തിരുമല മുരുകനും പ്രകൃതിയും ചേര്‍ന്നൊരുക്കിയ അവര്‍ണ്ണനീയ ദര്‍ശനഭാഗ്യം
കേരളത്തിന്റെ തനതുഭക്തി സംസ്ക്കാരവും തമിഴ്നാടിന്റെ മുരുക ഭക്തി പാരമ്പര്യവും ഇഴപാകിയ തിരുമല കുമാരസ്വാമി തൃക്കോവില്‍ സന്ദര്‍ശിക്കുന്ന ഏതൊരു ഭക്തനും അവന്റെ അഭിഷ്ടങ്ങള്‍ സുസാദ്ധ്യമാക്കാന് ആ തിരുസന്നിധിയില്‍ ദുഃഖഭാരം ഇറക്കിവച്ച് പ്രാര്‍ത്ഥിക്കുകയേ വേണ്ടൂ. എല്ലാമറിയുന്ന തമ്പുരാന് ഭക്തന്റെ ദുഃഖത്തിന്റെ ആഴമറിഞ്ഞ് എല്ലാം സാധ്യമാക്കിത്തരുമെന്നാണ് പലരുടെയും അനുഭവസാക്ഷ്യം.
പഴനി മലയില്‍ കുടികൊള്ളുന്ന ദണ്ഡായുധ പാണിയെപ്പോലെ മലമുകളിലെ അതിവിശേഷപ്പെട്ട ശ്രീമുരുകദേവ സ്ഥാനമാണ് തെങ്കാശിക്കടുത്ത് പന്പൊലിയില് സ്ഥിതി ചെയ്യുന്ന തിരുമല ശ്രീ കുമാരസ്വാമി തൃക്കോവില്‍. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇവിടം ചെങ്കോട്ട താലൂക്കില്പ്പെടുന്നു. ചെങ്കോട്ടയില്‍ നിന്ന് പത്തുകിലോമീറ്റര്‍ ദൂരം മാത്രമേ തിരുമല ശ്രീമുരുക ക്ഷേത്രത്തിലേയ്ക്കുള്ളൂ. അത്രയ്ക്ക് കേരളവുമായി വളരെ ചേര്‍ന്നുനില്‍ക്കുന്ന ഈ മുരുകക്ഷേത്രം ദ്രാവിഢ വാസ്തുനിര്മമിതിയുടെ മകുടോദാഹരണമാണ്.

പാണ്ഡ്യരാജാക്കന്മാരാണ് തിരുമല ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. മലയടിവാരത്തുനിന്നും 1083 അടി ഉയരത്തില്‍ സഞ്ചരിച്ചാല്‍ ക്ഷേത്രസന്നിധിയിലെത്താം. അതിനുവേണ്ടി 625 പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുമല ശ്രീമുരുകദര്ശനം വേഗമാകത്തക്കവിധത്തില് 2012 മുതല്‍ റോഡുവഴി വാഹനസഞ്ചാരം സുഗമമാക്കിയിട്ടുണ്ട്. കേരളത്തിന്റെ തനതുഭക്തി സംസ്ക്കാരവും തമിഴ്നാടിന്റെ മുരുക ഭക്തി പാരമ്പര്യവും ഇഴപാകിയ തിരുമല കുമാരസ്വാമി തൃക്കോവില്‍ സന്ദര്‍ശിക്കുന്ന ഏതൊരു ഭക്തനും അവന്റെ അഭിഷ്ടങ്ങള്‍ സുസാദ്ധ്യമാക്കാന് ആ തിരുസന്നിധിയില്‍ ദുഃഖഭാരം ഇറക്കിവച്ച് പ്രാര്‍ത്ഥിക്കുകയേ വേണ്ടൂ.
എല്ലാമറിയുന്ന തമ്പുരാന് ഭക്തന്റെ ദുഃഖത്തിന്റെ ആഴമറിഞ്ഞ് എല്ലാം സാധ്യമാക്കിത്തരുമെന്നാണ് പലരുടെയും അനുഭവസാക്ഷ്യം. ഇതിനുമപ്പുറം അവാച്യമായ അനുഭൂതി പ്രദാനം ചെയ്യുന്ന ദേവസ്ഥാനമായി തിരുമല ക്ഷേത്രം മാറുന്നത് ദിവ്യദര്ശനത്തിനുശേഷം ദുഃഖങ്ങളൊഴിഞ്ഞ മനസ്സോടെ പ്രദക്ഷിണവഴിയിലൂടെ മടക്കയാത്ര നടത്തുമ്പോള്‍ ഭക്തമനസ്സിനെ കീഴ്പ്പെടുത്തുന്ന പ്രകൃതിദൃശ്യങ്ങളുടെ അവര്ണ്ണനീയസിദ്ധി വിശേഷങ്ങളാണ്. അങ്ങ് വിദൂരതയില്‍ നീലമലകളുടെ വിസ്മയാവഹമായ ദര്‍ശനം. താഴ്വരയില് പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളുടെ ഫലഭൂയിഷ്ഠത.
ഇവയ്ക്ക് മധ്യേ ഉയര്‍ന്നു നില്ക്കുന്ന ഭക്തിയുടെ തിരുമലയില്‍ ശ്രീകുമാരസ്വാമി ക്ലേശമനസ്സുകളില് ആശ്വാസത്തിന്റെ തേന്പുരട്ടുമാറ്, അഭീഷ്ടവരങ്ങള്‍ നല്കി ദര്‍ശനം നല്കി അനുഗ്രഹം ചൊരിഞ്ഞുനില്ക്കുന്നു. സത്യത്തില്‍ പശ്ചിമഘട്ട മലനിരകളുടെ ദര്ശനസൗകുമാര്യതയ്ക്കൊപ്പം ഭക്തിയുടെ പാല് നിലാവ് വര്‍ഷിക്കുന്ന ഇടമാണ് തിരുമല ശ്രീമുരുക ക്ഷേത്രം. 600 വര്‍ഷം മുമ്പാണ് ഇവിടെ ക്ഷേത്രം പണിതതെന്നാണ് വിശ്വാസം.

ഐതിഹ്യം
തിരുമല ശ്രീമുരുക ക്ഷേത്രത്തെപ്പറ്റി പ്രധാനമായി പറഞ്ഞുകേള്‍ക്കുന്ന ഐതിഹ്യം ഇപ്രകാരമാണ്. തിരുമല കാളിയമ്മന്‍ ക്ഷേത്രത്തിലെ പ്രധാന അര്ച്ചകന്(പൂജാരിക്ക്) ഒരു സ്വപ്നദര്‍ശനമുണ്ടായി. ആ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട ദിവ്യപുരുഷന് പറഞ്ഞു ഇവിടെ നിന്നും അച്ചന്കോവിലിലേയ്ക്ക് പോകുന്ന വഴിയില്‍ ഒരു നിശ്ചിത സ്ഥലത്ത്(കോട്ടൈത്തിരട) മുളങ്കാടിനുള്ളില് ഒരു കുമാരസ്വാമി വിഗ്രഹം ഇലകള്‍ മൂടി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ട്. അത് നീ കണ്ടെത്തണം. പിന്നീട് അത് തിരുമല മുകളില്‍ പ്രതിഷ്ഠിക്കണം. വിഗ്രഹം കണ്ടെത്താന്‍ നിനക്ക് കൂടുതല്‍ ബുദ്ധിമുട്ടേണ്ടതില്ല. ആ സ്ഥലത്ത് മുളങ്കാടിനുള്ളിലൂടെ വിഗ്രഹം തിരഞ്ഞ് നീ സഞ്ചരിക്കുമ്പോള്‍ കുറേ ഉറുമ്പുകള്‍ വരിവരിയായി നീങ്ങുന്നത് കാണാന്‍ കഴിയും. അത് ചെന്നവവസാനിക്കുന്നത് വിഗ്രഹത്തിന് സമീപമായിരിക്കും.
സ്വപ്നത്തല്‍ നിന്നുണര്‍ന്ന പൂജാരിക്ക് മനസ്സിന് യാതൊരു സ്വസ്ഥതയും ഇല്ലാതായി. നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം പന്തളരാജാവിനെ വിവരം അറിയിച്ചു. അന്ന് പന്തളം ദേശത്തിന്റെ അധീനതയിലായിരുന്നു പുനലൂരും ചെങ്കോട്ടയും അതിന്റെ പരിസരപ്രദേശങ്ങളും. അടുത്തദിവസം തന്നെ പൂജാരിയും പന്തളം രാജാവും സ്വപ്നദര്‍ശനപ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തെ മുളങ്കാടിനുള്ളില് വിഗ്രഹം തിരയവെ കുറെ ഉറുമ്പുകള്‍ വരിവച്ച് നീങ്ങുന്നത് കാണാനിടയായി. അത് ചെന്നവസാനിച്ചത് ഇലകളാല്‍ മൂടിയ വിഗ്രഹത്തിന് സമീപമായിരുന്നു. രാജാവും പൂജാരിയും അവിടെ നിന്ന് വിഗ്രഹം വീണ്ടെടുത്ത് ശുദ്ധികര്‍മ്മങ്ങള്‍ ചെയ്ത് താല്‍ക്കാലികമായി തിരുമലയില്‍ പ്രതിഷ്ഠിച്ചു.

സാഹിത്യം
എന്നാല്‍ പില്ക്കാലത്ത് തിരുമലദേശവും ഭരിച്ചത് ആര്യന്ദ്രന് എന്നൊരു രാജാവാണെന്നാണ് ഡോ. ഗണപതി രാമന്റെ 'ക്ഷേത്രപുരാണം' എന്ന കൃതിയില്‍ പറയുന്നത്. ഇളംകോ അടികളുടെ ചിലപ്പതികാരത്തില് തിരുമല അറിയപ്പെടുന്നത് നെടുവേല്കുണ്ട്രം എന്ന പേരിലാണ്. മധുരാനഗരി ചുട്ടെരിച്ച ശേഷം പ്രതികാരാഗ്നിയായി മാറിയ കണ്ണകി ഇതുവഴി സഞ്ചരിച്ചാണ് കേരളദേശത്തെത്തിയതെന്നും പറയപ്പെടുന്നു. തമിഴ് ഭക്തകവി അരുണഗിരി നാഥന്റെ തിരുപ്പുകഴില്‍ തിരുമല മുരുകനെപ്പറ്റി പാടിപ്പുകഴ്ത്തിയിട്ടുണ്ട്. കൂടാതെ ദണ്ഡപാണി സ്വാമികള്‍, കവിരശപാണ്ഡരത്യര് തുടങ്ങിയവരുടെ കവിതകളിലും തിരുമല മുരുകസ്തുതികള്‍ കാണാം. ഇതിനൊപ്പം തിരുമല മുരുകന് കുറവത്തി, തിരുമല മുരുകന് നൊണ്ടിനാടകം, തിരുമല മുരുകന് കറുപ്പന് കഥകള്‍ എന്നിവയും ആ മഹാപ്രഭുവിന്റെ അപദാനബന്ധിത സാഹിത്യസൃഷ്ടികളായി കാണാം.
ഉത്സവങ്ങള്‍
വര്‍ഷത്തില്‍ ഏഴ് പ്രധാന ഉത്സവങ്ങളാണ് തിരുമല ശ്രീകുമാരകോവിലില് ആഘോഷിക്കുന്നത്. പത്തുദിവസം ആഘോഷിക്കുന്ന സ്കന്ദഷഷ്ഠിയും, കാര്‍ത്തികമാസത്തിലെ അവസാന തിങ്കളാഴ്ച നടത്തുന്ന തെപ്പത്തിരുനാളും തൈയ് മാസത്തില്‍ പത്തുദിവസം നടത്തുന്ന പൂജാതിരുനാളും മാസിമാസത്തിലെ പത്തുദിവസത്തെ ഉത്സവവും പൈങ്കുനി ഉത്രവും ചിത്തിരമാസത്തില്‍ അഞ്ചുദിവസം കൊണ്ടാടുന്ന വസന്തതിരുനാളും വൈകാശിമാസത്തിലെ വിശാഖതിരുനാള് മഹോത്സവുമാണത്. കൂടാതെ തമിഴ് മാസത്തിലെ എല്ലാ അവസാന വെള്ളിയാഴ്ചയും എല്ലാ മാസത്തിലെ കാര്‍ത്തിക നാളും തമിഴ് മാസ ആദ്യദിനവും ഇവിടെ ശ്രീമുരുകന് പ്രത്യേകപൂജകളാണ്. ദിവസം എട്ടുനേരം പൂജ നടക്കുന്ന ക്ഷേത്രമാണിത്. അടുത്തിടെ നടന് മോഹന്‍ലാല്‍ ഇവിടെ സ്വര്‍ണ്ണവേല്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്നു.

തിരുമല ശ്രീകുമാരസ്വാമി കോവിലില്‍ എത്തിപ്പെടാന്‍ യാതൊരു യാത്രാബുദ്ധിമുട്ടുമില്ല. ചെങ്കോട്ടയിലേയ്ക്കും തെങ്കാശിയിലേയ്ക്കും ട്രെയിന്‍ ഗതാഗതമുണ്ട്. ചെങ്കോട്ടയില്‍ നിന്നും പത്തുകിലോമീറ്ററും തെങ്കാശിയില്‍ നിന്നും എട്ടുകിലോമീറ്ററുമാണ് ക്ഷേത്രദൂരം. തിരുവനന്തപുരത്തുനിന്നും 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. കൊല്ലം- മധുര റൂട്ടില്‍ 2 മണിക്കൂര്‍ 57 മിനിറ്റാണ് ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാസമയം. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, കായംകുളം ഇവിടെനിന്നും തെങ്കാശിയിലേയ്ക്ക് കെ.എസ്.ആര്.ടി.സി ബസ്സുണ്ട്. ക്ഷേത്രവിലാസവും ഫോണ്‍ നമ്പരും:
അരുള്‍മിഗു തിരുമലൈ കുമാരസ്വാമി ക്ഷേത്രം,
പന്‍പൊലി,ചെങ്കോട്ട, തെങ്കാശി ജില്ല.
ഫോണ്‍: 04633237122
