അശ്വനി കുമാരന്മാര് ദേവന്മാരുടെ വൈദ്യന്മാര്
പ്രജാപതിയില് നിന്ന് ആയുര്‍വ്വേദം ഹൃദിസ്ഥമാക്കി ദേവവൈദ്യന്മാരായ ഇരട്ടകളായ ദേവന്മാരാണ് അശ്വനികുമാരന്മാര്. മനുഷ്യശരീരവും കുതിരയുടെ മുഖവുമുള്ള ഇവര്‍ സൂര്യദേവന്റേയും സഞ്ജനയുടേയും പുത്രന്മാരാണ്. ദസ്രന്‍, നാസത്യന്‍ എന്നിവരാണ് അശ്വനികുമാരന്മാര് എന്നറിയപ്പെടുന്നത്. ആയുര്‍വ്വേദത്തിന്റെ ആചാര്യന്മാരില് അശ്വനികുമാരന്മാര്ക്ക് പ്രമുഖ സ്ഥാനമാണുള്ളത്.
ആകാശത്തില്‍ പ്രഭാതത്തിന് വീഥിയൊരുക്കാന്‍ ഇവര്‍ സ്വര്‍ണ്ണരഥത്തില്‍ സഞ്ചരിക്കുന്നു എന്ന് വിശ്വാസം. പാണ്ഡവരില്‍ ഇരട്ടകളായ നകുല- സഹദേവന്മാര് ഇവരുടെ അനുഗ്രഹത്താല്‍ ജന്മമെടുത്തവരാണ്. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ആദ്യനക്ഷത്രമായ അശ്വതിയുടെ അധിപന്മാരാണിവര്. ആലത്തൂര്‍ നമ്പിയുടെ ഇല്ലത്തില്‍ വൈദ്യപഠനമെന്ന വ്യാജേന ഇവര്‍ താമസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. ഭൂമിയിലെ എല്ലാവൈദ്യന്മാര്ക്കും ഇവര്‍ ഗുരുസ്ഥാനീയനാണത്രേ. പുരാണങ്ങളില്‍ അത്ഭുതകരമായ നിരവധി ചികിത്സകളും ശസ്ത്രക്രിയകളും ഇവര്‍ നടത്തിയിട്ടുണ്ട്. ഇതില്‍ പലരും ആധുനിക ചികിത്സാരീതികള്‍ക്ക് വഴികാട്ടികളായിരുന്നതായും വൈദ്യശാസ്ത്രരംഗത്തെ വിദഗ്ദ്ധര്‍ ആരായുന്നുണ്ട്.
ച്യവനമഹര്‍ഷിക്ക് അശ്വനികുമാരന്മാര് യൗവ്വനം വീണ്ടെടുത്തു നല്കി
അശ്വനി കുമാരന്മാരുടെ ഏറ്റവും ശ്രദ്ധേയമായ ചികിത്സയാണിത്. വാര്‍ദ്ധക്യം ബാധിച്ച് ജരനര ബാധിച്ച മഹര്‍ഷിക്ക് അശ്വനികുമാരന്മാര് ദിവ്യ ഔഷധക്കൂട്ട് നല്‍കിയതോടെ സൗന്ദര്യവും ആരോഗ്യവും തിരികെയെത്തിയത്രേ. ഈ സംഭവത്തില്‍ നിന്നാണ് 'ച്യവനപ്രാശം' എന്ന ഔഷധം ഉണ്ടായത്.
കൃത്രിമക്കാല്‍ ഘടിപ്പിക്കല്‍
ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന ശസ്ത്രക്രിയയാണിത്. 'വിശ്പല' എന്ന ധീരവനിതയ്ക്ക് യുദ്ധത്തില്‍ കാല് നഷ്ടപ്പെടുന്നു. അശ്വനികുമാരന്മാര് വീശ്പലയ്ക്ക് ഇരുമ്പ് നിര്‍മ്മിതമായ കാല് നിര്‍മ്മിച്ച് ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിക്കുന്നു.(പ്രോസ്തെറ്റിക് സര്‍ജറി).
കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
ഋജ്രാശ്വരന് എന്ന രാജാവിനെ അദ്ദേഹത്തിന്റെ പിതാവ് അന്ധനാക്കി മാറ്റുന്നു. അശ്വനികുമാരന്മാര് അദ്ദേഹത്തിന് പുനഃദൃഷ്ടി നല്കുന്നു.
പാര്‍വ്വതിദേവിയുടെ ശാപത്താല്‍ ഉപമന്യു എന്ന മുനികുമാരന് അന്ധനാകുന്നു. ഉപമന്യുവിന് അശ്വനികുമാരന്മാര് കാഴ്ചശക്തി തിരികെ നല്കുന്നു.
തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
ദധീചി മഹര്‍ഷിയില്‍ നിന്ന് മധുവിദ്യ(രഹസ്യജ്ഞാനം) പഠിക്കാന്‍ അശ്വനികുമാരന്മാര് ആഗ്രഹിച്ചു. എന്നാല്‍ ഇത് മറ്റാര്‍ക്കെങ്കിലും ഉപദേശിച്ച് നല്കിയാല് ദധീചിയുടെ ശിരസ്സ് ഇന്ദ്രന് ഛേദിക്കും എന്ന് ശാപമുണ്ടായിരുന്നു. ഇതിന് പരിഹാരമായി അശ്വനികുമാരന്മാര് ആദ്യം ദധീചിയുടെ തല വെട്ടിമാറ്റി. പകരം കുതിരയുടെ ശിരസ്സ് വെച്ചുപിടിപ്പിച്ചു. ആ ശിരസ്സ് ഉപയോഗിച്ച് ദധീചി മഹര്‍ഷി അശ്വനികുമാരന്മാര്ക്ക് വിദ്യ ഉപദേശിച്ച് നല്കി. ഇന്ദ്രന് കോപത്താല്‍ മഹര്‍ഷിയുടെ കുതിരത്തല വെട്ടിമാറ്റിയപ്പോള്‍ അശ്വനികുമാരന്മാര് മഹര്‍ഷിയുടെ യഥാര്‍ത്ഥ ശിരസ്സ് വീണ്ടും വിജയകരമായി വെച്ചുപിടിപ്പിച്ചത്രേ.
വന്ധ്യത നിവാരണ ചികിത്സ
വന്ധ്യയായ 'വിധ്രിമതി' എന്ന സ്ത്രീക്ക് അശ്വനികുമാരന്മാര് സുന്ദരനായ ഒരു പുത്രനെ നല്കി. പ്രായമായതും കന്യകയുമായ 'ഘോഷ'യ്ക്ക് രോഗശമനം നല്കി യൗവ്വനം നല്‍കുകയും അനുയോജ്യനായ ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു. അശ്വനി കുമാരന്മാര് ആയുര്‍വേദത്തിലും സിദ്ധവൈദ്യത്തിലും രസതന്ത്രത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അശ്വനികുമാരന്മാര് രചിച്ചതെന്ന് വിശ്വസിക്കുന്ന ഗ്രന്ഥങ്ങള്‍.
1. അശ്വനി സംഹിത
അശ്വനി കുമാരന്മാര് നേരിട്ട് രചിച്ച ഏറ്റവും പ്രധാന ആയുര്‍വ്വേദ ഗ്രന്ഥമാണിത്. കായചികിത്സ, ശല്യതന്ത്രം എന്നിവയ്ക്കാണ് ഇതില്‍ ഏറെ പ്രാധാന്യം.
2. ചികിത്സാസാരതന്ത്രം
രോഗനിര്‍ണ്ണയവും വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധ പ്രയോഗങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.
3. അശ്വനി നിഘണ്ടു
ഔഷധഗുണ വിജ്ഞാനഗ്രന്ഥമാണിത്. ഔഷധസസ്യങ്ങളുടെ പേര്, അവയുടെ ഗുണദോഷങ്ങള്‍, വീര്യം, വിപാകം ഇവ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നിവയാണ് അശ്വനി നിഘണ്ടുവിലുള്ളത്.
4. ധാതുരത്നമാല
രസശാസ്ത്രവുമായി ഏറെ ബന്ധമുള്ള ഗ്രന്ഥമാണിത്. ലോഹങ്ങളും ധാതുക്കളും ശുദ്ധി ചെയ്ത് എങ്ങനെ ഔഷധങ്ങളാക്കി മാറ്റാം എന്ന് ഗ്രന്ഥത്തില്‍ വിവരിക്കുന്നു.
5. അശ്വനി കല്‍പ്പം
ശരീരത്തെ രോഗങ്ങളില്‍ നിന്നും വാര്‍ദ്ധക്യത്തില്‍ നിന്നും സംരക്ഷിക്കുന്ന കായകല്‍പ്പ ചികിത്സയെക്കുറിച്ചുള്ള രഹസ്യങ്ങള്‍ അടങ്ങിയ ഗ്രന്ഥമാണിത്.
6. നാഡീശാസ്ത്രം
രോഗിയുടെ നാഡി നോക്കി രോഗനിര്‍ണ്ണയം നടത്തുന്ന രീതിയെക്കുറിച്ചുള്ള (ജൗഹലെ ഉശമഴിീശെെ) ഗ്രന്ഥമാണിത്.
ചരകന്‍, അഗ്നിവേശന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ അവരുടെ ഗ്രന്ഥരചനയ്ക്കായി അശ്വനി സംഹിത എന്ന പുസ്തകത്തെ മാതൃകയാക്കിയിട്ടുണ്ട്. ചില പുരാതനമായ താളിയോല ഗ്രന്ഥങ്ങളുടെ ആദ്യസ്രോതസ്സായി അശ്വനികുമാരന്മാരെയാണ് പരിഗണിച്ചിരിക്കുന്നത്. കാലപ്പഴക്കം കൊണ്ടും വിദേശ ആക്രമണങ്ങള്‍ കൊണ്ടും അശ്വനിസംഹിത ഉള്‍പ്പെടെയുള്ള പല മൂലഗ്രന്ഥങ്ങളും പൂര്‍ണ്ണമായും ഇന്നില്ല. എങ്കിലും ചരകസംഹിത, സുശ്രുത സംഹിത, ഭാവപ്രകാശം തുടങ്ങിയ പിന്‍കാല ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലൂടെയും ശ്ലോകങ്ങളിലൂടെയും ഉദ്ധരണികളിലൂടെയുമാണ് അശ്വനികുമാരന്മാരുടെ ചികിത്സാജ്ഞാനം ഇന്ന് നിലനില്‍ക്കുന്നത്.
കടപ്പാട്: ഡോ. ബിബിന്‍ വൈദ്യര്
