ക്ഷേത്രാചാരങ്ങളും ആയുസ്സിന്‍റെ വേദവും -പെരിങ്ങോട് ശങ്കരനാരായണന്‍
ആയുര്‍വേദം എന്നാല്‍ ആയുസ്സിന്‍റെ വേദം എന്നാണല്ലോ അര്‍ത്ഥം. ആ ആയുര്‍വേദവും ക്ഷേത്രങ്ങളും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളില്‍ വഴിപാടുകളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.
ആല്‍
ആലായാല്‍ തറ വേണം, അടുത്തൊരമ്പലം വേണം... എന്ന പാട്ട് കേള്‍ക്കാത്തവരായി അധികം പേര്‍ കാണില്ല. ആലും അമ്പലവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുവാന്‍ ഈ രണ്ട് വരികള്‍ തന്നെ ധാരാളം. അങ്ങനൊരു വലിയ ബന്ധം ഉള്ളതുകൊണ്ടാണല്ലോ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളുടെയൊക്കെയും മുന്‍പില്‍ ഒരു ആല്‍മരം വച്ചുപിടിപ്പിക്കുന്നത്. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ നാല്‍പ്പാമരങ്ങളില്‍പ്പെടുന്നു. നാല്‍പ്പാമര ശുദ്ധി ക്ഷേത്രങ്ങളില്‍ നിര്‍ബന്ധവുമാണ്. ഇവയെല്ലാം ഔഷധങ്ങളാണ്. അതേസമയം ഇവയില്‍ പലതും പൂജാദികാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് പേരാലിന്‍റെ മൊട്ടാണ് മൃത്യുഞ്ജയ ഹോമത്തിന് ഉപയോഗിക്കുന്നത്. കറുകയും ഉപയോഗിക്കും.
ഇനി ഇതിന്‍റെ ശാസ്ത്രീയ വശം നോക്കിയാല്‍, ഏറ്റവും കൂടുതല്‍ പ്രാണവായുവിനെ പുറത്തുവിട്ട് അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്ന വൃക്ഷമാണ് അരയാല്‍. അതുകൊണ്ടാണ് ക്ഷേത്രപരിസരങ്ങളില്‍ അരയാലിനും പേരാലിനും ഇത്രയും പ്രാധാന്യം കൈവന്നത്. രാവിലെ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ആലിനെ വലംവയ്ക്കുന്നതും അതുകൊണ്ടാണ്.
തുളസി
ഹൈന്ദവ ക്ഷേത്രാചാരങ്ങളില്‍ തുളസിയോളം പ്രാധാന്യമുള്ള ഒരു ചെടി വേറെയില്ല തന്നെ. മാലയ്ക്ക് വേണ്ടിയും, പൂജയ്ക്കുവേണ്ടിയും മാത്രമല്ല, തീര്‍ത്ഥത്തിലിടാനും ക്ഷേത്രങ്ങളില്‍ തുളസി ഉപയോഗിക്കാറുണ്ട്. ഔഷധഗുണത്തിന്‍റെ കാര്യത്തിലും തുളസിയെ വെല്ലാന്‍ പോന്ന സസ്യങ്ങള്‍ കുറവാണ്. വിഷജ്വരം, കഫക്കെട്ട് എന്നിവ മാറ്റുവാന്‍ തുളസിയില സവിശേഷമാണ്. തേനും തുളസിയും ചേര്‍ന്ന മിശ്രിതം കഫക്കെട്ടിനെ പമ്പകടത്തും. അതുപോലെ തന്നെ പ്രാണവായു ഏറ്റവുമധികം പുറത്തുവിടുന്ന സസ്യദളമാണ് തുളസീദളം. തീര്‍ത്ഥജലത്തില്‍ മുക്കിയെടുക്കുന്ന തുളസിക്കതിര്‍ പ്രാണവായു പുറത്തുവിടുന്നു.
സോമലത
യാഗകര്‍മ്മങ്ങള്‍ക്കാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും സോമലതയും ഔഷധവീര്യമുള്ളതാണ്.
വെറ്റില
ദക്ഷിണയ്ക്കായും താംബൂല പ്രശ്നത്തിനായുമൊക്കെ ഉപയോഗിക്കുന്ന വെറ്റില ഹനുമാന് മാല ചാര്‍ത്തുവാനും ഉപയോഗിക്കാറുണ്ട്. ഇതിന്‍റെ ഔഷധമൂല്യം വളരെ വലുതാണ്. രസത്തിന്‍റെ വീര്യം കെടുത്തുന്നതാണ് വെറ്റില. സിദ്ധമകരധ്വജം വെറ്റിലനീരില്‍ ചാലിച്ച് സേവിക്കാറുണ്ട്.
വെറ്റിലയും അടയ്ക്കയും ഔഷധമാണ്. ചുണ്ണാമ്പിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ഒന്നാണ് അടയ്ക്ക. മുറുക്കുമ്പോള്‍ ചുണ്ണാമ്പുതേയ്ക്കുന്നതിന്‍റെ ദോഷവശങ്ങളെ കളയാന്‍ അടക്കയ്ക്ക് കഴിവുണ്ട്.
ഇളനീര്‍
ഇളനീര്‍ അഭിഷേകം നമ്മുടെ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടാണ്. നൂറും ഇരുന്നൂറുമൊക്കെ ഇളനീരിന്‍റെ അഭിഷേകമാണ് വിശേഷ പൂജാവേളകളില്‍ ക്ഷേത്രങ്ങളില്‍ നടത്തുന്നത്. എന്നാല്‍ നിരവധി രോഗങ്ങള്‍ക്ക് കരിക്കിന്‍ വെള്ളമാണ് അലോപ്പതി ഡോക്ടര്‍മാരും ആയുര്‍വേദ ഡോക്ടര്‍മാരും കുടിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത്. കരിക്കില്‍ പൊട്ടാസ്യം ക്ലോറൈഡ് വളരെയുണ്ട്.
എണ്ണയും നെയ്യും
ക്ഷേത്രങ്ങളിലെ എണ്ണയാടല്‍ ഔഷധവീര്യമുള്ളതാണ്. ആടിച്ച എണ്ണ ഒന്നാംതരം മരുന്നാണ്. ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന നെയ്യ്(ആടിച്ച നെയ്യ്) ഔഷധഗുണമുള്ളതാണ്. ഓട്ടുവിളക്കില്‍ നല്ലെണ്ണയൊഴിച്ച് തിരി കത്തിച്ചാലും നെയ്യൊഴിച്ച് കത്തിച്ചാലും അന്തരീക്ഷം ശുദ്ധമാകുന്നു. രോഗബീജങ്ങള്‍ അകലുന്നു. അതുതന്നെയാണ് ക്ഷേത്രങ്ങളില്‍ ഗണപതിഹോമം നടക്കുമ്പോഴും സംഭവിക്കുന്നത്. ഗണപതിഹോമത്തില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുന്നു. വിഷബീജങ്ങളെ നശിപ്പിക്കുകയും, ശരീരത്തിന്‍റെ പ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു.
തെച്ചിയും ബാണപുഷ്പവും
ക്ഷേത്രങ്ങളില്‍ പൂജയ്ക്കുപയോഗിക്കുന്ന തെച്ചിപ്പൂവ് നല്ല ഔഷധമാണ്. തെച്ചിപ്പൂവ് ചൊറി മുതലായ ത്വക്ക് രോഗങ്ങളെ അകറ്റുവാന്‍ സഹായകമാണ്. പായസത്തിലിട്ട് പൂജിക്കുന്ന തെച്ചിപ്പൂവിന്‍റെ ഔഷധവീര്യം ഒന്നുവേറെയാണ്.
അതുപോലെതന്നെ ക്ഷേത്രങ്ങളില്‍ പൂജയ്ക്കുപയോഗിക്കുന്ന ബാണപുഷ്പം(നിത്യകല്യാണി) അര്‍ബുദത്തിന് കൈകൊണ്ട മരുന്നാണ്. അര്‍ബുദത്തിനുപയോഗിക്കുന്ന എക്സാലോജിന്‍ എന്ന ഔഷധം നിത്യകല്യാണിയില്‍ നിന്നാണത്രേ എടുക്കുന്നത്.
മഞ്ഞളും ചന്ദനവും
ക്ഷേത്രങ്ങളില്‍നിന്ന് പ്രസാദമായി നല്‍കുന്ന മഞ്ഞള്‍ വിഷസംഹാരിയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇത് ത്വക്കിന് വളരെയേറെ ഗുണം ചെയ്യുന്നതാണ്. അതുപോലെ, അരച്ച ചന്ദനം കൊണ്ട് നെറ്റിയില്‍ കുറിയിട്ടാല്‍ സല്‍ബുദ്ധിയുണ്ടാകുമെന്നാണ് പറയുന്നത്. ശിരസ്സിനാകെ തണുപ്പ് ലഭിക്കുകയും ദുഷ്ചിന്തകളെ അകറ്റുകയും ചെയ്യും. ചന്ദനം സേവിക്കുന്നത് വൃക്കയിലെ കല്ല് ഉടഞ്ഞുപോകുവാന്‍ നല്ലതാണ്.
ഭസ്മമാണെങ്കില്‍ അലര്‍ജി മാറ്റുകയും, മുറിവിനെ ഉണക്കുകയും ചെയ്യും. നീര്‍വീഴ്ചയെ കുറയ്ക്കുകയും ചെയ്യും. വിഷത്തെ മാറ്റുവാനും ഭസ്മം നല്ലതാണ്. കാവടിയാട്ടസമയത്ത് ദേഹത്ത് വേല്‍ തറച്ചശേഷം മുറിവുണങ്ങാന്‍ പണ്ട് ഭസ്മമാണ് ഉപയോഗിച്ചിരുന്നത്. വെളിച്ചപ്പാട് വാളുകൊണ്ട് തലയില്‍ വെട്ടിമുറിവുണ്ടാക്കിയാല്‍ അതുണങ്ങുവാന്‍ മഞ്ഞള്‍ പ്രസാദമാണ് ഉപയോഗിച്ചിരുന്നത്.
ചന്ദനം അരയ്ക്കുന്ന ചാണയും ഔഷധകൂട്ടാണ്. മുല്ലപ്പൂവ് മാനസികമായ ഉത്തേജനം തരും. പ്ലാവിലയും ഔഷധമാണ്. കുമ്പളങ്ങയാകട്ടെ വിഷത്തെ കുറയ്ക്കുന്നു.
പാല്‍പ്പായസവും ശര്‍ക്കരപ്പായസവും ത്രിമധുരവും
ക്ഷേത്രങ്ങളിലെ പാല്‍പ്പായസം സേവിച്ചാല്‍ ഉദരത്തിലെ കുടല്‍പ്പുണ്ണ്(അള്‍സര്‍) മാറും. സ്നേഹപാനം നടത്തിയ അനുഭവമാണ് പാല്‍പ്പായസം സേവിച്ചാല്‍ എന്നുകരുതാം. ശര്‍ക്കരപ്പായസവും ഔഷധഗുണമുള്ളതാണ്. ശര്‍ക്കരയില്‍ ഇരുമ്പ് സത്ത് വളരെ കൂടുതലാണ്. ശര്‍ക്കരപ്പായസം കഴിച്ചാല്‍ ഗര്‍ഭിണികള്‍ക്ക് വേണ്ടത്ര ഇരുമ്പുസത്ത് ലഭിക്കുന്നു. പിന്നെ അയണ്‍ ഗുളികയുടെ ആവശ്യമില്ല. അടയിലും ഉണ്ണിയപ്പത്തിലും അവല്‍ കുഴച്ചതിലും പാനകത്തിലും ശര്‍ക്കര വേണ്ടതാണല്ലോ. ത്രിമധുരത്തില്‍ ചേര്‍ക്കുന്ന നെയ്യും തേനും പഴവും നല്ല ടോണിക്കാണ്.
വയര്‍ ഉറപ്പിക്കാനും ഛര്‍ദ്ദിയെ അകറ്റാനും മലര്‍ വളരെ നല്ലതാണ്. അവലും കരിക്കും കൂടി കലര്‍ത്തി ഉപയോഗിച്ചാല്‍ ക്ഷീണവും വിശപ്പും മാറും.
നാളീകേരം
നാളീകേരത്തിന്‍റെ ഗുണഗണങ്ങള്‍ പറയേണ്ടതില്ല. ഹിന്ദുക്കളുടെ ഏത് വിശേഷത്തിനും അമ്പലച്ചടങ്ങുകള്‍ക്കും തേങ്ങ നിര്‍ബന്ധമാണ്. പായസമുണ്ടാക്കാനും ഗണപതിഹോമത്തിന് തേങ്ങാപ്പൂളായും അടയുണ്ടാക്കാനും തേങ്ങ ഉപയോഗിക്കുന്നു. വെളിച്ചെണ്ണ കണ്ണിന്‍റെ കാഴ്ചയ്ക്ക് നല്ലതാണ്. ദേവവിഗ്രഹത്തിലൂടെ ഒഴുകി വരുന്ന ഔഷധപ്രദമായ നല്ലെണ്ണയും, ആടിച്ച എണ്ണയും സേവിക്കുന്നത് ഉദരവ്യാധികളകറ്റാന്‍ നല്ലതാണ്. എണ്ണ തലയില്‍ തേച്ചാല്‍ ഉന്മാദം വരികയേയില്ല. നവപാഷാണം കൊണ്ടു നിര്‍മ്മിച്ച വിഗ്രഹത്തിലൂടെ ഒഴുകിവരുന്ന പാല്‍ അര്‍ബുദ രോഗത്തെ അകറ്റുന്നു. ആര്യവേപ്പില, ദര്‍ഭപ്പുല്ല്, കറുക എന്നിവയും ഔഷധമാണ്.
മുക്കുടി നിവേദ്യം
നെല്ലുവായ ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി ലഭിക്കുന്ന മുക്കുടി നിവേദ്യം സര്‍വ്വരോഗ സംഹാരകമാണ്. ഇരിങ്ങാലക്കുടയില്‍ കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന മുക്കുടി നിവേദ്യവും ഔഷധമാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദിവസവും അത്താഴപൂജയ്ക്ക് നിവേദിക്കുന്ന കഷായവും ഔഷധവീര്യമുള്ളതാണ്. തേന്‍ വലിയ ഉത്തേജക വസ്തുവാണ്. തേന്‍ ചേര്‍ക്കുന്ന പഞ്ചാമൃതം ആരോഗ്യത്തിന് ഏറ്റവും വിശേഷമാണ്. ദേവീക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഗുരുതിതീര്‍ത്ഥം ഉദരരോഗത്തേയും
വിഷാംശത്തേയും മാനസികരോഗത്തേയും മാറ്റുന്നു.
കൂവളത്തില ദിവസവും കഴിക്കുന്നത് പ്രമേഹം വിട്ടുമാറാന്‍ നല്ലതാണ്. ദര്‍ഭപ്പുല്ല് ഇക്കിള്‍ രോഗത്തെ മാറ്റുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലുപയോഗിക്കുന്ന ഉപ്പുമാങ്ങയും ഔഷധമാണ്. ചെമ്പരത്തിയിലയ്ക്കും തുമ്പപ്പൂവിനും മുക്കുറ്റിയ്ക്കും ഔഷധഗുണമുണ്ട്. മുക്കുറ്റി പണ്ട് മുറി കൂട്ടുവാന്‍ ഉപയോഗിച്ചിരുന്നു. കര്‍പ്പൂര തുളസിയും കാട്ടുതുളസിയും ഔഷധങ്ങള്‍ തന്നെ. ശംഖുതീര്‍ത്ഥം മാനസികനില ശരിക്ക് നിര്‍ത്തി ഉണര്‍വ്വിനെ കൂട്ടുന്നു. ശംഖുതീര്‍ത്ഥം തളിച്ചാല്‍ പേടി അകലും എന്നാണ് വിശ്വാസം.
കര്‍പ്പൂരം, സാമ്പ്രാണി എന്നിവ കീടങ്ങളെ അകറ്റുന്നു. ക്ഷേത്രങ്ങളിലെ തൃപ്പുക രോഗബീജങ്ങളെ തുടച്ചുമാറ്റുന്നു. പശുവിന്‍ചാണകം കീടങ്ങളെ അകറ്റുന്നു. ചാണകം കൊണ്ട് മെഴുകിയാല്‍ ആ സ്ഥലം ശുദ്ധീകരിക്കപ്പെടും. ഇഴജന്തുക്കള്‍ വരികയുമില്ല. പഞ്ചഗവ്യങ്ങളില്‍ പശുവിന്‍റെ ചാണകവും, മൂത്രവും പാലും തൈരും നെയ്യും ഉപയോഗിക്കുന്നു.
കൈവിഷം ഛര്‍ദ്ദിക്കുവാന്‍ ചില ക്ഷേത്രങ്ങളോടനുബന്ധിച്ച് ഔഷധം നല്‍കി വരാറുണ്ട്. തൃപ്പങ്ങോട്ട് ക്ഷേത്ര പരിസരത്തുള്ള ഇല്ലത്തുവച്ചാണ് ഔഷധം സേവിക്കുന്നതെങ്കിലും തൃപ്പങ്ങോട്ട് ക്ഷേത്രദര്‍ശനം കഴിഞ്ഞാണ് മരുന്ന് കഴിക്കാറുള്ളത്. തിരുവിഴയും കൈവിഷത്തിന് മരുന്നുകൊടുക്കുന്ന ക്ഷേത്രമാണ്. കര്‍ക്കിടകം 16 ഔഷധദിനമായി ആചരിക്കുന്നു. ആ ദിവസം പല ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ ഔഷധം ഭക്തര്‍ക്ക് നല്‍കുന്നു. ഒരു കൊല്ലം വരെ രോഗങ്ങള്‍ പിടിപെടാതിരിക്കുവാനുള്ള പ്രതിരോധശക്തി ആ ഔഷധത്തിനുണ്ടെന്നാണ് വിശ്വാസം. കൊടുവേലിയുടെ വേര് ശുദ്ധി ചെയ്ത്(ചുണ്ണാമ്പുവെള്ളത്തിലിട്ട് ശുദ്ധിയാക്കി) നെയ്യിലരച്ചുണ്ടാക്കുന്നതാണ് ആ ഔഷധം. ഇരുനിലംകോട് ക്ഷേത്രത്തില്‍(മുള്ളൂര്‍ക്കരയ്ക്കടുത്ത്) കാലിന്‍റെ മുള(ആണിരോഗം) മാറ്റുവാന്‍ പര്‍പ്പിടകം കാച്ചി ചവിട്ടിപ്പൊടിക്കുക എന്ന വഴിപാടുണ്ട്. ഒരുതരം ചൂടുവയ്ക്കലാണ് ആ വഴിപാട്. പറശ്ശിനിക്കടവിലെ പ്രസാദം പയറുപുഴുങ്ങിയതാണ്. ഇതും ഔഷധമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള മിക്കവാറും എല്ലാ കാര്യത്തിലും ആയുര്‍വേദവുമായിട്ടുള്ള ബന്ധം വ്യക്തമാണ്.
