അനുഗ്രഹം വര്‍ഷിക്കുന്ന മഹാലക്ഷ്മി

അനുഗ്രഹം വര്‍ഷിക്കുന്ന മഹാലക്ഷ്മി

തിരുമല(തിരുപ്പതി) വെങ്കിടാചലപതിയെ ദര്‍ശിക്കുന്നതിന് മുമ്പായി ആദ്യം താഴെ തിരുപ്പതിയില്‍ ഗോവിന്ദരാജ പെരുമാള്‍, അതിനുശേഷം ദേവി അലര്‍മേല്‍മങ്ക (പത്മാവതി)ശേഷം തിരുമല വെങ്കിടാചലപതി ക്ഷേത്രത്തിന്‍റെ കുളക്കരയില്‍ കുടികൊള്ളുന്ന ശ്രീവരാഹമൂര്‍ത്തി എന്നിവരെ ദര്‍ശിച്ചശേഷമേ വെങ്കിടാചലപതി ദര്‍ശനം നടത്താവൂ എന്നതാണ് ചിട്ട. വൈകുണ്ഠത്തില്‍ മഹാവിഷ്ണുവിന്‍റെ മാറിടത്തില്‍ വസിക്കുന്ന മഹാലക്ഷ്മിയാണ് തിരുച്ചാന്തൂരില്‍ പത്മാവതിദേവിയായി അനുഗ്രഹം വര്‍ഷിക്കുന്നത്. കിഴക്കോട്ട് അഭിമുഖമായി ആസനസ്ഥയായി അനുഗ്രഹം വര്‍ഷിക്കുന്ന പത്മാവതിദേവിക്ക് അലര്‍മേല്‍മങ്ക എന്ന പേരുമുണ്ട്.

പത്മാവതി- ശ്രീനിവാസന്‍ വിവാഹച്ചെലവിന് പണമില്ലാത്തതിനാല്‍ ശ്രീനിവാസന്‍(വെങ്കിടാചലപതി) കുബേരനില്‍ നിന്നും ഒരു കോടി പതിനാല് ലക്ഷം സ്വര്‍ണ്ണ നാണയങ്ങള്‍ കടമായി വാങ്ങി. കലിയുഗം തീരും വരെ പലിശ നല്‍കാമെന്നും ഭഗവാന്‍ വാഗ്ദാനം ചെയ്തു. പലിശ അളന്നുനല്‍കാമെന്ന ചുമതലയേറ്റ ഗോവിന്ദരാജ പെരുമാള്‍ പണം(നാണയം) അളക്കുന്ന നാഴിയുമായി താഴെ തിരുപ്പതിയില്‍ നില്‍ക്കുന്നത് ഇന്നും ദര്‍ശിക്കാം.

മഹാലക്ഷ്മി തിരുമലയില്‍ തിരുവേങ്കിടവന്‍റെ തിരുമാറില്‍ കുടിയേറാനും തന്‍റെ അംശമായ പത്മാവതി കീഴ്തിരുപ്പതിയില്‍, തിരുച്ചാന്തൂര്‍ എന്ന സ്ഥലത്ത് എഴുന്നെള്ളാനും വരം നേടിയതായിട്ടാണ് ഐതിഹ്യം. പത്മാവതിയെ ദര്‍ശിക്കുന്നവര്‍ക്ക് വെങ്കിടാചലപതിയുടെ ആജ്ഞപ്രകാരം സര്‍വ്വസമ്പത്ത് ലഭിക്കുമെന്നും അതില്‍ ഒരു പങ്ക് വെങ്കിടാചലപതിക്ക് കാണിക്ക നല്‍കുന്നുവെന്നും വിശ്വാസം. ഭക്തര്‍ക്ക് സമ്പത്തും സൗഖ്യവും ഉദാരമായി നല്‍കുന്നതിനാല്‍ തിരുച്ചാന്തൂരിന് സുഖപുരി എന്ന വിശേഷണവുമുണ്ട്. 

പത്മാവതി- ശ്രീനിവാസന്‍ വിവാഹവേളയില്‍ കറിവേപ്പിലയും കനകഹാരവും ഉള്‍പ്പെടുത്തപ്പെട്ടതിനാല്‍ ദേവിയും ഭഗവാനും തമ്മില്‍ വഴക്കുണ്ടായെന്നും അതിന്‍റെ ഫലമായി ദേവി പിണങ്ങി തിരുച്ചാന്തൂരില്‍ വന്ന് വസിച്ചുവെന്നും ഐതിഹ്യമുണ്ട്. അതുകൊണ്ട് ഇന്നും തിരുപ്പതിയില്‍ കനകാമ്പര പൂവും, കറിവേപ്പിലയും ഒന്നിനും ഉപയോഗിക്കാറില്ല. നിത്യവും രാത്രി തിരുമലയില്‍ നിന്നും വെങ്കിടാചലപതി തിരുപ്പതിയിലേക്ക് ഇറങ്ങിവന്ന് പത്മാവതിദേവിക്കൊപ്പം താമസിച്ച് പുലരും മുമ്പേ തിരുമലയിലേക്ക് മടങ്ങുന്നതായും വിശ്വസിക്കപ്പെടുന്നു.

'വൈകരീരൂപായ അലര്‍മേല്‍മങ്കായ നമ:' എന്ന പ്രസിദ്ധമായ മന്ത്രം നിത്യവും ഉറക്കമുണരുമ്പോള്‍ ജപിച്ചാല്‍ പത്മാവതി ദേവിയുടെ പൂര്‍ണ്ണ അനുഗ്രഹം കിട്ടുമെന്നാണ് ഐതിഹ്യം.

കീഴ്തിരുപ്പതിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദേവിപത്മാവതി അലര്‍മേല്‍മങ്കയായി ഐശ്വര്യം വര്‍ഷിക്കുന്ന തിരുച്ചാന്തൂരില്‍ എത്താം.
 

Photo Courtesy - Google