നിഗൂഢതകള്‍ പേറുന്ന അഘോരികള്‍

നിഗൂഢതകള്‍ പേറുന്ന അഘോരികള്‍

HIGHLIGHTS

അഘോരികളുടെ മാനസികശക്തി അപാരമാണ്. മന്ത്രതന്ത്രസിദ്ധികള്‍ കൈവരിച്ച അഘോരി സന്യാസിമാര്‍ക്ക് ആകാശത്തുനിന്ന് സൂര്യകിരണങ്ങളെ ആവാഹിച്ച് അഗ്നികുണ്ഡം ജ്വലിപ്പിക്കാന്‍ കഴിയുമത്രേ. ജ്വലിക്കുന്ന അഗ്നിയില്‍ക്കൂടി നടക്കുക, അഗ്നിയില്‍ ശയിക്കുക, ത്രിശൂലത്താല്‍ ശരീരത്ത് ആഴത്തില്‍ മുറിവേല്‍പ്പിക്കുക എങ്കിലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകള്‍ അഘോരി സന്യാസികള്‍ കാണിക്കാറുള്ളതാണ്. ഘടികാരത്തെ സ്തംഭിപ്പിക്കുക, വസ്ത്രത്തെ നേത്രശക്തിയാല്‍ ഛേദിക്കുകയും കത്തിക്കുകയും ചെയ്യുക, ഒരാളുടെ ധമനികള്‍ പൊട്ടിച്ച് രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്‍റെ അപാരമായ മന്ത്രസിദ്ധികളും ഇച്ഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോള്‍ സാധ്യമെന്ന് അഘോരികള്‍ സമര്‍ത്ഥിക്കുന്നു.

 

വ്യത്യസ്ത ജീവിതരീതി പുലര്‍ത്തുകയും, പുറംലോകവുമായി പറയത്തക്ക ബന്ധമൊന്നും പുലര്‍ത്താത്ത അഘോരി സന്യാസിമാരുടെ ജീവിതം നിഗൂഢതയായി തുടരുന്നു...
ശരീരമാസകലം ചിതാഭസ്മം വാരിപ്പൂശി, പൂര്‍ണ്ണനഗ്നരായി, മൃതശരീരങ്ങളുമായി അടുപ്പം കാട്ടുന്ന, ആചാരാനുഷ്ഠാനങ്ങള്‍ക്ക് തലയോട്ടി ഉപയോഗിക്കുന്ന ഇവരെ ഭീതിയോടും കൗതുകത്തോടുകൂടിയാണ് സാധാരണ ജനങ്ങള്‍ വീക്ഷിക്കുന്നത്. കുതിരയുടേത് ഒഴികെ മറ്റെല്ലാ മൃഗങ്ങളുടേയും മാംസം ഇവര്‍ ഭക്ഷിക്കുമെന്നുള്ളതും മദ്യം, ഭാംഗ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍ സ്ഥിരമായ ഉപയോഗിക്കുന്നു എന്നതും ഇവരുടെ പ്രത്യേകതയാണ്...!!

അഘോരമൂര്‍ത്തി എന്ന സങ്കല്‍പ്പത്തില്‍ ശിവഭഗവാനേയും, കാളിദേവിയേയും സേവിക്കുന്ന ഇവര്‍ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചുവരുന്നവരാണ്.

ഭാരതത്തിലെ അഘോരി സന്യാസി സമ്പ്രദായത്തിന് 5,000 വര്‍ഷത്തിലധികം പഴക്കമുണ്ട്. സന്യാസനിഷ്ഠ കൊണ്ടും, ആചാരങ്ങള്‍ കൊണ്ടും മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ച് ഈ മാര്‍ഗ്ഗം വ്യത്യസ്തത പുലര്‍ത്തുന്നു.

അഘോരികളുടെ മാനസികശക്തി അപാരമാണ്. മന്ത്രതന്ത്രസിദ്ധികള്‍ കൈവരിച്ച അഘോരി സന്യാസിമാര്‍ക്ക് ആകാശത്തുനിന്ന് സൂര്യകിരണങ്ങളെ ആവാഹിച്ച് അഗ്നികുണ്ഡം ജ്വലിപ്പിക്കാന്‍ കഴിയുമത്രേ. ജ്വലിക്കുന്ന അഗ്നിയില്‍ക്കൂടി നടക്കുക, അഗ്നിയില്‍ ശയിക്കുക, ത്രിശൂലത്താല്‍ ശരീരത്ത് ആഴത്തില്‍ മുറിവേല്‍പ്പിക്കുക എങ്കിലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകള്‍ അഘോരി സന്യാസികള്‍ കാണിക്കാറുള്ളതാണ്. ഘടികാരത്തെ സ്തംഭിപ്പിക്കുക, വസ്ത്രത്തെ നേത്രശക്തിയാല്‍ ഛേദിക്കുകയും കത്തിക്കുകയും ചെയ്യുക, ഒരാളുടെ ധമനികള്‍ പൊട്ടിച്ച് രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്‍റെ അപാരമായ മന്ത്രസിദ്ധികളും ഇച്ഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോള്‍ സാധ്യമെന്ന് അഘോരികള്‍ സമര്‍ത്ഥിക്കുന്നു.

പ്രാചീന ശൈവസമ്പ്രദായ ശാഖയാണത്രേ അഘോരികളുടേത്. യാഥാസ്ഥിതിക സനാതനരീതികളില്‍ നിന്നും വളരെ വ്യത്യസ്തമാര്‍ന്ന ശാഖയാകയാല്‍ ഇവയൊക്കെ പ്രസിദ്ധിക്ക് പകരമായി കുപ്രസിദ്ധിയാണ് സിദ്ധിച്ചത് എന്നുമാത്രം.

അഥര്‍വ്വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിഗൂഢ മന്ത്രങ്ങളെ മനനം ചെയ്ത് വികസിപ്പിച്ചെടുക്കാതെ അവയെ ഒഴിവാക്കുകയായിരുന്നുത്രേ പുരാതന ഋഷിവര്യന്മാര്‍ അനുവര്‍ത്തിച്ചിരുന്നത്. വേദമന്ത്രങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാനാണത്രേ ഇപ്രകാരം അനുവര്‍ത്തിച്ചുപോന്നിരുന്നത്.  അഥര്‍വ്വവേദത്തെ അധമമെന്ന് കണക്കാക്കി മാറ്റിനിര്‍ത്തിയതിന്‍റെ പിന്നിലെ കാരണഹേതുവും ഇതാണത്രേ.

പക്ഷേ, കാര്യസാധ്യത്തിനും, സ്വാധീനത്തിലും വഴങ്ങി ചില ക്ഷിപ്രകോപികളായ മുനിശ്രേഷ്ഠന്മാര്‍ ഈ മന്ത്രങ്ങളെ മനനം ചെയ്ത് ശിഷ്യന്മാര്‍ക്ക് ഉപദേശിച്ച് കൊടുത്തിട്ടുണ്ട്. ഈ ശിഷ്യ പരമ്പരകളില്‍ നിന്നാണത്രേ അഘോരികളുടെ ഉത്ഭവം. അഘോരികള്‍ അവരുടെ പരമഗുരുവായി ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മണിയെയാണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള്‍ ശ്രീരാമകൃഷ്ണ പരമഹംസന് ഉപദേശിച്ച് നല്‍കിയത് ഈ യോഗിനിയമ്മയാണത്രേ.

യഥാര്‍ത്ഥ അഘോരികളെ സവിശേഷമായ തേജസ്സില്‍ നിന്നും മനസ്സിലാക്കാനാകും. തീക്ഷ്ണമായ ദൃഷ്ടിയും കടഞ്ഞെടുത്തതുപോലെയുള്ള ശരീരപ്രകൃതിയും, ഉറച്ച കാല്‍വയ്പ്പും, കമണ്ഡലുവും, ത്രിശൂലവും കയ്യിലേന്തി നീങ്ങുന്ന അഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല. അവര്‍ ആരേയും ശ്രദ്ധിക്കാറില്ല. അവര്‍ അവരുടേതായ ലോകത്തായിരിക്കും. അവരുടെ അമാനുഷിക ശക്തികള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇവര്‍ ഒരിക്കലും തയ്യാറാകില്ലത്രേ.

ഭഗവാന്‍ ശ്രീ പരമേശ്വരന്‍  പാര്‍വ്വതിദേവിക്ക് ഉപദേശിച്ച് നല്‍കിയ കുണ്ഡലിനി യോഗവിദ്യ

ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്‍റെ സ്പന്ദനം തുടങ്ങുന്നതോടെ ശക്തിയുടെ ഉദയമായി. സ്പന്ദനം അവസാനിക്കുമ്പോള്‍ ശക്തിയില്ലാതാകും. വികാരരൂപിയായ മനസ്സ് ഏകാഗ്രമാകുമ്പോള്‍ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ് സത്യബോധത്താല്‍ ഏകാഗ്രമാകുമ്പോള്‍ ശരീരത്തിനുള്ളില്‍ വ്യാപിക്കുന്ന പ്രാണപ്രസരണമാണത്രേ കുണ്ഡലനീശക്തി.

 കുണ്ഡലീനി ഉണര്‍ന്നാല്‍ അപാരസിദ്ധികളിലേയ്ക്ക് പ്രവേശിക്കാനാകുമത്രേ. ഏകാഗ്രത കടുത്തതാകുമ്പോള്‍ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച് പ്രാണന്‍ മധ്യനാഡിയായ സുഷുമ്നയിലേക്ക് പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാരപത്മത്തിലെത്തുമ്പോള്‍ സാധകന്‍ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തില്‍ വിരാജിക്കുന്നു. പ്രാണസാക്ഷാല്‍ക്കാരമാണ് കുണ്ഡലിനീയോഗം. സാധകന് സ്വന്തം ശരീരത്തില്‍ തന്നെ അനുഭവിച്ചറിയാന്‍ കഴിയുന്ന പ്രപഞ്ചശക്തിയാണ് കുണ്ഡലിനി.

കുണ്ഡലാകൃതിയിലുള്ള ശക്തി മൂലാധാരത്തില്‍ നിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോള്‍ ഒരായിരം തരംഗങ്ങള്‍ അനന്തന്‍ എന്ന സര്‍പ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായ ഫണം വിടര്‍ത്തിയാടുന്നു. അതിന്‍റെ മധ്യം ശയ്യയാക്കി പരമാത്മാവായ  വിഷ്ണുരൂപം വിരാജിക്കുന്നു.

മദ്യം, ഭാംഗ്, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാര്‍ഗ്ഗത്തില്‍ അനുവദനീയമാണത്രേ. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവര്‍ക്ക് പഥ്യമാണ്. എല്ലാം നിയന്ത്രിതവുമാണ്. രക്തപാനവും, ചില പൂജാസമയത്ത് ഇവര്‍ ആസ്വദിക്കാറുണ്ട്. മൃഗബലിയും ചില അവസരങ്ങളില്‍ അനുഷ്ഠിക്കുന്നു.

സൂര്യന്‍റെ ഊര്‍ജ്ജവും, ശുദ്ധജലവും കൊണ്ട് എത്രനാള്‍ വേണമെങ്കിലും ഇവര്‍ക്ക് കഴിച്ചുകൂട്ടാനാകുമത്രേ. ഇവര്‍ രാത്രിയില്‍ ഉറങ്ങാറില്ല. സന്ധ്യാവന്ദനം കൃത്യമായി ചെയ്യും. സൂര്യാരാധനയ്ക്ക് ഏറെ പ്രാധാന്യം തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത് ഇടതുകയ്യില്‍ ജലമെടുത്ത് വലതുകൈകൊണ്ട് അടച്ച് പിടിക്കുന്നു. പിന്നെ 'ഹം യം രം ലം വം' എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. 

അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയില്‍ ഏഴ് പ്രാവശ്യം ശിരസ്സില്‍ തളിക്കുന്നു. ശേഷിച്ച ജലം കൊണ്ട് ആദിത്യഭഗവാനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാല്‍ ഉച്ചവരെ നിദ്ര. കടുത്ത മഞ്ഞുകാലത്ത് ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച് മംഗോളിയ വരെ ഇവര്‍ ചെന്നെത്താറുണ്ടത്രേ. കുറേക്കാലം അവിടെ ചെലവഴിക്കും. മധ്യടിബറ്റിലെ ഗുഹകളിലും ഇവര്‍ താവളമാക്കാറുണ്ട്. ടിബറ്റന്‍ ലാമമാരുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. അഘോരിയില്‍ നിന്നുമാണത്രേ ലാമമാര്‍ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികള്‍ കൈവരിച്ചത്. അരുണാചലിലേയും ബര്‍മ്മയിലെ വനാന്തരങ്ങളിലും ഇവര്‍ക്ക് താവളമുണ്ട്.

പാസ്പോര്‍ട്ടും വിസായും ഇവര്‍ക്കാവശ്യമില്ല. അഘോരികളെ ആരും തടയില്ല. തടഞ്ഞാല്‍ സംഗതി കാര്യമാകുമത്രേ. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാശിയിലുണ്ടായ ഒരു സംഭവം ഏറെ  മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്ര സുരക്ഷാ ഭടന്മാരായിരുന്നു അന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശനവഴിയിലെ സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്നത്. ഭക്തരുടെ കൈവശമുള്ള താക്കോല്‍ക്കൂട്ടം, പേന തുടങ്ങിയവ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോകാന്‍ ഇവര്‍ ആരേയും അനുവദിച്ചിരുന്നില്ല. 

ഭക്തരോടുള്ള പെരുമാറ്റവും അത്ര നന്നായിരുന്നില്ല. ത്രിശൂലവും കയ്യിലേന്തി സംഘമായി ക്ഷേത്രത്തിലേയ്ക്ക് എത്തിയ അഘോരി സന്യാസികളെ ഇവര്‍ തടഞ്ഞു. മാത്രവുമല്ല സഭ്യമല്ലാത്ത രീതിയില്‍ സന്യാസിമാരോട് സംസാരിക്കുകയും ചെയ്തത്രേ. അഘോരി സന്യാസസംഘഗുരുവും കൂട്ടത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്തോ മന്ത്രം ഉരുവിടുകയും കൈകൊണ്ട് വായുവില്‍ വീശിയതോടെ ആക്രോശിച്ച് നിന്ന സൈനികര്‍ നിശ്ചലരായി നിന്നുപോയത്രേ...! അഘോരികള്‍ ക്ഷേത്രത്തിലേയ്ക്ക് കയറുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാര്‍ അഘോരികളോട് മാപ്പ് പറഞ്ഞതിനുശേഷണാണത്രേ അവരെ സ്വതന്ത്രരാക്കിയത്.

ഈ മായാപ്രപഞ്ചത്തിന്‍റെ നശ്വരത മനസ്സിലാക്കി ചില വിജ്ഞാനികള്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീര്‍ച്ചയാക്കിയതിന്‍റെ ഫലമാണത്രേ അഘോരി മാര്‍ഗ്ഗം രൂപപ്പെട്ടത്.

ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ മന്ത്ര-തന്ത്രവാദങ്ങള്‍ അഘോരമാര്‍ഗ്ഗത്തിന്‍റെ അടിസ്ഥാനതത്വങ്ങളാണ്. 'അഘോരം' ശിവഭഗവാന്‍റെ പഞ്ചമുഖങ്ങളില്‍ തെക്കോട്ട് തിരിഞ്ഞിരിക്കുന്ന മുഖത്തിന്‍റെ പേരാണത്രേ. ഘോരം രുദ്രനാണ്. അഘോരം ശിവനും രണ്ടും അഗ്നിയുടെ രൂപങ്ങളാണ്. അഗ്നിയില്‍ നിന്നാണ് പ്രപഞ്ചം ഉത്ഭവിച്ചത്.

ഓം ക്ലീം.. ക്ലീം.. സിദ്ധി.. നമഃ രുദ്ര.. രുദ്രസ്ഥാപായ എന്ന് തുടങ്ങുന്ന അടിസ്ഥാനമന്ത്രജപത്തിലൂടെ അഗ്നിയെ വരുതിയിലാക്കുന്ന ഇവര്‍ വിവിധ മന്ത്ര ഉപാസനകളിലൂടെ സിദ്ധി- സാധനയുടെ പരമോന്നതിയിലെത്തുന്നു. അഘോരികള്‍ക്ക് മരണം മുന്‍കൂട്ടി അറിയാന്‍ കഴിയുമത്രേ. സമയമാകുമ്പോള്‍ 'ആത്മബലിദാനം' അല്ലെങ്കില്‍ ചിരസമാധി എന്ന മാര്‍ഗ്ഗം ആചരിക്കും. അടുത്ത ശിഷ്യനേയും കൂട്ടി നിബിഢവനത്തിലോ, ഹിമാലയത്തിലേയ്ക്കോ യാത്ര തിരിക്കുന്നു. തന്‍റെ ഇന്ദ്രിയശക്തികള്‍ ശിഷ്യന് നല്‍കിയ ശേഷം നിത്യസമാധിയില്‍ ലയിക്കുന്നു.

സമാധിയായ ഗുരുവിന്‍റെ തലയോട്ടി ശിഷ്യന് അവകാശപ്പെട്ടതാണത്രേ.
സ്വന്തം ആവശ്യത്തിനോ അല്ലെങ്കില്‍ താവളത്തിലെ ചാമുണ്ഡി ദേവിയുടെ വിഗ്രഹത്തിലോ അത് സമര്‍പ്പിക്കുന്നു.