
1198 നേട്ടങ്ങളും കോട്ടങ്ങളും: ജ്യോതിഷ പ്രകാരം ഈ പുതുവർഷം ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
1198 ചിങ്ങമാസം 1 നു 1 നാഴിക 37 വിനാഴികയ്ക്ക് അശ്വതി നക്ഷത്രത്തിൽ ചിങ്ങസംക്രമം. ഒരു വർഷത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഒരു വർഷകാലത്തോളം വ്യാഴം , ശനി, രാഹു, കേതു എവിടെ സ്ഥിതി ചെയ്യുന്നു എന്ന് നോക്കിയിട്ടാണ് സാമാന്യ ഫലപ്രവചനം നടത്തുക. മറ്റു ഗ്രഹങ്ങളുടെ ചാരഫലവും വ്യക്തികൾക്ക് അനുഭവപ്പെടുമെങ്കിലും അവയുടെ ഫലം മാസഫലങ്ങളിലേ വിവരിക്കുകയുള്ളൂ. എങ്കിലും ജാതകാൽ കൂടി പരിശോധിച്ചു വേണം ഗുണദോഷഫലങ്ങൾ വിലയിരുത്തുവാൻ.
അശ്വതി
കുടുംബപരമായി അലട്ടുന്ന അസ്വസ്ഥതകൾ ആത്മസംയമനത്തിലൂടെ പരിഹരിക്കുക. ദൈവിക വിശ്വാസത്തിലൂടെ കാര്യങ്ങൾ സഫലീകരിക്കാൻ ശ്രമിക്കേണ്ടതാണ്. സാമ്പത്തിക ക്രയവിക്രയങ്ങൾ നന്നായി ശ്രദ്ധിച്ചു ചെയ്യുക. സത്യസന്ധമായി പ്രവർത്തിക്കുക വഴി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും മറ്റുള്ളവരോട് പരുഷമായി സംസാരിക്കുകയും പെറുമാറുകയും ചെയ്ത് സ്വന്തം പ്രതിച്ഛായ മോശമാക്കരുത്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ ചെലവ് നിയന്ത്രിക്കുക. അശുഭചിന്തകൾ ശക്തമാകാൻ അനുവദിക്കരുത്. ആയാസകരമായ പ്രശ്‌നങ്ങളെ തരണം ചെയ്യുവാനായി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക. അധികാരികളുടെ പ്രീതിയും വ്യവഹാരവിജയവും നേടിയെടുക്കു വാനാകും. പഠിതാക്കൾക്ക് ഉന്നത വിജയം സ്വായത്തമാക്കുവാനും ഉപരിപഠനത്തിനുള്ള ശ്രമം സഫലമാകുവാനും കഴിയും. മോശം കൂട്ടുകെട്ടുകളിൽ പോവാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക..
ഭരണി
സമചിത്തതയോടെയും മുതിർന്നവരുടെ അനുഗ്രഹത്തോടെയും ചെയ്യുന്ന കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ കഴിയും സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ഗൃഹനിർമ്മാണ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക. ധനനഷ്ടത്തിന് ഇടവരുമെന്നതിനാൽ ധനപരമായ ക്രയവിക്രയങ്ങളും ശ്രദ്ധാപൂർവ്വം ചെയ്യുക. അപ്രതീക്ഷിതമായി കൈവരുന്ന മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. കളത്ര വീട്ടുകാരിൽ നിന്നും സഹായം ലഭിക്കും. എടുത്തുചാടാതെയും അലസത കൂടാതെയും പ്രവർത്തിച്ചാൽ ഗുണാനുഭവങ്ങൾ ഉണ്ടാവും. അപകട ദുരിതങ്ങളിൽ നിന്ന് ഈശ്വരാധീനത്താൽ രക്ഷപ്രാപിക്കാനിടയാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. കൂടെ നിൽക്കുന്നവരിൽ നിന്നും ചതി പറ്റാതെ നോക്കണം.
കാർത്തിക
മനസ്സിൽ കൊണ്ടു നടന്ന പല ആഗ്രഹങ്ങളും സഫലമാകും. പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തും പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടും ഗൃഹനിർമ്മാണം പുരോഗമിക്കും. കുടുംബ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. വാത - നാഡീരോഗങ്ങളെ അവഗണിക്കരുത്. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. മറ്റുള്ളവരോട് ചെറിയ കാര്യത്തിനു പോലും ദേഷ്യപ്പെടുന്ന സ്വഭാവം മാറ്റിയെടുക്കാൻ ശ്രമിക്കണം. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ തള്ളി പറയരുത്. ജോലിയുമായി ബന്ധപ്പെട്ട പ്രധാനകാര്യങ്ങൾ എല്ലാവരുമായി പങ്കിടരുത്. മികച്ച രീതിയിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരം കിട്ടും. ഉന്നതരുമായുള്ള ബന്ധം പ്രയോജനപ്പെടുത്തും. തന്റെതല്ലാത്ത കാരണത്താൽ അപവാദം കേൾക്കാനിടവരും വാക്കുകൾ ശ്രദ്ധിച്ച് പ്രയോഗിക്കുക.
രോഹിണി
ഏത് കാര്യവും സശ്രദ്ധം വീക്ഷണം നടത്തി ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. വേണ്ടപ്പെട്ട ചിലർ കുത്തുവാക്കുകൾ പറഞ്ഞ് വിഷമിപ്പിക്കുന്നതിൽ തളരാൻ പാടില്ല. മത്സര പരീക്ഷകളിൽ വിജയസാധ്യത ഉണ്ട് . ഒരു കാര്യത്തിൽ മാത്രം മുഴുകി സമയവും ഊർജ്ജവും പാഴാക്കരുത്. ഉദര സംബന്ധമായ രോഗങ്ങൾ ശല്യം ചെയ്‌തേക്കാം. അനാവശ്യ യാത്രകൾ കഴിവതും കുറയ്ക്കുക. ധൃതി പിടിച്ചും വികാരത്തിന് അടിമപ്പെട്ടും തീരുമാനമെടുക്കരുത്. പാഴ്‌ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം സൗമ്യമായ പെരുമാറ്റം ഗുണം ചെയ്യും . ഭയപ്പാടോടെ എല്ലാത്തിൽ നിന്നും അകന്നു നിൽക്കുന്നത് തിരിച്ചടിയുണ്ടാക്കും. ഉദാസീനബുദ്ധി പാടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് പങ്കാളിയുടെ സഹായസഹകരണം ഉണ്ടാകും. അലസതയും മടിയും മൂലം മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കാൻ സാധ്യത ഉണ്ട്.
മകയിരം
ഔദ്യോഗികരംഗത്ത് ഉയർച്ച. ഗൃഹനിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. നേത്രരോഗം, ത്വക്ക് രോഗം ഇവ വരാൻ സാധ്യത. സാമ്പത്തികമായ വിഷമതകൾ ഒരളവ് വരെ പരിഹരിക്കാൻ കഴിയും. സംഘടനാ പ്രവർത്തനരംഗത്ത് അർഹമായ പദവിയും പരിഗണനയും ലഭിക്കും. കുടുംബ പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ പരിഹാരം നിർദ്ദേശിക്കും. ഗൃഹനവീകരണ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ പണം ചെലവാകും. കുടുബാംഗങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഉപേക്ഷ പാടില്ല. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ബിസിനസ്സ് പങ്കാളിയുമായി വാക്കുതർക്കത്തിന് പോവരുത്. ജോലികൾ വെച്ചു താമസിപ്പിക്കരുത്. മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് കിണഞ്ഞു ശ്രമിക്കണം.
തിരുവാതിര
ജീവിതച്ചെലവ് വർദ്ധിക്കും. പാഴ്‌ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾക്ക് മേൽ ചുമത്തപ്പെടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. തൊഴിൽ രംഗത്ത് കടുത്ത വെല്ലുവിളി നേരിട്ട് വിജയം വരിക്കും. പരോപകാരം ചെയ്ത് ധനനഷ്ടം സംഭവിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം വരുമെങ്കിലും തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വര പ്രാർത്ഥന ചെയ്യുക. കളത്രവീട്ടുകാരിൽ നിന്നും ധനസഹായം ലഭിക്കും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ കൂടുതൽ ഉണ്ടാവില്ല. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ കരുതിയിരിക്കണം. സങ്കീർണ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോകും. എന്നാൽ ഇതിൽ നിന്നും ചില പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതത്തെ ശുഭകരമായി സമീപിക്കാൻ സാധിക്കും.
പുണർതം
പൂർവ്വിക സ്വത്ത് ലഭിക്കാൻ സാധ്യത. നിയന്ത്രണമില്ലാതെ പണം ചെലവാക്കരുത്. പഴയ കാല ചില സുഹ്യത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടും. സൗഹ്യദം ഗുണം ചെയ്യും. ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിക്കരുത്. പ്രായമായവരും ഗർഭിണികളും കൂടുതൽ ശ്രദ്ധ പുലർത്തുക.. മാതാപിതാക്കൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കും. തെറ്റുകുറ്റങ്ങളും വീഴ്ചകളും ഏറ്റെടുക്കാൻ മടി കാട്ടരുത്. ഭക്ഷ്യജന്യമായ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരത്തിൽ ശ്രദ്ധ വേണം. ലക്ഷ്യപ്രാപ്തി നേടാൻ നിരന്തര ശ്രമം വഴി കഴിയും. മാനഹാനിയും ശത്രുപീഡയും ഉണ്ടാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കണം.
പൂയം
വിദേശ യാത്ര സഫലമാകും. കർമ്മ രംഗത്ത് വളരെയധികം ശോഭിക്കാൻ കഴിയും. സാഹിത്യകാരൻമാർക്കും എഴുത്തുകാർക്കും ഗുണാനുഭവം ഉണ്ടാകും. അസൂയാലുക്കളെ കരുതിയിരിക്കണം. ഭാവി സുഗമമാക്കാൻ വേണ്ട നടപടികൾക്ക് തുടക്കം കുറിക്കും. തൊഴിൽപരമായ ആവശ്യത്തിന് വീടുവിട്ട് താമസിക്കേണ്ടതായി വരും. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന ചില തെറ്റിദ്ധാരണകൾ മാറും. സ്വജനങ്ങളോട് കൂടുതൽ മമത കാട്ടും. കുടുംബ ജീവിതത്തിലെ അസ്വസ്ഥതകൾ മാറും. പുതിയ പല തീരുമാനങ്ങളും എടുക്കുകയും നടപ്പിലാക്കുകയും ചെയ്യും. കാർഷിക വൃത്തിയിലേർപ്പെട്ടിരിക്കുന്നവർക്ക് ഗുണദോഷ സമ്മിശ്രം. കടബാധ്യതകൾ തീർക്കാൻ കഴിയും. അനുഭവിക്കുന്ന ക്ലേശങ്ങൾ മാറി സമാധാനം ലഭിക്കും.
ആയില്യം
നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. ആഗ്രഹിച്ച യാത്രകൾ നടത്തും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കുന്ന അവസരങ്ങൾ ഉണ്ടാകും മേലുദ്യോഗസ്ഥരും ഉന്നത വ്യക്തികളും സഹായിക്കും ഈശ്വരാധീനം വർദ്ധിക്കും. അനധികൃതമായ നിക്ഷേപം നടത്തി കുഴപ്പത്തിൽ ചെന്നു ചാടരുത്. ദാമ്പത്യത്തിലെ ചെറിയ ചെറിയ പിണക്കങ്ങൾ പറഞ്ഞു തീർക്കണം. കുടുംബപരമായ പ്രശ്‌നങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കും. തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ സാധിക്കും. ആരോഗ്യകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. തക്കതായ ചികിത്സ നൽകണം പ്രണയം പൂവണിയും. വിവാഹാലോചന പുരോഗമിക്കും. ആഗ്രഹിച്ച സ്ഥലം മാറ്റത്തിന് സാധ്യത.
മകം
കഠിനാധ്വാനത്തിലൂടെ മത്സര പരീക്ഷകളിൽ നേട്ടമുണ്ടാകും. അച്ചടക്കവും തന്ത്രപരമായ സമീപനവും എവിടെയും വിജയം സമ്മാനിക്കും. മേലുദ്യോഗസ്ഥരോട് നന്നായി പെരുമാറുക. വിലപിടിപ്പുള്ള വസ്തുക്കൾ കളഞ്ഞു പോവാതിരിക്കാൻ ശ്രദ്ധിക്കുക. കുടുംബ സ്വത്തുക്കൾ ക്രയവിക്രയം ചെയ്യാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികളെക്കുറിച്ച് മാതാപിതാക്കളുമായി കൂടി ആലോചിച്ച് ചെയ്യുന്നത് ഗുണപരമാണ്. കുടുംബപരമായ പ്രശ്‌നങ്ങൾ കൂടിയാലോചനയിലൂടെ പരിഹരിക്കുക. ബുദ്ധിപരമായ നീക്കം നേട്ടങ്ങൾ സമ്മാനിക്കും സാഹസിക പ്രവർത്തനങ്ങൾ ഒഴിവാക്കണം.
പൂരം
മാനസിക സമ്മർദ്ദം ഒഴിവാക്കുവാനുള്ള വഴികൾ സ്വയം കണ്ടെത്തണം. എല്ലാ കാര്യങ്ങളിലും ജീവിതപങ്കാളിയുടെ പിന്തുണ സഹായകമായി വർത്തിക്കും. അപ്രതീക്ഷിത തടസ്സങ്ങൾ അതിജീവിക്കും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറും. നേത്രസംബന്ധമായ, വാതസംബന്ധമായ അസുഖം അവഗണിക്കരുത്. അഗ്‌നി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നല്ല ശ്രദ്ധ വേണം. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി അന്യരെ തള്ളി പറയരുത്. ചെറിയ കാര്യങ്ങൾക്ക് പോലും അസ്വസ്ഥത ഉണ്ടാവുന്നത് നല്ലതല്ല. കർമ്മപരമായ രഹസ്യങ്ങൾ പങ്കിടുന്നത് എതിരാളികൾ മുതലെടുക്കും.
ഉത്രം
ഗുരുതര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും ഒടുവിൽ എല്ലാം ഗുണകരമായി തന്നെ പരിണമിക്കും. ലോൺ, കടബാധ്യത, ജാമ്യം ഇവയിൽ ചെന്നു ചാടരുത്. മോശം കൂട്ടുകെട്ടുകളിൽ പെടാതിരിക്കാൻ ശ്രദ്ധ വേണം. മുറിവ്, ചതവ് ഇവ വരാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ധനം വന്നുചേരും. ഈശ്വരാനുഗ്രഹത്താൽ പഠനപുരോഗതി നേടുവാൻ സാധിക്കുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസമുണ്ടാകുമെങ്കിലും ആഗ്രഹത്തിനൊത്ത ജോലി ലഭിക്കും. പങ്കാളി വാക്കുപാലിക്കാത്തതിനാൽ ബിസിനസ്സിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. കുടുംബസ്വത്ത് പങ്കിടുന്ന കാര്യത്തിൽ ശരിയായ തീരുമാനം എടുക്കുക.
അത്തം
ധനപരമായി നല്ല ഉയർച്ച ഉണ്ടാവും പ്രണയം വിവാഹത്തിൽ കലാശിക്കും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല പങ്കാളിയെ ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരിച്ചു കിട്ടും. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ പുലർത്തുക. ഭൂമിസംബന്ധമായ രേഖകളിലെ പ്രശ്‌നങ്ങൾ ശരിയാക്കി കിട്ടും. വീണ്ടും വായ്പ എടുക്കുന്നത് ഒഴിവാക്കണം. സന്താനക്കഴിവിൽ അഭിമാനം തോന്നുന്ന സന്ദർഭങ്ങളുണ്ടാകും. കാരുണ്യ പ്രവർത്തനങ്ങൾക്ക് സൻമനസ്സ് കാട്ടും. ചുമതലകൾ യഥാസമയം നിറവേറ്റും പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. കരാർ ഒപ്പിടും മുൻപ് അത് സസൂക്ഷ്മം പരിശോധിക്കണം.
ചിത്തിര
പലതവണ മാറ്റിവെച്ച വിദൂരയാത്രയ്ക്ക് തയ്യാറെടുക്കും. ശുഭചിന്തകൾ ഗുണം ചെയ്യും. ആരുമായും തർക്കത്തിനും കലഹത്തിനും പോകരുത്. ഉദര- നാഡീരോഗങ്ങളെ ശ്രദ്ധിക്കണം. പഴയ കാലത്ത് പറ്റിയ അബദ്ധങ്ങൾക്ക് പിഴ ഒടുക്കും. എല്ലാ എതിർപ്പുകളേയും ധൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ നേരിടും. കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. പുതിയ കർമ്മപദ്ധതികൾ ആവിഷ്‌ക്കരിക്കും. മുടങ്ങിക്കിടന്ന ഗൃഹനിർമ്മാണ പ്രവൃത്തി പുനരാരംഭിക്കും. കഴിവിനപ്പുറം പണം ചെലവാക്കി കുഴപ്പങ്ങളിൽ ചെന്നു ചാടരുത്.
ചോതി
തൊഴിൽപരമായി ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം. ദൈവാധീനം വർദ്ധിപ്പിക്കുക. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഉദാസീനബുദ്ധി പാടില്ല കയറ്റവും ഇറക്കവും ഒരുപോലെ അനുഭവപ്പെടും. യാത്രകൾ കഴിവതും കുറയ്ക്കുക. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരുമെങ്കിലും തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വരപ്രാർത്ഥന ചെയ്യണം. പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും. വാക്കുകൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ഹൃദ്- നാഡീ രോഗ പീഡകൾക്ക് തക്കതായ ചികിത്സ നൽകണം. ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ അലട്ടിയേക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ധനനഷ്ടം, അപവാദം ഇവ കരുതിയിരിക്കുക.
വിശാഖം
മിക്കകാര്യങ്ങൾക്കും ഭാഗ്യം അനുകൂലമാവും. നിസ്വാർത്ഥമായി വിവിധോദ്ദേശ ചുമതലകൾ നിർവ്വഹിക്കുകയും പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യബോധത്തോടെ സത്ഫലപ്രാപ്തി കൈവരിക്കാനും കഴിയും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റിനുള്ള അവസരങ്ങൾ ഉണ്ടാകും. അസ്ഥി സംബന്ധമായ അസുഖം ബുദ്ധിമുട്ടിച്ചേക്കാം. കുടുംബപരമായ തർക്കങ്ങൾ വിഷമിപ്പിക്കും. പ്രയോജനം ചെയ്യാത്ത ബന്ധുജനങ്ങളിൽ നിന്നും വിദഗ്ധമായി ഒഴിഞ്ഞു മാറും. ഇത്രയും നാൾ എതിരാളിയായി കണ്ട ഒരാൾ അഭ്യുദയകാംക്ഷിയായി മാറും. ഉറ്റവരുടെ നേട്ടങ്ങളിൽ സന്തോഷിക്കും. അശുഭചിന്തകൾ വേറോടെ പിഴുതെറിയണം. ആരുമായും വഴക്കിന് പോവരുത്. സാമ്പത്തിക ഇടപാടിൽ ജാഗ്രത വേണം.
അനിഴം
സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. അടുത്ത ചില ബന്ധുക്കൾ പ്രശ്‌നം സൃഷ്ടിക്കും കൂടുതൽ സംസാരിച്ച് ശതുക്കളുടെ എണ്ണം വർദ്ധിപ്പിക്കരുത്. തൊഴിൽപരമായ നേട്ടങ്ങളിൽ സന്തോഷിക്കും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾക്ക് പാത്രമാവും. വിദ്യാർത്ഥികൾ മത്സരങ്ങളിൽ വിജയിക്കും. തിരക്കേറിയ ജീവിതത്തിൽ നിന്നും അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോവും. പണച്ചെലവ് വർദ്ധിക്കും. വേണ്ടത്ര ആലോചന ഇല്ലാത്ത ചില പ്രവൃത്തികളിൽ പശ്ചാത്തപിക്കും. ഭാഗ്യവും ഈശ്വരാധീനവും തൊഴിലിൽ നേട്ടമുണ്ടാക്കാൻ സഹായിക്കും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. മോശം കൂട്ടുകെട്ടുകൾ മനഃപൂർവ്വം ഒഴിവാക്കണം. വാഹനം മാറ്റി വാങ്ങും. സന്താനത്തിന്റെ വിവാഹാലോചനയിൽ പുരോഗതി ഉണ്ടാവും.
തൃക്കേട്ട
ജീവിതത്തിൽ സമൂലമായ മാറ്റം വരാൻ സാധ്യത ഉണ്ട്. തീരുമാനങ്ങൾ എടുക്കുബോൾ ഭാവിയെ പറ്റി വ്യക്തമായി ചിന്തിക്കണം. സാഹചര്യങ്ങൾ ക്ഷമാപൂർവ്വം നേരിടണം. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും. ജോലിയിൽ ശ്രദ്ധ കൂടുന്നതിലൂടെ കുടുംബകാര്യങ്ങൾ വിട്ടുപോവരുത്. കുടുംബാംഗങ്ങൾക്ക് കൊടുക്കുന്ന വാക്ക് പാലിക്കാൻ ശ്രദ്ധിക്കണം. പല കാര്യത്തിലും സന്താനങ്ങളുടെ സഹായം ഉണ്ടാകും, വിദേശത്ത് പഠിക്കാൻ തീരുമാനിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. ചിരകാല സ്വപ്നം സഫലമാകുന്നതിൽ സന്തോഷിക്കും. ഭൂമി ഇടപാടിൽ നേട്ടമുണ്ടാകും. സാഹിത്യ പ്രവർത്തനങ്ങളിൽ മികവ് പുലർത്തും.
മൂലം
മത്സരപരീക്ഷയിൽ കഠിനാദ്ധ്വാനത്തിലൂടെ വിജയിക്കും. അശുഭചിന്തകൾ ശക്തമാകുന്നത് ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകും. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടാൻ സാധ്യത. ആവശ്യമില്ലാത്ത സാധനങ്ങൾക്കായി പണം ചെലവാക്കി കളയരുത്. പരിചയ സമ്പന്നരായ ആളുകളുടെ സഹായത്തോടെ ശരിയായ വഴി കണ്ടെത്തും. ആവശ്യമില്ലാത്ത സംഭാഷണങ്ങൾ ഒഴിവാക്കുക. ജീവിത പങ്കാളിയുടെ സഹായം ഉണ്ടാകും. സുപ്രധാനമായ രേഖകൾ കൈകാര്യം ചെയ്യുമ്പോൾ അലംഭാവം പാടില്ല. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ അഭിപ്രായം പറയുന്നത് തിരിച്ചടിയാകും.
പൂരാടം
നവീനമായ ചില ആശയങ്ങൾ പ്രവൃത്തി പഥത്തിൽ എത്തിക്കാൻ ശ്രമിക്കും. സാമ്പത്തിക വിഷമതകൾ പരിഹരിക്കാൻ ചില വഴികൾ കണ്ടുപിടിക്കും. സംയുക്ത സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബിസിനസ്സുകാർ എല്ലാ കാര്യങ്ങളും സുതാര്യമാക്കണം. വീഴ്ചകൾ തിരുത്താൻ വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്യണം. ഭൂമിസംബന്ധമായ രേഖകൾ ശരിയാക്കുന്നതിന് ശ്രമം തുടങ്ങും. ഔദ്യോഗിക രംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബപരമായ ഉത്തരവാദിത്വം നിറവേറ്റും. പുതിയ സ്‌നേഹബന്ധം ഉടലെടുക്കും. സൂക്ഷ്മതക്കുറവ് കൊണ്ട് ചില അപകടങ്ങൾ ഉണ്ടായേക്കാൻ സാധ്യത. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക. ചില പദ്ധതികൾ പുനരാവിഷ്‌കരിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലം പരിശ്രമത്തെയും ക്ഷമയേയും ആശ്രയിച്ച് മാത്രമാകും. സമയം വെറുതെ കളയരുത്. വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് നീങ്ങാൻ ശ്രമിക്കുക.
ഉത്രാടം
ജോലിയിൽ മത്സരബുദ്ധിയോടെ പ്രവർത്തിച്ച് മികച്ച വിജയം നേടും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ വേഗം പൂർത്തിയാക്കാൻ കഴിയും. സ്ത്രീകൾ കാരണം കലഹത്തിന് സാധ്യത ഉണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാവും. വിലപിടിപ്പുള്ള ആഭരണങ്ങളും പണവും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. നിയമക്കുരുക്കിൽ നിന്നും രക്ഷപ്പെടും. ശത്രുക്കൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. വെല്ലുവിളികൾ സമർത്ഥമായി അതിജീവിക്കും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും.
തിരുവോണം
ആശയക്കുഴപ്പം പരിഹരിച്ച് ഉത്തരവാദിത്വം പുർണ്ണമായി നിറവേറ്റണം. ധനനഷ്ടത്തിന് സാധ്യത ഉണ്ട്. സ്വജനങ്ങൾക്ക് പണം കടം കൊടുക്കുവാൻ നിർബന്ധിതമാകും. എന്നാൽ ചിലർ അത് തിരിച്ച് തരുന്നതിൽ വീഴ്ച വരുത്തും. കർമ്മരംഗത്ത് കഠിനാദ്ധ്വാനത്തിലൂടെ വിജയം നേടും. വിദ്യാർത്ഥികൾ ക്ഷമാപൂർവ്വം നീങ്ങിയാൽ ലക്ഷ്യപ്രാപ്തി നേടും. കടുംപിടിത്തവും വകവയ്ക്കാത്ത പ്രകൃതവും പ്രശ്‌നമാകും. അധ്യാപകരുടെ അപ്രീതി ക്ഷണിച്ചു വരുത്തരുത്. അടുത്ത ബന്ധുവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ മാനസിക സമ്മർദ്ദം ഉണ്ടാക്കും. വാത പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധ പുലർത്തണം. മറ്റുള്ളവരുടെ അനാവശ്യ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിച്ച് നഷ്ടം ക്ഷണിച്ചു വരുത്തരുത്. സ്വന്തം ലക്ഷ്യം പൂർത്തിയാക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് നീങ്ങണം.
അവിട്ടം
പ്രതീക്ഷയും ഉൻമേഷവും തിരിച്ചു കിട്ടും. മാനസിക സംഘർഷം ഒഴിയും. ചെറിയ ചെറിയ അസുഖങ്ങൾ ശല്ല്യം ചെയ്യും. ജീവിതനിലവാരം വർദ്ധിക്കും. ആഗ്രഹിച്ച സ്ഥലം മാറ്റത്തിനും ഉദ്യോഗക്കയറ്റത്തിനും സാധ്യത ഉണ്ട്. സഹപ്രവർത്തകരുടെ സഹായം ഗുണം ചെയ്യും. അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധിക്കും. ഹൃദമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ശ്രദ്ധയും പരിഗണനയും ലഭിക്കും. ഗുരുക്കൻമാരുടെയും മാതാപിതാക്കളുടെയും ഉപദേശങ്ങൾ സ്വീകരിക്കുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാവും. ദുഷ്ടരായ ആളുകളിൽ നിന്നും അകന്നു നിൽക്കണം.
ചതയം
വ്യാപാരത്തിൽ നേട്ടമുണ്ടാകും. ദു:ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയും. മാതാപിതാക്കളുടെ സഹായത്താൽ ഭൂമി വാങ്ങാൻ സാധിക്കും. സങ്കീർണ്ണമായ സാഹചര്യങ്ങൾ തരണം ചെയ്യാൻ പ്രായോഗികമായ മാർഗ്ഗങ്ങൾ സ്വീകരിക്കണം. മത്സരപരീക്ഷയിൽ നേട്ടമുണ്ടാകും. ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. അച്ചടക്കവും തന്ത്രപരവുമായ സമീപനവും എവിടെയും വിജയം സമ്മാനിക്കും. ഈശ്വരാധീനം ബോധ്യപ്പെടുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകും. അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും കർമ്മരംഗത്ത് കുതിച്ചുചാടാൻ സഹായിക്കും. സന്താനങ്ങളുടെ കഴിവിൽ അഭിമാനം തോന്നുന്ന സന്ദർഭങ്ങളുണ്ടാകും. ചതിയിൽപ്പെടാതെ നോക്കണം. പുണ്യതീർത്ഥയാത്രയ്ക്ക് അവസരമുണ്ടാകും. ചെറിയ ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയേക്കാം.
പൂരുരുട്ടാതി
വിദ്യാർത്ഥികൾ അലസത ഉപേക്ഷിക്കണം. നവീനമായ സംരംഭങ്ങൾക്കും കൂടുതൽ നേട്ടങ്ങൾക്കും വേണ്ടി ധാരാളം പണം മുടക്കും. അതുവഴി സാമ്പത്തിക നഷ്ടം സംഭവിക്കാം. പലതരം പ്രശ്‌നങ്ങൾ അതിജീവിക്കും. ജീവിതത്തിൽ പല കയറ്റിറക്കങ്ങൾ വരും. ധനവരവ് ഉണ്ടാകുമെങ്കിലും ചെലവ് കൂടും. പാഴ്‌ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. മുടങ്ങിപ്പോയ ഗൃഹനിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കും. മക്കളുടെ ചില പ്രവൃത്തികൾ വിഷമിപ്പിച്ചേക്കാം. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും പരമാവധി ഒഴിവാക്കണം.
ഉത്തൃട്ടാതി
തിരിച്ചടികൾ അതിജീവിച്ച് മുന്നേറ്റം നടത്തും. ഇഴഞ്ഞുനീങ്ങിയ സംരംഭങ്ങൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്ന സൂചനകൾ ലഭിക്കും. മറ്റുള്ളവരോട് പരുഷമായി സംസാരിക്കുകയും പെരുമാറുകയും ചെയ്ത് പ്രതിച്ഛായ മോശമാക്കരുത്. ശുഭചിന്തകൾ വർദ്ധിപ്പിച്ച് മാനസിക സംഘർഷങ്ങൾ കുറയ്ക്കണം. വേറെ ആരുടെയും പേരിൽ യാതൊരു നിക്ഷേപവും നടത്തരുത്. വിദേശത്ത് നിന്ന് ധനസഹായം ലഭിക്കും. കുടുബാന്തരീക്ഷം തകർക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം. സൽകർമ്മങ്ങൾക്ക് പണം ചെലവഴിക്കും. ലക്ഷ്യപ്രാപ്തി നേടാൻ നിരന്തരമായി പരിശ്രമിക്കണം.
രേവതി
കർമ്മരംഗത്തെ അസ്വസ്ഥതകൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക. നല്ല ക്ഷമയോടെ ഏത് സന്ദർഭങ്ങളിലും പെറുമാറുക. വിവാഹകാര്യത്തിൽ ധൃതിയിൽ തീരുമാനമെടുക്കരുത്. പഴയ സുഹ്യത്തിനെ അവിചാരിതമായി കാണാൻ ഇടയാകും. വരുമാനം ഉയരുമെങ്കിലും ചില അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും. സ്വാധീനശേഷിയുള്ള ആളുകളുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും. ത്വക്ക്‌രോഗങ്ങൾ അലട്ടിയേക്കാം. കുടുംബ സ്വത്ത് തർക്കം പരിഹരിക്കുന്നതിന് ബന്ധുക്കൾ നടത്തുന്ന ഒത്തുതീർപ്പ് ശ്രമത്തോട് മുഖം തിരിക്കരുത്. സുഹൃത്തുക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കലഹിക്കരുത്. സാഹസിക പ്രവർത്തനങ്ങൾ ഒഴിവാക്കണം. ബിസിനസ് സംബന്ധമായി വിദൂരയാത്രകൾ വേണ്ടിവരും.
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ, പി.ഒ മമ്പറം, കണ്ണൂർ ജില്ല
ഫോ: 9961442256