ഉണർവ്വും ഉന്മേഷവുമേകുന്ന പുതുവർഷഫലം: 1198-ാ‍മാണ്ട്‌ നിങ്ങൾക്ക്‌ എങ്ങനെ എന്നറിയാം

ഉണർവ്വും ഉന്മേഷവുമേകുന്ന പുതുവർഷഫലം: 1198-ാ‍മാണ്ട്‌ നിങ്ങൾക്ക്‌ എങ്ങനെ എന്നറിയാം

HIGHLIGHTS

പുതുവർഷ സംക്രമസമയത്തെ രാശിസ്ഥിതി കൊണ്ടുമാത്രം ഒരു ജാതകന്റെ ഫലം പൂർണ്ണമായി പറയുക അസാധ്യമാണ്. ഗ്രഹങ്ങളുടെ ബലാബലവും ജാതകാൽ ഉള്ള ബലവും ഭാവ, അംശകാദി ബലവും ദശാപഹാരവും ഇങ്ങനെ ഒട്ടനവധി കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരു ജാതകന്റെ യഥാർത്ഥ ഫലനിർണ്ണയം നടത്തേണ്ടത്. ഇവിടെ 17 ആഗസ്റ്റ് 2023 വരെയുള്ള സാമാന്യ ഫലങ്ങൾ മാത്രമാണ് പറയുന്നത്

മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
മേടക്കൂറുകാർക്ക് ഗുണദോഷ സമ്മിശ്രം ഫലം. ജോലി കിട്ടും. കിട്ടാതെയിരുന്ന ധനം ലഭിക്കാം. വാഹനഭാഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. തീരുമാനവൈകല്യം വരാതെ ശ്രദ്ധിക്കുക. അപമാനസാധ്യതയുള്ളതിനാൽ നീചസംസർഗ്ഗം ഒഴിവാക്കുക. പലവിധ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. ദാമ്പത്യസുഖ ഹാനി. പാഴ്‌ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. വാക്കുകളിൽ നിയന്ത്രണം വേണം. അയൽക്കാരുമായി രമ്യതയിൽ കഴിയണം. ശത്രുക്കളെയും അസൂയക്കാരെയും കരുതിയിരിക്കണം.
ദോഷശാന്തിക്കായി വിഷ്ണുവിന് ഭാഗ്യസൂക്താർച്ചന, നക്ഷത്രദിവസം ഗണപതി ഹോമം, അയ്യപ്പന് 3 മാസത്തേക്ക് എള്ളുപായസം.

ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ഇടവക്കൂറുകാർക്ക് ശനി, വ്യാഴം, കേതു എന്നിവ അനുകൂലഭാവത്തിലാണ്. കർമ്മമേഖലയിൽ മേലധികാരികളിൽ നിന്ന് ബുദ്ധിമുട്ടുകൾ വരാം. വിവാഹകാര്യങ്ങളിലും പ്രണയത്തിലും തടസ്സങ്ങൾ. കുടുംബത്തിൽ അനാവശ്യ വാക്കുതർക്കങ്ങൾ ഒഴിവാക്കണം. ആരോഗ്യശ്രദ്ധ വേണം. തർക്കങ്ങൾ, ജാമ്യം, മധ്യസ്ഥത ഇവയ്ക്ക് പോകാതെ ജാഗ്രത വേണം. ഈശ്വരാധീനം വർദ്ധിപ്പിക്കുക. ഉദ്യോഗാർത്ഥികൾ ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോവുക.
ബന്ധുസഹായം, ആത്മമിത്രങ്ങളുടെ സഹായം ഒക്കെ ലഭിക്കും. തൊഴിലിൽ സ്ഥാനചലനസാധ്യത. അപ്രതീക്ഷിത ചെലവുകൾ വഴി ധനക്ലേശത്തിനും സാധ്യത.
ദോഷശാന്തിക്കായി സംവാദസൂക്തഗണപതി ഹോമം, ശനിയാഴ്ച കാക്കയ്ക്ക് ഭക്ഷണം നൽകുക. ഹനുമദ്ഭജനം, ഹനുമാൻ സ്വാമിക്ക് അവൽനിവേദ്യം.

മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
മിഥുനക്കൂറുകാർക്ക് ധനപരമായി ഗുണകാലം. ലോട്ടറി ഭാഗ്യത്തിന് സാധ്യത. അപ്രതീക്ഷിത ധനഭാഗ്യം. കർമ്മരംഗത്ത് നല്ല ശ്രദ്ധ വേണം. പുതിയ പദ്ധതികൾ ആലോചിച്ചു മതി. മറ്റുള്ളവരുടെ നല്ലതിനായി ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെടും. എതിരാളികളെ കരുതിയിരിക്കണം. ഈശ്വരാധീനത്താൽ ശത്രുജയം, കുടുംബത്തിൽ മംഗളകർമ്മം നടക്കും. ഏത് കാര്യവും വേണ്ടപ്പെട്ടവരോട് കൂടിയാലോചനനടത്തുക, തീരുമാനവൈകല്യം വരാതെ ശ്രദ്ധിക്കുക. ആർക്കും അനാവശ്യ വാഗ്ദാനങ്ങൾ നൽകരുത്. ഉദ്യോഗത്തിൽ ഉയർച്ച, കച്ചവട വിജയം, കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ. നഷ്ടപ്പെട്ടുവെന്ന് കരുതിയ ധനം, ഭൂമി കൈവരാം.
ദോഷശാന്തിക്കായി ഗണപതി ഹോമം, അയ്യപ്പനും, ദേവിക്കും പായസം, സുബ്രഹ്മണ്യന് പഞ്ചാമൃതം.

കർക്കിടകക്കൂറ്: (പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഗുണദോഷ സമ്മിശ്ര കാലം. രഹസ്യ ഇടപാടുകൾ, അസമയത്തെ യാത്ര ഇവ പാടില്ല. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. ജാമ്യം, മധ്യസ്ഥത, സാക്ഷി പറയൽ ഇവ ഒഴിവാക്കണം. ബന്ധുക്കളുടെയും ആത്മാർത്ഥ സുഹൃത്തുക്കളുടേയും താക്കീതുകൾ അവഗണിക്കരുത്. എടുത്തുചാട്ട സ്വഭാവം, പെട്ടെന്നുള്ള തീരുമാനങ്ങൾ ഇവയും പാടില്ല. ബുദ്ധി ഉപയോഗിച്ച് ക്ഷമയോടെ പ്രശ്‌നങ്ങൾ പരിഹരിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ഗുണകാലം. കച്ചവട വിജയം. വിശ്വസ്തർ വഴി ചതി വരാതെ ജാഗ്രത. സഹകരണത്തിലൂടെ നേട്ടമുണ്ടാക്കാൻ കഴിയും. തൊഴിലിൽ ഗുണകരമായ മാറ്റം.  കിംവദന്തികൾ സൃഷ്ടിക്കുന്നവരിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. വിദ്യാർത്ഥികൾ അവസരങ്ങൾ ഉപയോഗപ്പെടുത്തണം. വായ്പ, ധനകാര്യ ഇടപാടുകൾ, ചിട്ടി, ലോട്ടറി എന്നിവയിൽ അനുകൂല കാലം.
ദോഷശാന്തിക്കായി ഹനുമാൻ, ശ്രീരാമൻ, അയ്യപ്പൻ എന്നീ ദേവതാപ്രീതി, തീർത്ഥാടനം, സാധുക്കൾക്ക് അന്നദാനം, കുടുംബ ദേവതാപ്രീതി.

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ചിങ്ങക്കൂറുകാർക്ക് പൊതുവിൽ സമയം അത്ര നന്നല്ല. ആരോഗ്യശ്രദ്ധ വേണം. ജോലി, ബിസിനസ്സ്, രാഷ്ട്രീയം, കല ഇങ്ങനെ ഏത് രംഗത്തായാലും കർമ്മരംഗത്ത് അബദ്ധങ്ങൾ പറ്റാതെ ജാഗ്രത പുലർത്തണം. കുടുംബത്തിലായാലും സൗഹൃദത്തിലായാലും നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റണം. ശത്രുശല്യം തലപൊക്കും. ക്ഷമയോടെ ബുദ്ധിപൂർവ്വം ശത്രുജയത്തിന് കഴിയും. കുടുംബത്തിൽ സമാധാനം നിലനിർത്താൻ മുൻകൈ എടുക്കണം. ശ്രമിക്കണം. പണത്തിന്റെ വില അറിഞ്ഞ് ചെലവാക്കുക. വിദ്യാർത്ഥികൾ കഠിനാദ്ധ്വാനം ചെയ്താലേ ഫലം കിട്ടൂ. ജോലിയിൽ മാറ്റം, ഉയർച്ച ഇവയ്ക്ക് സാധ്യത, സ്വപ്നപദ്ധതികൾ പൂർത്തിയാകും.
ദോഷശാന്തിക്കായി നക്ഷത്രദിവസം ഗണപതിഹോമം, വിഷ്ണുവിന് സുദർശനാർച്ചന, പാൽപായസം, ശനിപ്രീതികങ്ങളായ കർമ്മങ്ങൾ, പ്രാർത്ഥന, ദശാനാഥന്റെ രക്ഷാധാരണം. 

കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങൾ അത്തം, ചിത്തിര 1, 2 പാദങ്ങൾ)
കഴിഞ്ഞകാല കഷ്ടതകൾ മാറി ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ജോലി,കച്ചവടം, കർമ്മം എന്നിവയിലെ തടസ്സങ്ങൾ നീങ്ങും. ധനപരമായി അപ്രതീക്ഷിത ഭാഗ്യം. രോഗശാന്തി, ഉദ്യോഗഭാഗ്യം, വിദ്യാവിജയം, സ്വപ്നപദ്ധതികളിൽ വിജയം. അസൂയാവഹമായ ഉയർച്ച എല്ലാ കാര്യങ്ങളിലും ഉണ്ടാവും. ദാമ്പത്യസുഖം, കുടുംബത്തിൽ സമാധാനം, തടസ്സപ്പെട്ട വിദേശയോഗം സഫലമാകും. ബന്ധുസഹായം, മംഗല്യതടസ്സം മാറും. പുതിയ വാഹനം, ഭൂമി, വീട് വാങ്ങാൻ അനുകൂല സമയം. സന്താനങ്ങളെ നന്നായി സ്വീകരിക്കണം.
ദോഷശാന്തിക്കായി ഗണപതി, ദേവി, സർപ്പദേവതകളെ പ്രീതിപ്പെടുത്തുക. ദാനധർമ്മങ്ങൾ.

തുലാക്കൂറ്: (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
തുലാക്കൂറുകാർക്ക് ഗുണദോഷ സമ്മിശ്ര കാലം. ആരോഗ്യശ്രദ്ധ വേണം. വാഹനകാര്യങ്ങളിൽ നല്ല ജാഗ്രത ഉണ്ടാവണം. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. കച്ചവടത്തിൽ നഷ്ടസാധ്യത ഇല്ല. വിദ്യാർത്ഥികൾ കഠിനാദ്ധ്വാനത്തിലൂടെ വിജയം വരിക്കും. വ്യാപാരത്തിൽ പുതിയ കരാർ പദ്ധതികൾക്ക് അനുകൂല കാലം. വാക്കുകളിൽ നിയന്ത്രണം വേണം. കുടുംബ സമാധാനം വീണ്ടെടുക്കും. പണം നിയന്ത്രിച്ച് ചെലവഴിക്കണം. തക്കസമയത്ത് പ്രശ്‌നങ്ങൾ നയപരമായി പരിഹരിക്കണം. സൗഹൃദങ്ങളിൽ നിന്ന് ചതി വരാതെ സൂക്ഷിക്കുക. ദുഃശീലങ്ങളിലേക്കും വഴി തെറ്റരുത്. മംഗല്യഭാഗ്യം, ദാമ്പത്യസുഖം, സ്ഥാനലബ്ധി, കർമ്മത്തിൽ ഉന്നതി.
ദോഷശാന്തിക്കായി സർപ്പപ്രീതി, സുബ്രഹ്മണ്യന് പഞ്ചാമൃതം, വിഷ്ണുവിന് പാൽപ്പായസം, ദശാനാഥന്റെ രക്ഷാധാരണം.

വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് സാമാന്യം നല്ല കാലം.ജോലി സാധ്യത, മംഗല്യഭാഗ്യം, ധനക്ലേശം കുറയും. ഗ്രഹങ്ങളുടെ അനുകൂല സ്ഥിതിയാൽ തടസ്സങ്ങൾ നീങ്ങും. പരീക്ഷയിൽ പ്രതീക്ഷിക്കുന്ന വിജയം. കുടുംബത്തിൽ ധനപരമായി നേട്ടമുണ്ടാകുന്ന കാലം. വിലപ്പെട്ട വസ്തുക്കൾ കൈവശം വന്നുചേരും. ഈശ്വരാധീനം വർദ്ധിക്കും. തിരക്കേറിയ ജീവിതത്തിൽ നിന്നും അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോവും. എതിരാളിയായി കണ്ട ഒരാൾ അഭ്യുദയകാംക്ഷിയായി മാറും. ഉറ്റവരുടെ നേട്ടങ്ങളിൽ സന്തോഷിക്കും. വഴുതിപ്പോയ അവസരങ്ങൾ വീണ്ടും ലഭിക്കും. അശുഭചിന്തകൾ വേരോടെ പിഴുതെറിയണം. സന്താനത്തിന്റെ വിവാഹാലോചനയിൽ പുരോഗതിയുണ്ടാവും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യ സ്വാമിയേയും ഗണപതി ഭഗവാനെയും പ്രീതിപ്പെടുത്തുക. അഗതികൾക്ക് ദാനം ചെയ്യുക.

ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ധനുക്കൂറുകാർക്ക് ഗുണദോഷ സമ്മിശ്ര ഫലം അനുഭവിക്കാനിടവരും. ധനസമ്പാദനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
ബിസിനസ്സ് വിപുലീകരിക്കനാകും. പഠനപുരോഗതി നേടുവാൻ സാധിക്കുന്നതാണ്. വിവാഹകാര്യത്തിൽ ധൃതിയിൽ തീരുമാനം എടുക്കരുത്. ധനാഗമനത്തിനോടൊപ്പം ചെലവുകൾ വർദ്ധിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. കൂടെ നിൽക്കുന്നവരിൽ നിന്നും ചതിപറ്റാതെ നോക്കണം. ആഡംബരങ്ങളും ആഘോഷങ്ങളും കുറയ്ക്കണം. ആരേയും അമിതമായി വിശ്വസിക്കരുത്. കുടുംബത്തിലെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുക വഴി സമാധാനം നിലനിൽക്കും. വിലപിടിപ്പുള്ള വസ്തുക്കൾ കളവുപോവാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിലും അശ്രദ്ധ പാടില്ല.
ദോഷശാന്തിക്കായി മഹാവിഷ്ണുവിന് സുദർശനാർച്ചന, ഭാഗ്യസൂക്തപുഷ്പാഞ്ജലി, ശാസ്താവിന് നെയ്യഭിഷേകം.

മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
ഒരിടത്ത് ഉറച്ചുനിൽക്കുക. ചഞ്ചലമായ മനസ്സ് എല്ലാ കാര്യങ്ങളിലും തടസ്സവും താമസവും സൃഷ്ടിക്കും. ഈശ്വരചിന്ത ശക്തമാക്കണം. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അപമാനത്തിന് ഇടയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി ഒഴിവാക്കുക. പണം കടം കൊടുത്താൽ തിരിച്ചുകിട്ടാൻ പ്രയാസമാണ്. ദുർജ്ജനസംസർഗ്ഗത്തിലൂടെ ദോഷാനുഭവങ്ങൾക്ക് സാധ്യത. കുടുംബജീവിതത്തിലെ വൈഷമ്യങ്ങൾ പെരുപ്പിക്കാതെ ക്ഷമയോടെ അതിനെ നേരിടാൻ ശ്രമിക്കണം. ദാമ്പത്യത്തിൽ തെറ്റിദ്ധാരണ ഒഴിവാക്കുക.  ദുർചിന്തകൾ ഒഴിവാക്കിയാൽ എവിടെയും വിജയിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാതാപിതാക്കളുടെ സഹായത്താൽ തരണം ചെയ്യും. ദുരനുഭവങ്ങൾ മറക്കാൻ ശ്രമിക്കണം. അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. വാത, പ്രമേഹ, രോഗികൾ കൂടുതൽ ശ്രദ്ധ പുലർത്തണം. മറ്റുള്ളവരുടെ അനാവശ്യ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിച്ച് നഷ്ടം ക്ഷണിച്ചുവരുത്തരുത്.
ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം, ശ്രീകൃഷ്ണ ഭഗവാന് പാൽപായസം, നാഗത്തിന് നൂറും പാലും, ഗണപതിക്ക് മോദകം.

കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
കുടുംബജീവിതം സന്തോഷകരമാകും. വിദ്യാർത്ഥികൾക്ക് പഠനപുരോഗതി മത്സരപരീക്ഷയിൽ നേട്ടമുണ്ടാകും. ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. അപവാദശ്രവണത്തിന് സാധ്യതയുള്ളതിനാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കണം. ചതിയിൽ പെടാതെ നോക്കണം. പുണ്യതീർത്ഥയാത്രയ്ക്ക് അവസരമുണ്ടാകും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പുനരാരംഭിക്കും.
ചെറിയ ചെറിയ ആരോഗ്യപ്രശ്‌നങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം. വിചാരിക്കുന്ന പലകാര്യങ്ങളും ഈശ്വരാധീനത്താൽ സാധിക്കും. കൂട്ടുബിസിനസ്സിൽ പുതിയ മാറ്റങ്ങൾ വേണ്ടി വരും. ആരേയും അമിതമായി വിശ്വസിക്കരുത്. വിശാലമായ ചിന്താഗതി പുലർത്തുന്ന നിലപാടുകൾ പ്രശംസിക്കപ്പെടും. എല്ലാ കാര്യങ്ങളും ഫലപ്രദമായി നടപ്പിലാക്കാൻ നന്നായി ശ്രമിക്കുക. ഉന്നതതല ബന്ധങ്ങൾ ഗുണം ചെയ്യും. ഒഴിവുസമയം പാഴാക്കാതെ നല്ല കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തണം. അപകീർത്തി ഉണ്ടാകാവുന്ന പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കണം. 
ദോഷശാന്തിക്കായി ഗണേശ അഷ്‌ടോത്തരം ദിവസവും ചൊല്ലുക. സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം.

മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി,
 രേവതി)
സാമ്പത്തികനില മെച്ചപ്പെടും. പ്രതീക്ഷിച്ചിരുന്ന പല കാര്യങ്ങളും അനുഭവത്തിൽ വരും. വിദേശയാത്രയ്ക്ക് സാഹചര്യങ്ങൾ ഒത്തുവരും. മാതാപിതാക്കളോട് ദേഷ്യം പിടിപ്പിക്കുന്ന രീതിയിൽ പെരുമാറരുത്. ജോലി സ്ഥലത്ത് മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണം. മോശപ്പെട്ട സംസാരം പ്രതികൂലമായി ബാധിക്കും. അമിതചിന്ത ഒഴിവാക്കണം. മനസംഘർഷത്തിന്റെ കാരണം തിരിച്ചറിഞ്ഞ് തിരുത്താൻ നോക്കണം. അസ്ഥി സംബന്ധമായും വാതസംബന്ധമായും അസുഖം ഉള്ളവർ ശ്രദ്ധിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ ചില പ്രയാസങ്ങൾ ഉണ്ടായേക്കാം. 
ദോഷശാന്തിക്കായി
മഹാവിഷ്ണുവിന് പാൽപായസം, ശാസ്താവിന് എള്ളുപായസം, നാഗത്തിന് അഭിഷേകം, ഗണപതി ഹോമം.

ഇടമന നാരായണൻപോറ്റി
ഇടമന, മൂന്നാം മനയ്ക്കൽ, പേട്ട, 
തിരുവനന്തപുരം
(9446166002)