അയ്യപ്പനരികിലെത്താന്‍ മോഹം ഗണപതിയെ പിരിയാന്‍ വിഷമവും... -നിയുക്ത ശബരിമല മേല്‍ശാന്തി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി

അയ്യപ്പനരികിലെത്താന്‍ മോഹം ഗണപതിയെ പിരിയാന്‍ വിഷമവും... -നിയുക്ത ശബരിമല മേല്‍ശാന്തി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി

HIGHLIGHTS

മേല്‍ശാന്തി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി അന്നും പതിവുപോലെ പുലര്‍ച്ചെ നാലുമണിക്ക് ക്ഷേത്രത്തിലെത്തി, ഭഗവാനെ പള്ളിയുണര്‍ത്തി. തുടര്‍ന്ന് 4.30 ന് നടതുറന്ന് നിര്‍മ്മാല്യദര്‍ശനവും 5.30ന് അഭിഷേകവും ദീപാരാധനയും, 5.45 ന് ഗണപതിഹോമവും നടത്തി. 6.45 ന് ഉഷഃപൂജയും കഴിച്ച് 7.30 ന് എതിര്‍ത്തുപൂജയ്ക്കായി വീണ്ടും ശ്രീകോവിലിലേയ്ക്ക് കയറി. മനസ്സാകെ ഭഗവാനിലര്‍പ്പിച്ച് പൂജ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പതിവിന് വിപരീതമായി ഗണപതിഭഗവാന്‍റെ മുഖചൈതന്യം കൂടുതല്‍ തെളിയുന്നോ എന്നൊരു സംശയം. അതേ നിമിഷം തന്നെ ശബരിമല ധര്‍മ്മശാസ്താവിന്‍റെ തിരുരൂപവും മേല്‍ശാന്തിയുടെ മനസ്സില്‍ തെളിഞ്ഞു.

 

നിയുക്ത ശബരിമല മേല്‍ശാന്തി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിക്കിത് സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും നിമിഷങ്ങള്‍...

പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ ദിവസവും അഞ്ച് പൂജയാണ്. അതില്‍ രാവിലത്തെ ഉഷഃപൂജയ്ക്കും എതിര്‍ത്തുപൂജയ്ക്കും പൊതുവേ ഭക്തരുടെ തിരക്ക് കൂടും. കാരണം, തിരുവനന്തപുരത്തുകാര്‍ക്കൊരു ശീലമുണ്ട്. രാവിലെ ഓരോരോ പ്രവര്‍ത്തികള്‍ക്കായി പുറപ്പെടും മുന്‍പ് വിഘ്നവിനാശകാരകനായ പഴവങ്ങാടി ഗണപതിയെ ചെന്നുകണ്ട് വണങ്ങുക എന്നുള്ളത്. മലയാളമാസം ഒന്നാം തീയതിയും, അവധിദിവസവുമൊക്കെക്കൂടിയാണെങ്കില്‍ തിരക്ക് ക്രമാതീതമായിരിക്കും.

ഇക്കഴിഞ്ഞ തുലാം ഒന്ന് അങ്ങനൊരു വിശേഷദിവസമായിരുന്നു. ഒന്നാം തീയതിയും ഞായറാഴ്ചയും മാത്രമല്ല പൂജവയ്പ്പുദിവസവും കൂടിയായിരുന്നു. അങ്ങനെ എന്തുകൊണ്ടും സവിശേഷദിനം. അതുകൊണ്ടുതന്നെ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് പതിവിലും കൂടുതലായിരുന്നു.

മേല്‍ശാന്തി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി അന്നും പതിവുപോലെ പുലര്‍ച്ചെ നാലുമണിക്ക് ക്ഷേത്രത്തിലെത്തി, ഭഗവാനെ പള്ളിയുണര്‍ത്തി. തുടര്‍ന്ന് 4.30 ന് നടതുറന്ന് നിര്‍മ്മാല്യദര്‍ശനവും 5.30ന് അഭിഷേകവും ദീപാരാധനയും, 5.45 ന് ഗണപതിഹോമവും നടത്തി. 6.45 ന് ഉഷഃപൂജയും കഴിച്ച് 7.30 ന് എതിര്‍ത്തുപൂജയ്ക്കായി വീണ്ടും ശ്രീകോവിലിലേയ്ക്ക് കയറി. മനസ്സാകെ ഭഗവാനിലര്‍പ്പിച്ച് പൂജ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പതിവിന് വിപരീതമായി ഗണപതിഭഗവാന്‍റെ മുഖചൈതന്യം കൂടുതല്‍ തെളിയുന്നോ എന്നൊരു സംശയം. അതേ നിമിഷം തന്നെ ശബരിമല ധര്‍മ്മശാസ്താവിന്‍റെ തിരുരൂപവും മേല്‍ശാന്തിയുടെ മനസ്സില്‍ തെളിഞ്ഞു.

അകത്ത് ശ്രീകോവിലില്‍ ഗണപതിഭഗവാന് മുന്നില്‍ മേല്‍ശാന്തി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിക്ക് ഇങ്ങനൊരനുഭവം ഉണ്ടാകുമ്പോള്‍ അങ്ങ് സന്നിധാനത്ത് അടുത്ത മണ്ഡലകാലത്ത് അയ്യപ്പസ്വാമിക്ക് പൂജ ചെയ്യുവാനുള്ള മേല്‍ശാന്തിയെ തെരഞ്ഞെടുക്കുന്ന നറുക്കെടുപ്പ് പ്രക്രിയ നടക്കുകയായിരുന്നു. പതിവുപോലെ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ ദേവനന്ദന്‍ അര്‍ജ്ജുനും അനശ്വര എം. രഞ്ജിത്തുമാണ് ശബരിമല മേല്‍ശാന്തിയേയും മാളികപ്പുറം മേല്‍ശാന്തിയേയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ട് സന്നിധാനത്ത് എത്തിച്ചേര്‍ന്ന അയ്യപ്പന്‍റെ കുടുംബത്തിലെ ഇളമുറക്കാര്‍.

ശബരിമല സ്പെഷ്യല്‍ കമ്മീഷണറും, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും, തന്ത്രിയുമൊക്കെ സാക്ഷ്യം വഹിച്ച ആ നറുക്കെടുപ്പിലൂടെ അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിക്ക് ജന്മസാഫല്യം കൈവരുമ്പോള്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ പൂജ ചെയ്തുകൊണ്ടിരുന്ന ഗണപതിഭഗവാന് എതിര്‍ത്തു പൂജ ചെയ്യുകയായിരുന്നു അദ്ദേഹം. പൂജ കഴിഞ്ഞ് ശ്രീലകത്തുനിന്നും ഇറങ്ങി വന്നപ്പോഴാണ്, ഗണപതി ഭഗവാന്‍റെ മുഖത്ത് തെളിഞ്ഞ പതിവില്‍ക്കവിഞ്ഞ ചൈതന്യത്തിന്‍റെ പൊരുള്‍ ശങ്കരന്‍ നമ്പൂതിരിക്ക് മനസ്സിലായത്. ശബരിമല മേല്‍ശാന്തിയായി താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ക്കൂടി ശ്രീലകത്തേയ്ക്ക് തിരിഞ്ഞ് വിഗ്രഹത്തെ നോക്കി കൈകൂപ്പി പ്രാര്‍ത്ഥിച്ചുകൊണ്ട് ആത്മഗതം പോലെ ശങ്കരന്‍ നമ്പൂതിരി പറഞ്ഞു, എല്ലാം ശബരിമല ഭഗവാന്‍റെ അനുഗ്രഹം. പൂര്‍വ്വികരുടെ പുണ്യം.

തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡില്‍ പി.ആര്‍.എസ് കൃഷ്ണയില്‍ അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി, കോട്ടയം നെടുങ്കുന്നം  അരീക്കര സുബ്രഹ്മണ്യന്‍ നമ്പൂതിരിയെയും വത്സല അന്തര്‍ജ്ജനത്തിന്‍റെയും രണ്ട് മക്കളില്‍ മൂത്തയാളാണ്. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും മേല്‍ശാന്തിയായി റിട്ടയറായ വ്യക്തിയാണ്. അനുജന്‍ പ്രവീണ്‍ കല്ലൂപ്പാറ ഭഗവതിക്ഷേത്രം മേല്‍ശാന്തിയാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം ഉള്‍പ്പെടെ പ്രശസ്തമായ ഒട്ടനവധി ക്ഷേത്രങ്ങളുടെ താന്ത്രികാവകാശി, താന്ത്രിക കുലപതി അമ്പലപ്പുഴ പുതുമനശ്രീധരന്‍ നമ്പൂതിരിയില്‍ നിന്നുമാണ് ശങ്കരന്‍ നമ്പൂതിരി താന്ത്രിക വിദ്യകള്‍ അഭ്യസിച്ചത്. അതാകട്ടെ പത്തുവര്‍ഷക്കാലത്തെ ഗുരുകുല സമ്പ്രദായത്തിലും. അതിനുശേഷം തകഴി ഗോപാലകൃഷ്ണന്‍ ആചാരിയില്‍ നിന്ന് ജ്യോതിഷം, ടി.പി. രവീന്ദ്രവര്‍മ്മയില്‍ നിന്ന് വാസ്തുശാസ്ത്രവും, നാറാത്ത് നാരായണന്‍ നമ്പൂതിരിയില്‍ നിന്ന് ഋഗ്വേദവും പഠിച്ചു.

2005 ല്‍ നെടുങ്കുന്നം ഭഗവതി ക്ഷേത്രത്തിലാണ് ശാന്തിവൃത്തിക്ക് തുടക്കം. അവിടുന്ന് ന്യൂദല്‍ഹി ആര്‍.കെ. പുരം അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തിയായിപ്പോയി. അങ്ങനെ രാജ്യതലസ്ഥാനത്തും കേരള തലസ്ഥാനത്തുമുള്ള രണ്ട് അയ്യപ്പക്ഷേത്രങ്ങളില്‍ അയ്യപ്പപൂജ ചെയ്ത അറിവും അനുഭവസമ്പത്തുമായാണ് ശങ്കരന്‍ നമ്പൂതിരി ലോകത്തിലെതന്നെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രമായ ശബരിമലയിലേക്ക് മലചവിട്ടാന്‍ പോകുന്നത്.

2021 ലാണ് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തുന്നത്. അതിനുമുന്‍പ് അഞ്ചുപ്രാവശ്യം ശബരിമലയിലേക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. പഴവങ്ങാടിയില്‍ വന്നശേഷം, മിലിട്ടറിയുടെ അധീനതയിലുള്ള ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങള്‍ കാരണം അപേക്ഷിക്കുവാനായതുമില്ല. ഒടുവില്‍ ഇക്കുറിയാണ് അതിന് സാധിച്ചത്. അതാകട്ടെ ലക്ഷ്യം കാണുകയും ചെയ്തു. അതുകൊണ്ടാണ് ഈ സൗഭാഗ്യത്തിന്‍റെ പ്രധാന കാരണക്കാരനായി, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം താന്‍ നിരന്തരമെന്നോണം പൂജ ചെയ്തുകൊണ്ടിരിക്കുന്ന പഴവങ്ങാടി ഗണപതിയുടെ കൃപാകടാക്ഷം ശങ്കരന്‍ നമ്പൂതിരി കാണുന്നത്. 'ഈ ക്ഷേത്രത്തിലെത്തി ഗണപതിഭഗവാന് പൂജ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ക്കേ എന്‍റെ ജീവിതത്തിലെ വിഘ്നങ്ങളും ദുരിതങ്ങളും ഭഗവാന്‍ മാറ്റിത്തരുമെന്ന് ഉറച്ചവിശ്വാസമുണ്ടായിരുന്നു. അതാണിപ്പോള്‍ കാണുന്നത്' എന്നും അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി പറയുന്നു.

അഞ്ചുതവണ അപേക്ഷിക്കുകയും മൂന്നുതവണ ലിസ്റ്റില്‍ ഇടം പിടിച്ചശേഷം പുറന്തള്ളപ്പെടുകയും ചെയ്തശേഷം ആറാം തവണ അപേക്ഷിച്ചപ്പോള്‍ നാലാം തവണ ലിസ്റ്റില്‍ ഇടം പിടിക്കാനായതും, മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതും ശങ്കരന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം ജന്മസാഫല്യമാണ്.

'സാമ്പത്തികമായോ മറ്റെന്തെങ്കിലുമോ അല്ല അതിനുകാരണം. അതിനൊക്കെയപ്പുറം, അയ്യപ്പന് പൂജ ചെയ്യുക എന്നുള്ള ഒരു ജന്മാഭിലാഷമുണ്ടല്ലോ.. അതാണ് സാധിച്ചിരിക്കുന്നത്.'

തിരുവല്ല സ്വദേശിനി വിദ്യയാണ് ശങ്കരന്‍ നമ്പൂതിരിയുടെ ഭാര്യ. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഗൗരി ശങ്കരിയും, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പാര്‍ത്ഥസാരഥിയും മക്കള്‍. പാര്‍ത്ഥസാരഥിയും വേദമന്ത്രങ്ങളുമൊക്കെ പഠിച്ചുകഴിഞ്ഞെങ്കിലും തല്‍ക്കാലം പഠനത്തിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്.

ഇതൊക്കെയാണെങ്കിലും, ജന്മസാഫല്യമാണ് കൈവന്നിട്ടുള്ളതെങ്കിലും ശങ്കരന്‍ നമ്പൂതിരിക്കൊരു ദുഃഖമുണ്ട്. അയ്യപ്പന് പൂജ കഴിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതിന്‍റെ സന്തോഷം ഒരുവശത്തുള്ളപ്പോള്‍ തന്നെ, ഇനി ഒരുവര്‍ഷം പഴവങ്ങാടി ഗണപതിയെ പിരിഞ്ഞിരിക്കണമല്ലോ എന്ന ചിന്ത വല്ലാത്തൊരു നീറ്റലാണെന്നാണ് ശങ്കരന്‍ നമ്പൂതിരി പറയുന്നത്.