ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്ന് ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യത്ത്; ഇന്തോനേഷ്യയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയത്തിന് 1,170 വർഷത്തിലേറെ പഴക്കം
ഇന്തോനേഷ്യയിലെ പ്രംബാനൻ ക്ഷേത്ര സമുച്ചയത്തിന്റെ സംരക്ഷണ-പുനരുദ്ധാരണ പദ്ധതിക്ക് ഇന്ത്യ സാങ്കേതിക പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെയാണ് ഈ ക്ഷേത്രം വീണ്ടും വാർത്തകളിൽ നിറയുന്നത്. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിൽ സ്ഥിതി ചെയ്യുന്ന പ്രംബാനൻ ക്ഷേത്ര സമുച്ചയത്തിന് 1,170 വർഷത്തിലേറെ പഴക്കമുണ്ട്. ഔദ്യോഗിക തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും സംയുക്തമായി പദ്ധതിക്ക് തുടക്കം കുറിച്ചതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക ബന്ധത്തിന് പുതിയ അധ്യായം തുറന്നിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നായ പ്രംബാനൻ ക്ഷേത്രം എ.ഡി. 856-ഓടെ ഹൈന്ദവ സഞ്ജയ രാജവംശമാണ് നിർമ്മിച്ചത്. പരമശിവനു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്ര സമുച്ചയത്തിൽ വിഷ്ണുവിനും ബ്രഹ്മാവിനുമായി സമർപ്പിച്ച ശ്രീകോവിലുകളും ഉൾപ്പെടുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ സ്മാരകം തെക്കുകിഴക്കൻ ഏഷ്യയിലെ ഹൈന്ദവ പൈതൃകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രതീകങ്ങളിലൊന്നാണ്.
47 മീറ്റർ ഉയരമുള്ള ശിവക്ഷേത്രമാണ് സമുച്ചയത്തിലെ പ്രധാന ആകർഷണം. ഒരുകാലത്ത് 240 ക്ഷേത്രങ്ങൾ ഉൾപ്പെട്ടിരുന്ന ഈ വിശാല സമുച്ചയത്തിലെ ശില്പങ്ങളിലും കൊത്തുപണികളിലും രാമായണവും മറ്റ് ഹൈന്ദവ ഇതിഹാസങ്ങളും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. സംസ്കൃത ലിഖിതങ്ങളും ഇന്ത്യൻ വാസ്തുവിദ്യയുടെ സ്വാധീനവും പ്രംബാനനെ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള സാംസ്കാരിക കൈമാറ്റത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യമാക്കുന്നു.
ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും രാഷ്ട്രീയ മാറ്റങ്ങളും മൂലം ക്ഷേത്ര സമുച്ചയത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നെങ്കിലും, പതിനേഴാം നൂറ്റാണ്ടിൽ ഇത് വീണ്ടും കണ്ടെത്തി. 1918 മുതൽ പരമ്പരാഗത നിർമ്മാണരീതികളും ആധുനിക എഞ്ചിനീയറിങ് സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2006-ലെ ശക്തമായ ഭൂകമ്പത്തിന് ശേഷവും ക്ഷേത്രത്തിന്റെ ചരിത്രപരമായ തനിമ സംരക്ഷിക്കുന്ന രീതിയിലാണ് നവീകരണം മുന്നോട്ടുപോയത്.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനുമായി ഇന്ത്യ സാങ്കേതിക സഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. ഇന്തോനേഷ്യൻ അധികൃതരുടെയും യുനെസ്കോയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഈ ചരിത്രപൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്തോനേഷ്യയിലെ ബോറോബുദൂർ ബുദ്ധക്ഷേത്രത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളിലും ഇന്ത്യ മുൻപ് പങ്കാളിയായിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശ്, വിയറ്റ്നാം, മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലെ ബുദ്ധ-ഹൈന്ദവ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും ഇന്ത്യ സാങ്കേതിക വൈദഗ്ധ്യം നൽകിവരുന്നു.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയിൽ ഇന്നും ഹിന്ദു-ബൗദ്ധ പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന സ്മാരകമാണ് പ്രംബാനൻ. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ആയിരത്തിലേറെ വർഷത്തെ സാംസ്കാരിക ബന്ധത്തിന്റെ പ്രതീകമായി ഈ ക്ഷേത്രം ഇന്നും ലോകമെമ്പാടുമുള്ള ചരിത്രാസ്വാദകരെയും തീർഥാടകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു.
ക്ഷേത്രസന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമങ്ങളിൽ പ്രംബാനന്റെ ആകാശദൃശ്യം പങ്കുവെച്ച്, "മഹത്തായ പ്രംബാനൻ ക്ഷേത്രം" എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള നാഗരിക-സാംസ്കാരിക ബന്ധത്തിന്റെ ഉജ്ജ്വല സാക്ഷ്യമാണ് ഈ സ്മാരകമെന്നും അദ്ദേഹം കുറിച്ചു. ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ മോദിയെ സ്വീകരിക്കാൻ നിരവധി ആളുകൾ അണിനിരന്നിരുന്നു. 2029-നകം പുനരുദ്ധാരണ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, പദ്ധതി പൂർത്തിയായ ശേഷം വീണ്ടും പ്രംബാനൻ സന്ദർശിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
