ദൈവിക വഴിപാടുകള്‍ക്ക് ശ്രേഷ്ഠമായ  ആടിമാസം

ദൈവിക വഴിപാടുകള്‍ക്ക് ശ്രേഷ്ഠമായ ആടിമാസം

HIGHLIGHTS

ഓരോ മാസവും ദൈവത്തെ പൂജിച്ചു പ്രാര്‍ത്ഥിക്കുവാന്‍ അനുയോജ്യമായ മാസങ്ങളുണ്ടെങ്കിലും ചില മാസങ്ങള്‍ ദൈവിക വഴിപാടുകള്‍ക്ക് ശ്രേഷ്ഠമായ മാസങ്ങളാണെന്ന് നമ്മുടെ കാരണവന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'ആടി' എന്ന് വിശേഷിക്കപ്പെടുന്ന കര്‍ക്കിടകമാസം അഥവാ രാമായണമാസം. 

 

സൂര്യന്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നതിനെ അടി സ്ഥാനമാക്കിയാണ് മലയാളം- തമിഴ് മാസങ്ങള്‍ കണക്കിടപ്പെടുന്നത്. അതുപ്രകാരം സൂര്യന്‍ കര്‍ക്കിടക രാശിയില്‍ പ്രവേശിക്കുന്ന മാസമാണ് കര്‍ക്കിടക മാസം. ശുഭ കര്‍മ്മങ്ങള്‍ പൊതുവേ ഈ മാസത്തില്‍ ചെയ്യാറില്ല. അതിനു കാരണങ്ങളുമുണ്ട്.

കര്‍ക്കിടക മാസത്തില്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ക്ഷേത്രങ്ങളില്‍ പല ഉത്സവങ്ങളും വിശേഷങ്ങളും നടക്കും. വളരെയധികം വ്രതങ്ങള്‍ ഈ മാസത്തില്‍ വരും. അതുകൊണ്ട് ദൈവിക വഴിപാടുകള്‍ക്കായി ഈ മാസം നീക്കി വെയ്ക്കുന്നതിനാല്‍ മനുഷ്യരുടെ ശുഭകാര്യങ്ങള്‍ ഈ മാസത്തില്‍ നടത്താറില്ല. 

ഒരു വര്‍ഷത്തെ രണ്ടു അയനങ്ങളായി ഭാഗിക്കുന്നു. 'അയനം' എന്നാല്‍ വഴി എന്ന് പൊരുള്‍.  സൂര്യന്‍ വടക്കു കിഴക്ക് ദിക്കിലേക്ക് സഞ്ചരിക്കുന്നതിനെ ഉത്തരായനം എന്നു പറയുന്നു. തെക്കു പടിഞ്ഞാറു ദിക്കിലൂടെ സഞ്ചരിക്കുന്നതിനെ ദക്ഷിണായനം എന്നും പറയുന്നു. ഉത്തരായനം മകരമാസത്തില്‍ തുടങ്ങുന്നു. ദക്ഷിണായനം കര്‍ക്കിടകമാസത്തിലും തുടങ്ങുന്നു. 

ദക്ഷിണായനം ദേവന്മാരുടെ സായാഹ്ന കാലമാണ്. ഈ കാലത്ത് ഭൂമിയില്‍ മഴ തുടങ്ങുന്നു. നല്ല മഴ പെയ്യുവാനും, മഴക്കാല രോഗങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കാത്തു സംരക്ഷിക്കുന്നതിനും വേണ്ടി ഇക്കാലത്ത് ദൈവത്തെ ആരാധിക്കുന്നു. പ്രത്യേകിച്ച് നമ്മള്‍ ഭഗവതി എന്നു വിളിക്കുന്ന അമ്മനെ പൂജിക്കുന്നു. 

വര്‍ഷം മുഴുവനും പരമേശ്വരന്‍റേയും പാര്‍വ്വതീ ദേവിയുടേയും ശക്തി സമമാണെങ്കിലും ഈ മാസത്തില്‍ ദേവിയുടെ അനുഗ്രഹം വര്‍ദ്ധിക്കു ന്നതായിട്ടാണ് ഐതിഹ്യം. 

അമ്മന്‍ (ഭഗവതി) ആര്യവേപ്പ് വൃക്ഷത്തിന്‍റെ രൂപത്തില്‍ ഭൂമിയില്‍ വസിക്കുന്നതായി പറയാറുണ്ട്. അതുകൊണ്ട് ഈ മാസത്തില്‍ വേപ്പിനും അതിന്‍റെ ഇലകള്‍ക്കും പ്രത്യേക ആദരവ് നല്‍കുന്നു. ശാസ്ത്രീയമായും ഇതിനെ ശാസ്ത്രജ്ഞന്മാര്‍ ശരിവെയ്ക്കുന്നു. മഴക്കാലത്ത് പലതരം രോഗങ്ങളുണ്ടാവുന്നു.  വേപ്പും അതിന്‍റെ ഇലകളും ക്രിമി നാശിനിയായി പ്രവര്‍ത്തിക്കുന്നു. ദിവസവും വേപ്പിന്‍റെ ഏതാനും തളിരില കഴിക്കുന്നവരെ ഒരു രോഗവും പിടികൂടുന്നില്ല. ആടി മാസത്തില്‍ തമിഴ്നാട്ടിലെ വീടു പടിക്കല്‍ വേപ്പില തോരണം കെട്ടിവച്ചിരിക്കുന്നത് കാണാം. ഇങ്ങനെചെയ്താല്‍ രോഗങ്ങളെ വിരട്ടിയോടിക്കാം എന്നാണ് വിശ്വാസം. 

ആടിച്ചൊവ്വ

ആടി മാസത്തിലെ ചൊവ്വാഴ്ച അതീവ പ്രാധാന്യമുളളതായി കരുതപ്പെടുന്നു. ആടി ച്ചൊവ്വാഴ്ചയെ തേടിക്കുളി, അരച്ച മഞ്ഞള്‍ പൂശിക്കുളി എന്ന ഒരു പഴഞ്ചൊല്ല് തന്നെ തമിഴര്‍ക്കിടയിലുണ്ട്. ആടി മാസത്തിലെ ചൊവ്വാഴ്ച ദിവസം സുമംഗലി സ്ത്രീകള്‍ എണ്ണ തേച്ച് സ്നാനം ചെയ്താല്‍ അവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ ഐശ്വര്യത്തോടെ മഞ്ഞള്‍ തേച്ച് നീരാടാനിടവരും എന്നാണ് പറയാറ്. ആടിച്ചൊവ്വാഴ്ച്ച വ്രതമനുഷ്ഠിയ്ക്കുന്ന സമ്പ്രദായവും ചിലയിടങ്ങളിലുണ്ട്. ദിവസം മുഴുവന്‍ പാല്‍ ഒഴികെ മറ്റൊന്നും കഴിക്കാതെ വ്രതം അനുഷ്ഠിക്കുന്ന സുമംഗലി സ്ത്രീകള്‍ വൈകുന്നേരം ഉപ്പില്ലാത്ത കൊഴുക്കട്ടകള്‍ ഉണ്ടാക്കി, ദേവിക്ക് നേദിച്ച് അത് പ്രസാദമായി കഴിയ്ക്കും. (ഇത് ആണുങ്ങള്‍ ഭക്ഷിക്കാറില്ല).
 

ആടി വെളളി 

വെളളിയാഴ്ചയെ ശുക്രവാരം എന്നാണ് പറയുന്നത്. വാരിക്കോരി കൊടുക്കുന്ന ശീലക്കാരനാണ് ശുക്രന്‍. ശുക്രന്‍റെ ആരാധനാപാത്രമായ ദേവിയെ ആടി വെളളി ദിനത്തില്‍ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ശുക്രന്‍റെ മനസ് സന്തുഷ്ടമായി സമ്പത്ത് വാരിക്കോരി നല്‍കും എന്നാണ് വിശ്വാസം. ആടി വെളളി വിളക്കു പൂജയ്ക്കുളള ഏറ്റവും ഉത്തമമായ ദിവസമാണ്.

ആടി വെളളിയാഴ്ച അമ്മന് കുറുക്ക് വാര്‍ത്തല്‍ നടത്തുന്നത് അതിശ്രേഷ്ഠമാണ്. റാഗി മാവുകൊണ്ടുണ്ടാക്കുന്ന കുറുക്ക് അമ്മന് ഏറ്റവും പ്രിയങ്കരമാണ്. സ്ത്രീകള്‍ക്കുണ്ടാവുന്ന വിളര്‍ച്ച രോഗത്തെ തടയാനുളള ശക്തി റാഗി കുറുക്കിനുണ്ട്. 

ആടി കാര്‍ത്തിക

അമ്മന് മാത്രമല്ല, പുത്രന്‍ മുരുകനും പ്രിയങ്കരമാണ് ആടി മാസത്തിലെ കാര്‍ത്തിക നക്ഷത്ര ദിവസം. മുരുകനുവേണ്ടി വ്രതം അനുഷ്ഠിക്കുവാനും ഏറ്റവും ഉത്തമമായ ദിവസമാണിത്. ദേവി നല്‍കിയ വേലുകൊണ്ട് ശൂര പത്മനെ നിഗ്രഹിച്ച് മുരുകന്‍  തിരുച്ചെന്തൂരില്‍ കുടികൊണ്ടു. ആ സമയത്ത് ദേവന്മാരും മഹര്‍ഷിമാരും മുരുകനെ വിനൈതീര്‍ത്ഥദൈവം എന്ന് വിളിച്ചുകൊണ്ട് തൊഴുത് പ്രാര്‍ത്ഥിച്ചു. മുരുകനെ വളര്‍ത്തിയ കാര്‍ത്തിക സ്ത്രീകളും ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. അവരും മുരുകനെയും ശിവപാര്‍വ്വതീമാരേ യും തൊഴുത് പ്രാര്‍ത്ഥിച്ചു. കാര്‍ത്തിക സ്ത്രീകളുടെ ത്യാഗത്തെ എന്നും ലോകം സ്മരിക്കട്ടെ എന്ന് വരമരുളി പരമേശ്വരന്‍. ആടിമാസത്തിലെ കാര്‍ത്തികനാളില്‍ മുരുകനെ  ധ്യാനിച്ച് വ്രതമനുഷ്ഠിച്ച് തൊഴുത് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഈ ഭൂലോക ജീവിത വിജയത്തിന് വേണ്ട അറിവ്, വിദ്യാഭ്യാസം, സമ്പത്ത,് ആരോഗ്യം എന്നിവ നല്‍കുന്നതൊടൊപ്പം തന്നെ സ്വര്‍ഗ്ഗത്തിലേക്കുളള മോക്ഷവും ലഭിക്കുമെന്ന് പരമശിവന്‍ അരുളി ചെയ്തു. 

ആടി ഏകാദശി

മാസം തോറും വരുന്ന ഏകാദശിനാളില്‍ മിക്കവരും വ്രതം അനുഷ്ഠിക്കാറുണ്ട്. എന്നാല്‍ എല്ലാമാസവും വ്രതം അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് ആടിമാസത്തിലെ ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ ഏറെ ഫലസിദ്ധിയുണ്ടാകും.
 

യോഗിനി ഏകാദശി

കുബേരന്‍ ഒരു ദിവസം തന്‍റെ ഭാര്യയുടെ സൗന്ദര്യത്തില്‍ മതി മയങ്ങി കടമകളില്‍ നിന്നും വ്യതി ചലിച്ചു. കടമകള്‍ കൃത്യമായി നിര്‍വ്വഹിക്കാത്തതു കൊണ്ടും മതിഭ്രമം സംഭവിച്ചതുകൊണ്ടും അവന് കുഷ്ഠരോഗം പിടിപെട്ടു. ഏകാദശി വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചാല്‍ രോഗമുക്തി നേടാനാകുമെന്നറിഞ്ഞ കുബേരന്‍ ഒരു ആടി മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കുന്നതോടെ കുബേരന്‍റെ കുഷ്ഠരോഗം മാറി. അതുകൊണ്ട് ആ ഏകാദശി യോഗി ഏകാദശി എന്നറിയപ്പെടുന്നു. ആടി മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയില്‍ വ്രതം അനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരു രോഗവും പിടിപെടില്ല എന്നാണ് വിശ്വാസം. 

ശയനി ഏകാദശി

മഹാബലിയെ നിഗ്രഹിച്ച് മോക്ഷം നല്‍കാനായി വാമനനായി അവതരിച്ച വിഷ്ണു ത്രിവിക്രമനായി മാറി അവനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. വാമനാവതാരം കഴിഞ്ഞ് ഭഗവാന്‍ വീണ്ടും സര്‍പ്പ മഞ്ചത്തില്‍ പളളികൊണ്ട നാളാണ് ശയനി ഏകാദശി. ഈ ഏകാദശിനാളില്‍ വ്രതമിരുന്ന് മഹാവിഷ്ണുവിനെ തൊഴുത് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സര്‍വ്വ ഐശ്വര്യസിദ്ധിയുണ്ടാകും. എന്നു മാത്രമല്ല അവര്‍ക്ക് ശത്രുക്കളാലുണ്ടാവുന്ന വിഷമതകളും ഒഴിയും എന്നാണ് ഐതിഹ്യം.

ആടി പൗര്‍ണ്ണമി

എല്ലാ മാസത്തിലേയും പൗര്‍ണ്ണമി ദേവിക്ക് വിശേഷപ്പെട്ടതാണ്. എന്നിരുന്നാലും ആടി പൗര്‍ണ്ണമി അതിവിശിഷ്ടമായ തായി കരുതപ്പെടുന്നു. അന്നാണ് ദേവി കൊടും തപസ്സനുഷ്ഠിച്ച് ശിവനെ നേടിയതെന്ന് പുരാണങ്ങളില്‍ പറയുന്നു. പരമേശ്വരന്‍റെ കണ്ണുകള്‍ പാര്‍വ്വതീദേവി തമാശയ്ക്കായി പൊത്തിപ്പിടിച്ചു. അതുകാരണം ആ സമയത്ത് ലോകം ഇരുളിലാണ്ടു. എല്ലാ ജീവജാലങ്ങളും വളരെയധികം വിഷമിച്ചു. ഏതാനും വിനാഴിക മാത്രമേ ദേവി പരമശിവന്‍റെ കണ്ണുകള്‍ പൊത്തി പ്പിടിച്ചുളളുവെങ്കിലും അത് ഒരു കല്പകാലം ഭൂമിയില്‍ നീണ്ടു നിന്നു. മനുഷ്യരുടെ ദുരവസ്ഥ വിവരണാതീതമായിരുന്നു. 

തന്‍റെ അബദ്ധം മനസ്സിലാക്കിയ പാര്‍വ്വതി ചെയ്ത തെറ്റിന്‍റെ പാപം അകലാനായി അഗ്നി മധ്യത്തില്‍ സൂചിമുനയില്‍ നിന്നുകൊണ്ട് കൊടും തപസ്സനുഷ്ഠിച്ചു. ഭൂലോകം തന്നെയാണ് തന്‍റെ കര്‍മ്മഭൂമി എന്നതിനാല്‍ ഭൂമിയില്‍ തന്നെ യാണ് ദേവി തപസ്സനുഷ്ഠിച്ചത്. ഒരു കല്പകാലം ദേവി തപസ്സനുഷ്ഠിച്ചശേഷം ആടി മാസത്തിലെ പൗര്‍ണ്ണമി നാളില്‍ ശിവന്‍ ദേവി മുമ്പാകെ പ്രത്യക്ഷപ്പെട്ട് തന്‍റെ ഇടതുവശത്ത് ദേവിക്ക് സ്ഥാനം നല്‍കി അനുഗ്രഹിച്ചു.

അതുകൊണ്ട് ആടി പൗര്‍ണ്ണമി ദിവസം വ്രതമിരുന്ന് ദേവിയെ ആരാധിച്ചു പ്രാര്‍ത്ഥിക്കുന്ന പെണ്‍കുട്ടികള്‍ക്ക് മനസ്സിനിണങ്ങിയ മണവാളനെ കിട്ടുമെന്നാണ് വിശ്വാസം. മാത്രമല്ല വിവാഹിതര്‍ക്ക് പ്രശ്നരഹിതമായ സന്തുഷ്ട ദാമ്പത്യ ജീവിതവും ലഭിക്കുന്നു.

ആടി പൂരം

ശ്രീവില്ലിപുത്തൂരില്‍ മഹാലക്ഷ്മി ദേവി ആണ്ടാളായി അവതരിച്ചത് ആടിമാസത്തിലെ പൂരം നക്ഷത്രത്തിലാണ്. ആ ദിവസത്തെ 'ആടിപൂരം' എന്ന് വിശേഷിപ്പിച്ച് ആഘോഷിക്കുന്നു. ശങ്കരനെ ഒഴികെ മറ്റാരെയും താന്‍ വരനായി കരുതില്ല എന്ന് പറഞ്ഞ് ലക്ഷ്മീദേവി ധനുമാസ വ്രതം അനുഷ്ഠിച്ച് മഹാവിഷ്ണുവിനെത്തന്നെ ജീവിതസഖാവായി കിട്ടാന്‍ ഭാഗ്യം ചെയ്തവളാണ് കോത എന്ന ആണ്ടാള്‍. ഈ ദേവിയുടെ ജന്മനക്ഷത്രമായ 'ആടി പൂര' നാളില്‍ വ്രതമനുഷ്ഠിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉദ്ദിഷ്ട കാര്യസിദ്ധിയും ദൈവാനുഗ്രഹവും ഉണ്ടാകും എന്നാണ് ഐതിഹ്യം.
 

ആടി അമാവാസി 

ആടി അമാവാസി (കര്‍ക്കിടക വാവ്) പിതൃക്കള്‍ക്കായുളള വഴിപാടുനാളായിട്ടാണ് അനുഷ്ഠിക്കപ്പെടുന്നത്. സ്വര്‍ഗ്ഗത്തില്‍നിന്നും നമ്മുടെ പിതൃക്കള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നതും അവര്‍ക്ക് വേണ്ടി നമ്മള്‍ ചെയ്യുന്ന ശ്രാദ്ധം സ്വീകരിച്ച് അവര്‍ നമ്മളെ അനുഗ്രഹിക്കുന്നതും ആടി അമാവാസി (കര്‍ക്കിടകവാവ്) നാളിലാണ്. എന്തൊക്കെ സമ്പത്തും ആരോഗ്യവും ഉണ്ടെങ്കിലും ചിലര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവില്ല. പ്രവര്‍ത്തിയിലും ചിന്തയിലും വ്യക്തതയുണ്ടാവില്ല. അതിനു കാരണം പിതൃവഴിപാടുകള്‍ യഥാവിധി ചെയ്യാത്തതാണ്. 

പിതൃവഴിപാടുകള്‍ തലമുറകളായി പലകാലങ്ങളിലായി അനുഷ്ഠിച്ചു പോരുന്നതാണ്. രാമായണത്തിലും മഹാഭാരതത്തിലും ശ്രീരാമനും പാണ്ഡവരും മരിച്ചുപോയവര്‍ക്ക് ജലവും എളളും വെച്ച് പൂജ നടത്തിയതായി പറയപ്പെടുന്നുണ്ട്. ആടി അമാവാസി ദിവസം കുളം, നദി, കടല്‍ എന്നിവിടങ്ങളില്‍ നീരാടി കുലത്തിലെ മണ്‍മറഞ്ഞവര്‍ക്ക് പൂജ (ശ്രാദ്ധം) ചെയ്താല്‍ കുടുംബ ഐക്യവും ഐശ്വര്യവും ഉണ്ടാകും എന്നു മാത്രമല്ല കുടംബത്തിനും ഭാവി തലമുറയ്ക്കും ദൈവാധീനമുണ്ടാവും എന്നാണ് വിശ്വാസം. പിതൃക്കളുടെ അനുഗ്രഹം നമ്മളെ പല സന്ദിഗ്ധ ഘട്ടങ്ങളില്‍ നിന്നും രക്ഷിയ്ക്കുകയും ചെയ്യുന്നു.