പാത്രങ്ങളുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ വിയര്‍ത്തൊലിച്ച മുഖവുമായി നില്ക്കുന്ന അമ്മയുടെ രൂപമാണ് ഓരോ ആഘോഷങ്ങള്‍ക്കിടയിലും എന്റെ മനസ്സില്‍ തെളിഞ്ഞുവരിക... -മായാകൃഷ്ണ
പാത്രങ്ങളുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ വിയര്‍ത്തൊലിച്ച മുഖവുമായി നില്ക്കുന്ന അമ്മയുടെ രൂപമാണ് ഓരോ ആഘോഷങ്ങള്‍ക്കിടയിലും എന്റെ മനസ്സില്‍ തെളിഞ്ഞുവരിക. പുഞ്ചിരിച്ചുകൊണ്ട് പലരും തരുന്ന വിഷുക്കൈനീട്ടത്തില്‍ എന്റെയും അമ്മയുടെയും കണ്ണുനീരിന്റെ രുചി പറ്റിപ്പിടിക്കാറുണ്ട്. പലരുടേയും അടുക്കളയില്‍ ജോലി ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്. വളരെ കഷ്ടപ്പെട്ട് എന്നെ വളര്‍ത്തിയത് കൊണ്ടാവാം ഞാനിന്നിവിടെ എത്തിയത്. ചിരിച്ചുകൊണ്ട് മായാകൃഷ്ണ പറഞ്ഞു. കോമഡിഷോകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മായാകൃഷ്ണ വായനക്കാരോട് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.
കര്‍ണികാര ശോഭയില്‍
ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റേയും ഉത്സവമായ നമ്മുടെ കാര്‍ഷികോത്സവം എനിക്കെന്നും പ്രിയപ്പെട്ടതാണ്. കുട്ടിക്കാലത്തെ മധുരമുള്ള ഓര്‍മ്മകളൊന്നും എനിക്ക് പറയാനില്ല. കാരണം ഓര്‍മ്മവെച്ച നാള് മുതല്‍ അച്ഛനായും അമ്മയായും എനിക്ക് എന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തിരുന്ന അമ്മയെ ചേര്‍ത്തുപിടിച്ച് ആ കവിളുകളില്‍ ഉമ്മ വെച്ച് മായ തുടര്‍ന്നു. വഴിയരികില്‍ പൂത്തുലഞ്ഞുനില്ക്കുന്ന കര്ണ്ണികാരങ്ങളിലേക്ക് കണ്ണുംനട്ട് അമ്മയുടെ വരവും പ്രതീക്ഷിച്ച് അടുത്ത വീടുകളിലെ കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ അമ്മ കൊണ്ടുവരുന്ന പലഹാരപ്പൊതിയിലെ മധുരമായിരുന്നു മനസ്സുനിറയെ.
അമ്മയോടൊപ്പം ഞാനും പല വീടുകളിലും ജോലി ചെയ്താണ് പഠിച്ചുവളര്‍ന്നത്. ഒരിക്കലും ഒരു കലാകാരിയായി അറിയപ്പെടുമെന്ന് ഞാന്‍ കുട്ടിക്കാലത്ത് സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. എല്ലാം എന്റെ ഗുരുവായൂരപ്പന്റെ അനുഗ്രഹം. കണ്ണടച്ച് കൈകൂപ്പി. അരികിലുള്ള കൃഷ്ണരൂപത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. എന്റെ പേര് ശ്രദ്ധിച്ചിട്ടുണ്ടോ, മായാകൃഷ്ണ. അതിലും ഒരു കോമഡിയുണ്ട്. അമ്മയുടെ പേര് രാധ എന്നാണെങ്കിലും അമ്മയ്ക്ക് പഴയ നടി ശാരദയെ ഭയങ്കര ഇഷ്ടാ... അവരോടുള്ള ആരാധന മൂത്ത് അവരുടെ 'മായ' എന്ന സിനിമയുടെ പേരാണ് എനിക്കിട്ടത്. തൃശൂര്ക്കാരിയായതിനാല് ഗുരുവായൂരപ്പനുമായി വളരെ അടുത്ത ബന്ധമായതിനാല്‍ മായയുടെ കൂടെ കൃഷ്ണനെക്കൂടി അമ്മ കൂട്ടി. അങ്ങനെ ഞാന്‍ മായാകൃഷ്ണയായി. എല്ലാം മായ. താരജാഡകളില്ലാതെ മായ പറഞ്ഞു.
ഏഷ്യാനെറ്റിലെ സസ്നേഹത്തിലെ ഗിരിജയും സൂര്യയിലെ കനല്‍പ്പൂവിലെ കമലാക്ഷിയും സീ കേരളത്തിലെ മംഗല്യത്തിലെ ജനിയും മഴവില്‍ മനോരമയിലെ സൂപ്പര്‍ കണ്മണിയിലെ ശാന്തയും ഏഷ്യാനെറ്റിലെ പവിത്രത്തിലെ മാലതിയേയും പ്രേക്ഷകര്‍ക്ക് അത്രവേഗം മറക്കാന്‍ കഴിയില്ല. കോമഡിഷോയിലൂടെ തന്റേതായ ഒരിടം കണ്ടെത്തിയ മായാകൃഷ്ണ ഇന്ന് തിരക്കുള്ള ഒരു താരമായി മാറിക്കൊണ്ടിരിക്കുമ്പോഴും തന്നെ കൈപിടിച്ച് ഉയര്‍ത്തിയവരെ സ്നേഹത്തോടെ തന്നെ ഹൃദയത്തോട് എന്നും ചേര്ത്തുപിടിച്ചുകൊണ്ടിരിക്കുകയാണ്.
ഉര്‍വശി ചേച്ചി ഇല്ലായിരുന്നെങ്കില്‍ മായാകൃഷ്ണ എന്ന താരം ഉണ്ടാകുമായിരുന്നില്ല. അമ്മ പല വീടുകളിലും ജോലി ചെയ്താണ് എന്നെ വളര്‍ത്തിയത്. അമ്മ ജോലിക്കുപോകുമ്പോള്‍ ഞാനും പല വീടുകളിലും ജോലിക്ക് പോയി തുടങ്ങി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്നെ ഒരു വീട്ടിലാക്കിയത്. അവിടെയുള്ള പ്രായമായ അപ്പൂപ്പനേയും അമ്മൂമ്മയെയും പരിചരിക്കണം. അവരെന്നെ പഠിപ്പിക്കും. ഡിഗ്രി ഫൈനല്‍ ഇയര്വരെ അവിടെ നിന്നാണ് പഠിച്ചത്. അത് എന്റെ സ്വന്തം വീടുപോലെയായിരുന്നു. അവര്‍ പോകുന്നിടത്തെല്ലാം എന്നെ കൊണ്ടുപോകും. അവരിലൊരാളായി മാത്രമേ എന്നോട് പെരുമാറിയിരുന്നുള്ളൂ... ഒരുനാള്‍ അവര്‍ ആ സ്ഥലവും വീടുമെല്ലാം വിറ്റ് പോകുകയാണെന്ന് പറഞ്ഞപ്പോഴാണ് ഇതൊന്നും എന്റേതല്ല എന്ന ബോധം വന്നത്. പിന്നീട് അടുക്കള പ്പണിക്കുതന്നെ പലയിടത്തും പോയി.
ആദ്യം നിന്ന സ്ഥലത്തുള്ളവരാണ് എന്നെ ഡാന്‍സ് പഠിപ്പിച്ചത്. അങ്ങനെ ഞാന്‍ ഐഡിയ സ്റ്റാര്‍ സിംഗറില്‍ പിന്നില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നവരുടെ സംഘത്തില്‍ അവസരം ലഭിച്ചു. അവിടെയുള്ള ഒരു കുട്ടി എന്നെ സിനിമാറ്റിക് ഡാന്‍സ് പഠിക്കാനും പ്രോത്സാഹിപ്പിച്ചു. അതോടെ കൂടുതല്‍ അവസരം ലഭിച്ചുതുടങ്ങി. ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സറായിരുന്നു. സ്റ്റേജ് ഷോസിനുവേണ്ടി സിനിമാറ്റിക് ഡാന്‍സ് പഠിക്കാന്‍ ഞാന്‍ ആലപ്പുഴയില്‍ പോയി. അന്ന് അവിടുത്തെ മാസ്റ്ററാണ് പുതുതായി തുടങ്ങുന്ന ഒരു ചാനലില്‍ ഡാന്‍സിന്റെ റിയാലിറ്റി ഷോ വരും എന്നുപറഞ്ഞത്.
ഡാന്‍സ് പഠിക്കുന്ന കാലത്താണ് ഒരു നടിയായി അറിയപ്പെടണമെന്ന ആഗ്രഹം മനസ്സില്‍ ഉദിച്ചത്. ഒരു നടിയായാല്‍ ഒരുപാട് കാശും പ്രശസ്തിയും ലഭിക്കുമല്ലോ. ഒരു വീടും അമ്മയെ ഇനി അടുക്കള ജോലിക്കൊന്നും വിടാതെ പൊന്നുപോലെ നോക്കണം ഇതൊക്കെയായിരുന്നു നടിയാകാനുള്ള ആഗ്രഹം ജനിപ്പിച്ചത്. കറുത്ത് മെലിഞ്ഞ് ഒരു കോലവുമില്ലാത്ത ഞാനെങ്ങനെ നടിയാകും. കണ്ണാടിയുടെ മുന്നില്‍ നിന്നുകൊണ്ട് ഞാന്‍ തന്നെ എന്നോട് ചോദിക്കും. പതിയെ ഞാന്‍ മറ്റുള്ളവരുടെ മുന്പില് ഡാന്‍സ് കളിച്ചുതുടങ്ങി. ആ സമയത്താണ് ഒരു സ്കിറ്റില്‍ നല്ല ഹൈറ്റുള്ള ഒരു കുട്ടി വേണമായിരുന്നു. അവര്‍ വിളിച്ച ആര്‍ട്ടിസ്റ്റ് വന്നില്ല. ഡാന്‍സ് കളിക്കുന്ന കുട്ടികളില്‍ ഞാന്‍ മാത്രമേ ഉയരം കൂടിയ ആള്. നസീര്‍ സംക്രാന്തി ഇക്കയാണ് ആദ്യമായി എനിക്ക് ലൈവില്‍ ഒരു അവസരം തരുന്നത്. ഉര്‍വശി ചേച്ചിയാണ് പറയുന്നത് അവള് നന്നായി ചെയ്യുന്നുണ്ടല്ലോ, അവളെ കൂടെ നിര്‍ത്താം എന്ന്. ചേച്ചി ഇല്ലായിരുന്നെങ്കില്‍ മായാകൃഷ്ണ എന്നറിയപ്പെടുന്ന താരം ഉണ്ടാകുമായിരുന്നില്ല. നന്ദിയുണ്ട് ചേച്ചീ.. ഒരുപാട് ഒരുപാട്.
വീടെന്ന സ്വപ്നം
സ്വന്തമായി ഒരു കുഞ്ഞുവീട്. അതായിരുന്നു അമ്മയുടെ സ്വപ്നം. നടക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെങ്കിലും ഞാനും അമ്മയും ആ സ്വപ്നത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാതെ എങ്ങനെ വീട് വയ്ക്കും? അവസാനം സീമ ചേച്ചിയാണ് (സീമ ജി. നായര്‍) എന്റെ സ്വപ്നം സാക്ഷാത്കരിച്ചുതന്നത്. അതിലേക്ക് നിമിത്തമായി വന്നത് വിജയകുമാരി ചേച്ചിയും. അങ്ങനെ ഞാന്‍ എന്റെ വീടിന് 'വിജയസീമ' എന്ന പേരിട്ടു. സീമ ചേച്ചിക്കും വിജയകുമാരി ചേച്ചിക്കും എനിക്ക് ഇതില്‍ കൂടുതല്‍ എന്ത് നല്കാന് കഴിയും. ഞാന്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ അച്ഛന് അമ്മയെ ഉപേക്ഷിച്ചതാണ്. പ്രേമിച്ച് ഒളിച്ചോടി കല്യാണം കഴിച്ചതാണ് അമ്മയെ അച്ഛന്. നിറവയറുമായി നില്ക്കുന്ന അമ്മയെ വാടകവീട്ടില്‍ തനിച്ചാക്കി അച്ഛന് പോയതാണ്. പിന്നീട് ഒരിക്കലും വന്നില്ല. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു എന്നറിഞ്ഞത്. സുഖമായി ജീവിക്കുന്നവര്‍ സുഖമായി തന്നെ ജീവിക്കട്ടെ. എനിക്ക് എന്റെ അമ്മ മതി. അമ്മമാത്രം.
ഇന്ന് ഞാന്‍ വളരെ സന്തോഷവതിയാണ്. സ്വന്തമായി വീട്. അമ്മയെ നല്ലപോലെ നോക്കാന്‍ കഴിയുന്നു. ജനങ്ങള്‍ക്കിടയില്‍ ഞാനുമൊരു താരമായി മാറുന്നു. എല്ലാം എന്റെ കണ്ണന്റെ അനുഗ്രഹം.
അമേരിക്ക, ദുബായ്, ഷാര്‍ജ, കുവൈറ്റ്, ബഹ്റൈന്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഞാന്‍ യാത്ര ചെയ്തു, പരിപാടികള്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ ഒരിക്കല്‍കൂടി പോകണമെന്ന് ആഗ്രഹമുണ്ട്. നല്ല ഭക്ഷണങ്ങള്‍ കഴിക്കാനും യാത്ര ചെയ്യാനും ഏറെ ഇഷ്ടം. ചോറാണ് ഏറ്റവും ഇഷ്ടം. ഒരുവിധം തെറ്റില്ലാത്ത രീതിയില്‍ ഞാന്‍ പാചകവും ചെയ്യും അല്ലേ... അമ്മേ.. വാചകം മാത്രമല്ല പാചകവും വശമുണ്ട്. മമ്മുക്കയോട് ആദ്യമായി ഡയലോഗ് പറഞ്ഞാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഭാസ്ക്കര്‍ ദി റാസ്ക്കല്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞു. മലയാളത്തിലും തമിഴിലുമായി സജീവമാകാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ സ്വന്തം മായാകൃഷ്ണ. സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും സ്നേഹത്തിന്റെ പത്തരമാറ്റ് നല്കുന്ന ഈ കലാകാരിയെ മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുക തന്നെ ചെയ്യും.
മഹിളാരത്നംچ വായനക്കാര്‍ക്ക് മായാകൃഷ്ണയും അമ്മയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ നേരാനും മറന്നില്ല.
നാസര്‍ മുഹമ്മദ്,
ഫോട്ടോ: അഭിലാഷ് നാരായണന്
മേക്കപ്പ്: നിമ്മി സുനില്‍, വിക്ടോറിയ പാരീസ് മേക്കോവര്‍ സ്റ്റുഡിയോ,
ഫോര്‍ട്ട് കൊച്ചി
കോസ്റ്റ്യൂം: 'N' style Piravom
ലൊക്കേഷന്‍: ഫോര്‍ട്ട് കൊച്ചി
