മനസ്സറിഞ്ഞ പ്രാര്‍ത്ഥന മതി ഭഗവാന്‍ വഴികാട്ടും... - മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരി
കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് നാന്ദികുറിച്ച് പതിറ്റാണ്ടുകളായി വാള്‍ എഴുന്നെള്ളിക്കുന്ന മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരി തന്‍റെ ആദ്ധ്യാത്മികാനുഭവങ്ങള്‍ ڇജ്യോതിഷരത്നത്തോട് പങ്കുവെക്കുന്നു.
'ഗോവിന്ദാ, ഹരിഗോവിന്ദാ..' നാമഘോഷങ്ങള്‍ക്കിടയില്‍, ഭഗവാന്‍റെ തിരുവായുധവും നെഞ്ചോട് ചേര്‍ത്ത്, തിരുവഞ്ചിറയിലിറങ്ങി, അമ്മറക്കല്‍ത്തറയെ വണങ്ങി, നിര്‍ത്താതെയൊഴുകുന്ന ബാവലി തീര്‍ത്ഥത്തിലൂടെ മടക്കയാത്ര...
മന്ത്രജപങ്ങള്‍ ഉരുവിട്ട് ഉറച്ച പാദങ്ങളോടെ, ഈ യാത്ര വയനാട്ടിലെ മുതിരേരി ശിവക്ഷേത്രത്തിലേക്കാണ്. അവിടെയെത്തി, തിരുവായുധം ക്ഷേത്രത്തിലെ 'വാളറ'യിലേക്ക് മാറ്റും.
കൊട്ടിയൂര്‍ ഐതിഹ്യപ്പെരുമകളുമായി അത്രമേല്‍ ഇഴചേര്‍ന്ന് കിടക്കുന്ന ഈ വാള്‍ എഴുന്നെള്ളിപ്പ്, കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി നടത്തിവരുന്നത്, എടയാര്‍, മൂഴിയോട്ടില്ലം സുരേഷ് നമ്പൂതിരിയാണ്. സെക്കന്തരാബാദിലെ, തിരുമുല്‍ഗിരി അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് അദ്ദേഹം. ഇത്രയേറെ വിശിഷ്ടമായ ഒരു അനുഷ്ഠാനം നിറവേറ്റാന്‍ കഴിയുന്നത് ഭഗവദ് നിയോഗവും അനുഗ്രഹവും കൊണ്ട് മാത്രമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന അദ്ദേഹം തന്‍റെ ആത്മീയാനുഭവങ്ങള്‍, 'ജ്യോതിഷരത്ന'വുമായി പങ്കുവെക്കുന്നു...
'ഭഗവാന്‍റെ തിരുവായുധം മുതിരേരിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് എഴുന്നെള്ളിക്കാന്‍ ഇരുപത്തിരണ്ട് വര്‍ഷം തുടര്‍ച്ചയായി എനിക്ക് ഭാഗ്യമുണ്ടായി. ജന്മസുകൃതമെന്നോ, മഹാഭാഗ്യമെന്നോ എന്താണ് വിശേഷിപ്പിക്കേണ്ടതെന്ന് ഇപ്പോഴും എനിക്കറിയില്ല. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്‍റെ ഭാഗമായിമാറാന്‍ എന്‍റെയീ ചെറിയ ജീവനെ ഭഗവാന്‍ തെരഞ്ഞെടുത്തല്ലോ എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സ് കൊണ്ട് ആ പാദങ്ങളില്‍ ദീര്‍ഘ നമസ്ക്കാരം ചെയ്യുകയാണ് ഞാന്‍...'
തിരുവായുധവും കൈകളിലേന്തി, മന്ത്രജപങ്ങളോടെ ഇരുപത്തിനാല് കിലോമീറ്ററോളം താണ്ടി വേണം കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്താന്‍. അതില്‍ കുറേഭാഗം വനത്തിലൂടെയാണ് യാത്ര, നല്ലവഴികള്‍, നാട്ടുവഴികള്‍, കാനനപാതകള്‍ ഒക്കെ താണ്ടാന്‍ മണിക്കൂറുകള്‍ വേണം, പക്ഷേ, ഒന്നും ഞാന്‍ അറിയാറില്ല, ഒരു ക്ഷീണവും ഉണ്ടാകാറില്ല. കൊട്ടിയൂരെത്തി ഗോവിന്ദാ- ഹരിഗോവിന്ദാ മന്ത്രഘോഷങ്ങള്‍ക്കിടയില്‍ തീര്‍ത്ഥജലം ശിരസ്സില്‍ പതിക്കുമ്പോള്‍ മാത്രമേ ഞാന്‍ എവിടെയാണ് എത്തിയതെന്നുപോലും തിരിച്ചറിയാറുള്ളൂ.
അതുവരെ ഭഗവാന്‍ പറയുന്നതനുസരിച്ച്, നടന്നും, ഓടിയുമൊക്കെ, ഇരുകൈകളാല്‍ തിരുവായുധവുമേന്തി ഒരേയൊരു ലക്ഷ്യത്തിലേക്ക് മാത്രമാണല്ലോ യാത്ര കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലേറെയായി ഞാന്‍ അനുഭവിക്കുന്ന ആ ആത്മീയ ചൈതന്യാനുഭൂതിയെ ഏത് വിധത്തില്‍ വാക്കുകള്‍ കൊണ്ട് അവതരിപ്പിക്കണമെന്ന് ഇപ്പോഴും എനിക്ക് അറിയുകയില്ല.
മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത വിധത്തില്‍ ഒട്ടനവധി സവിശേഷതകളും ഒട്ടേറെ പൂജാവിധികളും അനുഷ്ഠാനങ്ങളുമൊക്കെ ചേര്‍ന്നതാണല്ലോ കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. ഭക്തര്‍ മാത്രമല്ല പ്രകൃതിപോലും പങ്കുചേരുന്ന തീര്‍ത്ഥാടന മഹാത്സവമാണല്ലോ വൈശാഖോത്സവം. മുതിരേരിയില്‍ നിന്നും വാള്‍ എഴുന്നെള്ളിച്ച് എത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. തിരിച്ച് വാളുമായി മുതിരേരിയിലേക്ക് യാത്രയാരംഭിക്കുന്നതോടെ ഉത്സവത്തിന് പരിസമാപ്തിയുമാകും. അത്രയധികം അനുഷ്ഠാനപ്പെരുമകളാണ് മുതിരേരിയില്‍ നിന്നുള്ള ഈ വാള്‍ വരവിനുള്ളത്. കൊട്ടിയൂര്‍ ക്ഷേത്രവും മുതിരേരി ക്ഷേത്രവുമായി ഇഴചേര്‍ന്ന് കിടക്കുന്ന ഒട്ടനവധി ബന്ധങ്ങളാണുള്ളത്.
മുതിരേരി ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യപ്പെരുമകള്‍ തന്നെയത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ദക്ഷന്‍ നടത്തിയ യാഗത്തില്‍ പങ്കെടുക്കാനെത്തിയ മകള്‍ സതീദേവിയെ ദക്ഷന്‍ അവഹേളിച്ചതില്‍ മനംനൊന്ത് യാഗാഗ്നിയില്‍ ചാടി സതീദേവി ജീവനൊടുക്കി. ഇതറിഞ്ഞ മഹാദേവന്‍ ഉഗ്രകോപത്താല്‍ തിരുജഡ പിഴുത് നിലത്തടിച്ചു, അതില്‍ നിന്നും വീരഭദ്രന്‍ അവതരിക്കുകയും ചെയ്തു. കോപിഷ്ഠനായ വീരഭദ്രന്‍ യാഗശാലയിലെത്തി ദക്ഷന്‍റെ തലയറുത്ത് ആ വാള്‍ ചുഴറ്റി വലിച്ചെറിഞ്ഞു.
ദക്ഷന്‍റെ തലയറുത്ത ആ വാള്‍ വന്നുവീണത് മുതിരേരി വയലിലാണ്. ആദിവാസികളായ കുറിച്യ തറവാട്ടുകാര്‍ കൃഷി ചെയ്തിരുന്ന കണ്ടത്തിലാണ് വാള്‍ വന്നുവീണത്. അതിനാല്‍ അവിടം ഇപ്പോഴും 'വാളന്‍ കണ്ടം' എന്ന പേരില്‍ അറിയപ്പെടുന്നു. രുധിരം അഥവാ രക്തം വീണ തേരിയാകട്ടെ 'മുതിരേരി'യെന്ന പേരിലും അറിയപ്പെട്ടു. ഈ വിശ്വാസത്തിലാണ് മുതിരേരി ശിവക്ഷേത്രത്തിലെ പ്രത്യേക വാളറയില്‍ തിരുവായുധം സൂക്ഷിക്കുന്നതും, ഉത്സവകാലത്ത് കൊട്ടിയൂരിലേക്ക് എഴുന്നെള്ളിക്കുന്നതും.
മുതിരേരി ക്ഷേത്രത്തില്‍ നിന്നും വാളുമായി യാത്രയാരംഭിച്ചാല്‍ ആദിവാസി മൂപ്പന്‍ എത്തിക്കുന്ന മുള്ളുവേലികൊണ്ട് മുതിരേരി ക്ഷേത്രകവാടം അടച്ചിടും. കൊട്ടിയൂരിലെ തൃക്കലശാട്ടിനുശേഷം വാള്‍ തിരിച്ച് എഴുന്നെള്ളിച്ച് എത്തുന്നതുവരെ മുതിരേരി ക്ഷേത്രം അടച്ചിടുകയും ചെയ്യും.
വാളേന്തി, യാഗഭൂമിയിലേക്ക്
വാള്‍ എഴുന്നെള്ളിക്കുന്ന വ്യക്തി ഏറെനാള്‍ നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. മുതിരേരി ക്ഷേത്രത്തിലെ മേല്‍ശാന്തി കുടുംബത്തിനാണ് വാള്‍ എഴുന്നെള്ളിക്കാനുള്ള അവകാശം. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി വാള്‍ എഴുന്നെള്ളിച്ച് വരുന്നത് എടയാര്‍ മൂഴിയോട്ട് ഇല്ലത്തുള്ളവരാണ്. 2004 ല്‍ ആണ് ഒരു നിയോഗം പോലെ ഈ സൗഭാഗ്യം എനിക്ക് ലഭിച്ചത്.
വിഷു കഴിയുന്നതോടെ വ്രതനിഷ്ഠകള്‍ ആരംഭിക്കും. ക്ഷേത്രം തന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് വ്രതമാരംഭിക്കുക. ഇടവമാസത്തിലെ ആയില്യം നാളില്‍ മേല്‍ശാന്തി, നാഗത്തിന് വിശേഷാല്‍ പൂജകള്‍ ആരംഭിക്കുന്നതോടെ വ്രതത്തിന്‍റെ കാഠിന്യവും കൂടും. നാഗത്തിന് കൊടുക്കല്‍ ചടങ്ങോടെ മറ്റൊരു ആദ്ധ്യാത്മിക തലത്തിലേക്ക് വ്രതം മാറും. അപ്പോഴത്തെ ജപതപങ്ങളും, ആത്മീയ അനുഭവങ്ങളുമൊന്നും വിശദീകരിക്കാനാവില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആദ്ധ്യാത്മിക ചൈതന്യത്തിന്‍റെ സവിശേഷ ഭാവത്തിലൂടെയാകും നമ്മുടെ ജീവനും കടന്നുപോകുക.
ഒട്ടേറെ ചടങ്ങുകളാണ് തിരുവായുധം എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ടിട്ടുള്ളത്. ചിത്തിര നക്ഷത്രനാളില്‍ വൈകുന്നേരത്തോടെ കോഴിയോട്ട് കാരണവരില്‍ നിന്നും 'വാളറ'യുടെ താക്കോല്‍ ഏറ്റുവാങ്ങും. ചോതിനാള്‍ രാവിലെ സൂര്യോദയത്തിന് മുമ്പ് വാളറ തുറന്ന്, തന്ത്രിയുടെ ഉപദേശപ്രകാരം താന്ത്രിക ചടങ്ങുകള്‍ നിര്‍വഹിച്ച് തിരുവായുധം ശ്രീ വീരഭദ്രസ്വാമിയുടെ വിഗ്രഹത്തോട് ചേര്‍ത്ത് വയ്ക്കുന്നു. അതിനോട് അനുബന്ധിച്ച് വിശേഷാല്‍ നിവേദ്യങ്ങള്‍ നടത്തുന്നു. ചക്കപ്പഴം പോലെയുള്ള ഗ്രാമീണ ഫലങ്ങള്‍ സ്വാമിക്ക് സമര്‍പ്പിക്കും. ഉച്ചപൂജയ്ക്കുശേഷം, കോഴിയോട്ട് കാരണവരുടെ അനുവാദത്തോടെ ജപിക്കാനിരിക്കും. അതിനോടകം ക്ഷേത്രപരിസരം ഭക്തരാല്‍ നിറഞ്ഞിരിക്കും.
'ഓം വീരഭദ്രായ നമ:ശിവായ' നാമഘോഷങ്ങള്‍ എങ്ങും നിറയും.
ധ്യാനത്തിനിടയില്‍ വെളിപാട് വരുന്നൊരു നിമിഷമുണ്ട്. അതോടെ ജപത്തില്‍ നിന്നുണര്‍ന്ന് തുളസിയില മൂടിയ ബിംബത്തില്‍ നിന്നും തിരുവായുധം വലിച്ചെടുത്ത് ഒറ്റത്തവണ ക്ഷേത്രത്തിന് വലം വെച്ച ശേഷം അതിവേഗം കൊട്ടിയൂര്‍ ലക്ഷ്യമാക്കി യാത്രയാരംഭിക്കും. ക്ഷേത്രത്തില്‍ നിന്നും ഒരു നിശ്ചിതപരിധി കഴിയുന്നതോടെ ഒരട്ടഹാസം മുഴക്കി അതിവേഗം നീങ്ങുകയായി. പിന്നെ തിരിഞ്ഞുനോട്ടമില്ല; ഒരേയൊരു ലക്ഷ്യം, യാഗഭൂമി മാത്രം...
വാളേന്തി മുതിരേരിയിലേക്ക്...
ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലാണ് 'മുതിരേരി വാള്‍' ആദ്യം എത്തിക്കുക. ശ്രീകോവിലില്‍ വിഗ്രഹത്തോട് ചേര്‍ത്തു വെച്ച് പ്രത്യേക പൂജകള്‍ നടത്തും. അതിനുശേഷം അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിക്കും. ഇതിന് പിന്നാലെയാണ് മറ്റെല്ലാ എഴുന്നെള്ളത്തും നടക്കുക. അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വാള്‍ സൂക്ഷിക്കും. എല്ലാദിവസവും വാളില്‍ വിവിധ പൂജകളും നടക്കും...
ഉത്സവത്തിന്‍റെ സമാപനമാകുന്നതോടെ തിരിച്ചെഴുന്നള്ളത്താണ്. മിഥുനമാസത്തിലെ ചിത്ര നക്ഷത്രത്തില്‍ വാള്‍ മുതിരേരിയില്‍ എത്തിക്കഴിഞ്ഞാലും അനുഷ്ഠാനങ്ങള്‍ ഏറെയാണ്. തിരുവായുധം ശിവലിംഗപ്രതിഷ്ഠയോട് ചേര്‍ത്തു വയ്ക്കും, തുടര്‍ന്ന് നടയടക്കും. ചോതിദിവസമായ പിറ്റേന്നാള്‍ ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങളോ നിവേദ്യമോ ഇല്ല. ഇതിന് 'പഷ്ണി' എന്നാണ് പറയുക. അടുത്തദിവസം ശിവലിംഗത്തില്‍ നിന്നും തുളസിയിലകള്‍ മാറ്റി, വിശേഷാല്‍ പൂജകള്‍ നടത്തി, തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വാളിന് പൂജകള്‍ നടത്തി തിരുവായുധം വാളറയിലേക്ക് മാറ്റും.
തുടര്‍ന്ന് വാളറ പൂട്ടി താക്കോല്‍ കോഴിയാട്ട് മൂപ്പില്‍ നമ്പ്യാരെ ഏല്‍പ്പിക്കുന്നു. അടുത്ത ഉത്സവസമയത്ത് വാള്‍ എഴുന്നെള്ളത്തിന് മുന്നോടിയായി താക്കോല്‍ അദ്ദേഹം തിരിച്ചുതരുകയും ചെയ്യും. ക്ഷേത്രനടയില്‍ വെച്ചിരിക്കുന്ന മുള്ളുവേലി മൂപ്പില്‍ നമ്പ്യാര്‍ എടുത്തുമാറ്റുന്നതോടെ ഭക്തര്‍ക്ക് പ്രവേശിക്കാന്‍ കഴിയുകയും ചെയ്യും. ഈ വിധത്തില്‍ അതീവവൈശിഷ്ട്യമേറിയ ഒട്ടേറെ ചടങ്ങുകളില്‍ പങ്കുചേരാന്‍ ഈ എളിയ ജീവിതം കൊണ്ട് എനിക്ക് കഴിഞ്ഞു. ഭഗവദ്പാദങ്ങളില്‍ പ്രണമിക്കാനല്ലാതെ മറ്റെന്താണ് എനിക്ക് ചെയ്യാന്‍ കഴിയുക...!
ഒരര്‍ത്ഥത്തില്‍ ശാരീരികമായി ഒട്ടേറെ ക്ലേശങ്ങള്‍ നിറഞ്ഞതാണ് വാള്‍ എഴുന്നെള്ളിക്കല്‍ യാത്ര. പക്ഷേ ഒരിക്കലും അതിന്‍റെ വിഷമതകള്‍ ഞാന്‍ അറിഞ്ഞിട്ടേയില്ല. ഭഗവാനാണ് എന്നെ വഴിനടത്തുന്നതെന്ന് എനിക്ക് നന്നായി അറിയാം. മുതിരേരിയില്‍ നിന്നും, കഴുക്കോട്ടൂര്‍, വെണ്‍മണി, കണ്ണോത്ത് മല, പാല്‍ച്ചുരം വഴിയൊക്കെയാണ് യാത്ര. കുറേഭാഗം കാനനപാതയുമാണ്. ഇതൊക്കെ താണ്ടിയാണ് 'ഇക്കരെ കൊട്ടിയൂരി'ല്‍ ആദ്യം വാള്‍ എത്തിക്കുക. യാത്രാവഴികളിലെല്ലാം ഭക്തര്‍ നിറദീപങ്ങളുമായി എതിരേല്‍പ്പൊരുക്കും, ഇതേവിധത്തില്‍ തന്നെയാണ് തിരിച്ചെഴുന്നെള്ളിപ്പും.
ഇതൊരു ദൈവനിയോഗമാണ്, അത് പ്രാവര്‍ത്തികമാക്കാന്‍ മനസ്സുകൊണ്ടും, ശരീരം കൊണ്ടും ഏറെ തയ്യാറെടുക്കേണ്ടതുണ്ട്. ഏകാഗ്രതയും ധ്യാനവും അതിപ്രധാനമാണ്. എന്‍റെ കുടുംബം നല്‍കുന്ന പിന്തുണ എടുത്തു പറയേണ്ടതാണ്, ഭാര്യ സംപൂര്‍ണയും, മക്കള്‍ ഹരിപ്രിയയും, ഐശ്വര്യയും പ്രാര്‍ത്ഥനകളുമായി ഒപ്പമുണ്ട്. എന്‍റെ ജ്യേഷ്ഠന്‍ മൂഴിയോട്ടില്ലം സുരേന്ദ്രന്‍ നമ്പൂതിരിയാണ് മുതിരേരി ക്ഷേത്രത്തിലെ മേല്‍ശാന്തി. അദ്ദേഹവും തന്ത്രിമുഖ്യന്‍മാരും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. കൂടാതെ ആയിരക്കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനയേകുന്ന കരുത്തും.
ഇത്രയും വലിയൊരു ചടങ്ങ് നിര്‍വഹിക്കാന്‍ ഭഗവാന്‍ എന്നെ നിയോഗിച്ചുവല്ലോ എന്നോര്‍ക്കുമ്പോള്‍, മനസ്സുകൊണ്ട് ആ പാദങ്ങളില്‍ ഒരിക്കല്‍ കൂടി ഞാന്‍ നമസ്ക്കരിക്കുകയാണ്.
അദ്ദേഹത്തിന് വാക്കുകള്‍ ഇടറിപ്പോവുകയാണ്,
കണ്ണുകള്‍ ഈറനണിയുകയാണ്...
തൊട്ടടുത്ത് മുതിരേരി ശ്രീകോവിലില്‍ നിന്ന് മണിനാദങ്ങള്‍ മുഴങ്ങുന്നു. ദീപാരാധനയ്ക്ക് നേരമായി, എങ്ങും മുഴങ്ങുന്നത് നാമമന്ത്ര ധ്വനികള്‍ മാത്രം...
വീരഭദ്രന്‍ വാണരുളും മുതിരേരി ശിവക്ഷേത്രം
ബലിഷ്ഠ ശിഖരങ്ങള്‍ വീശി തലയുയര്‍ത്തി നില്‍ക്കുന്ന വനവൃക്ഷങ്ങള്‍ക്കിടയില്‍ പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന 'മുതിരേരി ശിവക്ഷേത്രം.' കൂവളവും, അശോകവും, പൈന്‍ മരങ്ങളുമെല്ലാം ക്ഷേത്രത്തിന് ചുറ്റും നിറഞ്ഞുനില്‍ക്കുന്നു. ഭഗവദ്സങ്കീര്‍ത്തനമെന്നപോല്‍ ഇളങ്കാറ്റിലുലഞ്ഞ് വള്ളിച്ചെടികളും ഇലച്ചാര്‍ത്തുകളും ചേര്‍ന്ന് വേറിട്ട ആത്മീയാനുഭൂതിയായി ഇവിടം മാറുന്നു.
കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്‍റെ ഐതിഹ്യപ്പെരുമകളുമായി അത്രമേല്‍ ഇഴചേര്‍ന്ന് കിടക്കുന്ന ആത്മീയ സന്നിധാനമാണ് മുതിരേരി ശിവക്ഷേത്രം. ഇവിടെ നിന്നും ഭഗവാന്‍റെ തിരുവായുധമായ വാള്‍ എഴുന്നെള്ളിച്ച് എത്തുന്നതോടെയാണ് കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തുടക്കമാവുക. വാള്‍ തിരിച്ചെഴുന്നെള്ളിക്കുന്നതോടെ കൊട്ടിയൂരുത്സവത്തിന് പരിസമാപ്തിയുമാകും.
വീരഭദ്ര ചൈതന്യമുള്ള ശിവഭഗവാനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. പടിഞ്ഞാറ് ദര്‍ശനമായി വീരഭദ്രനും, ഭദ്രകാളിയും ഇവിടെ കുടികൊള്ളുന്നു. കിഴക്കോട്ട് ദര്‍ശനമായി വനശാസ്താവുമുണ്ട്. ചുറ്റുമതിലിന് പുറത്തായി ബ്രഹ്മരക്ഷസ്സിന്‍റേയും നാഗങ്ങളുടേയും സന്നിധാനങ്ങള്‍.
കുടുംബൈശ്വര്യത്തിനായി നെയ്വിളക്ക് സമര്‍പ്പണവും, മാറാവ്യാധികള്‍ മാറുന്നതിനായി ആള്‍രൂപസമര്‍പ്പണവുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍.
തവിടുകളയാത്ത ചുവന്ന അരികൊണ്ടുള്ള വെള്ളനിവേദ്യവും, നാളീകേരമിട്ട പിണ്ടിപ്പായസമാണ് വീരഭദ്രസ്വാമിക്കുള്ള മറ്റ് സവിശേഷവഴിപാടുകള്‍. ഇടവമാസത്തിലെ, നാഗത്തിന് കൊടുക്കലും ഏറെ പ്രാധാന്യമേറിയതാണ്. പഴുത്തചക്ക പ്രസാദമായി വിതരണം ചെയ്യുന്ന അപൂര്‍വ്വക്ഷേത്രം കൂടിയാണിത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുതിരേരി ശിവക്ഷേത്രം വയനാട്, മാനന്തവാടിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ മാറി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ വഹിക്കുന്ന നന്തിയാര്‍ വള്ളി, കോഴിക്കോട്ടിരി ഇല്ലങ്ങളില്‍ ഉള്ളവര്‍ തന്നെയാണ് മുതിരേരി ക്ഷേത്രത്തിലും താന്ത്രിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്. മൂഴിയോട്ടില്ലം സുരേന്ദ്രന്‍ നമ്പൂതിരിയാണ് ക്ഷേത്രം മേല്‍ശാന്തി.
'വാള്‍ എഴുന്നെള്ളത്ത് ഉത്സവവേളയില്‍ ഓരോ ദിവസവും ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണം വലിയ തോതില്‍ ഏറിവരികയാണ്. മാറുന്ന കാലത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് ഞങ്ങള്‍. അതിന്‍റെ ഭാഗമായി ഉത്സവത്തിന് എത്തുന്നവര്‍ക്ക് സൗകര്യപ്രദമായി നില്‍ക്കാന്‍ കഴിയുന്ന വിധത്തിലുള്ള നടപ്പന്തല്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍..' ക്ഷേത്രം ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നെല്ലിക്കല്‍ 'ജ്യോതിഷരത്ന'ത്തോട് പറഞ്ഞു.
വയനാടന്‍ മലനിരകളെ തഴുകിയെത്തുന്ന കാറ്റും, നേര്‍ത്ത നൂല്‍മഴത്തുള്ളികളും ചേര്‍ന്ന് ക്ഷേത്രപരിസരത്തിന് വേറിട്ട അനുഭൂതിയാണ് പകരുന്നത്.. തീര്‍ത്ഥത്തുള്ളികളായത് മനസ്സില്‍ ഏറ്റുവാങ്ങി, ഭക്തര്‍ നമ്രശിരസ്കരാകുന്നു... എങ്ങും മുഴങ്ങുന്നത് ഒരേ നാമജപം മാത്രം. 'വീരഭദ്രസ്വാമിയേ, കാത്തരുളേണമേ...'
ചക്കപ്പഴം വിശിഷ്ട നിവേദ്യം
ദക്ഷന്‍റെ ശിരസ്സറുത്തശേഷം വീരഭദ്രന്‍ ചുഴറ്റിയെറിഞ്ഞ വാള്‍ വന്നുവീണത് മുതിരേരിയിലെ പാലയാട്ട് തറവാട്ടിലെ വയലിലാണ്. ഇന്നുമവിടം 'വാളന്‍ കണ്ടം' എന്ന പേരിലാണ് അറിയപ്പെടുന്നത്. കൃഷി ചെയ്യാനായി നിലം ഒരുക്കുന്നതിനിടയില്‍ ആദിവാസികളായ കര്‍ഷകരുടെ കലപ്പയില്‍ വാള്‍ കുടുങ്ങി, എടുക്കാന്‍ ശ്രമിക്കുംതോറും വാള്‍ നീങ്ങി, നീങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് ദേശവാഴിയെ വിവരം അറിയിക്കുകയും, ദേവപ്രശ്നചിന്തയാല്‍ വാളിന്‍റെ ദേവചൈതന്യം തിരിച്ചറിയുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
കാട്ടുകല്ലുകള്‍ പെറുക്കിയടുക്കിയ തറയില്‍ വാള്‍ പ്രതിഷ്ഠിച്ച് പൂജ നടത്തി. സന്നിഹിതരായിരുന്ന ആദിവാസികള്‍ ഭക്ത്യാദരങ്ങളോടെ പഴുത്ത ചക്കയും വാഴപ്പഴങ്ങളും സമര്‍പ്പിച്ചു. നിഷ്ക്കളങ്ക മനസ്കരായ അവര്‍ സമര്‍പ്പിച്ച കാഴ്ചവസ്തുക്കള്‍ വീരഭദ്രദേവന് ഏറ്റവും പ്രിയംകരമായി മാറിയെന്ന് ദേവചിന്തയില്‍ വ്യക്തമാവുകയും ചെയ്തു.
ഇന്നും, വാള്‍ എഴുന്നെള്ളത്ത് വേളയില്‍, പഴുത്ത ചക്കയും വാഴക്കുലയും ഭക്തര്‍ ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിക്കും. പൂജാദികര്‍മ്മങ്ങള്‍ക്കുശേഷം, ചക്കപ്പഴം പ്രസാദമായി വിതരണവും ചെയ്യും. അങ്ങനെയാണ് മുതിരേരി ക്ഷേത്രത്തില്‍ ചക്കയും പഴവും സമര്‍പ്പണം സവിശേഷ വഴിപാടുകള്‍ ആയി മാറിയത്.
തയ്യാറാക്കിയത്
പ്രദീപ് ഉഷസ്സ്
ഫോട്ടോ: അഭിറാം
Photo Courtesy - ഫോട്ടോ: അഭിറാം
