1202 കൊല്ലവര്‍ഷം സ്വസ്ഥ- സ്വൈര്യജീവിതം നല്‍കുമോ?

1202 കൊല്ലവര്‍ഷം സ്വസ്ഥ- സ്വൈര്യജീവിതം നല്‍കുമോ?

HIGHLIGHTS

മീനത്തില്‍ ശനിയും കര്‍ക്കിടകത്തില്‍ വ്യാഴവും സഞ്ചരിക്കുന്ന കാലം. പൊതുവായി ലോകരാജ്യങ്ങള്‍ക്കിടയില്‍ കലഹങ്ങളും മറ്റും ഉണ്ടാകുമെങ്കിലും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കും. വര്‍ഷാന്ത്യം ലോകരാജ്യങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വം ഉണ്ടാകുന്നതാണ്. പ്രകൃതിക്ഷോഭങ്ങള്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിച്ചേക്കാം. മനുഷ്യരാശിയുടെയും കോടാനുകോടി ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ ആ പ്രപഞ്ചശക്തിയുടെ അനുഗ്രഹം സമാധാനപൂര്‍ണ്ണമായ സ്വൈര്യജീവിതത്തിനും അഭിവൃദ്ധിക്കും കാരണമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

 

 

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

 ഭാഗ്യാനുഭവങ്ങളുണ്ടാകും. ധനപരമായി കുറച്ചധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരും. ശാരീരികമായി ബുദ്ധിമുട്ടുകള്‍ അധികരിച്ചിരിക്കും. ദൂരയാത്രകള്‍ ചെയ്യേണ്ടതായി വരും. ശിരോരോഗങ്ങള്‍ ഇടയ്ക്കിടയ്ക്ക് ബുദ്ധിമുട്ടിക്കാം. വ്യാവഹാരിക വിജയം കൈവരിക്കുമെങ്കിലും പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കണമെന്നില്ല. ദൂരയാത്രകള്‍ ചെയ്യാന്‍ ഇടവരും. തൊഴിലിടങ്ങളിലെ ചെറിയ അസ്വാരസ്യങ്ങള്‍ മാനസികവ്യഥയ്ക്ക് കാരണമാകും. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതാണ്. ശനി അനിഷ്ടഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ കര്‍മ്മസംബന്ധമായും ആരോഗ്യപരവുമായി ക്ലേശങ്ങള്‍ അധികരിച്ചിരിക്കും. അഞ്ചിലെ വ്യാഴം വന്നുചേരുന്ന തടസ്സങ്ങളെ മാറ്റി ധനപരമായും, വര്‍ദ്ധിച്ച യശസ്സും ഐശ്വര്യവും ഉണ്ടാകും. അപ്രതീക്ഷിതമായ ധനലാഭവും കര്‍മ്മഫലസിദ്ധിയും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ ശ്രദ്ധക്കുറവ്, അലസത എന്നിവ അനുഭവപ്പെടാം. പിതൃജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്. അകാരണമായ ഭയം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടാം. ഉഷ്ണരോഗങ്ങള്‍ മൂലം അധികം ക്ലേശം അനുഭവിക്കേണ്ടിവരുന്നതാണ്. 

സന്ധിസംബന്ധമായും വാതരോഗങ്ങളും മൂര്‍ച്ഛിക്കാതെ നോക്കണം. വാഹനയാത്രകള്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. പങ്കാളികളുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഉണ്ടാകാം. എന്നിരുന്നാലും ആത്മവിശ്വാസത്തോടുകൂടി മുന്നോട്ടുപോവുക.

ശ്രദ്ധിക്കേണ്ടവ: മേടക്കൂറുകാരുടെ രാശ്യാധിപന്‍ കുജനാണ്. ഭദ്രകാളി, സുബ്രഹ്മണ്യസ്വാമി എന്നീ ദേവതകളെ പ്രീതിപ്പെടുത്തുക. കാളിസഹസ്രനാമം പതിവായി ചൊല്ലുക. കുമാരസൂക്താര്‍ച്ചന, രക്തപുഷ്പാഞ്ജലി എന്നിവ ദോഷകാഠിന്യം കുറയ്ക്കും. ശനിപ്രീതികരങ്ങളായ കര്‍മ്മങ്ങളും അനുഷ്ഠിക്കുക. നവഗ്രഹക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ, നീരാജനം, എള്ളുപായസം എന്നിവ വഴിപാടായി കഴിപ്പിക്കുക. കുടുംബപരദേവതയ്ക്ക് യുക്തമായ വഴിപാട് സമര്‍പ്പിക്കുക. 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ജീവിതത്തില്‍ അനുകൂലകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുണ്ടാകും. പ്രവര്‍ത്തനമേഖലകളില്‍ വിജയം കൈവരിക്കാം. സുഹൃത്ബന്ധങ്ങള്‍ ദൃഢമാകും. അപ്രതീക്ഷിതമായി ധനാഗമ മാര്‍ഗ്ഗങ്ങളുണ്ടാകും. ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഭൂമിസംബന്ധമായും ലാഭം പ്രതീക്ഷിക്കാം. പുതിയ തൊഴിലിടങ്ങളിലേക്ക് മാറ്റം ലഭിക്കും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും. പുതിയ വാഹനം വാങ്ങാന്‍ യോഗം കാണുന്നു. വിവാഹാദി വിഷയങ്ങള്‍ക്ക് അനുകൂലകാലമാണ്. സാമ്പത്തികക്രയവിക്രയങ്ങള്‍ സൂക്ഷിക്കേണ്ടതാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സ്ഥിരപ്പെടാന്‍ സാധ്യത കാണുന്നു. ജീവിതച്ചെലവുകള്‍ നിയന്ത്രിച്ച് ധനസമ്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജീവിതശൈലീ രോഗങ്ങള്‍ പിടിപെടാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്. വര്‍ഷാന്ത്യത്തിലുള്ള ശനിമാറ്റം പ്രതികൂലമായതിനാല്‍ കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പ്രവര്‍ത്തിക്കേണ്ടതാണ്. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങളുണ്ടാകും. സന്തോഷവും സമാധാനവും ഉണ്ടാകും. കാസരോഗങ്ങള്‍ മൂര്‍ച്ഛിക്കാതെ നോക്കണം. 
സഹോദര ഗുണമുണ്ടാകും. മത്സരപരീക്ഷകളില്‍ ഉന്നതവിജയം ലഭിക്കും. പാരമ്പര്യസ്വത്തുവകകള്‍ ലഭിക്കും. ബിസിനസ്സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ലാഭം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങള്‍ക്ക് പൊതുവേ അനുകൂലമാണ്. വ്യവഹാരിക വിജയമുണ്ടാകും. വര്‍ഷാന്ത്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടവ: ഇടവക്കൂറിന്‍റെ അധിപതി ശുക്രനാണ്. ലക്ഷ്മി, ദുര്‍ഗ്ഗ എന്നീ ദേവതകളെ പ്രീതിപ്പെടുത്തുക. ലളിതാസഹസ്രനാമം നിത്യവും പാരായണം ചെയ്യുക. ശ്രീസൂക്താര്‍ച്ചന നടത്തുക.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

വര്‍ഷാരംഭം കുറച്ചധികം ബുദ്ധിമുട്ടുകളും ക്ലേശങ്ങളും അനുഭവിക്കുമെങ്കിലും പതിയെ കാര്യങ്ങള്‍ അനുകൂലമാകുന്നതാണ്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ധനപരമായി കൂടുതല്‍ ഉയര്‍ച്ചയുണ്ടാകും. മുടങ്ങിക്കിടന്നിരുന്ന പദ്ധതികള്‍ പുനരാരംഭിക്കും. കൂടുതല്‍ മെച്ചപ്പെട്ട തൊഴിലിടങ്ങളിലേക്ക് സ്ഥാനമാറ്റം ലഭിക്കും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ഉന്നതസ്ഥാനമാനങ്ങള്‍ ലഭിക്കും. ദീര്‍ഘനാളത്തെ ആഗ്രഹം സഫലമാകും. വിവാഹാദികാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. ആത്മവിശ്വാസത്തോടുകൂടി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകും. ഉദരസംബന്ധമായ രോഗങ്ങള്‍ വരാതെ നോക്കണം. രണ്ടിലെ വ്യാഴം അനുകൂലനാണ്. ധനപരമായി വളരെ മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കും. പത്തിലെ ശനിമൂലം പ്രവര്‍ത്തനമേഖലകളില്‍ മാന്ദ്യം അനുഭവപ്പടാം. പങ്കാളികളുമായി ഉണ്ടായിരുന്ന അസ്വാരസ്യങ്ങളില്‍ മാറ്റം വരുന്നതാണ്. നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കും. കര്‍മ്മസംബന്ധമായി ദീര്‍ഘനാളായി ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറി പുത്തനുണര്‍വ്വ് അനുഭവപ്പെടും.

കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. ഉന്നത പഠനത്തിനും വിദേശയാത്ര എന്നിവയ്ക്കും അനുകൂലമാണ്. സ്ഥാനക്കയറ്റം, സര്‍ക്കാര്‍ മേഖലയില്‍ ജോലി എന്നിവ ആഗ്രഹിക്കുന്നവര്‍ക്കും ആഗ്രഹപൂര്‍ത്തീകരണം സാധ്യമാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്.

ശ്രദ്ധിക്കേണ്ടവ: മിഥുനക്കൂറിന്‍റെ രാശ്യാധിപന്‍ ബുധനാണ്. വിഷ്ണുപ്രീതികരങ്ങളായ കര്‍മ്മങ്ങളനുഷ്ഠിക്കുക. വിഷ്ണുക്ഷേത്ര ദര്‍ശനം, സഹസ്രനാമം പാരായണം എന്നിവ വന്നുചേരാവുന്ന ക്ലേശങ്ങളെ ദൂരീകരിക്കും. ശനിപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ശാസ്താക്ഷേത്ര ദര്‍ശനം, നീരാജനം എന്നിവ ദോഷങ്ങളെ അകറ്റും. സര്‍പ്പപ്രീതീയും വരുത്തുക.

കര്‍ക്കിടകക്കൂറ്:(പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

ഗുണദോഷസമ്മിശ്രമാണെങ്കിലും ഭാഗ്യാനുഭവങ്ങളുണ്ടാകും. കുടുംബത്തില്‍ വിവാഹാദി മംഗല്യകര്‍മ്മങ്ങളുണ്ടാകും. ആരോഗ്യം പൊതുവേ തൃപ്തികരമാണ്. ധനലാഭവും അഭിവൃദ്ധിയുമുണ്ടാകും. ബന്ധുജനങ്ങളുമായി കലഹത്തിനും അതുമൂലം ശത്രുതയ്ക്കും കാരണമാകും. കര്‍മ്മരംഗം പൊതുവേ ശോഭനമാണ്. കോടതിവ്യവഹാരങ്ങളില്‍ വിജയം വരിക്കുന്നതാണ്. നീണ്ടനാളായി നിലനിന്നിരുന്ന തര്‍ക്കവിഷയങ്ങളില്‍ അനുകൂല നടപടികളുണ്ടാകും. പിതൃജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രണയകാര്യങ്ങളില്‍ വിജയം കൈവരിക്കും. സന്ധിസംബന്ധമായ രോഗങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. അലര്‍ജി, ത്വക്ക് രോഗങ്ങള്‍ക്കും സാധ്യത കാണുന്നു. ദീര്‍ഘദൂരയാത്രകള്‍ക്ക് യോഗം കാണുന്നു. ഗൃഹനിര്‍മ്മാണത്തില്‍ കാലതാമസം നേരിടാം. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അനാവശ്യവാഗ്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലകാലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ ഉന്നതവിജയം പ്രതീക്ഷിക്കാം. കല, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് അനുകൂലമാണ്.

ശ്രദ്ധിക്കേണ്ടവ: കര്‍ക്കിടക്കൂറിന്‍റെ രാശ്യാധിപന്‍ ചന്ദ്രനാണ്. ദേവീപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ഭഗവതിക്ക് നെയ്പ്പായസം വഴിപാടായി സമര്‍പ്പിക്കുക. സര്‍പ്പപ്രീതിയും വരുത്തുക. നാഗരാജാ ക്ഷേത്രത്തില്‍ ആയില്യത്തിന് നൂറും പാലും സമര്‍പ്പിക്കുക. ശാസ്താക്ഷേത്രത്തില്‍ എള്ളുപായസം വഴിപാടായി കഴിക്കുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

വ്യാഴവും ശനിയും അനിഷ്ടരാശികളില്‍ പ്രതികൂലമായി സഞ്ചരിക്കുന്ന കാലമായതിനാല്‍ ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഏറിയിരിക്കും. ശാരീരിക വൈഷമ്യങ്ങളും മാനസികവ്യഥകളും നിറഞ്ഞ വര്‍ഷകാലമായിരിക്കും. സാമ്പത്തിക കാര്യങ്ങളിലും ബുദ്ധിമുട്ട് അനുഭവപ്പെടാം. ഏറെ പ്രിയപ്പെട്ടവരില്‍ നിന്നുമുള്ള ചതിപ്രയോഗങ്ങളും ദുഷ്പ്രചരണങ്ങളും മാനസികമായി ഏറെ തളര്‍ത്തിയേക്കാം. ദൈവാധീനം വര്‍ദ്ധിപ്പിക്കേണ്ട കാലമാണ്. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതാണ്. അസമയത്തുള്ള സഞ്ചാരങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. കര്‍മ്മ സംബന്ധമായി അലച്ചിലും ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തേണ്ടതാണ്.
ധനത്തിന്‍റെ ക്രയവിക്രയങ്ങളില്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണ്. ഭാഗ്യപരീക്ഷണത്തിന് ശ്രമിക്കരുത്. പകര്‍ച്ചവ്യാധികളും വിഷജന്യ രോഗങ്ങളും വരാതെ നോക്കേണ്ടതാണ്. കുടുംബത്തില്‍ സമാധാനാന്തരീക്ഷം പുലരുവാന്‍ ശ്രമിക്കണം. മനസ്സിനെ നിയന്ത്രിക്കുന്ന ക്രിയാപദ്ധതികളില്‍ മുഴുകണം. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട സഹായങ്ങള്‍ക്ക് കാലതാമസം നേരിടും. സുഹൃത്ബന്ധങ്ങള്‍ സുദൃഢമാക്കേണ്ടതാണ്. മേലധികാരികളുമായുള്ള ബന്ധം വഷളാക്കാതെ നോക്കണം.

ശ്രദ്ധിക്കേണ്ടവ: വിഷ്ണുപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. വൈഷ്ണവ പ്രാധാന്യമുള്ള മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. വ്യാഴാഴ്ചകളില്‍ വിഷ്ണുക്ഷേത്രദര്‍ശനവും ഭഗവാന് പാല്‍പ്പായസം, തുളസിമാല, നെയ്വിളക്ക് എന്നിവ സമര്‍പ്പിക്കുക. പുരുഷസൂക്താര്‍ച്ചന നടത്തുക. നവഗ്രഹക്ഷേത്രത്തില്‍ നവഗ്രഹപൂജ, ശനീശ്വര പൂജ എന്നിവ നടത്തുക. ശിവക്ഷേത്രത്തില്‍ ശിവഭഗവാന് ധാര, മൃത്യുഞ്ജയഹോമം, പുഷ്പാഞ്ജലി എന്നിവ സമര്‍പ്പിക്കുക. കുടുംബപരദേവതയ്ക്ക് യുക്തമായി വഴിപാട് സമര്‍പ്പിക്കുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍ അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

ഭാഗ്യാനുഭവങ്ങള്‍ ഏറെ അനുഭവവേദ്യമാകുന്ന കാലം. പുത്തന്‍ വരുമാനസ്രോതസ്സ് തുറക്കപ്പെടും. ധനപരമായി ഉയര്‍ച്ച ഉണ്ടാകും. സമ്പല്‍സമൃദ്ധിയും സമൂഹത്തില്‍ അംഗീകാരവും ലഭിക്കും. ഏഴിലെ ശനിമൂലം മാനസിക വിഷമതകളും ദാമ്പത്യത്തിന്‍റെ അസ്വാരസ്യങ്ങളും അലച്ചിലും ഉണ്ടാകും. പുത്തന്‍ സുഹൃത്ബന്ധങ്ങള്‍ വന്നുചേരും. കര്‍മ്മസംബന്ധമായി ഉയര്‍ച്ചയും സ്ഥാനക്കയറ്റവും അംഗീകാരവും ഉണ്ടാകും. ഗൃഹനിര്‍മ്മാണാധികാര്യങ്ങള്‍ക്ക് അനുകൂലമാണ്. വാഹനയോഗവും കാണുന്നു. പാരമ്പര്യ സ്വത്തുക്കള്‍ വന്നുചേരുന്നതിനും തര്‍ക്കത്തിലുള്ള ഭൂമിയുടെ അവകാശം തന്നിലേയ്ക്ക് വന്നുചേരുന്നതിനും യോഗം കാണുന്നു. കളത്രപുത്രാദികളില്‍ നിന്നും കുറച്ചുകാലം മാറിനില്‍ക്കേണ്ടതായി വരും. കോടതി വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കുന്നതാണ്. ശത്രുക്കള്‍ നിഷ്പ്രഭരാകും. പങ്കാളിത്ത വ്യവസ്ഥയില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് നിസ്സഹകരണം മൂലം  നേരിയ മാന്ദ്യവും ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടവ: കന്നിരാശിയുടെ ആധിപത്യം ബുധനായതിനാല്‍ വിഷ്ണുപ്രീതി വരുത്തുക. അനുകൂലനായ വ്യാഴത്തിന്‍റെ പൂര്‍ണ്ണഫലം അനുഭവിക്കാന്‍ വിഷ്ണുപ്രീതികൊണ്ട് സാധിക്കും. കണ്ടകനായ ശനിയുടെ തീവ്രത കുറയ്ക്കാന്‍ ശനിപ്രീതിയും ശാസ്താപ്രീതിയും നടത്തുക. ശനിയാഴ്ച ശാസ്താക്ഷേത്രദര്‍ശനം, നീരാജനവിളക്ക് തെളിയിക്കുക. വിഷ്ണുക്ഷേത്രത്തില്‍ പുരുഷസൂക്തം, ഭാഗ്യസൂക്തം എന്നിവകൊണ്ട് പുഷ്പാഞ്ജലി നടത്തുക.

തുലാക്കൂറ് (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)

അനുകൂലസമയമാണ്. ജീവിതത്തില്‍ അനുഭവിച്ചുകൊണ്ടിരുന്ന തടസ്സങ്ങള്‍ ഒക്കെ നീങ്ങി മുന്നോട്ട് പോകുവാന്‍ പുത്തനുണര്‍വ്വ് ലഭിക്കുന്ന കാലഘട്ടം. ധനപരമായി ഏറെ മെച്ചപ്പെട്ട സമയം. ജീവിതത്തില്‍ കൂടുതല്‍ അവസരങ്ങള്‍ വന്നുചേരുന്നതാണ്. കര്‍മ്മസംബന്ധമായി ഏറെ മെച്ചപ്പെട്ട കാലം. ജോലിയില്‍ ഉയര്‍ച്ചയും സ്ഥിരതയും കൈവരും. ഗൃഹത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. മനസ്സിന് ഉന്മേഷവും സമാധാനവും ഉണ്ടാകും. പുത്തന്‍ ആശയങ്ങളുമായി മുന്‍പോട്ട് പോകുവാന്‍ സാധിക്കും. ദീര്‍ഘനാളായി അനുഭവിച്ചുവന്നിരുന്ന രോഗാവസ്ഥയ്ക്ക് മാറ്റം വരുന്നതാണ്.

പ്രണയസാഫല്യം കൈവരുന്നതാണ്. വിവാഹാദി വിഷയങ്ങള്‍ക്ക് അനുകൂലമാണ്. ബന്ധുജനങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. പുതിയ സുഹൃത്ബന്ധങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. പാരമ്പര്യസ്വത്ത് ലഭിക്കാന്‍ യോഗം കാണുന്നു. വിദേശവാസം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമാണ്. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കും അത് സാധ്യമാകുന്നതാണ്. അപ്രതീക്ഷിത ധനാഗമ മാര്‍ഗ്ഗങ്ങള്‍ വന്നുചേരുന്നതാണ്. കലാകാരന്മാര്‍ക്ക് അനുകൂല സമയമാണ്. പുത്തന്‍ അവസരങ്ങളും സ്വന്തം കഴിവില്‍ ആത്മവിശ്വാസവും വന്നുചേരും. ഉദരസംബന്ധമായ രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടവ: രാശിയുടെ ആധിപത്യം ദുര്‍ഗ്ഗയ്ക്കാണ്. ഭഗവതിക്ക് ശ്രീസൂക്താര്‍ച്ചന, നെയ്വിളക്ക്, ശര്‍ക്കരപ്പായസം എന്നിവ സമര്‍പ്പിക്കുക. ലളിതാസഹസ്രനാമം നിത്യവും പാരായണം ചെയ്യുക. വെള്ളിയാഴ്ചകളില്‍ ഗൃഹത്തില്‍ നെയ് വിളക്ക് തെളിക്കുക. ഭഗവാന്‍ കൃഷ്ണന് തുളസിഹാരവും തൃക്കൈവെണ്ണയും വഴിപാടായി സമര്‍പ്പിക്കുക.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

പ്രായേണ മെച്ചപ്പെട്ട കാലം. കുറച്ചുനാളായി അനുഭവിച്ചുവന്നിരുന്ന ദുഃഖദുരിതങ്ങള്‍ക്ക് മാറ്റം ഉണ്ടാകുന്നതാണ്. വിവാഹാദി മംഗളകാര്യങ്ങള്‍കൊണ്ട് നേട്ടം ഉണ്ടാകും. ജീവിതപങ്കാളിയുമായി രമ്യതയില്‍ മുന്നോട്ടുപോകേണ്ടതാണ്. ശാരീരിക വൈഷമ്യങ്ങള്‍ക്ക് ശമനം ഉണ്ടാകുന്നതാണ്. കര്‍മ്മസംബന്ധമായി മേന്മപറയാം. എന്നിരുന്നാലും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതാണ്. ബന്ധുജനങ്ങളില്‍ നിന്നും തിക്തഫലങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ധനത്തിന് വൃദ്ധിക്ഷയങ്ങളുണ്ടാകും. മാതാവില്‍നിന്നും അനുകൂല നടപടികള്‍ ഉണ്ടാകും. പിതൃജനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്. സന്താനങ്ങളുടെ ശ്രേയസ്സിനായി പ്രവര്‍ത്തിക്കേണ്ടതാണ്. പ്രണയകാര്യങ്ങള്‍ക്ക് പൂര്‍ണ്ണത ഉണ്ടാകുന്നതാണ്. കൃഷി അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്. അലര്‍ജി, ത്വക്ക് രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്നുണ്ടാകുന്ന ക്ഷോഭം നിയന്ത്രിച്ച് പ്രശ്നങ്ങളെ തന്മയത്വത്തോടുകൂടി പരിഹരിക്കേണ്ടതാണ്. ദൂരയാത്രകള്‍ ചെയ്യാന്‍ യോഗം കാണുന്നു. സുഹൃത്ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നതാണ്. വരവിനേക്കാള്‍ ചെലവ് ഏറിയിരിക്കും. അനാവശ്യ വാഗ്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടവ: രാശ്യാധിപന്‍ കുജന്‍ ആയതിനാല്‍ ഭദ്രകാളിയെയും സുബ്രഹ്മണ്യനെയും ഉപാസിക്കണം. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കുമാരസൂക്ത പുഷ്പാഞ്ജലി നടത്താവുന്നതാണ്. ഭദ്രകാളിക്ഷേത്രത്തില്‍ രക്ത പുഷ്പാഞ്ജലിയും കടുംപായസവും സമര്‍പ്പിക്കണം. കാളീസഹസ്രനാമ പാരായണവും ശ്രേഷ്ഠഫലം നല്‍കും. കുടുംബപരദേവതയ്ക്ക് വിശേഷാല്‍ പൂജയും നടത്തുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ഗുണദോഷ സമ്മിശ്രകാലം. ഗൃഹത്തില്‍ സമാധാനക്കുറവ് അനുഭവപ്പെടും. പ്രവര്‍ത്തനമേഖലയില്‍ തൃപ്തിക്കുറവും ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും. അനാവശ്യമായ ധനനഷ്ടം കുടുംബത്തില്‍ കലഹത്തിനും അതുമൂലമുള്ള മനോവ്യഥയ്ക്കും കാരണമാകും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതായി കാണാം. ഗൃഹത്തില്‍ നിന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടാകും. പൈതൃകമായി സ്വത്തുക്കള്‍ വന്നുചേരുന്നതാണ്. ജീവിതച്ചെലവുകള്‍ ഏറിയ കാലമായിരിക്കും. അനാരോഗ്യകരമായ ബന്ധങ്ങള്‍ ജീവിതത്തില്‍ നഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്ന കാലം കൂടിയാണ്. ഉദരസംബന്ധമായി രോഗങ്ങളും നേത്രരോഗങ്ങളും വരാന്‍ സാധ്യത കാണുന്നു. ശത്രുക്കള്‍ കൂടുതല്‍ ബലവാന്മാര്‍ ആകുന്ന കാലം കൂടിയാകുന്നു. വര്‍ഷാന്ത്യം കൂടുതല്‍ അനുകൂലമാകുന്നതാണ്.

ധനപരമായി ഉയര്‍ച്ചയും ഭാഗ്യാനുഭവങ്ങളും വര്‍ഷാന്ത്യം പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കുന്നതാണ്. കര്‍മ്മസംബന്ധമായും കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും. ഈശ്വരാധീനം വര്‍ദ്ധിപ്പിക്കേണ്ട കാലമാണ്.

ശ്രദ്ധിക്കേണ്ടവ: രാശ്യാധിപന്‍ വ്യാഴമാണ്. നവഗ്രഹ ക്ഷേത്രത്തില്‍ വ്യാഴത്തിന് പ്രത്യേക പൂജകള്‍ കഴിക്കുക. ആധിപത്യം വിഷ്ണുഭഗവാന്‍ ആയതിനാല്‍ പുരുഷസൂക്താര്‍ച്ചന, ഭാഗ്യസൂക്താര്‍ച്ചന, സഹസ്രനാമാര്‍ച്ചന എന്നിവ ദോഷകാഠിന്യം കുറയ്ക്കുന്നതിനും അനുകൂല ഫലങ്ങള്‍ നല്‍കുന്നതുമാണ്. അനിഷ്ടനായ ശനിയെയും പ്രീതിപ്പെടുത്തുക.

മകരക്കൂറ്:(ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

പ്രായേണ മെച്ചപ്പെട്ട കാലം. ദീര്‍ഘനാളായി അനുഭവിച്ചുവന്നിരുന്ന ദുഃഖദുരിതങ്ങളും കഷ്ടപ്പാടുകള്‍ക്കും മാറി ജീവിതത്തില്‍ സന്തോഷവും സമാധാനവും ശ്രേയസ്സും വരുന്ന വര്‍ഷകാലം. തൊഴില്‍സംബന്ധമായും മറ്റും അനുഭവിച്ചിരുന്ന പ്രതിസന്ധികള്‍ക്ക് മാറ്റം ഉണ്ടാകും. കുടുംബത്തില്‍ സമാധാനാന്തരീക്ഷമുണ്ടാകും.

ധനത്തിന്‍റെ ക്രയവിക്രയങ്ങളില്‍ പരമാവധി സൂക്ഷിക്കേണ്ടതാണ്. സമൂഹത്തില്‍ അംഗീകാരവും പ്രവര്‍ത്തികളില്‍ വിജയവും കൈവരിക്കും. സുഹൃത്ബന്ധങ്ങള്‍ സുദൃഢമാകും. കുടുംബവുമൊത്ത് ദീര്‍ഘയാത്രയ്ക്കും തീര്‍ത്ഥാടനാദികാര്യങ്ങള്‍ക്കും സാഹചര്യമുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ യോഗം കാണുന്നു. ഗൃഹം മോടിപിടിപ്പിക്കല്‍, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കും യോഗം കാണുന്നു. ഉപരിപഠനം, വിദേശവാസം, മത്സരപ്പരീക്ഷാവിജയം എന്നിവയും സാദ്ധ്യമാകും. സ്നേഹബന്ധങ്ങള്‍ സുദൃഢമാകും.

ശ്രദ്ധിക്കേണ്ടവ: രാശ്യാധിപന്‍ ശനിയാണ്. ശാസ്താപ്രീതി അനുകൂലഫലങ്ങള്‍ നല്‍കും. ശാസ്താക്ഷേത്രത്തില്‍ എള്ളുപായസം, നീരാജനം എന്നിവ നടത്തുക. ശനീശ്വരന് പ്രത്യേക പൂജയും വഴിപാടും സമര്‍പ്പിക്കുക. ശിവപ്രീതികരങ്ങളായ കര്‍മ്മങ്ങളും അനുഷ്ഠിക്കുക. ഭഗവാന് ധാര, നെയ് വിളക്ക് എന്നിവയും സമര്‍പ്പിക്കുക. ശനികവചം, അഷ്ടോത്തരം എന്നിവ ജപിക്കുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

വ്യാഴവും ശനിയും അനിഷ്ടഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കൂടുതല്‍ വൈഷമ്യങ്ങള്‍ നിറഞ്ഞ കാലം. കൂടുതല്‍ ആത്മവിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. ഏഴരശ്ശനിയുടെ അവസാനകാലമായതിനാല്‍ കൂടുതല്‍ ശ്രദ്ധയോടും കരുതലോടും കൂടി വിഷയങ്ങളെ സമീപിക്കേണ്ടതാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ആവശ്യമാണ്. പങ്കാളികളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതാണ്. വാഗ്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതാണ്. പുതിയ സംരംഭങ്ങള്‍ക്ക് കാലതാമസം നേരിടും. കര്‍മ്മസംബന്ധമായി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയോടെ മുന്‍പോട്ട് പോകേണ്ടതാണ്. തന്‍റേതല്ലാത്ത കാരണത്താല്‍ പഴികേള്‍ക്കേണ്ട അവസ്ഥ ഉണ്ടാകും. ദൈവികകാര്യങ്ങളില്‍ കൂടുതല്‍ സമയം കണ്ടെത്തേണ്ടതാണ്. പങ്കാളികളുടെ ചതിപ്രയോഗങ്ങള്‍ മാനസിക വിഷമത്തിനും ധനനഷ്ടത്തിനും ഇടയാക്കാം. മനോധൈര്യം, ഏകാഗ്രത എന്നിവ വര്‍ദ്ധിക്കുന്നതിനായി ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതാണ്. മതിഭ്രമദായിനികളോടുള്ള ആസക്തി പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പോകേണ്ടതാണ്.

ശ്രദ്ധിക്കേണ്ടവ: കുടുംബപരദേവതാമൂര്‍ത്തിയുടെ അനുഗ്രഹം വര്‍ദ്ധിപ്പിക്കേണ്ടതാണ്. ശിവക്ഷേത്രത്തില്‍ ധാര, മൃത്യുഞ്ജയ ഹോമം എന്നിവയും ശനിപ്രീതികരങ്ങളായ കര്‍മ്മങ്ങളും അനുഷ്ഠിക്കുക. ശനികവചം ശനൈശ്ചരാഷ്ടകം, ശനി അഷ്ടോത്തരം എന്നിവ ജപിക്കുന്നത് ദോഷകാഠിന്യം അകറ്റാന്‍ സഹായിക്കുന്നു. ശൈവാരാധന നടക്കുന്ന മഹാക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക. ദേവീ ഉപാസനയും ശ്രേഷ്ഠഫലങ്ങള്‍ നല്‍കുന്നതാണ്.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ജന്മശനി നടക്കുന്ന കാലമായതിനാല്‍ ആരോഗ്യാദികാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ചെറിയ രോഗങ്ങള്‍ വന്ന് മൂര്‍ച്ഛിക്കാതെ നോക്കേണ്ടതാണ്. കര്‍മ്മസംബന്ധമായ അലച്ചിലും വൈഷമ്യങ്ങളും ഉണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. സന്താനയോഗം ഉണ്ടാകുന്ന കാലം. നവീനഗൃഹം ചമയ്ക്കാന്‍ സാധിക്കും. വാഹനയോഗവും കാണുന്നു.  സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ അഭിമാനം തോന്നും. തീരുമാനങ്ങളില്‍ സ്ഥിരതയും ആത്മവിശ്വാസവും ഉണ്ടാകും.

ബന്ധുജനങ്ങളുടെയോ ഇഷ്ടജനങ്ങളുടെയോ ശത്രുത, വിയോഗം എന്നിവയുണ്ടാകാം. വിഷജന്യമായ രോഗങ്ങള്‍ വരാതെ നോക്കേണ്ടതാണ്. വിദേശവാസത്തിനും യോഗം കാണുന്നു. സഹപ്രവര്‍ത്തകരുടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ മാനസിക വിഷമത്തിന് ഇടവരുത്താം. പാരമ്പര്യ സ്വത്തുവകകള്‍ ലഭിക്കുന്നതിനും കളത്രം മുഖേനയും സ്ത്രീകള്‍ നിമിത്തവും ധനവും അഭിവൃദ്ധിയും ഉണ്ടാകുന്നതാണ്.

ശ്രദ്ധിക്കേണ്ടവ: അഭിവൃദ്ധിക്കും ശ്രേയസ്സിനും വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കുക. സ്വഗൃഹത്തില്‍ സുകൃതഹോമം, മൃത്യുഞ്ജയഹോമം എന്നിവ നടത്തുക. ക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചനയും പുരുഷസൂക്താര്‍ച്ചനയും നടത്താവുന്നതാണ്. നവഗ്രഹ ക്ഷേത്രദര്‍ശനവും നവഗ്രഹപൂജ, ഹോമം എന്നിവയും നടത്തുക.
 

ശ്രീജിത്ത് ശര്‍മ്മ

(8802000072)