അഗ്നി സാന്നിധ്യം വിവിധ ഹോമങ്ങളില്‍

അഗ്നി സാന്നിധ്യം വിവിധ ഹോമങ്ങളില്‍

HIGHLIGHTS

ജീവിതത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെയുള്ള നല്ല കാര്യങ്ങള്‍ക്കും അഗ്നി അത്യന്താപേക്ഷിതമാണ്. വിവാഹം  പോലും അഗ്നിസാക്ഷിയായിട്ടാണ് നടത്തപ്പെടുന്നത്. ജീവിതം അവസാനിച്ച ശേഷം നമ്മുടെ ശരീരം പോലും അഗ്നിക്ക് ഇരയാവുന്നു. അഗ്നി ഇല്ലാതെ പാചകം മാത്രമല്ല ദൈവവഴിപാടുകള്‍ പോലും പൂര്‍ണ്ണമാകുന്നില്ല. യാഗകുണ്ഡത്തിലേക്ക് നമ്മള്‍ ചില ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നു. അവയെ ദേവന്മാരുടെ ഹവിര്‍ഭാവമായി എത്തിക്കുന്നത് അഗ്നിയാണ്. ഇനി അഗ്നിയില്‍ സമര്‍പ്പിക്കുന്ന വിവിധതരം ഹോമങ്ങളെ പരിചയപ്പെടുത്താം. അത്ഭുതശക്തിയുള്ള പതിനാറ് ഹോമങ്ങള്‍.

 

ഗ്നിക്ക് നമ്മളുടെ ജീവിതത്തിലും ദേവകളുടെ ജീവിതത്തിലും വളരെയധികം പ്രാധാന്യമുണ്ട്. സീതാദേവി അഗ്നിയില്‍ പ്രവേശിച്ചാണ് തന്‍റെ ചാരിത്ര്യശുദ്ധി തെളിയിച്ചത്. ദ്രൗപതി അഗ്നികുണ്ഡത്തില്‍ നിന്നും പ്രത്യക്ഷയായതിനാലാണ് അഞ്ചുപേരുടെ പത്നിയായത്. അവര്‍ ഓരോ തവണയും അഗ്നിയില്‍ കുളിച്ച് തന്നെ പരിശുദ്ധയാക്കിയ ശേഷമെ ഓരോ ഭര്‍ത്താക്കന്മാരേയും പ്രാപിക്കുമായിരുന്നുള്ളു. അഗ്നികുണ്ഡത്തില്‍ പ്രത്യക്ഷപ്പെട്ട പാത്രത്തിലുണ്ടായിരുന്ന പായസം കഴിച്ച ദശരഥപത്നിമാര്‍ രാമ-ലക്ഷ്മണ- ഭരത- ശത്രുഘ്നന്മാരെ പ്രസവിച്ചു. പരമശിവന്‍റെ നെറ്റിക്കണ്ണ് അഗ്നിയെ വെളിപ്പെടുത്തുന്നതാണ്. അഗ്നിയുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ ഇതുപോലെ പുരാണങ്ങളില്‍ ഇനിയും കാണാം.

ജീവിതത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെയുള്ള നല്ല കാര്യങ്ങള്‍ക്കും അഗ്നി അത്യന്താപേക്ഷിതമാണ്. വിവാഹം  പോലും അഗ്നിസാക്ഷിയായിട്ടാണ് നടത്തപ്പെടുന്നത്. ജീവിതം അവസാനിച്ച ശേഷം നമ്മുടെ ശരീരം പോലും അഗ്നിക്ക് ഇരയാവുന്നു. അഗ്നി ഇല്ലാതെ പാചകം മാത്രമല്ല ദൈവവഴിപാടുകള്‍ പോലും പൂര്‍ണ്ണമാകുന്നില്ല. യാഗകുണ്ഡത്തിലേക്ക് നമ്മള്‍ ചില ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നു. അവയെ ദേവന്മാരുടെ ഹവിര്‍ഭാവമായി എത്തിക്കുന്നത് അഗ്നിയാണ്. ഇനി അഗ്നിയില്‍ സമര്‍പ്പിക്കുന്ന വിവിധതരം ഹോമങ്ങളെ പരിചയപ്പെടുത്താം. അത്ഭുതശക്തിയുള്ള പതിനാറ് ഹോമങ്ങള്‍.

1. ഗണപതിഹോമം: ഗണപതിഹോമം എന്ന് കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല. പുതിയൊരു വീട് പണിത് താമസത്തിന് മുന്‍പ് ഗണപതിഹോമം നടത്തിയിട്ടുമാത്രമെ വാസ്തുപൂജയായാലും ഭഗവതിസേവയായാലും നടത്തുകയുള്ളു. പുതിയതായി തുടങ്ങുന്ന ഏത് സംരംഭങ്ങള്‍ക്കും മുന്നോടിയായി നടത്തുന്നതാണ് ഗണപതിഹോമം. വിഘ്നങ്ങള്‍ ഒഴിവാക്കാനാണ് ഇത് നടത്തുന്നത്. വിഘ്നനിവാരണത്തിനും ഐശ്വര്യസമ്പല്‍സമൃദ്ധിക്കും കൂടിയാണ് ഗണപതിഹോമം.

2. മൃത്യുഞ്ജയഹോമം: രോഗശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യുഞ്ജയ ഹോമം നടത്തുന്നത്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗണപതി ഹോമം കഴിഞ്ഞ് ചിറ്റമൃത്വള്ളി, പേരാലിന്‍മൊട്ട്, എള്ള്, കറുക, പാല്‍, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങള്‍ 144 പ്രാവശ്യം വീതം മൃത്യുഞ്ജയമന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവര്‍ദ്ധനയ്ക്കും മൃത്യുഞ്ജയഹോമം നല്ലതാണ്. ദുരിതാധിക്യത്തില്‍ ഹോമസംഖ്യ കൂട്ടുകയും ഏഴ് കൂട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമിക്കുന്നതിനെ മഹാമൃത്യുഞ്ജയ ഹോമം എന്നുപറയുന്നു.

3. മഹാസുദര്‍ശനഹവനം: ശത്രുദോഷദുരിതം നീങ്ങുന്നതിന് ഏറ്റവും ഫലപ്രദമാണ് മഹാസുദര്‍ശനഹവനം. രാവിലെയോ വൈകിട്ടോ ചെയ്യാം. മഹാസുദര്‍ശനമൂര്‍ത്തിയെ ആവാഹിച്ച് ഹോമങ്ങളും പൂജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ്.

4. അഘോരഹോമം: ശത്രുദോഷം വളരെ കഠിനമാണെങ്കില്‍ ശിവസങ്കല്‍പ്പത്തിലുള്ള ശക്തമായ ഹോമം ചെയ്യാവുന്നതാണ്. അഘോരമൂര്‍ത്തിയെ ഹോമകുണ്ഡത്തിന്‍റെ തെക്കേഭാഗത്ത് പത്മത്തില്‍ പൂജയും ഹോമകുണ്ഡത്തില്‍ സമത്തുക്കളുടെ ഹോമവും നടത്തുന്നു. രാവിലെയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാല്‍ പ്രശ്നവിധിയിലൂടെയോ നിമിത്തങ്ങളിലൂടെയോ അത്യാവശ്യമാണെങ്കില്‍ മാത്രമെ ഈ ഹോമം നടത്താവൂ.

5. ശൂലിനിഹോമം: ദൃഷ്ടിദോഷവും ശത്രുദോഷവും മറ്റ് ശക്തമായ ദോഷങ്ങള്‍ക്ക് ശൂലിനിഹോമം പരിഹാരമാണ്. സംഖ്യകള്‍ ദോഷങ്ങളുടെ കാഠിന്യം ഏറ്റക്കുറച്ചലിനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിന് ശൂലിനിയന്ത്രം വരയ്ക്കണം. ചുവന്ന പുഷ്പങ്ങള്‍ ചുവന്ന പട്ട്, ചുവന്ന മാലകള്‍ എന്നിവയാണ് ഉപയോഗിക്കേണ്ടത്.

6. നൃസിംഹഹോമം: ഉഗ്രമൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയെ അഗ്നിയില്‍ ആവാഹിച്ച് പൂജിച്ചുചെയ്യുന്ന ഹോമമാണ് നൃസിംഹഹോമം. 26 ശക്തിസംഖ്യ ഹോമിക്കാം. ഉഗ്രശക്തിയുള്ള ഹോമമായതിനാല്‍ അത്യാവശ്യഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കള്‍ ഉത്തമം. നൃസിംഹ ഹോമം ശത്രുദോഷശക്തിക്ക് ഉത്തമമാണ്.

7. പ്രത്യംഗിരാഹോമം:  ആഭിചാരദോഷം കൊണ്ട് വലയുന്നവര്‍ക്ക് അതീവ അത്യാവശ്യഘട്ടങ്ങളില്‍ ദേവീസങ്കല്‍പ്പത്തില്‍ നടത്തുന്ന ഹോമമാണിത്. സുദര്‍ശനഹോമം, നൃസിംഹ ഹോമം, അഘോരഹോമം, ശൂലിനിഹോമം തുടങ്ങിയ ഹോമങ്ങളാല്‍ സാധിക്കാത്ത ഘട്ടങ്ങളിലെ ഈ ഹോമം ചെയ്യാവൂ. ദൃഷ്ടിദോഷം, ശാപം, നേര്‍ച്ചകള്‍ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാഹോമമാണ് ഉത്തമം.

8. ആയുസൂക്ത ഹോമം: ഹോമാഗ്നിയില്‍ ശിവനെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം ആയുര്‍ബലത്തില്‍ വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസൂക്തഹോമം നടത്തുന്നത് ഉത്തമമാണ്. ഏഴ് പ്രാവശ്യമോ പന്ത്രണ്ട് പ്രാവശ്യമോ നടത്താം.

9. കറുകഹോമം: ആയുസൂക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുകഹോമം പ്രസിദ്ധമാണ്. ആയുര്‍ദോഷത്തിനും രോഗദുരിത നിവാരണത്തിനും ചെലവ് കുറച്ച് ചെയ്യാവുന്ന ഒരു കര്‍മ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഹവിസ്സും ഹോമിക്കാറുണ്ട്. കുട്ടികള്‍ക്ക് ബാലാരിഷ്ടത മാറാനും ഇത് ഉത്തമമാണ്.

10. മൃതസഞ്ജീവനിഹോമം: ആയുര്‍ദോഷം ശക്തമായുണ്ടെങ്കില്‍ ദോഷദുരിതം നീക്കുന്നതിന് നടത്തുന്ന അത്യപൂര്‍വ്വ ഹോമമാണിത്. ചിലയിടങ്ങളില്‍ ബ്രാഹ്മമുഹൂര്‍ത്തത്തിലും ചിലയിടങ്ങളില്‍ രാത്രിയും നടത്താറുണ്ട്. ചില ആചാരങ്ങളില്‍ പിറ്റേദിവസം അസ്തമയം വരേയും ഹോമം തുടരുന്നു. അത്യപൂര്‍വ്വവും അതീവശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കര്‍മ്മിയെ കൊണ്ടേ ചെയ്യിക്കാന്‍ പാടുള്ളൂ.

11. സ്വയംവര പാര്‍വ്വതിഹോമം: ഹോമാഗ്നിയില്‍ പാര്‍വ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹതടസ്സം നീങ്ങുന്നതിന് ഉത്തമം. ഹോമത്തിനുള്ള വിറക് അശോകം, അരയാല്‍, പ്ലാവ് എന്നിവയാണ്. ഹോമശേഷം കന്യകമാര്‍ക്ക് അന്നദാനം, വസ്ത്രദാനം നല്ലത്. തിങ്കള്‍, വെള്ളി, പൗര്‍ണ്ണമി ദിനങ്ങള്‍ കര്‍മ്മത്തിന് ഉത്തമം.

12. ത്രിഷ്ടിപ്പ് ഹോമം: ദൃഷ്ടിദോഷശനിക്കും ശത്രുദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് ത്രിഷ്ടിപ്പ് ഹോമം. രാത്രിയാണ് ഉത്തമമെങ്കിലും രണ്ടുനേരവും ചെയ്യാം. ശത്രുക്കള്‍ നമുക്കുനേരെ ചെയ്യുന്ന കര്‍മ്മങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിക്കുന്നതാണ് ഈ കര്‍മ്മത്തിന്‍റെ പ്രത്യേകത. പല കര്‍മ്മങ്ങള്‍ ചെയ്തിട്ടും ദുരിതശാന്തിയില്ലെങ്കില്‍ ഈ കര്‍മ്മം നടത്തുന്നത് ഉചിതം. മന്ത്രത്തിന്‍റെ ശക്തി ഗൗരവം മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത്.

13. അശ്വാരൂഢഹോമം: ദാമ്പത്യഭദ്രതയ്ക്ക് വശ്യസ്വരൂപിണിയായ പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത്. രണ്ടുനേരവും ഹോമം ചെയ്യാറുണ്ട്. വിവാഹാനന്തരം ദാമ്പത്യജീവിതത്തില്‍ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പരം വശ്യതയ്ക്കും ഈ കര്‍മ്മം ഉത്തമം.

14. ഗായത്രിഹോമം:  പാപശനിക്കും ദുരിതശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം. സുകൃതഹോമമെന്നും പറയാറുണ്ട്. ഗായത്രിദേവി, സൂര്യന്‍, വിഷ്ണു എന്നീ മൂര്‍ത്തി സങ്കല്‍പ്പത്തിലും ഇത് നടത്താറുണ്ട്. പല കര്‍മ്മം ചെയ്തിട്ടും ദുരിതം പിന്‍തുടരുന്നുവെങ്കില്‍ ഗായത്രിഹോമത്തിലൂടെ പൂര്‍ണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.

15. നവഗ്രഹഹോമം: വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയില്‍ ഒമ്പത് ഗ്രഹങ്ങളുടേയും മന്ത്രം കൊണ്ട് ഹോമിക്കണം. ഹോമകുണ്ഡത്തിന്‍റെ കിഴക്കുവശത്ത് നവഗ്രഹ പത്മം തയ്യാറാക്കി പൂജിക്കണം. നവഗ്രഹ പ്രീതിക്കും ദശാപഹാര ദോഷദുരിതം നീങ്ങുന്നതിനും ഹോമം ഉത്തമമാണ്.

16. തിലഹോമം: പിതൃപ്രീതിയ്ക്കും മരിച്ചുപോയവരുടെ ആത്മാവിന്‍റെ ശുദ്ധിക്ക് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണിത്.

ബാബുരാജ് പൊറത്തിശ്ശേരി
(9846025010)