അനുഭവതുല്യം നവവത്സരം; 12 രാശിക്കാര്‍ക്കും ഒരു വര്‍ഷത്തേയ്ക്കുള്ള പുതുവര്‍ഷ ഫലങ്ങള്‍

അനുഭവതുല്യം നവവത്സരം; 12 രാശിക്കാര്‍ക്കും ഒരു വര്‍ഷത്തേയ്ക്കുള്ള പുതുവര്‍ഷ ഫലങ്ങള്‍

HIGHLIGHTS

198 ധനു 16(2023 ജനുവരി 01 ന്) ശനിയാഴ്ച അശ്വതി നക്ഷത്രം 02-ാം പാദവും ശുക്ലപക്ഷദശമി  തിഥിയും കഴുതക്കരണവും ശിവനാമനിത്യയോഗവും കൂടിയ രാത്രിയില്‍ 12 നുശേഷം ക്രിസ്തുവര്‍ഷം 2023 ആരംഭം.

 

2023 പുതുവര്‍ഷം പൊതുവെ സമ്മിശ്രമായ അനുഭവങ്ങളുടെ ഒരു കാലയളവാണ്. കൃഷിമേഖല ഒരു ഭാഗത്ത് പുഷ്ടിപ്പെടുമ്പോള്‍ മറ്റൊരു ഭാഗം നഷ്ടത്തിലേക്ക് പോകുന്നതായ കാണാം. ഭരണതലത്തില്‍ ജനങ്ങള്‍ക്ക് പൊതുവെ തൃപ്തികരമെന്ന് തോന്നാമെങ്കിലും പ്രശ്നാധിഷ്ഠിതമായി തന്നെ തുടരുന്നതായി കാണാം. വിദ്യാഭ്യാസ മേഖല പൊതുവെ ശാന്തമായിരിക്കും സമൂഹത്തില്‍ സംഘര്‍ഷം നിറഞ്ഞ ഒരവസ്ഥയുണ്ടാകാം.

1198 ധനു 16(2023 ജനുവരി 01 ന്) ശനിയാഴ്ച അശ്വതി നക്ഷത്രം 02-ാം പാദവും ശുക്ലപക്ഷദശമി  തിഥിയും കഴുതക്കരണവും ശിവനാമനിത്യയോഗവും കൂടിയ രാത്രിയില്‍ 12 നുശേഷം ക്രിസ്തുവര്‍ഷം 2023 ആരംഭം.

12 രാശിക്കാര്‍ക്കും ഒരു വര്‍ഷത്തേയ്ക്കുള്ള പുതുവര്‍ഷ ഫലങ്ങള്‍.

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)

ഈ വര്‍ഷത്തെ പൊതുവേയുള്ള ഫലമെടുത്താല്‍ തൃപ്തികരമെന്ന് പറയാമെങ്കിലും ആദ്യപകുതി അത്ര ഗുണകരമല്ലെങ്കിലും രണ്ടാം പകുതി പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. കോണ്‍ട്രാക്ട്, ഊഹക്കച്ചവടം തുടങ്ങിയ കര്‍മ്മമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് അത്ര നല്ലതായി കാണുന്നില്ല. വിദേശയാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസിദ്ധിയുണ്ടാകും. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്ക് പ്രവര്‍ത്തനമേഖലയില്‍ തടസ്സങ്ങളോ അനിഷ്ടങ്ങളോ ഉണ്ടായേക്കാം. പഠനകാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. 

പരിഹാരങ്ങള്‍: ദേവീക്ഷേത്രത്തില്‍ യഥാശക്തി വഴിപാടുകളും ശിവന് സര്‍പ്പപ്രീതിയും ഭജനവും ചെയ്യുക. 

ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)

ഈ രാശിക്കാര്‍ക്ക് പൊതുവേ ആദ്യ പകുതി അനുകൂലാവസ്ഥയുണ്ടാകും. എന്നാല്‍ രണ്ടാം പകുതി അത്ര ഗുണകരമായിരിക്കുകയില്ല. ശരീര ബന്ധിതമായി ക്ലേശകരമായിരിക്കും.  പ്രതീക്ഷയ്ക്കനുസൃതമായ ഉയര്‍ച്ചയുമുണ്ടാകുവാന്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. കുടുംബസ്വത്ത് വിഭജനത്തില്‍ അനുകൂലാവസ്ഥയുണ്ടാകും. പ്രണയം മുതലായ കാര്യങ്ങളില്‍പ്പെടുന്നവര്‍ക്ക് ദുഷ്പ്പേരിന് സാദ്ധ്യതയുണ്ട്. അതിനാല്‍ ശ്രദ്ധിക്കണം. ജോലി സംബന്ധമായ അനുകൂലാവസ്ഥയുണ്ടാകും.

പരിഹാരങ്ങള്‍: ശിവന് ധാര, കൂവളമാല സമര്‍പ്പണം, ശാസ്താപ്രീതിയും സര്‍പ്പപ്രീതിയും നടത്തുക.

മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)

മിഥുനക്കൂറുകാര്‍ക്ക് പൊതുവേ അനുകൂലമായ സമയമാണ്. ഈ വര്‍ഷത്തിന്‍റെ ആദ്യപകുതി അത്ര ഗുണകരമല്ലെങ്കിലും രണ്ടാം പകുതി ഗുണകരമായിരിക്കും. സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്ന തരത്തില്‍ സ്ഥാനപ്രാപ്തിയും കര്‍മ്മമേഖലയില്‍ പുഷ്ടിയും പ്രതീക്ഷിക്കാം. കച്ചവടം ചെയ്യുന്നവര്‍ക്ക് വിജയവും പുതിയ ഗൃഹനിര്‍മ്മാണത്തിന് സാധ്യതയും വ്യവഹാരങ്ങളില്‍ വിജയവും പ്രതീക്ഷിക്കാം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അനുകൂലാവസ്ഥയുണ്ടാകും.

പരിഹാരങ്ങള്‍: ശാസ്താവിന് യഥാശ്ശക്തി വഴിപാടുകളും ദുര്‍ഗ്ഗാപ്രീതിയും ചെയ്യുക.

കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറുകാര്‍ക്ക് ആദ്യപകുതി അത്ര ഗുണകരമല്ലെങ്കിലും രണ്ടാം പകുതി തൃപ്തികരമായിരിക്കും. കുടുംബപരമായി ചില സ്വരക്കേടുകള്‍ ഉണ്ടെങ്കിലും പരിഹരിക്കപ്പെടും. വാതസംബന്ധമായ ബുദ്ധിമുട്ടുകളും സന്ധികളില്‍ വേദനയും മറ്റും ഉണ്ടായേക്കാം. ജോലി സംബന്ധമായി ചില ബുദ്ധിമുട്ടുകളും, മനഃസുഖക്കുറവും ഉണ്ടാകാം. താല്‍ക്കാലികമായിട്ടെങ്കിലും ശത്രുശല്യമുണ്ടാകുന്നത് ശ്രദ്ധിക്കേണ്ടതാണ്. 

പരിഹാരങ്ങള്‍: ഭദ്രകാളി പ്രീതിയും, വിഷ്ണുപ്രീതിയും ചെയ്യുക.

ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)

ചിങ്ങക്കൂറിന്‍റെ ആദ്യപകുതി ഗുണദോഷസമ്മിശ്രമായി കാണും. രണ്ടാം പകുതി തൃപ്തികരമെന്ന് പറയാം. ശത്രുക്കള്‍ മുഖാന്തിരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും പരിഹരിക്കപ്പെടും. ഭൂമിസംബന്ധമായോ സഹോദരങ്ങള്‍ മുഖേനയോ മനഃസുഖക്കുറവിന് കാരണമായേക്കാം. വരുമാനത്തേക്കാള്‍ ചെലവുണ്ടാകുന്നത് മനഃക്ലേശത്തിനിടവരും. ദാമ്പത്യ വിഷയത്തില്‍ ചില അനിഷ്ടങ്ങളുണ്ടെങ്കില്‍കൂടി ഉത്തമമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. ദൈവാധീനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.

പരിഹാരങ്ങള്‍: വിഷ്ണുപ്രീതിയും ശാസ്താപ്രീതിയും ചെയ്യുക.

കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)

കന്നിക്കൂറിന്‍റെ ആദ്യപകുതി അനുകൂലമായി കണക്കാക്കാം. എന്നാല്‍ രണ്ടാം പകുതി അത്ര ഗുണകരമായിരിക്കണമെന്നില്ല. ദാമ്പത്യവിഷയത്തില്‍ ചില അനിഷ്ടങ്ങളുണ്ടാവുന്നതാണ്. മാനസികമായി ചില ബുദ്ധിമുട്ടുകള്‍ക്ക് കാരണമായേക്കാം. പൈതൃകമായ സ്വത്തുക്കള്‍, ധനം ഈ വിഷയത്തില്‍ പ്രയാസങ്ങളുണ്ടാക്കാതെ ജാഗ്രത പുലര്‍ത്തണം. കഠിനാദ്ധ്വാനം ചെയ്താലും അതിന് അനുസൃതമായ ധനലാഭത്തിന് കുറവ് വന്നേക്കാം. മേലധികാരികളില്‍ നിന്നും അനുകൂലമായ അവമതിപ്പുണ്ടാകാം. ബന്ധുക്കളില്‍ നിന്നും പ്രതികൂലമായ പ്രവര്‍ത്തനങ്ങളുണ്ടാകാം.

പരിഹാരങ്ങള്‍: വിഷ്ണുപ്രീതിയും ശിവന് ധാരയും സര്‍പ്പദൈവങ്ങള്‍ക്കും യഥാശക്തി വഴിപാടുകളും അന്നദാനം മുതലായ ദാനധര്‍മ്മങ്ങളും ചെയ്യുക.

തുലാക്കൂറ് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍)

തുലാക്കൂറിനുള്ള വര്‍ഷത്തെ ആദ്യപകുതി തൃപ്തികരമെന്ന് പറയാം. രണ്ടാം പകുതിയില്‍ ചില ഗുണങ്ങളുണ്ടെങ്കിലും കുടുംബപരമായ വിഷയങ്ങളില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. ബന്ധുജനങ്ങളുമായി ചില അലോസരങ്ങളുണ്ടാകുമെങ്കിലും പിന്നീട് പരിഹരിക്കപ്പെടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ അവസ്ഥയുണ്ടാകും. സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് ദുരനുഭവങ്ങള്‍ക്ക് കാരണമായേക്കാം.

പരിഹാരങ്ങള്‍: ശാസ്താപ്രീതി, ശിവന് ധാര, രാഹുപ്രീതി.

വൃശ്ചികക്കൂറ് (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറിന് ഈ വര്‍ഷം പൊതുവേ അനുകൂലമെന്നുതന്നെ പറയാം. എന്നാല്‍ ആരോഗ്യവിഷയത്തില്‍ ചില ബുദ്ധിമുട്ടുണ്ടാകാം. പുതിയ സംരംഭങ്ങളില്‍ അനുകൂലാവസ്ഥയുണ്ടാകും. വിദ്യാര്‍ത്ഥികള്‍, തൊഴിലന്വേഷകര്‍ എന്നിവര്‍ക്ക് അനുകൂലാവസ്ഥയുണ്ടാകും. മംഗളകര്‍മ്മങ്ങള്‍ ചെയ്യുന്നതിനും അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് സാരഥിയാകുന്നതിനും അവസരങ്ങളുണ്ടാകും. എന്നാല്‍ ശത്രുക്കളില്‍ നിന്നും അനിഷ്ടങ്ങളുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. വിവാഹകാര്യങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങളുണ്ടാകാം. എന്നാല്‍ ദൈവികമായ പരിഹാരങ്ങളാല്‍ കാര്യനിവൃത്തിയുണ്ടാകും.

പരിഹാരങ്ങള്‍: ഭദ്രകാളിക്ക് യഥാശക്തി വഴിപാടുകളും ശിവന് ധാരയും ശാസ്താവിന് എള്ളുപായസം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ധനുക്കൂറിന് ഈ വര്‍ഷത്തിന്‍റെ ആദ്യപകുതി സമ്മിശ്രമായി കണക്കാക്കാം. സന്താനങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ കൂടുതല്‍ അദ്ധ്വാനം വേണ്ടി വന്നേക്കാം. ധനപരമായി തൃപ്തികരമെങ്കിലും മാനസികമായ സന്തോഷത്തിന് കുറവ് വന്നേക്കാം. അവിവാഹിതരായവര്‍ക്ക് വിവാഹം നടത്തുവാനുള്ള സാഹചര്യമുണ്ടാകും. ശത്രുക്കള്‍ നിഷ്പ്രഭരാകും. ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. യാത്രാവേളകള്‍ ശ്രദ്ധിക്കണം. കൃഷി, ഊഹക്കച്ചവടം തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലാവസ്ഥയുണ്ടാകും.

പരിഹാരങ്ങള്‍: സുബ്രഹ്മണ്യസ്വാമിക്ക് യഥാശക്തി വഴിപാടുകളും, ശിവന് ധാര, ശാസ്താവിന് പ്രീതികരങ്ങളായ വഴിപാടുകളും.

മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)

മകരക്കൂറുകാര്‍ക്ക് ഈ വര്‍ഷം ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വിജയിപ്പിക്കുവാന്‍ തടസ്സമുണ്ടായേക്കാം. ഗൃഹസുഖം കുറയുമെങ്കിലും ഈശ്വരീയമായ പരിഹാരങ്ങളില്‍ പരിഹരിക്കപ്പെടും. ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടെന്നു വന്നേക്കാം. ഭൂമിസംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിക്കണം. വിലപ്പെട്ട സഹായങ്ങള്‍ അപ്രതീക്ഷിതമായി കിട്ടുന്നതാണ്. വിവാഹാദി വിഷയങ്ങളില്‍ തീരുമാനത്തിലെത്താന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അനുകൂലാവസ്ഥയുണ്ടാകും.

പരിഹാരങ്ങള്‍: ശാസ്താവിന് പ്രീതികര്‍മ്മങ്ങളും വിഷ്ണുപ്രീതിയും സര്‍പ്പപ്രീതിയും അന്നദാനം മുതലായ സത്കര്‍മ്മങ്ങളും ചെയ്യുക.

കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)

കുംഭക്കൂറുകാര്‍ക്ക് ഈ വര്‍ഷത്തിന്‍റെ ആദ്യപകുതി അനുകൂലമെങ്കിലും രണ്ടാം പകുതി അത്ര ഗുണകരമായിരിക്കുകയില്ല. സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാറ്റത്തിന് സാദ്ധ്യതയുണ്ടാകാം. ദുര്‍വ്യയത്തിന് സാദ്ധ്യത കാണുന്നു. പ്രവര്‍ത്തനമേഖല ഏകദേശം തൃപ്തികരമെന്ന് പറയാമെങ്കിലും ചില അനിഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. ഉറ്റസുഹൃത്തുക്കളായി പ്രവര്‍ത്തിച്ചിരുന്നവര്‍ അകന്നുമാറുന്നതായി കാണാം. പൊതുവേ പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ പരിഹരിക്കപ്പെടും. 

പരിഹാരങ്ങള്‍: ദുര്‍ഗ്ഗാപ്രീതിയും വിഷ്ണുപ്രീതിയും ശാസ്താവിന് യഥാശക്തി വഴിപാടുകളും.

മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

മീനക്കുറുകാരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ വര്‍ഷത്തിന്‍റെ ആദ്യപകുതി അനുകൂലമെന്ന് പറയാമെങ്കിലും രണ്ടാം പകുതി അത്ര ശോഭനമല്ല. ജോലി സ്ഥലത്തുനിന്ന് പ്രമോഷനോടുകൂടി സ്ഥലം മാറ്റം പ്രതീക്ഷിക്കാം. മേലധികാരികളുമായി തര്‍ക്കമോ ചിലപ്പോള്‍ കലഹത്തിനോ കാരണമായേക്കാം. ഗൃഹനിര്‍മ്മാണം, പുതിയ വാഹനങ്ങള്‍ എന്നിവയ്ക്ക് യോഗം കാണുന്നു. ദാമ്പത്യവിഷയത്തിലുള്ള അനിഷ്ടങ്ങള്‍ പരിഹരിക്കപ്പെടും. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലാവസ്ഥയുണ്ടാകും. പുതിയ സൗഹൃദങ്ങള്‍ ആഗ്രഹനിവൃത്തിയുണ്ടാക്കും.

പരിഹാരങ്ങള്‍: ശ്രീകൃഷ്ണസ്വാമിക്ക് യഥാശക്തി വഴിപാടുകളും, ദേവീപ്രീതിയും സര്‍പ്പങ്ങള്‍ക്ക് യഥാശക്തി വഴിപാടുകളും അന്നദാനം മുതലായ ഉത്തമകര്‍മ്മങ്ങളും.