ആദിമൂലം വെട്ടിക്കോട്ട് ശ്രീ നാഗരാജ സ്വാമിക്ഷേത്രം
കേരളോത്പത്തിയോളം തന്നെ പഴക്കവും ഐതിഹ്യവും നിറഞ്ഞ അനവധി ബിംബങ്ങളും ദേശങ്ങളും നമ്മുടെ കേരളത്തില്‍ ഐതിഹ്യപ്പെരുമയോടും ആരാധനാവൈവിധ്യത്തോടും നിലനില്‍ക്കുന്നുണ്ട്. കേരളപ്പഴമയെ തൊട്ടുണര്‍ത്തുന്ന ബിംബങ്ങളില്‍ പ്രഥമസ്ഥാനത്ത് നിലകൊള്ളുന്ന ക്ഷേത്രമാണ്, വെട്ടിക്കോട്ട് ആദിമൂലം നാഗരാജാക്ഷേത്രം. ആലപ്പുഴ ജില്ലയില്‍ കായംകുളം പട്ടണത്തില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാറിയാണ് വെട്ടിക്കോട്ട് നാഗരാജാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യപ്പെരുമയുടെ നേര്‍സാക്ഷ്യം പോലെ സര്‍പ്പദോഷനിവൃത്തിക്കായി അനവധി ഭക്തരാണ് നിത്യവും ഇവിടെ ശരണം തേടി എത്തുന്നത്.
ത്രേതായുഗത്തിലെ അവതാര സൗഭാഗ്യം അനുഗ്രഹിച്ചു നല്‍കിയതാണ് കേരളഭൂമി. പരശുരാമക്ഷേത്രം, പരശുരാമഭൂമി എന്നെല്ലാം ഭക്തിഭാവത്തില്‍ കേരളമഹത്വത്തെ നാം കൈകൂപ്പാറുണ്ട്.

കേരളോത്പത്തിയോളം തന്നെ പഴക്കവും ഐതിഹ്യവും നിറഞ്ഞ അനവധി ബിംബങ്ങളും ദേശങ്ങളും നമ്മുടെ കേരളത്തില്‍ ഐതിഹ്യപ്പെരുമയോടും ആരാധനാവൈവിധ്യത്തോടും നിലനില്‍ക്കുന്നുണ്ട്. കേരളപ്പഴമയെ തൊട്ടുണര്‍ത്തുന്ന ബിംബങ്ങളില്‍ പ്രഥമസ്ഥാനത്ത് നിലകൊള്ളുന്ന ക്ഷേത്രമാണ്, വെട്ടിക്കോട്ട് ആദിമൂലം നാഗരാജാക്ഷേത്രം. ആലപ്പുഴ ജില്ലയില്‍ കായംകുളം പട്ടണത്തില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ മാറിയാണ് വെട്ടിക്കോട്ട് നാഗരാജാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യപ്പെരുമയുടെ നേര്‍സാക്ഷ്യം പോലെ സര്‍പ്പദോഷനിവൃത്തിക്കായി അനവധി ഭക്തരാണ് നിത്യവും ഇവിടെ ശരണം തേടി എത്തുന്നത്.
പരശുരാമന്‍റെ തപ:ശക്തിയാല്‍ കടല്‍ നീങ്ങി കരയായി മാറിയ ഈ ദേശം സര്‍പ്പങ്ങളാല്‍ നിറഞ്ഞുനിന്നിരുന്നു. പരശുരാമന്‍ തന്നോടൊപ്പം കൂട്ടിക്കൊണ്ടുവന്നവരെല്ലാം ഉരഗഭയത്താല്‍ തിരികെ പ്പോയി. നാഗം നിറഞ്ഞ ഈ ഭൂഭാഗം 'മനുഷ്യവാസത്തിന് യോഗ്യമല്ല' എന്ന് അവര്‍ പറഞ്ഞു. ദുഃഖിതനായ പരശുരാമന്‍ തന്‍റെ ഗുരുവായ പരമശിവനോട് സങ്കടം ഉണര്‍ത്തിച്ചു. മഹാദേവന്‍റെ നിര്‍ദ്ദേശത്താല്‍ പരശുരാമന്‍ ഗന്ധമാദനപര്‍വ്വതത്തില്‍ ഘോരതപം ചെയ്ത് അനന്തഭഗവാനെ പ്രത്യക്ഷപ്പെടുത്തി സങ്കടം ധരിപ്പിച്ചു. അനന്തഭഗവാന്‍റെ പ്രേരണയാല്‍ നാഗങ്ങള്‍ ശാന്തരായി. നാഗങ്ങള്‍ക്ക് വസിക്കുവാനായി പ്രത്യേക ഇടങ്ങളും കല്‍പ്പിച്ചുനല്‍കി.

താന്‍ കണ്‍മുന്നില്‍ കണ്ട അനന്തഭഗവാന്‍റെ രൂപത്തെ ബിംബരൂപത്തിലാക്കി പരശുരാമ ഭൂമിയില്‍ പ്രതിഷ്ഠിക്കണം എന്ന മോഹം മഹാമുനിക്ക് മോഹമായി വളര്‍ന്നു. ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവിനെക്കൊണ്ട് താന്‍ നേരില്‍ കണ്ട അനന്തശില്‍പ്പം പണിതീര്‍പ്പിച്ചു. ഈ വിഗ്രഹത്തില്‍ അനന്തഭഗവാനെ ആവാഹിച്ച് സാന്നിദ്ധ്യം വരുത്തി. തന്‍റെ കയ്യിലെ മഴുകൊണ്ട് മണ്ണ് വെട്ടി ക്കൂട്ടി അനന്തവിഗ്രഹം പ്രതിഷ്ഠിച്ചു.
കേരളക്കരയിലെ ആദ്യത്തെ ദേവപ്രതിഷ്ഠയാണ് മണ്ണ് വെട്ടിക്കൂട്ടി പരശുരാമന്‍ പ്രതിഷ്ഠിച്ച വെട്ടിക്കോട്ട് നാഗരാജാക്ഷേത്രം. 'ആദിമൂലം' എന്ന വെട്ടിക്കോട്ട് ക്ഷേത്രത്തെ വിളിക്കപ്പെടാനുള്ള കാരണവും ആദ്യമായി എന്ന വാക്കില്‍ നിന്നാണ്.

ക്ഷേത്രവിധാനത്തില്‍ നാഗപ്രതിഷ്ഠ
ക്ഷേത്രവിധാനത്തില്‍ നാഗപ്രതിഷ്ഠയുള്ള ഏക പൗരാണിക ക്ഷേത്രം വെട്ടിക്കോട്ട് നാഗരാജാ ക്ഷേത്രമാണ്. ഇവിടെ ശ്രീലകത്ത് അഭയവരദനായ അനന്തന്‍റെ പത്മാസനസ്ഥിതനായ പൂര്‍ണ്ണകായ രൂപമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലായി നാഗരാജാവും, നാഗയക്ഷിയും സകല കലകളും ചേര്‍ന്ന് ബിംബരൂപത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. തികച്ചും സാത്വികവും വൈഷ്ണവവും ചേര്‍ന്നതാണ് വെട്ടിക്കോട്ടെ നാഗരാജ ക്ഷേത്രം. ഈ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുഹൂര്‍ത്തം കുറിച്ചത് ബ്രഹ്മാവും, മുഹൂര്‍ത്തദക്ഷിണ വാങ്ങിയത് പരമശിവനുമാണെന്ന് പുള്ളുവന്‍പാട്ടുകളില്‍ പ്രതിപാദിക്കുന്നുണ്ട്. ത്രിമൂര്‍ത്തിസ്ഥാനം എന്നുതന്നെ ഈ ക്ഷേത്രത്തെ പ്രകീര്‍ത്തിക്കപ്പെടുന്നു.
സര്‍പ്പദോഷത്തിന്, സര്‍പ്പശാപത്തിന് ഭക്തര്‍ ഏറെയും ആശ്രയിക്കുന്ന നാഗക്ഷേത്രമാണ് ആദിമൂലമായ വെട്ടിക്കോട്ട് ക്ഷേത്രം. എല്ലാ ദോഷങ്ങള്‍ക്കും കാരണം സര്‍പ്പകോപമായി കരുതുന്നവരുണ്ട്. എന്താണ് തന്‍റെ ജീവിതദുരന്തത്തിന് കാരണമായി തീര്‍ന്നിരിക്കുന്നതെന്ന് നല്ല ഒരു ജ്യോത്സ്യനെക്കണ്ട് തിരക്കുക പോലും ചെയ്യാതെ ഇവിടെവന്ന് വഴിപാടുകള്‍ നടത്തുന്നവര്‍ പലരുമുണ്ട്. വെട്ടിക്കോട്ട് ക്ഷേത്രത്തിന്‍റെ ഐതിഹ്യചരിത്രങ്ങള്‍ വിവരിച്ചു പറഞ്ഞശേഷം ക്ഷേത്രത്തിലെ വഴിപാടുകളെക്കുറിച്ചും നേരിട്ട് അറിഞ്ഞ അത്ഭുത അനുഗ്രഹങ്ങളെക്കുറിച്ചും ഭക്തിയോടെ വിശദീകരിക്കുകയാണ് ഇല്ലത്തെ ശ്രീവത്സന്‍ തിരുമേനി.

എല്ലാ ഞായറാഴ്ചയും ആയില്യവും ഈ ക്ഷേത്രത്തില്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ദിവസങ്ങളാണ്. അതിരാവിലെ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ഭഗവാന്‍റെ വെള്ളനിവേദ്യം വഴിപാടായിവാങ്ങി ഉച്ചയ്ക്ക് അത് കഴിച്ചുമടങ്ങുന്ന ആചാരം പണ്ട് മുതല്‍ നിലനില്‍ക്കുന്നതാണ്. പതിമൂന്ന് ഞായറാഴ്ചകളില്‍ കുളിച്ചുതൊഴുതാല്‍ രോഗശാന്തിയും, ദുരിതനിവൃത്തിയും ലഭിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. എല്ലാ ഞായറാഴ്ചകളിലും നൂറും പാല്‍ നിവേദ്യം നടത്തപ്പെടാറുണ്ട്. മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ മാസങ്ങളില്‍ നൂറും പാലും നടത്താറില്ല. സര്‍പ്പപ്രീതിക്കായി നടത്തപ്പെടുന്ന പ്രധാന വഴിപാടാണ് നൂറും പാലും.
സന്താനഭാഗ്യം
ഞങ്ങള്‍ ജ്യേഷ്ഠാനുജന്‍ മക്കളായി നാലഞ്ച് ഇല്ലക്കാരുണ്ട്. ഓരോ വര്‍ഷവും അമ്പലക്കാര്യങ്ങള്‍ നോക്കുന്നത് ഓരോ ശാഖയില്‍ നിന്നും ഉള്ളവരാണ്. പക്ഷേ ക്ഷേത്രപൂജയില്‍ ഞങ്ങള്‍ ആരും ഊഴം കരുതാറില്ല. ഭഗവാനെ സേവിക്കാന്‍ ഞങ്ങള്‍ എല്ലാവരും എന്നും ശ്രീലകത്തും ചുറ്റകത്തുമായി ഉണ്ടാവും. ഇന്നിപ്പോള്‍ ശ്രീലകത്തെ പൂജകള്‍ ചെയ്യുന്നത് നാരായണേട്ടനാണ്. ഏട്ടനെ സഹായിക്കാനായി ഞങ്ങളെല്ലാവരും ഒപ്പം തന്നെയുണ്ടാവും.

ഉരുളി കമഴ്ത്തിയാല്‍ ഉണ്ണി ഉണ്ടാവുമോ?
സന്താനഭാഗ്യത്തിനായി ഉരുളി കമഴ്ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഉരുളി കമഴ്ത്തിയാല്‍ സന്താനഭാഗ്യം ലഭിക്കുമോ? ലഭിക്കും. പക്ഷേ ചില നിബന്ധനകള്‍ ബാധകമാണ്. ഉരുളി കമഴ്ത്തലിന്‍റെ കാര്യകാരണങ്ങളെക്കുറിച്ച് ശ്രീവത്സന്‍ തിരുമേനി അല്‍പ്പമൊന്ന് വിശദീകരിക്കുകയാണ്.
വിവാഹശേഷം അഞ്ച് വര്‍ഷത്തോളം സന്താനഭാഗ്യം ഉണ്ടായില്ലെങ്കില്‍ മാത്രമേ ഉരുളി കമഴ്ത്താന്‍ പാടുള്ളൂ. സന്താനയോഗമുള്ള ജാതകത്തില്‍ സന്താഭാഗ്യം ലഭിക്കാത്തവര്‍ വേണം ഭഗവാന്‍റെ മുന്നില്‍ ഉരുളി കമഴ്ത്തേണ്ടത്. ഇന്നിപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ തീരുമാനങ്ങളും പരിഗണിക്കാവുന്നതാണ്. ഇപ്രകാരം ഉരുളി കമഴ്ത്തുന്നവര്‍ മാസത്തില്‍ ഒരു ദിവസം ഭഗവാന് നിവേദിച്ച കദളിപ്പഴം ഭാര്യയും ഭര്‍ത്താവും കഴിക്കണം. ഇപ്രകാരം ചെയ്താല്‍ ജാതകവശാലോ കര്‍മ്മവശാലോ സംഭവിച്ചിട്ടുള്ള ദുരിതങ്ങളെ മാറ്റി നല്ല സന്തതിഭാഗ്യം ഭഗവാന്‍ അനുഗ്രഹമായി നല്‍കും.

വെട്ടിക്കോട്ട് ആയില്യം
കന്നിമാസത്തിലെ ആയില്യത്തിന് 'വെട്ടിക്കോട്ട് ആയില്യം' എന്നാണ് പൊതുവേ അറിയപ്പെടുന്നത്. വെട്ടിക്കോട്ട് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കന്നിമാസത്തിലെ ആയില്യം. ആയില്യം നാളില്‍ സര്‍പ്പശ്രേഷ്ഠന്‍റെ തിരു എഴുന്നെള്ളത്തുകണ്ട് തൊഴുന്നത് വരുന്ന ഒരു വര്‍ഷത്തേയ്ക്ക് വിഷഭയത്തില്‍ നിന്നും സര്‍പ്പകോപത്തില്‍ നിന്നും മുക്തി നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

ആയില്യദിനത്തില്‍ അനന്തഭഗവാന്‍റെ തിരു എഴുന്നെള്ളത്ത് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിക്കും. ക്ഷേത്രശ്രീലകത്തുനിന്നും ഭഗവാന്‍, നാഗയക്ഷി അമ്മയ്ക്കൊപ്പം മേപ്പള്ളി ഇല്ലത്തേയ്ക്കും തിരിച്ച് ശ്രീകോവിലിലേയ്ക്കും എഴുന്നെള്ളുന്ന കാഴ്ച ഭക്തിയും ഭക്തിയുടെ അനന്തസീമകള്‍ക്കും അപ്പുറമായിട്ടാണ് ഓരോ ഭക്തമനസ്സിലും നിറയുന്നത്.
നാഗരാജന്‍റെ അനുഗ്രഹം ഏവര്‍ക്കും ഭവിക്കട്ടെ
