ആദിശങ്കരന്‍ ഹരിശ്രീ കുറിച്ച -ആവണംകോട് സരസ്വതി ക്ഷേത്രം
കാലടിക്കടുത്ത് ആവണംകോട് ഗ്രാമത്തില്‍ ശക്തിസ്വരൂപിണിയായ ദേവിയെ സരസ്വതിഭാവത്തില്‍ ആരാധിക്കുന്ന ക്ഷേത്രത്തിന് ഭാരതീയ ക്ഷേത്രസങ്കേതങ്ങളില്‍ അദ്വിതീയമായ സ്ഥാനമുണ്ട്. സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട് പ്രകൃതിരമണീയമായ ഈ ഗ്രാമത്തില്‍ നിത്യസാന്നിധ്യമായി പരിലസിക്കുന്ന ദേവിയുടെ തിരുമുന്നിലാണ് ആദിശങ്കരന്‍ ഹരിശ്രീ കുറിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്ക് പകരം ദേവീചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ഒരു സ്വയംഭൂ ശില മാത്രമാണ് കാണപ്പെടുന്നത്. ശാന്തസ്വരൂപിണിയായ കുമാരിയാണ് ഇവിടെയുള്ളത്. 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്ന്. ആയിരത്തി ഇരുന്നൂറോളം വര്‍ഷങ്ങളുടെ പഴക്കമാണ് ഈ ക്ഷേത്രത്തിന് കല്‍പ്പിക്കപ്പെടുന്നത്. ഇതില്‍ എഴുതപ്പെട്ട ചരിത്രം വച്ച് എഴുന്നൂറിലേറെ വര്‍ഷങ്ങളായി നടക്കുന്ന ഉത്സവമാണ് ആറാട്ടുപുഴ പൂരം. ഇതില്‍ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങള്‍ പങ്കെടുത്തിരുന്നു എന്നാണ് ചരിത്രരേഖകള്‍.വേങ്ങൂര്‍, മാണിക്കമംഗലം, ചെങ്ങല്‍, എടാട്ട്, ആവണംകോട്, നായത്തോട്, എഴുപ്പുറം, ഇരിങ്ങോട് തുടങ്ങിയ ക്ഷേത്രങ്ങളുടെ സാന്നിധ്യം ആറാട്ടുപുഴപൂരം രേഖകളില്‍ കാണാം. ഇതില്‍ നിന്നുതന്നെ എഴുന്നൂറ് വര്‍ഷത്തെ പഴക്കം ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ രേഖാപരമായുണ്ട്.

വര്‍ഷത്തില്‍ മഹാനവമി ദിവസം മാത്രമാണ് ഇവിടെ എഴുത്തിനിരുത്ത് ഇല്ലാത്തത്. മറ്റെല്ലാദിവസവും കുട്ടികളെ എഴുത്തിനിരുത്തുന്ന ക്ഷേത്രം കൂടിയാണിത്.
സരസ്വതിക്ഷേത്രമാണെങ്കിലും സൗമ്യദുര്‍ഗ്ഗയുടെ രൂപഭാവങ്ങളിലാണെങ്കിലും ശിവസാന്നിധ്യമാണ് ക്ഷേത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.
വിദ്യയുടെ അധിദേവനായ ശിവനും ഗ്രന്ഥങ്ങളെ നാരായം കൊണ്ട് പകര്‍ത്തിയ ഗണപതിയും വിദ്യാവിലാസിനിയായ സരസ്വതിയും ശ്രീലകത്ത് സമ്മേളിക്കുന്നു. അതാണ് ആവണംകോട് ക്ഷേത്രത്തിന്‍റെ ശക്തിചൈതന്യത്തിനുള്ള രഹസ്യമെന്നാണ് വിശ്വാസം.
ഐതിഹ്യം
പരശുരാമന്‍ തന്‍റെ യാത്രയ്ക്കിടയില്‍ ഒരു മിഥുനമാസത്തിലെ പൂയം നാളില്‍ ഈ സങ്കേതത്തില്‍ ദേവിസാന്നിധ്യം മനസ്സിലാക്കിയെന്നും അവിടെത്തന്നെ ദേവിയെ പൂജിച്ചു എന്നുമാണ് ഐതിഹ്യം.
മിഥുനമാസത്തിലെ പൂയം നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം ഇന്നും ആചരിക്കുന്നത്.
രാവിലെ ഉഷ:പൂജ സരസ്വതി സങ്കല്‍പ്പത്തിലും തുടര്‍ന്നുള്ള പൂജകള്‍ ദുര്‍ഗ്ഗാസങ്കല്‍പ്പത്തിലുമാണ്. പല ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിന് പഞ്ചാംഗ ശുദ്ധിയുള്ള സമയക്ലിപ്തത വേണമെന്ന നിഷ്കര്‍ഷയുണ്ട്. തിഥി, വാരം, നക്ഷത്രം, യോഗം, കരണം എന്നിവയാണ് കാലത്തിന്‍റെ അഞ്ച് അംഗങ്ങള്‍. എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും ഹരിശ്രീ കുറിക്കാമെന്ന പ്രത്യേകത ആവണംകോട് സരസ്വതി ക്ഷേത്രത്തിന്‍റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നു.
ആദിശങ്കരന്‍റെ ഹരിശ്രീ
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ഈ ക്ഷേത്രത്തിലാണ് അറിവിന്‍റെ സര്‍വ്വജ്ഞപീഠം കീഴടക്കിയ ആദിശങ്കരന്‍ അറിവിന്‍റെ ആദ്യക്ഷരം കുറിച്ചത്. കുഞ്ഞായിരുന്ന ശങ്കരന് പിതാവിനെ നഷ്ടമായപ്പോള്‍ വിദ്യാരംഭം ഒരു പ്രശ്നമായി. മനയില്‍ പാരമ്പര്യരീതിയില്‍ പൂജകളും മറ്റും നടത്തിയശേഷം മാതാവ് കുഞ്ഞുശങ്കരനേയും കൂട്ടി വിദ്യാരംഭത്തിനായി കാലടിയില്‍ നിന്നും വിളിപ്പാടകലെയുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അമ്മയുടെ വിരല്‍തുമ്പില്‍ പിടിച്ച് ഈ പുണ്യഭൂമിയിലാണ് ഹരിശ്രീ കുറിച്ചത്. ആദിശങ്കരന്‍റെ പാദസ്പര്‍ശമേറ്റ ഈ ക്ഷേത്രഭൂമിയില്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുപോലും നിരവധി പേരാണ് ഇവിടെ എത്തുന്നത്.
നാക്കുമണി നാരായം വഴിപാട്
വൈദികകാലത്ത് സരസ്വതി സങ്കല്‍പ്പത്തില്‍ ഉണ്ടായിരുന്ന ത്രിത്വം ഒന്നായി മാറിയ ചരിത്രം ഇവിടുത്തെ ആചാരങ്ങളില്‍ ദൃശ്യമാണ്. സരസ്വതി, ഇള, ഭാരതി എന്നിങ്ങനെ മൂന്നായിട്ടാണ് വാക്ദേവതയുടെ വൈദിക സങ്കല്‍പ്പം. പാരമാര്‍ത്ഥിക സത്യത്തിന്‍റെ പറയപ്പെട്ട പ്രത്യക്ഷമാണ് സരസ്വതി. ഇള ആ വചസ്സിന്‍റെ ശബ്ദസാക്ഷാത്കാരം. ഭാരതി അതിന്‍റെ മഹിമയാര്‍ന്ന ഭാഷ. ഇതാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാക്കുമണി നാരായം എന്ന വഴിപാടിന്‍റെ പരമമായ അര്‍ത്ഥതലം. ഈ മൂന്നിന്‍റേയും സമന്വയമാണ് മനുഷ്യന്‍റെ വിദ്യയുടെ കാരണം. ഉള്ളില്‍ ഉറവാകുന്ന ആശയം, അത് പറയാനുള്ള കഴിവ്, അത് എഴുതാനുള്ള, പ്രകടിപ്പിക്കാനുള്ള വൈഭവം എന്നിങ്ങനെ ലളിതമായി പറയാം. വിശാലാര്‍ത്ഥത്തില്‍ മനുഷ്യന്‍റെ എല്ലാ സര്‍ഗ്ഗവൈഭവത്തിന്‍റേയും അധിഷ്ഠാനം ഈ ഭഗവതി തന്നെയെന്ന് വിശ്വാസം.

സ്വര്‍ണ്ണനാണയത്താല്‍ കുട്ടികളുടെ നാവില്‍ അക്ഷരമെഴുതിയാണ് ജ്ഞാനത്തിന്‍റെ ലോകത്തേയ്ക്ക് കൊണ്ടുപോകുന്നത്.
അക്ഷരങ്ങള്‍ എഴുതിയ അരി, കുട്ടികള്‍ക്ക് വീട്ടില്‍ കൊണ്ടുപോകാം. അങ്ങനെ കൊണ്ടുപോകുന്ന അരിയില്‍ വീട്ടില്‍ വച്ച് ഒരു തവണ കൂടി കുട്ടികളെ ക്കൊണ്ട് അക്ഷരങ്ങള്‍ എഴുതിക്കണം. മാതാപിതാക്കളുടെ ചുമതലയിലെ വിദ്യാരംഭം എന്നുപറയാം. അടുത്ത ദിവസം അരി കടുംമധുരത്തില്‍ പായസമായി കുട്ടികള്‍ക്ക് കൊടുക്കണം. അക്ഷരങ്ങള്‍ ജീവിതത്തിന്‍റെ മധുരമായി മാറാനുള്ളതാണെന്നും കുട്ടികള്‍ക്ക് ഇതിലൂടെ മനസ്സിലാക്കിക്കൊടുക്കണം.
സാരസ്വതഘൃത സേവ
ആയുര്‍വേദ വിധിപ്രകാരം തയ്യാര്‍ ചെയ്യുന്ന സാരസ്വതഘൃതം നിശ്ചിതകാലം നിശ്ചിത സംഖ്യ സാരസ്വത മന്ത്രാര്‍ച്ചനചെയ്തത് സകലവിധ ബുദ്ധിദോഷങ്ങള്‍ക്കും പരിഹാരമായിട്ട് ഇവിടെ നല്‍കുന്നു. മനസ്സ്, വാക്ക്, എഴുത്ത് തുടങ്ങി എല്ലാവിധ വിദ്യാദോഷങ്ങളും ഒഴിയാന്‍ ഈ നെയ്യ് നിശ്ചിതദിവസം വ്രതം നോക്കി സേവിക്കുന്നതിലൂടെ സാധ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം.
വസന്തപഞ്ചമി
മാഘമാസത്തിലെ വെളുത്ത പഞ്ചമിയാണ് വസന്തപഞ്ചമിയായിട്ട് ആഘോഷിക്കുന്നത്. ഉത്തരേന്ത്യയില്‍ സരസ്വതിപൂജയ്ക്ക് ഈ ദിവസം പ്രധാനമാണ്. വസന്താഗമനം വിളംബരം ചെയ്യുന്ന ഈ ആഘോഷം ഇവിടെ മറ്റൊരു ഉത്സവമാണ്.
ആവണംകോട് പൂരം
മീനമാസത്തിലെ ഉത്രം നാളില്‍ ആറാട്ട് നടത്തുംമട്ടിലാണ് ഇവിടെ പത്തുദിവസത്തെ ഉത്സവം. ഇതോടനുബന്ധിച്ച് ഉപക്ഷേത്രമായ രാമഞ്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ മുടിയേറ്റ്, കളമെഴുത്തും പാട്ടും താലപ്പൊലിയും നടക്കും.
രാമഞ്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ വിവാഹത്തിന് മുഹൂര്‍ത്തം വേണ്ട എന്നത് ഏറെ പ്രശസ്തമാണ്. നട തുറന്നാല്‍ എല്ലായ്പ്പോഴും ഇവിടെ മുഹൂര്‍ത്തം തന്നെയാണ്. സദാ മുഹൂര്‍ത്തം. നവഗ്രഹങ്ങള്‍ ഈ ക്ഷേത്രസങ്കേതത്തില്‍ ഒഴിഞ്ഞും വണങ്ങിയും നില്‍ക്കുന്നു എന്നതുതന്നെയാണ് സദാമുഹൂര്‍ത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു.

ഉപദേവതകള്‍
നമസ്ക്കാരമണ്ഡപത്തിന് താഴെ ദക്ഷിണമൂര്‍ത്തി, ഗണപതി, സിംഹം(വാഹനം) പടിഞ്ഞാറ് ദര്‍ശനമുള്ള ദേവിക്ക് അഭിമുഖമായി ഇരിക്കുന്നു. ക്ഷേത്രത്തിന് തൊട്ട് സ്ഥിതി ചെയ്യുന്ന രാമഞ്ചിറ ക്ഷേത്രത്തില്‍ ഭദ്രകാളി, ശ്രീ ധര്‍മ്മശാസ്താവ് എന്നിവര്‍ കിഴക്കോട്ട് ദര്‍ശനമായി കുടികൊള്ളുന്നു.
നവരാത്രി
നവരാത്രി ഇവിടെ അതിപ്രധാനമായി ആഘോഷിക്കുന്നു. സംഗീതം, വാദ്യം, നൃത്തം എന്നിങ്ങനെ എല്ലാ കലകളുടെയും അര്‍പ്പണമാണ് നവരാത്രി.
ഒന്‍പത് പകലും രാത്രിയും നടക്കുന്ന സുന്ദരവും ഭക്ത്യാധിക്യവുമുള്ള ഈ നവരാത്രിക്കാലത്ത് ആദിശങ്കരന്‍റെ പാദസ്പര്‍ശമേറ്റ ഈ പുണ്യഭൂമിയില്‍ അറിവിന്‍റെ അക്ഷരമധുരം നുണയാനെത്തുന്ന കുരുന്നുകള്‍ക്കായി നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു.
