വിഷ്ണുപ്രീതിക്ക് അനുഷ്ഠിക്കേണ്ട  24 ഏകാദശികള്‍

വിഷ്ണുപ്രീതിക്ക് അനുഷ്ഠിക്കേണ്ട 24 ഏകാദശികള്‍

HIGHLIGHTS

അസുരനിഗ്രഹത്തിനായി മഹാവിഷ്ണുവിന്‍റെ ശരീരത്തില്‍നിന്ന് അവതരിച്ച ദേവിയാണ് ഏകാദശി. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ പ്രധാനം ഏകാദശിയാണ്. എല്ലാ മാസത്തിലേയും പതിനൊന്നാമത്തെ തിഥിയെ ഏകാദശി എന്നുപറയും. മാസത്തില്‍ വെളുത്ത പക്ഷത്തിലും, കറുത്ത പക്ഷത്തിലുമായി രണ്ട് ഏകാദശിയാണുള്ളത്. അങ്ങനെ ഒരു വര്‍ഷം 24 ഏകാദശികള്‍. ചാന്ദ്രമാസപ്രകാരം മൂന്നുവര്‍ഷം കൂടുമ്പോള്‍ ഒരു അധികമാസം ഉണ്ടാകും. ആ വര്‍ഷത്തില്‍ മാത്രം 26 ഏകാദശികള്‍. വെളുത്തപക്ഷത്തിലെ ഏകാദശി വിഷ്ണുപ്രീതിക്കൊപ്പം സര്‍വ്വദേവതാപ്രീതിയും നല്‍കുന്നു. കറുത്തപക്ഷത്തിലെ ഏകാദശി വിഷ്ണുപ്രീതിക്കൊപ്പം പിതൃക്കളേയും തൃപ്തരാക്കും. ചൊവ്വ, ശനി ദോഷപരിഹാരത്തിനായി ഏകാദശിവ്രതം അനുഷ്ഠിക്കാം.  വിഷ്ണുപാദം പൂകി സ്വര്‍ഗ്ഗപ്രാപ്തി നേടാനും ഏകാദശിവ്രതത്തിലൂടെ സാധിക്കും.

 

സുരനിഗ്രഹത്തിനായി മഹാവിഷ്ണുവിന്‍റെ ശരീരത്തില്‍നിന്ന് അവതരിച്ച ദേവിയാണ് ഏകാദശി. വിഷ്ണുപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ പ്രധാനം ഏകാദശിയാണ്. എല്ലാ മാസത്തിലേയും പതിനൊന്നാമത്തെ തിഥിയെ ഏകാദശി എന്നുപറയും. മാസത്തില്‍ വെളുത്ത പക്ഷത്തിലും, കറുത്ത പക്ഷത്തിലുമായി രണ്ട് ഏകാദശിയാണുള്ളത്. അങ്ങനെ ഒരു വര്‍ഷം 24 ഏകാദശികള്‍. ചാന്ദ്രമാസപ്രകാരം മൂന്നുവര്‍ഷം കൂടുമ്പോള്‍ ഒരു അധികമാസം ഉണ്ടാകും. ആ വര്‍ഷത്തില്‍ മാത്രം 26 ഏകാദശികള്‍. വെളുത്തപക്ഷത്തിലെ ഏകാദശി വിഷ്ണുപ്രീതിക്കൊപ്പം സര്‍വ്വദേവതാപ്രീതിയും നല്‍കുന്നു. കറുത്തപക്ഷത്തിലെ ഏകാദശി വിഷ്ണുപ്രീതിക്കൊപ്പം പിതൃക്കളേയും തൃപ്തരാക്കും. ചൊവ്വ, ശനി ദോഷപരിഹാരത്തിനായി ഏകാദശിവ്രതം അനുഷ്ഠിക്കാം.  വിഷ്ണുപാദം പൂകി സ്വര്‍ഗ്ഗപ്രാപ്തി നേടാനും ഏകാദശിവ്രതത്തിലൂടെ സാധിക്കും.

'ഏകാദശേന്ദ്രിയെ പാപം,
യത്കൃതം ഭവതി പ്രഭോ,
ഏകാദശോപവാസനേ,
തത്സര്‍വ്വം വിലയം വ്രജേദ്چ

(പഞ്ചേന്ദ്രിയങ്ങളാലും, കര്‍മ്മേന്ദ്രിയങ്ങളാലും, പതിനൊന്നാമത് ഇന്ദ്രിയമായ മനസ്സിനാലും ചെയ്യുന്ന പാപങ്ങളാല്‍ ഭവിക്കുന്ന കര്‍മ്മദോഷങ്ങളത്രയും ഏകാദശിവ്രതം യഥാവിധി അനുഷ്ഠിച്ചാല്‍ തീര്‍ച്ചയായും ശമിച്ചിടും)

സൂര്യോദയത്തില്‍ ദശമിതിഥി അല്‍പ്പമെങ്കിലും വരുന്ന ഏകാദശിയെ ഭൂരിപക്ഷ ഏകാദശി എന്നും, ദ്വാദശി സംബന്ധമുള്ളതിനെ ആനന്ദപക്ഷ ഏകാദശിയെന്നുമാണ് പറയുന്നത്. ഇവയെത്തന്നെ പിതൃപക്ഷ ഏകാദശിയെന്നും ദേവപക്ഷ ഏകാദശിയെന്നും പറയുന്നു. ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതല്‍ ദിവസാരംഭം കണക്കാക്കപ്പെടുന്നു. ആനന്ദപക്ഷത്തിന് സൂര്യോദയത്തിന് നാലുനാഴിക മുമ്പ് അരുണോദയം മുതല്‍ക്കാണ് ദിവസാരംഭം കണക്കാക്കുക. ആനന്ദപക്ഷക്കാര്‍ അരുണോദയത്തില്‍ ഏകാദശിക്ക് ദശമി സ്പര്‍ശം വന്നാല്‍ ആ ദിവസം വ്രതം അനുഷ്ഠിക്കേണ്ടതില്ല. പിറ്റേദിനം അവര്‍ വ്രതം അനുഷ്ഠിക്കുക. രണ്ടുദിവസം അരുണോദയത്തില്‍ ഏകാദശി വന്നാല്‍ പിറ്റേദിവസമാണ് ആനന്ദപക്ഷക്കാര്‍ വ്രതം അനുഷ്ഠിക്കുക.

ഏകാദശിയുടെ അവസാനത്തെ 15 നാഴികയും, ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ചേര്‍ന്ന സമയത്താണ്(12 മണിക്കൂര്‍) ഹരിവാസരം എന്നു പറയുന്നത്. ഈ നേരം മഹാവിഷ്ണുവിന്‍റെ സാന്നിദ്ധ്യം ഭൂമിയില്‍ ഉണ്ടാകും. അതുകൊണ്ടാണ് 'ഹരിവാസരം' എന്നുപറയുന്നത്.  ഈ സമയത്ത് ജലപാനം ഒഴിവാക്കി വ്രതം എടുത്താല്‍ ഫലസിദ്ധി ഉറപ്പ്. ഏകാദശി ഒരു പകലും ഒരു രാത്രിയും കഴിഞ്ഞ് അടുത്തദിവസം പ്രഭാതത്തില്‍ ഒരു നാഴികകൂടി ഉണ്ടായാല്‍ അത് വിഷ്ണുവിന് പ്രിയപ്പെട്ട 'ഉന്‍മീലിനി' യാണ്. ഇത് അനുഷ്ഠിച്ചാല്‍ അധികഫലം ഉണ്ടാകും എന്നാണ് വിശ്വാസം. അമാവാസി തിഥി അറുപത് നാഴിക നിന്നിട്ട് അടുത്തദിവസം കൂടിയുണ്ടായാല്‍ ആ പക്ഷത്തിലെ ഏകാദശിയാണ് 'പക്ഷവര്‍ദ്ധിനി.' ഇത് യഥാവിധി അനുഷ്ഠിക്കുന്നവര്‍ക്ക് പതിനായിരം അശ്വമേധം നടത്തിയ പുണ്യമാണ് ലഭിക്കുക.

ഒരു വര്‍ഷത്തില്‍ വരുന്ന 24 ഏകാദശികള്‍ക്കും ഓരോ പേരുണ്ട്. ഇവ ഓരോന്നും അനുഷ്ഠിച്ചാല്‍ ഓരോ ഫലമാണുള്ളത്.

1. കാമദം ഏകാദശി- പാപനിര്‍വാണം

ചൈത്രമാസത്തിലെ (ഏപ്രില്‍) വെളുത്തപക്ഷ ഏകാദശിയാണിത്. സര്‍വ്വപാപങ്ങളും ഇല്ലാതാക്കി, സര്‍വ്വാഗ്രഹങ്ങളും സാധിപ്പിക്കുന്നതുകൊണ്ടാണ് ഈ പേരുണ്ടായത്.

2. പാപമോചിനി  ഏകാദശി- ശാപമോചനം

ചൈത്രമാസത്തിലെ കറുത്തപക്ഷ ഏകാദശിയാണിത്. ചൈത്രരഥോദ്യാനത്തില്‍ ച്യവനമഹര്‍ഷിയുടെ പുത്രനായ മേധാവി എന്ന താപസന്‍ തപസ്സ് അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തപസ്സ് മുടക്കുന്നതിന് മഞ്ചുഘോഷ എന്ന അപ്സരസ്സ് ശ്രമിച്ചു. കുപിതനായ മഹര്‍ഷി അവള്‍ ഒരു പിശാചായി മാറട്ടെ എന്ന് ശപിച്ചു. പിന്നെ മഹര്‍ഷി ശാപമോചനവും വിധിച്ചു. ചൈത്രമാസത്തിലെ പാപമോചിനി എന്ന ഏകാദശിവ്രതം അനുഷ്ഠിക്കാന്‍ കല്‍പ്പിച്ചു. ഈ വ്രതം എടുത്താല്‍ പാപങ്ങളെല്ലാം ഇല്ലാതാകും. പിശാചുക്കളുടെ പിടിയില്‍നിന്നും രക്ഷനേടാം.

3. മോഹിനി ഏകാദശി- ദുഃഖനിവൃത്തി

വൈശാഖമാസത്തിലെ (മേയ്) ശുക്ലപക്ഷ ഏകാദശിയാണിത്. സര്‍വ്വപാപങ്ങളില്‍നിന്നും മോഹങ്ങളില്‍ നിന്നും ഈ വ്രതം എടുക്കുന്നതിലൂടെ മുക്തിനേടാം. സീതാവിരഹം കൊണ്ട് ദുഃഖിതനായ ശ്രീരാമന്‍ വസിഷ്ഠമുനിയുടെ നിര്‍ദ്ദേശപ്രകാരം ഈ ദിവസം വ്രതം അനുഷ്ഠിച്ച് ദുഃഖനിവൃത്തി വരുത്തിയത്രേ.

4. വരുഥിനീ ഏകാദശി- സൗഭാഗ്യം

വൈശാഖമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത്. എന്നെന്നും സുഖവും, പാപശാന്തിയും സൗഭാഗ്യവും നല്‍കുന്ന വ്രതമാണിത്. ഇത് അനുഷ്ഠിക്കുന്ന സ്ത്രീസൗഭാഗ്യവതിയായി തീരും. ബ്രഹ്മഹത്യ തുടങ്ങിയ കൊടുംപാപങ്ങള്‍പോലും വ്രതമനുഷ്ഠിച്ച് ഇല്ലാതാക്കാം. ശിവലിംഗത്തിന്‍റെ മുകള്‍ഭാഗം കണ്ടെത്തിയെന്ന് ബ്രഹ്മാവ് അസത്യം പറഞ്ഞു. കുപിതനായ ശിവന്‍ ബ്രഹ്മാവിന്‍റെ ഒരു ശിരസ്സ് നുള്ളിയെടുത്തു. നുള്ളിയെടുത്ത ബ്രഹ്മാവിന്‍റെ ശിരസ്സ് ശിവന്‍റെ കൈകളില്‍ ഒട്ടിക്കിടന്നു. കൂടാതെ ബ്രഹ്മഹത്യാപാപവും സംഭവിച്ചു. ഭക്തിയോടെ വരുഥിനീ ഏകാദശി അനുഷ്ഠിച്ചാണ്  ശിവഭഗവാന്‍ ബ്രഹ്മഹത്യാ പാപത്തില്‍നിന്ന് മോചിതനായത്. അതേത്തുടര്‍ന്ന് ഭഗവാന്‍റെ കയ്യില്‍ ഒട്ടിക്കിടന്ന ബ്രഹ്മശിരസ്സ് വേര്‍പെട്ടു എന്നാണ് ഐതിഹ്യം.

5. നിര്‍ജലാ ഏകാദശി- സദ്ഗതി

ജേഷ്ഠമാസത്തിലെ (ജൂണ്‍) ശുക്ലപക്ഷ ഏകാദശിയാണിത്. ഭീമൈകേകാദശിയെന്നും ഇതിന് മറ്റൊരു പേരുകൂടിയുണ്ട്. ഭീമസേനന്‍ ഈ വ്രതം അനുഷ്ഠിച്ചതുമൂലമാണ് ഇങ്ങനെയൊരു പേര് നിര്‍ജ്ജലാ ഏകാദശിക്ക് ഉണ്ടായത്. വ്യാസമഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം പാണ്ഡവര്‍ പൂര്‍ണ്ണ ഉപാസത്തോടെ ഒരു വര്‍ഷത്തേയ്ക്ക് ഏകാദശി അനുഷ്ഠിക്കാന്‍ തുടങ്ങി. എന്നാല്‍ ഭക്ഷണപ്രിയനായ ഭീമസേനന് പലപ്പോഴും വ്രതം യഥാവിധി അനുഷ്ഠിക്കാനായില്ല. ജേഷ്ഠമാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിവസം മാത്രം വ്രതം അനുഷ്ഠിച്ചാല്‍ ഒരു വര്‍ഷത്തെ സര്‍വ്വഏകാദശിയും അനുഷ്ഠിച്ചഫലം സിദ്ധിക്കുമെന്ന് വ്യാസമഹര്‍ഷി ഉപദേശിച്ചു. അതനുസരിച്ച് ഭീമന്‍ അന്നേദിവസം മാത്രം ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുകയും സദ്ഗതി നേടുകയും ചെയ്തു. 

6. അപരാ ഏകാദശി- സദ്സന്താനലബ്ധി

ജേഷ്ഠമാസത്തിലെ കറുത്തപക്ഷത്തിലെ ഏകാദശിയാണിത്. അചല ഏകാദശിയെന്നും ഇതിന് മറ്റൊരു പേരുകൂടിയുണ്ട്. ബ്രഹ്മഹത്യ, ഭ്രൂണഹത്യ, പരസ്ത്രീഗമനം, പരാപവാദം, ഗുരുനിന്ദ എന്നീ മഹാപാപങ്ങളെ ഇല്ലാതാക്കി സദ്സന്താനങ്ങളെ നല്‍കുന്നതുമാണ് ഈ ഏകാദശി.

7. ശയനൈകേകാദശി -ഫലഭൂയിഷ്ടമായ ഭൂമിക്ക്

ആഷാഢമാസത്തിലെ (ജൂലൈ) ശുക്ലപക്ഷ ഏകാദശി. ഹരിശയനി, ദേവശയനി, പത്മ ഏകാദശി എന്നെല്ലാം പേരുകളും ഇതിനുണ്ട്. വിഷ്ണുഭഗവാന്‍ നാല് മാസം നിദ്രകൊള്ളുന്നു എന്നാണ് സങ്കല്‍പ്പം. ആ നിദ്ര ആരംഭിക്കുന്ന ദിവസമായതുകൊണ്ടാണ് ശയനൈകേകാദശി എന്ന് പേര് വരാന്‍ കാരണം. കേരളത്തില്‍ കര്‍ക്കിടകത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഈ ദിവസമായി കണക്കാക്കപ്പെടുന്നത്. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശി നാളില്‍ ഭഗവാന്‍ നിദ്രവിട്ട് ഉണരുന്നു. ആ ദിവസമാണ് ഉത്ഥാന ഏകാദശി. സൂര്യവംശ രാജാവായ മന്ധാതാവിന്‍റെ രാജ്യത്ത് വളരെക്കാലം മഴയുണ്ടായില്ല. അദ്ദേഹം അംഗിരസ്സ് മഹര്‍ഷിയുടെ ഉപദേശപ്രകാരം ശയനൈകേകാദശി വ്രതം അനുഷ്ഠിച്ചു. പ്രജകളെക്കൊണ്ട് അനുഷ്ഠിപ്പിക്കുകയും ചെയ്തു. വിഷ്ണുഭഗവാന്‍ പ്രസാദിക്കുകയും ഭൂമി ഫലഭൂയിഷ്ടമായി തീരുകയും ചെയ്തു.

8. യോഗിനി ഏകാദശി-രോഗശാന്തി

ആഷാഢമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത്. ഈ ദിനം വ്രതം അനുഷ്ഠിച്ചാല്‍ പാപമുക്തിയും, രോഗശാന്തിയും, ദരിദ്രമുക്തിയും ഫലം. കുബേരശാപം നിമിത്തം കുഷ്ഠരോഗിയായി ത്തീര്‍ന്ന ഹേമമാലി എന്ന പൂക്കാരന്‍ ഈ ദിവസം വ്രതം അനുഷ്ഠിച്ച് രോഗമുക്തനായി. കുബേരന് ശിവപൂജയ്ക്ക് ആവശ്യമായ പൂക്കള്‍ എത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഒരു ദിവസം ഭാര്യ വിശാലാക്ഷിയോടൊത്ത് സല്ലപിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. കുബേരന് നല്‍കാനുള്ള പൂക്കള്‍ യഥാസമയം നല്‍കാനായില്ല. കുപിതനായ കുബേരന്‍ ഹേമമാലിയെ ശപിച്ച് കുഷ്ഠരോഗിയായി തീര്‍ത്തു. മാര്‍ക്കണ്ഡേയ മഹര്‍ഷിയുടെ നിര്‍ദ്ദേശപ്രകാരം ഹേമമാലി യോഗിനി ഏകാദശിവ്രതം അനുഷ്ഠിച്ച് രോഗമുക്തനായി.

9. പുത്രദാ ഏകാദശി- ഉത്തമ സന്താനഭാഗ്യം

ശ്രാവണമാസത്തിലെ(ഓഗസ്റ്റ്) ശുക്ലപക്ഷ ഏകാദശിയാണിത്. ചിങ്ങത്തിലെ തിരുവോണത്തിന്‍റെ തലേന്ന് ഉത്രാടദിനമാണ് സാധാരണ ഈ ഏകാദശി വരുന്നത്. പൂര്‍വ്വജന്മപാപം കൊണ്ട് സന്താനഭാഗ്യം ഇല്ലാത്തവര്‍ ഈ ദിനം വ്രതം അനുഷ്ഠിച്ചാല്‍ പുത്രസൗഭാഗ്യം കൈവരും. മാഹിഷ്മതിയിലെ രാജാവായ മഹിജിത്ത് ഈ ദിവസം വ്രതം അനുഷ്ഠിച്ച് ഉത്തമനായ പുത്രനെ നേടിയെടുത്തു എന്നാണ് പുരാണകഥ.

10. കാമികാ ഏകാദശി- പവിത്രീകരണം

ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി. പവിത്ര ഏകാദശിയെന്നും പറയപ്പെടുന്നു. അന്നേദിവസം തുളസിപ്പൂക്കള്‍കൊണ്ട് വിഷ്ണുവിനെ പൂജിച്ചാല്‍ വലിയ പുണ്യം സിദ്ധിക്കാം. മനുഷ്യരെ പാപങ്ങള്‍ നീക്കി പവിത്രീകരിക്കുന്ന ദിനമാണിത്.

11. പരിവര്‍ത്തനൈകാദശി- ലക്ഷ്മിനാരായണപ്രീതി

ഭാദ്രപദമാസത്തിലെ (സെപ്തംബര്‍) ഏകാദശിയാണിത്. പാല്‍ക്കടലില്‍ അനന്തന്‍റെ മുകളില്‍ യോഗനിദ്രയില്‍ കിടക്കുന്ന വിഷ്ണുഭഗവാന്‍ തിരിഞ്ഞുകിടക്കുന്നത് ഈ ദിവസമാണ്. പത്മനാഭ ഏകാദശി എന്നും പേരുണ്ടിതിന്. വിഷ്ണുപ്രീതിയും, ലക്ഷ്മിപ്രീതിയുമാണ് വ്രതം അനുഷ്ഠിച്ചാലുള്ള ഫലം. ലക്ഷ്മിനാരായണപൂജ ചെയ്യാനുള്ള ഉത്തമദിനമാണിത്.

12. അജൈകേകാദശി- കാലദോഷമുക്തി

അജപദ ഏകാദശി എന്നും വിളിക്കപ്പെടുന്നുണ്ട്. ഭാദ്രപദത്തിലെ കറുത്ത ഏകാദശിയാണിത്. കാലദോഷവും, ഗ്രഹദോഷവും ഇല്ലാതാകാന്‍ ഈ വ്രതം അനുഷ്ഠിച്ചാല്‍ മതി. സൂര്യവംശജനായ ഹരിശ്ചന്ദ്രന് സത്യം പാലിക്കാന്‍ ഭാര്യയേയും മകനേയും തന്നെത്തന്നേയും വില്‍ക്കേണ്ടി വന്നു. കൂടാതെ ഒരു ചണ്ഡാളന്‍റെ ശ്മശാനകാവല്‍ക്കാരനാകേണ്ടതായും വന്നു. ഗൗതമമുനിയുടെ ഉപദേശപ്രകാരം ഹരിശ്ചന്ദ്രന്‍ അജപദ ഏകാദശി അനുഷ്ഠിക്കുകയും കാലദോഷത്തില്‍ നിന്ന് മുക്തിനേടുകയും ചെയ്തു.

13. പാശാങ്കുശ ഏകാദശി-മനോനിയന്ത്രണ ലബ്ധി

അശ്വിനമാസത്തിലെ (ഒക്ടോബര്‍) ശുക്ലപക്ഷ ഏകാദശിയാണിത്. ആനയെ പാപ്പാന്‍ തോട്ടികൊണ്ട് നിയന്ത്രിക്കുംപോലെ ഈശ്വരന്‍ മനുഷ്യന്‍റെ സര്‍വ്വപാപങ്ങളെയും ഈ വ്രതത്തിലൂടെ നിയന്ത്രിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് പാശാങ്കുശ ഏകാദശി എന്ന് പേര് വന്നത്. മനസ്സാകുന്ന മദയാനയെ നിയന്ത്രിക്കാന്‍ മനുഷ്യന് ഈ ദിവസം വ്രതം അനുഷ്ഠിച്ചാല്‍ ശക്തി ലഭിക്കുന്നു. സര്‍വ്വപാപനാശത്തോടൊപ്പം മനോനിയന്ത്രണലബ്ധിയും ഈ വ്രതത്തിലൂടെ നേടാം.

14. ഇന്ദിരാ ഏകാദശി-പിതൃപ്രീതി

അശ്വിനമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത്. പിതൃപ്രീതിക്ക് വളരെ വിശേഷപ്പെട്ട ദിനമാണിത്. ഈ ദിവസം വ്രതം അനുഷ്ഠിച്ചാല്‍ പിതൃക്കള്‍ക്ക് ശാന്തിയും, സായൂജ്യവും ലഭിക്കും. മാഹിഷ്മതീപുരിയിലെ ഇന്ദ്രസേനരാജാവ് നാരദമുനിയുടെ ഉപദേശപ്രകാരം ഈ വ്രതം അനുഷ്ഠിച്ച് തന്‍റെ പിതാവിന് സ്വര്‍ഗ്ഗലോകം നേടിക്കൊടുത്തു.

15. ഉത്ഥാന ഏകാദശി- അക്ഷയമായ ഫലം

ആഷാഢമാസത്തിലെ ശുക്ലപക്ഷ ഏകാദശി തിഥിയില്‍ യോഗനിദ്രയാകുന്ന ഭഗവാന്‍ മഹാവിഷ്ണു നിദ്രവിട്ട് ഉണരുന്ന ദിനമാണിത്. അന്നേദിവസം ചെയ്യുന്ന ദാനം, ജപം, ഹോമം എന്നിവയ്ക്കെല്ലാം അക്ഷയമായ ഫലം സിദ്ധിക്കും.

16. രമ ഏകാദശി- ഭര്‍ത്തൃപ്രീതി

കാര്‍ത്തികമാസത്തിലെ (നവംബര്‍) കൃഷ്ണപക്ഷ ഏകാദശിയാണിത്. രംഭാ ഏകാദശി എന്നും ഇതിന് പേരുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീ ലക്ഷ്മിയെപ്പോലെ ഭര്‍ത്താവിന് പ്രിയപ്പെട്ടവളാകും.

17. മോക്ഷദാ ഏകാദശി- ഇരട്ടിപുണ്യം

മാര്‍ഗ്ഗശീര്‍ഷമാസത്തിലെ(ഡിസംബര്‍) ശുക്ലപക്ഷ ഏകാദശിയാണിത്. വൈകുണ്ഠ ഏകാദശി, സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നെല്ലാം ഇതിന് പേരുണ്ട്. കേരളത്തില്‍ ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഈ ദിവസമായി കണക്കാക്കുന്നത്. ഭഗവാന്‍റെ തിരുശരീരത്തില്‍ നിന്നും ഏകാദശി മുരാസുരനെ നിഗ്രഹിച്ചത് ഈ ദിവസമെന്നാണ് സങ്കല്‍പ്പം. കുരുക്ഷേത്രഭൂമിയില്‍ വച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന് ഗീത ഉപദേശിച്ച് നല്‍കിയതും ഈ ദിനമെന്ന് സങ്കല്‍പ്പം. ഈ ദിവസം ഗീതാജയന്തിയായും ആഘോഷിക്കുന്നു. വിഷ്ണുക്ഷേത്രദര്‍ശനം, ഗീതാപാരായണം, ഭാഗവതപാരായണം എന്നിവ ചെയ്യുന്നതുകൊണ്ട് ഇരട്ടി പുണ്യം ലഭിക്കും.

18. ഉത്പന്ന ഏകാദശി-ത്രിമൂര്‍ത്തി കടാക്ഷം

മാര്‍ഗ്ഗശീര്‍ഷത്തിലെ കൃഷ്ണപക്ഷ ഏകാദശി. മുരാസുരനെ വധിക്കുന്നതിന് ഏകാദശി ദേവി ഭഗവാന്‍റെ ശരീരത്തില്‍ നിന്നും ആവിര്‍ഭവിച്ചത് ഈ ദിവസമെന്നാണ് സങ്കല്‍പ്പം. ഒരു വര്‍ഷം മുഴുവന്‍ ഏകാദശിവ്രതം അനുഷ്ഠിക്കുന്നവര്‍ ഈ ദിവസം മുതലാണ് വ്രതം തുടങ്ങുന്നത്. അന്നേദിവസം വ്രതം അനുഷ്ഠിച്ച് ഭഗവാനെ ഭജിച്ചാല്‍ ത്രിമൂര്‍ത്തികളുടെയും അനുഗ്രഹലബ്ധി.

19. പുണ്യദാ ഏകാദശി- യശസ്സ്

പൗഷമാസത്തിലെ(ജനുവരി) ശുക്ലപക്ഷ ഏകാദശിയാണിത്. പുത്രദാ ഏകാദശിയെന്നും ഈ ദിവസം അറിയപ്പെടുന്നു. ഈ ദിനം വ്രതമെടുത്ത് വിഷ്ണുവിനെ ആരാധിച്ചാല്‍ പുണ്യം, യശസ്സ്, വിദ്യാവിജയം, സദ്സന്താനസിദ്ധി, സന്തതിശ്രേയസ്സ് തുടങ്ങിയ അനുഗ്രഹം ലഭിക്കും.

20. സഫലാ ഏകാദശി-സര്‍വ്വാഭീഷ്ടസിദ്ധി

പൗഷമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത്. സര്‍വ്വാഭീഷ്ടങ്ങളും സഫലമാകുന്നതിനാലാണ് ഈ പേരുണ്ടായത്. ഈ ദിനം നാനാവിധത്തിലുള്ള പഴങ്ങള്‍ ഭഗവാന് സമര്‍പ്പിക്കുകയും ധൂപദീപങ്ങള്‍കൊണ്ട് പൂജിക്കുകയും ചെയ്യുന്നതിലൂടെ വന്‍ഫലസിദ്ധി ലഭിക്കും.

21. ജയാ ഏകാദശി- കാര്യവിജയം

മാഘമാസത്തിലെ(ഫെബ്രുവരി) ശുക്ലപക്ഷ ഏകാദശിയാണിത്. ഈ ദിനം വ്രതമെടുത്ത് ഭഗവാനെ പൂജിച്ചാല്‍ സര്‍വ്വകാര്യങ്ങളിലും ജയമുണ്ടാകും. അവരെ ഭഗവാന്‍ വിജയസോപാനത്തില്‍ കയറ്റി വൈകുണ്ഠത്തില്‍ എത്തിക്കുകയും ശ്രേയസ്സ്, ദാമ്പത്യസൗഖ്യം എന്നിവ നല്‍കി മനോവിഷമങ്ങള്‍ അകറ്റുകയും, ബാധാമോചനം നല്‍കി അനുഗ്രഹിക്കുകയും ചെയ്യും.

22. ഷഡ്തില ഏകാദശി- ശനിദോഷനിവാരണം

മാഘമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത്. ആ ദിവസം എള്ളുചേര്‍ത്ത വെള്ളത്തില്‍ സ്നാനം ചെയ്യുക, ശരീരത്തില്‍ എള്ള് തേയ്ക്കുക, എള്ള് ഹോമിക്കുക, എള്ള് ചേര്‍ത്ത ഭക്ഷണം കഴിക്കുക, എള്ള് ദാനം ചെയ്യുക, എള്ള് വിതയ്ക്കുക ഇങ്ങനെ ആറ് കൂട്ടം കാര്യങ്ങള്‍ ചെയ്യുക. പഞ്ചാമൃതത്തില്‍ എള്ള് ചേര്‍ത്ത് വിഷ്ണുവിന് അഭിഷേകം ചെയ്യുന്ന പതിവും ഇന്നേ ദിനമുണ്ട്. പിതൃദോഷശാന്തിക്കും, രോഗശാന്തിക്കും, ശനിദോഷനിവാരണത്തിനും ഈ ദിവസം വ്രതമെടുക്കുന്നത് നന്ന്. ശിവരാത്രിയോടനുബന്ധിച്ച് വരുന്ന ഏകാദശിയാണിത്.

23. ആമലകീ ഏകാദശി- ശത്രുനാശം

ഫാല്‍ഗുനമാസത്തിലെ (മാര്‍ച്ച്) ശുക്ലപക്ഷ ഏകാദശിയാണിത്. ആമലകം എന്നതിന് നെല്ലിമരം എന്നാണ് അര്‍ത്ഥം. പ്രളയത്തിനുശേഷം ആദ്യമുണ്ടായ വൃക്ഷം നെല്ലിയാണ്. ഭഗവാന്‍റെ വായില്‍നിന്നും തെറിച്ചുവീണ ജലബിന്ദുവില്‍ നിന്നാണ് നെല്ലിമരം ഉണ്ടായത്. ലോകത്ത് ആദ്യമുണ്ടായ വൃക്ഷമായതുകൊണ്ട് അതില്‍ സര്‍വ്വദേവന്മാരും വസിക്കുന്നു എന്നതാണ് സങ്കല്‍പ്പം. വൈഷ്ണവ വൃക്ഷമായ നെല്ലിയെ പൂജിച്ചാല്‍ ജരാമരണങ്ങള്‍ ബാധിക്കില്ല. ഈ വൃക്ഷത്തിന്‍റെ കടയില്‍ വിഷ്ണുവും, തടിയില്‍ ശിവനും, മുകളില്‍ ബ്രഹ്മാവും, ശാഖകളില്‍ മുനിമാരും, ഉപശാഖകളില്‍ ദേവന്മാരും, ഇലകളില്‍ വസുക്കളും, പൂക്കളില്‍ മരുത്തുക്കളും, കായ്കളില്‍ പ്രജാപതിമാരും വസിക്കുന്നു. അന്നേദിവസം നെല്ലിമരത്തെ പൂജിക്കുക, പ്രദക്ഷിണം ചെയ്യുക, അതിന്‍റെ ചുവട്ടില്‍ ഉറക്കമൊഴിച്ച് ഇരിക്കുക തുടങ്ങിയ വിഷ്ണുപ്രീതിയെ ക്ഷണിച്ചുവരുത്തുക. ശത്രുനാശം, രോഗശാന്തി എന്നിവ ഫലം.

24. വിജയ ഏകാദശി- സര്‍വ്വവിജയം

ഫാല്‍ഗുനമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത്. കാര്യനിര്‍വ്വഹണത്തില്‍ വരുന്ന തടസ്സങ്ങള്‍ മാറ്റി വിജയം നല്‍കുന്നതിന് ഈ വ്രതം അനുഷ്ഠിക്കുക. സീതാദേവിയെ വീണ്ടെടുക്കാന്‍ വാനരസൈന്യവുമായി ശ്രീരാമന്‍ കടല്‍ത്തീരത്ത് എത്തിയപ്പോള്‍ ഭഗദാല്‍ജ്യന്‍ എന്ന മുനിയുടെ ഉപദേശപ്രകാരം വിജയ ഏകാദശി അനുഷ്ഠിച്ചു. അതിന്‍റെ ഫലമായി ശ്രീരാമന്‍ രാവണനെ ജയിച്ച് സീതയെ വീണ്ടെടുത്തു. സര്‍വ്വവിജയവും നല്‍കുന്നതുകൊണ്ടാണ് ഈ ഏകാദശിക്ക് വിജയഏകാദശി എന്ന പേരുണ്ടായത്.