മനസ്സ് ശാന്തമാക്കുന്ന പുണ്യസന്നിധി  -മോഹന്‍ലാല്‍

മനസ്സ് ശാന്തമാക്കുന്ന പുണ്യസന്നിധി -മോഹന്‍ലാല്‍

 

ക്കഴിഞ്ഞ മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യപ്പസന്നിധിയിലെത്തുന്നത്. ദീര്‍ഘകാലത്തിനുശേഷമുള്ള അയ്യപ്പദര്‍ശനം നല്‍കിയത് ആത്മനിര്‍വൃതിയുടെ പുണ്യനിമിഷങ്ങള്‍. 

പമ്പാഗണപതിക്കോവിലില്‍ വൈകിട്ട് ഇരുമുടിക്കെട്ട് നിറച്ച് ശരണം വിളിയോടെ മലകയറി. ദീപാരാധനയ്ക്ക് മുമ്പായി സന്നിധാനത്തെത്തി. സത്യമായ പൊന്നുപതിനെട്ടാംപടി കയറിയത് വാക്കുകള്‍ക്കും അപ്പുറമായ ദിവ്യാനുഭവമായി. സോപാനത്തുനിന്ന് ഭഗവാനെ ദര്‍ശിച്ച് തൊഴുത് പ്രാര്‍ത്ഥിച്ചു. ദേവസ്വം ഓഫീസിലെത്തി നെയ്ത്തേങ്ങ അഭിഷേകത്തിനായി നല്‍കി. ഉഷഃപൂജ നടത്തുന്നതിനുള്ള വഴിപാട് ടിക്കറ്റെടുത്തു. അന്ന് സന്നിധാനത്ത് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങി.

'എമ്പുരാന്‍' സിനിമയുടെ റിലീസ് സമയത്തിന് മുമ്പായിരുന്നു അയ്യപ്പദര്‍ശനം. മാളികപ്പുറത്ത് ദേവിയേയും തൊഴുത് രാത്രി 9.15 ഓടെ മലയിറങ്ങി.

അച്ഛന്‍ തികഞ്ഞ അയ്യപ്പഭക്തനായിരുന്നു. ലോ- സെക്രട്ടറിയുടെ തിരക്കുപിടിച്ച ജീവിതത്തിലും മിക്കമാസങ്ങളിലും അയ്യപ്പദര്‍ശനത്തിനായി അച്ഛന്‍ മലകയറിയിരുന്നു. വീട്ടിലെ പൂജാമുറിയിലുള്ള അയ്യപ്പന്‍റെ വലിയ ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോയ്ക്ക് മുമ്പില്‍ ശരണം വിളിയോടെ വിളക്ക് തെളിയിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇരുമുടിക്കെട്ടുമായി അയ്യപ്പസന്നിധിയിലേയ്ക്ക് പോകുന്ന അച്ഛന്‍റെ രൂപം മനസ്സിലുണ്ട്. അച്ഛന്‍ ഇന്നില്ല. നല്ല സ്മരണയായി ഇക്കാഴ്ച എന്നും മനസ്സിലുണ്ടാകും. ഇതുതന്നെയാണ് ശബരിമലയെക്കുറിച്ചുള്ള ആദ്യഓര്‍മ്മയും. അല്‍പ്പം വളര്‍ന്നതോടെ അച്ഛന്‍റെ കൈപിടിച്ചാണ് ആദ്യമായി ശബരീശ്വര സന്നിധിയിലെത്തിയത്. 

പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ബസിലും, സുഹൃത്തുക്കളുമൊന്നിച്ച് ജീപ്പിലുമൊക്കെയായി പമ്പയിലെത്തി കുളിച്ച് മലകയറിയിട്ടുണ്ട്. ഓണം-ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാന്‍ പത്തനംതിട്ട ഇലന്തൂരിലെത്തുമ്പോള്‍ അവിടെ പുന്നക്കല്‍ തറവാടിന്‍റെ മുന്നിലൂടെയുള്ള വഴിയിലൂടെ രാത്രിയില്‍ ശരണം വിളിച്ച് പോകുന്ന അയ്യപ്പന്‍മാരേയും ഓര്‍മ്മയിലുണ്ട്. ഇലന്തൂരിലുള്ള ഭഗവതികുന്നുക്ഷേത്രം, ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാത്രിയില്‍ കെട്ടുനിറക്കുന്ന അയ്യപ്പന്മാരുടെ സംഘത്തേയും അക്കാലങ്ങളില്‍ കാണുന്ന സ്ഥിരം കാഴ്ചയായിരുന്നു.

പണ്ടുകാലങ്ങളില്‍ ശബരിമലയിലേക്ക് പോകുന്ന വഴികള്‍ മിക്കയിടങ്ങളും വിജനമായിരുന്നു. പുല്ലുമേഞ്ഞ ചായപ്പീടികകള്‍ അഞ്ചോ ആറോ എന്നതില്‍ കൂടില്ല. വല്ലപ്പോഴും കരിതുപ്പി കിതച്ചുവരുന്ന ബസ്സുകള്‍. പതിറ്റാണ്ടുകളായി കാര്യങ്ങള്‍ ഒക്കെ മാറി. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ വേണം എന്നതില്‍ തര്‍ക്കമില്ല. പക്ഷേ അമിതസൗകര്യങ്ങള്‍ തീര്‍ത്ഥയാത്രയ്ക്ക് വേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കല്ലും മുള്ളും കാലിനുമെത്തയാക്കി അയ്യനെക്കാണാന്‍ വരുന്നു എന്ന് ഉറക്കെ വിളിക്കുന്നതിന്‍റെ പൊരുള്‍ ബുദ്ധിമുട്ടിയും പ്രയാസപ്പെട്ടും എന്നല്ലേ..

ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ വന്നതിനാല്‍ പൊതുസമൂഹത്തില്‍ അത്രയ്ക്കൊന്നും ഇറങ്ങിച്ചെല്ലാനായിട്ടില്ല. ശബരിമലദര്‍ശനം മനസ്സില്‍ കൊണ്ടുനടന്നു. ഒത്തൊരു നേരം വന്നില്ല എന്ന് പറയുന്നതാണ് വാസ്തവം. ഒടുവില്‍ അധികം തിരക്കില്ലാത്ത നേരത്ത് സിംഗപ്പൂരിലുള്ള സുഹൃത്ത് രാമയും, ബാംഗ്ലൂരിലുള്ള മാത്യുവും സഹയാത്രികരായി. ഞങ്ങള്‍ മൂവരുമൊന്നിച്ച് മലകയറി. അച്ഛനോടൊപ്പം കയറിയ മലവഴികളിലൂടെ പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും യാത്ര. അയ്യപ്പന് വ്യത്യാസമൊന്നുമില്ല. നിത്യചൈതന്യമായി ഭഗവാന്‍ അവിടുണ്ട്.

ഇപ്പോള്‍ പ്രകൃതിയുടെ സാന്നിധ്യം എത്രത്തോളം ശബരിമലയിലുണ്ടെന്ന് നിശ്ചയം പോരാ. ഓരോ തവണ ചെല്ലുമ്പോഴും സന്നിധാനത്തേയ്ക്കുള്ള കാഴ്ചകളുടെ ലേ-ഔട്ട് മാറിക്കൊണ്ടേയിരുന്നു. പഴയ പല കെട്ടിടങ്ങളും കാണാനില്ല. പകരം മറ്റ് ചിലത് ഉയര്‍ന്നുനില്‍ക്കുന്നു. വഴികള്‍ മാറിയിരിക്കുന്നു. പ്രകൃതിതന്നെയാണ് ഈശ്വരന്‍ എന്ന് ഉറക്കെ പറയുന്നവരാണ് നമ്മള്‍. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുക എന്നാല്‍ ഈശ്വരനോട് ചേര്‍ന്നുനില്‍ക്കുന്നതിന് സമമമാണ്.

ശബരിമല പ്രതീകാത്മകമാണ് എന്ന് തോന്നുന്നു. ഉയരങ്ങളിലെത്താന്‍ നമ്മള്‍ നടത്തേണ്ട അദ്ധ്വാനത്തിന്‍റേയും, ചവിട്ടിക്കയറേണ്ട പടവുകളുടേയും പ്രതീകം. ലക്ഷ്യത്തില്‍ എത്തിച്ചേരാനാകണേ എന്ന പ്രാര്‍ത്ഥന, വിശുദ്ധി, എകാഗ്രത എന്നിവയുടെയെല്ലാം പ്രതീകമാണത്. കുറുക്കുവഴികളില്ല.. ഉണ്ടാവാം... പക്ഷേ അതിന് പൂര്‍ണ്ണത ഉണ്ടാവില്ല.
മനസ്സമാധാനം നല്‍കുന്ന സന്നിധിയാണ് അയ്യപ്പസന്നിധി. കലുഷിതമായ ചിന്തകള്‍ക്ക് മുകളില്‍ ശരണം വിളിയുടെ ശക്തമായൊരു കവചം സൃഷ്ടിക്കപ്പെടുന്നതോടെ സര്‍വ്വശക്തനായ ഒരാള്‍ നമുക്കൊപ്പം ഉണ്ടെന്നൊരു വിശ്വാസമാണ്.

അയ്യപ്പസന്നിധിയിലേയ്ക്കുള്ള യാത്രകള്‍ കുറവാണ്. മനസ്സുകൊണ്ട് ഭഗവാന്‍റെ അരികിലെത്തുകയാണ് പതിവ്. ഇപ്പോഴത്തെ അവസ്ഥയില്‍ അതിന് മാത്രമേ കഴിയൂ. നമ്മള്‍ കാരണം അയ്യപ്പദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്. ഇത്തരമൊരു ചിന്തയില്‍ പല ഇടങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കുന്നു. ഭഗവാന്‍റെ അനുഗ്രഹം എല്ലാവര്‍ക്കും സദാനേരവും ഉണ്ടാകട്ടെ എന്നാണ് പ്രാര്‍ത്ഥന... സ്വാമിയേ ശരണം അയ്യപ്പാ...