പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെ... - പി.എന്‍. മഹേഷ് നമ്പൂതിരി(ശബരിമല മുന്‍ മേല്‍ശാന്തി)
പ്രാര്‍ത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാര്‍ത്ഥിക്കുക. അനുഗ്രഹവര്‍ഷം ഉണ്ടാകും. നിശ്ചയം.
അയ്യപ്പഭഗവാനെ പൂജിക്കാന്‍ ഏറെ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 2011 മുതല്‍ ഇതിനായി ദേവസ്വത്തില്‍ അപേക്ഷിക്കുകയും പലതവണ ലിസ്റ്റില്‍ പേര് വരുകയും ചെയ്തിരുന്നു. തിരുമനസ്സായത് കനിഞ്ഞത് കഴിഞ്ഞതവണ. 2022 ല്‍ ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ തിക്കിലും തിരക്കിനുമിടയില്‍ നിന്ന് തൊഴുത് പ്രാര്‍ത്ഥിച്ച് ആഗ്രഹം പറഞ്ഞു. ആ പ്രാര്‍ത്ഥനയുടെ ഫലമാണ് 2023 ല്‍ അവിടുത്തെ പാദസേവകനാകാന്‍ നിയോഗം ലഭിക്കുന്നത്.
കഴിഞ്ഞതവണ മേല്‍ശാന്തി സ്ഥാനത്തേയ്ക്കുള്ള നറുക്കെടുപ്പില്‍ 17 പേരെയാണ് പരിഗണിച്ചിരുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നും എത്തിയ കൊച്ചയ്യപ്പന്‍ വൈദേഹ് വര്‍മ്മയാണ് കുറിയെടുത്തത്. തന്ത്രി പൂജിച്ച 17 പേരുടെ പേര് എഴുതിയിട്ട പാത്രവും, ഒന്നും എഴുതാത്ത 16 കുറികളും മേല്‍ശാന്തി എന്ന് എഴുതിയ ഒരു കുറിയും ഉള്‍പ്പെട്ട മറ്റൊരു പാത്രത്തില്‍ നിന്നാണ് കൊച്ചയ്യപ്പന്‍ കുറി എടുത്തത്. ആദ്യം എടുത്ത മുറിയില്‍ പി.എന്‍. മഹേഷ് എന്നും രണ്ടാമത്തെ പാത്രത്തില്‍ നിന്നും ആദ്യം എടുത്ത കുറിയില്‍ 'മേല്‍ശാന്തി' എന്നുമാണ് കിട്ടിയത്.
അപൂര്‍വ്വമായാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളതെന്നാണ് കേള്‍വി. ഭഗവാന്‍റെ തീരുമാനവും ഭക്തന്‍റെ ജന്മസുകൃതവുമാണിത്. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടക്കുന്ന സമയം തൃശൂര്‍ പാറമേക്കാവ് ഭഗവതിക്കുള്ള പൂജയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. ശക്തിസ്വരൂപിണിയാണത്രേ പാറമേക്കാവിലമ്മ. അമ്മയുടെ കാരുണ്യമാണ് അയ്യപ്പസന്നിധിയിലെത്തിച്ചത്. സ്ക്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1995 ല്‍ ആലുവ തന്ത്രപീഠത്തില്‍ 6 വര്‍ഷത്തെ പഠനം. കല്‍പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടായിരുന്നു ഗുരുനാഥന്‍. ജ്യേഷ്ഠന്‍ മധുനമ്പൂതിരിക്കൊപ്പം ഡല്‍ഹി അളകാനന്ദ ബാലഗോപാല ക്ഷേത്രത്തില്‍ സപ്താഹത്തിന് പോയതോടെ അവിടെ ശാന്തിയായി. പതിനാല് വര്‍ഷം അവിടെ ബാലഗോപാലന്‍റെ പാദസേവകന്‍. തുടര്‍ന്ന് കോയമ്പത്തൂര്‍ ശിവഗുരുക്ഷേത്രം, പരദേവതാക്ഷേത്രമായ ചെറുവട്ടൂര്‍ അടിവാട്ടുകാവ് ഭഗവതി ക്ഷേത്രം, കാലാമ്പൂര്‍ തൃക്ക മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലും ശാന്തിയായി.
ചെറുപ്പം മുതല്‍ ആത്മീയ കാര്യങ്ങളോടായിരുന്നു താല്‍പ്പര്യം. അതിനാല്‍ ബ്രഹ്മചാരിയായി തുടരുന്നു. ശിവഭഗവാന്‍, ദേവി, കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സാക്ഷാല്‍ അയ്യപ്പസ്വാമിയേയും ഹൃദയത്തില്‍ കുടിയിരുത്തിയിരിക്കുന്നു.
അയ്യപ്പസന്നിധിയിലെ സ്മരണകള്‍
രാവിലെ കുളിയും തേവാരവും കഴിഞ്ഞ് സോപാനത്ത് നെയ്വിളക്ക് കത്തിക്കും. ഭാഗവതപാരായണം, ജ്യോതിഷസംബന്ധിയായ പുസ്തകങ്ങള്‍, ആത്മീയ പ്രസിദ്ധീകരണങ്ങള്‍, ദിനപത്രങ്ങള്‍ എന്നിവ വായിച്ചുകഴിയുമ്പോള്‍ 12 മണിയാകും. പിന്നീട് ആളൊഴിഞ്ഞു കിടക്കുന്ന സന്നിധാനത്ത് എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് കുറച്ച് നേരം ധ്യാനം, പ്രാര്‍ത്ഥന. പിന്നീട് ക്ഷേത്രപരിസരമായ ഗോശാല, പാണിത്താവളം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഒന്നരയോടെ മേല്‍ശാന്തിക്ക് അനുഭവിച്ചിരിക്കുന്ന താമസസ്ഥലത്ത് എത്തും. ഭക്ഷണത്തിനുശേഷം വിശ്രമം. നാലോടെ ചായ കുടിച്ച് വീണ്ടും ക്ഷേത്രപരിസരം ചുറ്റി വൈകിട്ട് അഞ്ചരയോടെ കുളിയും, തേവാരവും കഴിഞ്ഞ് സോപാനത്ത് എത്തി വിളക്ക് തെളിയിക്കും. സോപാനത്ത് അല്‍പ്പനേരമിരുന്ന് പ്രാര്‍ത്ഥിച്ച് മുറിയിലെത്തി കുറച്ച് നേരം ടി.വിയിലെ വാര്‍ത്തകള്‍ കാണും 8 മണിയോടെ അത്താഴം. തുടര്‍ന്നുള്ള സമയങ്ങള്‍ ഭാഗവത പാരായണം നടത്തി പത്തോടെ ഉറക്കം. ഇതാണ് ദിനചര്യ.
മാസപൂജകള്‍ക്കായി ചേട്ടന്‍ മധു നമ്പൂതിരി എത്തുമ്പോഴാണ് നാട്ടിലേയും വീട്ടിലേയും ബന്ധുക്കളുടേയും വിശേഷങ്ങള്‍ അറിയുന്നത്. മാസത്തില്‍ ഒന്നോ, രണ്ടോ തവണ അമ്മയെ ഫോണില്‍ വിളിച്ച് സ്നേഹാന്വേഷണം നടത്തിയിരുന്നു. മൊബൈല്‍ ഓഫാക്കി വയ്ക്കുകയായിരുന്നു പതിവ്. അയ്യപ്പസന്നിധിയിലായിരിക്കുമ്പോള്‍ ലോകകുടുംബകാര്യങ്ങള്‍ അറിയുന്നതില്‍ വലിയ താല്‍പ്പര്യം തോന്നാറില്ല. ഭഗവത്സന്നിധി അതിനുള്ള ഇടമല്ല എന്ന ബോധ്യം ഉറച്ചിരുന്നു.
മകരവിളക്ക് കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസങ്ങള്‍ കഴിയുന്നതോടെ ശബരിമല വിജനമായ ഇടമാകും. രാവും പകലും ശരണം വിളി മുഴങ്ങിയിരുന്ന സന്നിധാനത്ത് ആളനക്കമില്ലാതാകും. ആളിക്കത്തിയിരുന്ന ആഴി അണയും. ഭഗവാനുമായി ആത്മീയ സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള സുവര്‍ണ്ണാവസരമായിട്ടാണ് ഇക്കാലത്തെ കണ്ടത്. ഭഗവാനെ തൊട്ടറിയാനുള്ള സാഹചര്യമാണ് ഇക്കാലം. ഗുരുകാരണവന്മാരുടേയും, പരദേവതാ, ഇഷ്ടദേവതാ പ്രസാദമാണ് അയ്യപ്പസന്നിധിയില്‍ പൂജ ചെയ്യാനുള്ള അവസരമുണ്ടായത്.
ഭക്തര്‍ക്കുള്ള സന്ദേശം: പ്രാര്‍ത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാര്‍ത്ഥിക്കുക. അനുഗ്രഹവര്‍ഷം ഉണ്ടാകും. നിശ്ചയം.
