പുതുക്കിപ്പണിത തിരുവാഭരണ മാളികയിൽ ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം

പുതുക്കിപ്പണിത തിരുവാഭരണ മാളികയിൽ ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം

പന്തളം : വാതിലും ചുമരുകളും അടക്കം ചിത്രപ്പണികളോടെ നവീകരിച്ച മാളികയിൽ ഇനി തിരുവാഭരണങ്ങൾ കണ്ടു തൊഴാം. സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയാണ്  നവീകരിച്ചത്.നവീകരണം പൂർത്തിയാക്കിയ തിരുവാഭരണമാളികയുടെ സമർപ്പണം പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ നിർവഹിച്ചു.മണിച്ചിത്രത്താഴോടുകൂടിയ മാളികവാതിലാണ് ഏറ്റവും ആകർഷകം. ഗണപതി, അയ്യപ്പൻ, മധുരമീനാക്ഷി എന്നീ ശിൽപ്പങ്ങളും ഉണ്ട് കോന്നിയിൽ നിന്നെത്തിച്ച ഈട്ടിത്തടിയിലാണ് നിർമാണം. ചുമരുകളും മുകൾത്തട്ടും തടിയിൽ കൊത്തുപണികളോടെ മോടിയാക്കി. ഒരു മാസത്തോളം സമയമെടുത്താണ് മാളിക നവീകരിച്ചത്. 

തിരുവാഭരണങ്ങൾ ദർശിക്കുന്നതിനും ഇനി മുതൽ ചെറിയ വ്യത്യാസം വരും. മകരവിളക്ക് ദിവസം മുതൽ  ശബരിമലയിൽ മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും
നാലു ദിവസം പതിനെട്ടാം പടി വരെയും അഞ്ചാം ദിവസം ശരംകുത്തിയാൽ വരെയും എഴുന്നള്ളിക്കുന്ന അയ്യപ്പന്റെ തിടമ്പ്, ( ഈ എഴുന്നള്ളത്ത് മാളികപ്പുറത്തമ്മേടെ എഴുന്നള്ളത്ത് എന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് ) ഉടുമ്പാറമലയുടെയും , തലപ്പാറമലയുടെയും  കൊടികൾ, നെറ്റിപ്പട്ടം എന്നിവ തിരുവാഭരണങ്ങളിൽ നിന്നും മാറ്റി പ്രദർശിപ്പിക്കും.

എന്നാൽ, ഒരേ സമയം ദർശനം നടത്താവുന്ന രീതിയിലാണ് ക്രമീകരണം. തിരുവാഭരണ മാളികയ്ക്ക് മുൻപിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണ പേടകങ്ങളും ഉയർത്തി സ്ഥാപിച്ചിട്ടുണ്ട്. സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവോണംനാൾ അംബത്തമ്പുരാട്ടിയുടെ സ്മരണയ്ക്കായി കുടുംബമാണ് പുതുക്കിയ മാളിക സമർപ്പിച്ചത്. സമർപ്പണ ചടങ്ങിൽ പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണവർമ, വിജയലക്ഷ്മി തമ്പുരാട്ടി, ജോയിന്റ് സെക്രട്ടറി സുരേഷ് വർമ, ട്രഷറർ ദീപാ വർമ, വിശാഖം നാൾ രാമവർമരാജ തുടങ്ങിയവർ പങ്കെടുത്തു. തിരുവാഭരണ പേടകവാഹക സംഘാംഗം കൂടിയായ ശിൽപി സുദർശനും മറ്റ്   9 പേരും ചേർന്നാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയത്