ആഗ്രഹസാഫല്യത്തിന് സൂര്യപൂജ

ആഗ്രഹസാഫല്യത്തിന് സൂര്യപൂജ

HIGHLIGHTS

പ്രപഞ്ച ഋതുക്കളെ ഭരിക്കുകയും, മനുഷ്യരാശിയെ നിലനിര്‍ത്തുകയും ചെയ്യുന്നതിനാല്‍ സൂര്യന്‍ ഏറ്റവും ശക്തമായ ഗ്രഹങ്ങളിലൊന്നായി അറിയപ്പെടുന്നു. പ്രകാശത്തിന്‍റേയും, ഊര്‍ജ്ജത്തിന്‍റേയും ദാതാവായതിനാല്‍ സൂര്യനെ ആരാധിക്കപ്പെടുന്നു. മാത്രമല്ല നഗ്നനേത്രങ്ങളാല്‍ ദര്‍ശിക്കാനാകുന്ന ദൈവം സൂര്യദേവനാണല്ലോ... പതിവായി സൂര്യമന്ത്രം ജപിക്കുന്നവരെ ഭഗവാന്‍ അവരുടെ ജീവിതത്തില്‍നിന്ന് അന്ധകാരത്തെ അകറ്റി ജ്ഞാനവും, പ്രബുദ്ധതയും നല്‍കി അനുഗ്രഹിക്കുന്നു.

ബ്രഹ്മപുരാണത്തില്‍ ആദിത്യദേവന്‍റെ മാഹാത്മ്യം പറയപ്പെടുന്നുണ്ടത്രേ. അധര്‍മ്മികള്‍ക്ക് നാശം വരുത്താനും, ഭക്തരെ സംരക്ഷിക്കാനും പാരിടം ചൂട് വര്‍ഷിച്ച് തിളപ്പിച്ച് മറിക്കാനും, മഴ പെയ്യിച്ച് കുളിര്‍പ്പിക്കാനും ശക്തിയുള്ള ദേവനാണ് ആദിത്യന്‍. നിറഞ്ഞ ഭക്തിയോടെ ഭഗവാന്‍റെ ചരിത്രം ചൊല്ലുന്നവനും പൂജിക്കുന്നവനുമാണ് യഥാര്‍ത്ഥ സൂര്യഭക്തര്‍. ജീവിത സായൂജ്യം നേടാന്‍ ആദിത്യവ്രതം ശ്രേഷ്ഠവും, പുണ്യപ്രദവുമാണ്. പക്ഷേ അയാള്‍ മറ്റ് ദൈവങ്ങളെ ഇകഴ്ത്തുന്നവരോ മറ്റ് ഈശ്വരവിശ്വാസികളോട് അസൂയ ഉള്ളവരോ ആകരുതെന്ന് ബ്രഹ്മപുരാണം ആരായുന്നു.

ഒരിക്കല്‍ ബ്രഹ്മാവിനോട് ദേവന്മാര്‍ സംശയം ചോദിക്കുന്നു. 'മോക്ഷപ്രാപ്തി ആഗ്രഹിക്കുന്നവര്‍ ഏത് ദേവനെ പൂജിക്കണം...? സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് വീണ്ടും പതിക്കാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്...? ദേവന്മാരുടെ ദേവന്‍ ആരാണ്...? പ്രളയത്തില്‍ ലോകം ആരെയാണ് ആശ്രയിക്കേണ്ടത്...? ബ്രഹ്മാവിന്‍റെ മറുപടി ഇപ്രകാരം:- ഉദിച്ചുയരുമ്പോള്‍ തന്നെ ഭൂമിയില്‍ അന്ധകാരത്തെ അകറ്റുന്ന ആദിത്യഭഗവാനേക്കാള്‍ വലിയൊരു ദേവനില്ല. ഭഗവാന്‍ സൂര്യന്‍ ജീവജാലങ്ങളെ സങ്കോചിപ്പിക്കുകയും, പുനഃസൃഷ്ടിക്കുകയും ചെയ്യുന്നു.

സ്വയം പ്രകാശിക്കുകയും പ്രപഞ്ചത്തെ പ്രകാശപൂരിതമാക്കുകയും ചെയ്യുന്നു. മഴ വര്‍ഷിക്കുന്നതും ജീവജാലങ്ങള്‍ വളരുന്നതും ആദിത്യദേവന്‍ കാരണമാണ്. പിതൃക്കളുടെ പിതാവും, ദേവന്മാരുടെ ദേവനുമാണ് ആദിത്യന്‍. യോഗികള്‍ അവരുടെ ശരീരം തൃണിച്ച് എത്തിച്ചേരുന്നത് ദിവാകരനിലാണ്. കണ്‍കണ്ട ഈശ്വരനാണ് സൂര്യദേവന്‍. അനേകം കിരണങ്ങളോട് കൂടിയ ആദിത്യദേവന്‍ 12 സൂര്യദേവന്മാരായി വേര്‍പിരിഞ്ഞിരിക്കുന്നു. അവര്‍ ഇന്ദ്രന്‍, ധാതാവ്, പര്‍ജ്ജന്യന്‍, ത്വഷ്ടാവ്, പൂഷന്‍, ആര്യമാവ്, ഭഗന്‍, വിവസ്വാന്‍, വിഷ്ണു, അംശുമാന്‍, വരുണന്‍, മിത്രന്‍ എന്നിവരാണ്.

 

ഇന്ദ്രന്‍- ശത്രുക്കളെ നിഷ്ക്കാസനം ചെയ്യുന്നു. ദേവന്മാരുടെ രാജാവാണ് ഇന്ദ്രന്‍.

ധാതാവ്- നാനാതരത്തിലുള്ള പ്രജകളെ സൃഷ്ടിക്കുന്നു.

പര്‍ജ്ജന്യന്‍- മേഘങ്ങള്‍ക്കിടയില്‍ വസിച്ച് മഴ പെയ്യിക്കുന്നു. 

ത്വഷ്ടാവ്- ചെടി, വൃക്ഷങ്ങള്‍, ഔഷധങ്ങള്‍ എന്നിവയെ പരിപാലിക്കുന്നു.

പൂഷന്‍- അന്നം നല്‍കി പ്രജകളെ സംരക്ഷിക്കുന്നു.

ആര്യമാവ്- ശ്വസിക്കാനുള്ള വായുവിന്‍റെ ആവണമായി വര്‍ത്തിക്കുന്നു.

ഭഗന്‍- ജീവജാലങ്ങളിലും, ഭൗതികശരീരത്തിലും വര്‍ത്തിക്കുന്നു.

വിവസ്വാന്‍- അഗ്നിയില്‍ വാണരുളി ജീവജാലങ്ങള്‍ക്ക് ആഹാരം പാകപ്പെടുത്തുന്നു.

വിഷ്ണു- ദേവന്മാരുടെ ശത്രുക്കളെ സംഹരിക്കുന്നു.

അംശുമാവ്- വായുവില്‍ വസിച്ച് ജനങ്ങളെ സന്തുഷ്ടരാക്കുന്നു.

വരുണന്‍- ജലത്തില്‍ വസിക്കുന്ന പ്രജകളെ പരിപാലിക്കുന്നു.

മിത്രന്‍- ലോകനന്മയ്ക്കായി വായുമാത്രം ഭക്ഷിച്ച് ഭക്തര്‍ക്ക് ഉചിതമായ വരങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്നു.

ഈ 12 മൂര്‍ത്തികളെ ധ്യാനിക്കുകയും പൂജിക്കുകയും ചെയ്യുന്നവര്‍ സര്‍വ്വരാലും ബഹുമാനിതരാവുകയും അവര്‍ സൂര്യലോകത്ത് എത്തിപ്പെടുകയും ചെയ്യുമെന്ന് ബ്രഹ്മപുരാണം ആരായുന്നത്രേ. എന്ത് പ്രവൃത്തി നിര്‍വ്വഹിക്കുമ്പോഴും സദാനേരവും ദിവാകരനെ സ്മരിക്കുന്നവരാണ് പരമഭക്തന്‍. കര്‍മ്മാനുഷ്ഠാനങ്ങള്‍,  ഉറച്ച മനസ്സോടും, ഭക്തിയോടും ശ്രദ്ധയോടും നിര്‍വ്വഹിക്കണം. നമുക്കിടയില്‍ പൂജനീയരായ ജ്ഞാനികളും, ജീവിത ദുരിതങ്ങളില്‍പ്പെട്ട് ഉഴലുന്നവരും ഉണ്ട്. അവര്‍ക്ക് ദാനം നല്‍കുന്നതിലൂടെ ദേവന്മാരും, പിതൃക്കളും ദാനം സ്വീകരിക്കുകയാണത്രേ ചെയ്യുന്നത്.

സാധുക്കളെ സഹായിക്കാതെ സമ്പാദിച്ച് കൂട്ടുന്ന ധനം ഒരിക്കലും ഉപകരിക്കുകയില്ല. മാത്രമല്ല അതുകൊണ്ട് സമാധാനം ലഭിക്കുകയില്ല. സ്തുതി, ജപം, ഉപഹാരം തുടങ്ങി പൂജാദികളാല്‍ വ്രതാനുഷ്ഠാനത്തോടെ സൂര്യഭഗവാനെ ഉപാസിക്കുന്നവര്‍ക്കും, ശിരസ്സ് ഭൂമിയില്‍ തൊട്ട് സാഷ്ടാംഗം സൂര്യഭഗവാനെ നമസ്ക്കരിക്കുന്നവര്‍ക്കും പാപമോചനം സിദ്ധിക്കും. ആദിത്യഭഗവാനെ സങ്കല്‍പ്പിച്ച് പ്രദക്ഷിണം വയ്ക്കുന്നതും, ആകാശത്ത് നോക്കി പ്രദക്ഷിണം വയ്ക്കുന്നതും, ഭൂമിയേയും, സമസ്ത ദേവന്മാരെയും സങ്കല്‍പ്പിച്ച് പല തവണ പ്രദക്ഷിണം വയ്ക്കുന്നതും സമാനമാണ്.

കൃഷ്ണപക്ഷത്തിലെ ഷഷ്ഠി തിഥിയില്‍ ഒരുനേരം ഭക്ഷണം കഴിച്ച് തുടര്‍ന്ന് ഭക്തിപൂര്‍വ്വം സപ്തമിനാളില്‍ ആദിത്യപൂജ ചെയ്യുന്നത് അത്യുത്തമം.

രാവും പകലും പൂര്‍ണ്ണ ഉപവാസത്തോടെ ആദിത്യപൂജ നടത്തിയാല്‍ ആഗ്രഹസാഫല്യം സിദ്ധിക്കാം. സപ്തമി നാളിലോ ഷഷ്ഠി നാളിലോ ആദിത്യപൂജ ചെയ്താല്‍ മുക്തി ലഭിക്കും. ശുക്ലപക്ഷത്തിലെ സപ്തമി നാളില്‍ ഉപവാസമെടുത്ത് വെളുത്ത പൂക്കള്‍ കൊണ്ട് നിവേദ്യം സമര്‍പ്പിക്കുന്നത് സര്‍വ്വപാപദോഷങ്ങളും ഇല്ലാതാകും. എരുക്കിന്‍റെ ഇലക്കുമ്പിളില്‍ ജലം പകര്‍ന്ന് സേവിച്ച് സൂര്യവ്രതം ആരംഭിക്കണം. ബ്രഹ്മപുരാണത്തില്‍ അര്‍ക്കസപ്തമി എന്നറിയപ്പെടുന്ന ഈ വ്രതം തുടര്‍ച്ചയായി രണ്ടുവര്‍ഷം അനുഷ്ഠിച്ചാല്‍ സര്‍വ്വാഭീഷ്ട സിദ്ധി ഫലം. 

സൂര്യഭഗവാന് എള്ളെണ്ണയിലോ നെയ്യിലോ ദീപം തെളിയിച്ചാല്‍ ദീര്‍ഘായുസ്സ് ലഭിക്കും. ഉത്തരായനത്തിലും, ദക്ഷിണായനത്തിലും കൂവളം, താമര, ദേവദാരു, കര്‍പ്പൂരം, ധൂപം എന്നിവ നിവേദിച്ച് സൂര്യഭഗവാനെ പൂജിച്ചാല്‍ പാപമുക്തി. എള്ളുപായസം, പാല്‍പ്പായസം, അപ്പം, ഫലവര്‍ഗ്ഗങ്ങള്‍, നെയ് പ്പായസം എന്നിവ സൂര്യഭഗവാന്‍റെ ഇഷ്ടനിവേദ്യങ്ങളാണ്. മനഃശുദ്ധിയോടും, വിശ്വാസത്തോടെയും പാല്, തൈര്, നെയ്യ് തുടങ്ങി എന്തൊക്കെ വിഭവങ്ങളും സൂര്യഭഗവാന് നിവേദിച്ചാല്‍ അതിന്‍റെ നൂറിരട്ടിയായി മടക്കിനല്‍കുമെന്നാണത്രേ പുരാണം പറയുന്നത്.

Photo Courtesy - Google