ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
ലോകത്ത് എവിടെയുമുള്ള മലയാളികള്‍ അതാത് ദേശങ്ങളില്‍ കൂട്ടായ്മയോടെ ഓണം ആഘോഷിക്കപ്പെടുമ്പോള്‍ മനുഷ്യമനസ്സിന്‍റെ വികാരം നന്മയുടേതാകുന്നു..
എല്ലാ മാന്യവായനക്കാര്‍ക്കും ജ്യോതിഷരത്നത്തിന്‍റെ തിരുവോണാശംസകള്‍...
മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഓണക്കാലത്ത് മഹാബലി രാജാവ് തന്‍റെ പ്രജകളെ കാണുവാന്‍ വരുന്നു എന്നതാണ് തിരുവോണം ആഘോഷത്തിന്‍റെ ഐതിഹ്യം.
കേരളം കാണുന്ന, അല്ലെങ്കില്‍ മലയാളികള്‍ ദര്‍ശിക്കുന്ന ഏറ്റവും വലിയ ആഘോഷം ഓണം തന്നെയാണെന്ന് ഇവിടെ സമര്‍ത്ഥിക്കാം.
ജാതി-മതഭേദമെന്യേ എല്ലാവരും ഒന്നുപോലെ ഓണം ആഘോഷിക്കുന്നു.
ആരാണ് മഹാബലി? ആരാണ് വാമനന്‍..?
തിരുവോണത്തിന്‍റെ ഐതിഹ്യത്തില്‍ മഹാബലിയെക്കുറിച്ചും വാമനനെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അസുരവംശത്തില്‍ പിറന്ന രാജാവായിരുന്നു മഹാബലി.
മഹാബലി എന്നാല്‍ ഏറെ ത്യാഗം ചെയ്ത ആളെന്നര്‍ത്ഥം. മഹാത്യാഗിയായിരുന്നുവത്രെ. മഹാബലി- വാമനന്‍ മിത്ത്. അത് പണ്ടുകാലം മുതലെ നാം കേട്ടിട്ടുള്ളതാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഓണം എന്ന ഉത്സവം ഇവിടെ ആഘോഷിച്ചുവന്നിരുന്നുവെന്ന് ചരിത്രരേഖകള്‍ പറയുന്നു.
11-ാം നൂറ്റാണ്ടിലെ ക്ഷേത്രലിഖിതങ്ങളില്‍ ഓണത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. തൃക്കാക്കരയിലെ വാമനക്ഷേത്രത്തില്‍ ചരിത്രപരമായ ആ രേഖകള്‍ കല്ലില്‍ കാണാം.
അത്തം നാള്‍ മുതല്‍ പത്തുദിവസത്തെ ആഘോഷമാണ്
തിരുവോണനാളിലേയ്ക്കെത്തുന്നത്. ആ ദേശീയ ഉത്സവദിനത്തിലേയ്ക്ക് നാം എത്തുമ്പോള്‍ അതിന് കുറെ മുന്നൊരുക്കങ്ങളുണ്ട്. അത്തംനാളില്‍ ആഘോഷം തുടങ്ങുമ്പോള്‍ ആഘോഷത്തിന്‍റെ രണ്ടാം ദിവസമാണ് ചിത്തിര. ഈ ദിനം ആളുകള്‍ വീടുകള്‍ വൃത്തിയാക്കുവാന്‍ തെരഞ്ഞെടുക്കുന്ന ദിവസമാണ്.
വീടും ചുറ്റുപാടുകളും വൃത്തിയാക്കി വെടിപ്പൊക്കി മാവേലിമന്നനെ വരവേല്‍ക്കുവാന്‍ ഗ്രാമവും പട്ടണങ്ങളും പൂക്കള്‍ കൊണ്ട് അലംകൃതമാകുന്നു.
കള്ളകര്‍ക്കിടകത്തിന്‍റെയും മഴക്കാലത്തിന്‍റെയും ദാരിദ്ര്യംനിറഞ്ഞ പഞ്ഞമാസത്തിനോട് യാത്ര പറഞ്ഞ് പുതിയ വര്‍ഷമായ, പുതിയ മാസമായ ചിങ്ങത്തെ വരവേല്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഏവര്‍ക്കും ഉത്സവത്തിന്‍റെ ഉത്സാഹമാണ്.
വാണിജ്യവും വ്യവസായവും പുനരാരംഭിക്കുന്നതും വിളവെടുപ്പിന്‍റെ കാലം കൂടിയാണ് ചിങ്ങം അല്ലെങ്കില്‍ ശ്രാവണമാസം. ഈ ശ്രാവണം എന്ന പേര് പില്‍ക്കാലത്ത് ലോപിച്ചാണ് ഓണം എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു.
പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം കൂടി ഓണത്തെ സംബന്ധിച്ചിട്ടുണ്ട്. വരുണനില്‍ നിന്ന് കേരള ക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു.
മാപ്പ് അപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഈ ദിവസമാണത്രേ തിരുവോണമായി നാം കൊണ്ടാടപ്പെടുന്നത്.
വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടി ത്താഴ്ത്തിയ മഹാബലി എന്ന രാജാവ് തന്‍റെ പ്രജകളെ കാണാനെത്തുന്നു എന്നതാണ് തിരുവോണത്തിന്‍റെ ഐതിഹ്യമെന്ന് പറയുമ്പോള്‍ ആ ദിനവും അന്തരീക്ഷവും വര്‍ണ്ണാഭമായിരിക്കണം.
മഹാബലിത്തമ്പുരാന്‍റെ മഹത്വം നാടെങ്ങും തിരിച്ചറിഞ്ഞ് നാം അത് ആമോദമാക്കുന്നു. തുമ്പിതുള്ളല്‍, തിരുവാതിരക്കളി, പുലികളി, ഓണത്തപ്പനെ വച്ച് അത്തപ്പൂക്കളം ഒരുക്കുക.. കുട്ടികള്‍ ഊഞ്ഞാലിലാടുന്നു.. മുതിര്‍ന്നവര്‍ വള്ളംകളി മത്സരത്തില്‍ പങ്കെടുത്ത് ആര്‍പ്പുവിളിക്കുന്നു. സ്ത്രീകള്‍ കൈകൊട്ടിക്കളിക്ക് ചുവടുകള്‍ വയ്ക്കുന്നു.
ഇങ്ങനെ സാംസ്ക്കാരിക ഐശ്വര്യവും സമന്വയവും ഐക്യവും ഓണാഘോഷത്തില്‍ കാണുന്നു.
എല്ലാത്തിലും ഉപരി ഓണസദ്യ വിഭവസമൃദ്ധമാക്കുന്നു. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പ്രമാണം.
ലോകത്ത് എവിടെയുമുള്ള മലയാളികള്‍ അതാത് ദേശങ്ങളില്‍ കൂട്ടായ്മയോടെ ഓണം ആഘോഷിക്കപ്പെടുമ്പോള്‍ മനുഷ്യമനസ്സിന്‍റെ വികാരം നന്മയുടേതാകുന്നു..
എല്ലാ മാന്യവായനക്കാര്‍ക്ക് ജ്യോതിഷരത്നത്തിന്‍റെ തിരുവോണാശംസകള്‍.
Photo Courtesy - jyothisharathnam
