നും കിടന്നും വളരെ ആയാസപ്പെട്ട് മലകയറുന്നവരെ പിറ്റേ വര്‍ഷവും അയ്യന്‍ സന്നിധിയിലേയ്ക്ക് കൊണ്ടുവരുന്നത് ഈ അനുഭവമാകാം. ആത്മീയാനുഭൂതി വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. ഭക്തിനിര്‍ഭരത, പാരമ്യത എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അവസ്ഥയാണിത്. നമ്മള്‍ അലിഞ്ഞ് ഇല്ലാതാകുന്ന മുഹൂര്‍ത്തമാണിത്.
ജാതിക്കും മതത്തിനും ഭാഷയ്ക്കും അയ്യപ്പസന്നിധിയില്‍ അത്രയ്ക്കൊന്നും പ്രാധാന്യമില്ല എന്നതും അയ്യപ്പനോട് കൂടുതല്‍ അടുപ്പം തോന്നാന്‍ കാരണമായി. വിഘടിച്ചുനില്‍ക്കുന്ന വീടായാലും, നാടായാലും രാജ്യമായാലും എങ്ങനെ അഭിവൃദ്ധി ഉണ്ടാകും..? വേര്‍തിരിവുകള്‍ ഭക്തിയുടെ കാര്യത്തില്‍ എന്തിനാണ്...? സര്‍വ്വരും ഈശ്വരന്‍റെ മക്കളാണെന്നുള്ള ബോധ്യമാണ് എല്ലാവരിലും ഉണ്ടാകേണ്ടത്.
അപ്പോള്‍ പരസ്പരം ബഹുമാനിക്കാനും കരുതുവാനും കഴിയും. പ്രപഞ്ചത്തിന്‍റെ മൂര്‍ത്തീരൂപമാണ് അയ്യപ്പന്‍. ഭഗവാനും ഭക്തനും തമ്മിലുള്ള ആത്മബന്ധത്തിന് ഊടും പാവും നെയ്യുന്ന പുണ്യസന്നിധിയാണ് ശബരിമല. ഇവിടെ പണ്ഡിതനും പാമരനുമില്ല. കുബേരനും ദരിദ്രനുമില്ല. തലമുറകള്‍ക്ക് ഇവിടം മാതൃകയാക്കാം. സര്‍വ്വരേയും സമഭാവനയോടെ കാണാന്‍ കഴിയുന്ന ശൈവ- വൈഷ്ണവ ശക്തിസ്വരൂപമാണ് അയ്യപ്പന്‍റെ സന്നിധി. സ്വാമിയേ ശരണം അയ്യപ്പാ...