യോഗിനി ഏകാദശി വ്രതം ഇത്തവണ ശനിയാഴ്ച ആചരിക്കണം

യോഗിനി ഏകാദശി വ്രതം ഇത്തവണ ശനിയാഴ്ച ആചരിക്കണം

 

മിഥുനമാസത്തിലെ കൃഷ്ണപക്ഷ യോഗിനി ഏകാദശി സംബന്ധിച്ച് പലർക്കും സംശയമുണ്ടാകാം. കലണ്ടറുകളിൽ ഏകാദശി തിഥി 2026 ജൂലൈ 10 വെള്ളിയാഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, വ്രതം അനുഷ്ഠിക്കേണ്ടത് ജൂലൈ 11 ശനിയാഴ്ചയാണ്. ദശമി ബന്ധമില്ലാത്ത ദിവസത്തിലാണ് ഏകാദശി വ്രതം ആചരിക്കേണ്ടതെന്ന ആചാരനിയമമാണ് ഇതിന് കാരണം. ജൂലൈ 10 രാവിലെ 8.16 വരെ ദശമി തിഥി നിലനിൽക്കുന്നതിനാലാണ് വ്രതം പിറ്റേദിവസത്തേക്ക് മാറുന്നത്.

മിഥുനമാസത്തിലെ കറുത്തപക്ഷത്തിലെ (കൃഷ്ണപക്ഷം) ഏകാദശിയായ യോഗിനി ഏകാദശി മഹാവിഷ്ണുവിന് സമർപ്പിച്ച വിശിഷ്ട ദിനമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം മഹാവിഷ്ണുവിനെ ഭക്തിപൂർവം ആരാധിക്കുകയും നാമജപത്തോടുകൂടി ഏകാദശി വ്രതം അനുഷ്ഠിക്കുകയും ചെയ്താൽ ഐശ്വര്യം, അഭിവൃദ്ധി, ആയുരാരോഗ്യം, സൗഭാഗ്യം എന്നിവ ലഭിക്കുമെന്നാണ് പുരാണവിശ്വാസം.

ഇത്തവണ ഏകാദശി തിഥി ജൂലൈ 10 വെള്ളിയാഴ്ച രാവിലെ 8.16-ന് ആരംഭിച്ച് ജൂലൈ 11 ശനിയാഴ്ച പുലർച്ചെ 5.22-ന് അവസാനിക്കും. ഏകാദശിയുടെ അവസാന 15 നാഴികയും (6 മണിക്കൂർ) ദ്വാദശിയുടെ ആദ്യ 15 നാഴികയും (6 മണിക്കൂർ) ചേർന്നുള്ള 12 മണിക്കൂർ സമയമാണ് ഹരിവാസരം. അതനുസരിച്ച്, ഇത്തവണ ഹരിവാസരം ജൂലൈ 10 രാത്രി 12.06 മുതൽ ജൂലൈ 11 ശനിയാഴ്ച രാവിലെ 10.33 വരെ നീളുന്നതാണ്.