'അംബാജി' ശക്തിപീഠങ്ങളിലെ ശക്തിദുര്‍ഗ്ഗ

'അംബാജി' ശക്തിപീഠങ്ങളിലെ ശക്തിദുര്‍ഗ്ഗ

HIGHLIGHTS

ഭഗവാന്‍ വിഷ്ണു സുദര്‍ശനചക്രം പ്രയോഗിച്ച് സതീദേവിയുടെ പാതി കത്തിയമര്‍ന്ന ശരീരം അന്‍പത്തൊന്ന് ഭാഗങ്ങളായി പ്രപഞ്ചത്തിന്‍റെ പല ഭാഗങ്ങളിലും പതിക്കുകയുണ്ടായി. ഈ ശരീരഭാഗങ്ങള്‍ ഏതൊക്കെ പുണ്യസ്ഥലങ്ങളില്‍ പതിച്ചുവോ അവിടമൊക്കെ പിന്നീട് ശക്തിപീഠങ്ങളായി അറിയപ്പെട്ടു. സതീദേവിയുടെ ഹൃദയഭാഗങ്ങള്‍ പതിച്ച അരസുരി എന്ന സ്ഥലം പിന്നീട് അംബാജിയായി മാറുകയുണ്ടായി. സതീദേവിയുടെ ഹൃദയഭാഗങ്ങള്‍ വീണ സ്ഥലമായതിനാല്‍ അംബാജിക്ഷേത്രം ശക്തിപീഠങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും പ്രശസ്തവും ശക്തിയേറിയതുമായ ശക്തിപീഠങ്ങളിലൊന്നായി അറിയപ്പെടുന്നു.

റിയപ്പെടുന്ന അന്‍പത്തൊന്ന് ശക്തിപീഠങ്ങളിലൊന്നാണ് ഗുജറാത്തിന്‍റെയും രാജസ്ഥാന്‍റെയും അതിര്‍ത്തി പങ്കിടുന്ന 'ബനാസ്കാന്ത' ജില്ലയിലെ 'അരാസുര്‍' എന്നറിയപ്പെടുന്ന പര്‍വ്വതനിരകളോടു ചേര്‍ന്നുകിടക്കുന്ന 'അംബാജി' എന്ന ചെറുപട്ടണം
 
ഇവിടെയാണ് പ്രസിദ്ധവും എന്നും ദേവീചൈതന്യം നിറഞ്ഞുനില്‍ക്കുന്നതും ഭഗവത് സാമീപ്യം വിളിച്ചോതുന്നതുമായ പുണ്യ ആരാധനകേന്ദ്രവും ശക്തിസ്വരൂപിണിയായ അംബാജി മാതാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ അംബാജിയെന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ സ്ഥലം 'ആരവല്ലി' മലനിരകളിലെ 'ഗബ്ബര്‍' കുന്നുകളോട് ചേര്‍ന്നുകിടക്കുന്നതും 'സരസ്വതി' നദിയുടെ ഉത്ഭവസ്ഥാനത്തോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. ഗുജറാത്തിലെ ഏറ്റവും വലിയ പ്രത്യേകതകള്‍ നിറഞ്ഞ ഈ ക്ഷേത്രം ശക്തീദേവിയായ സതീദേവിയുടെ ഹൃദയം പതിച്ച സ്ഥലമാണെന്നാണ് വിശ്വസിച്ചുപോരുന്നത്.
ഏത് ക്ഷേത്രത്തിനും അതിന്‍റേതായ പ്രത്യേകതകളും ഐതിഹ്യങ്ങളും നിലനിന്നുപോരുന്നു. അത്തരം ഐതിഹ്യങ്ങള്‍ അംബാജി ക്ഷേത്രത്തിനുപിന്നിലും കണ്ടുവരുന്നു.
 
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തില്‍ ജന്മമെടുത്തു. പരമശിവനുമായി സംഗമിക്കുകയായിരുന്നു സതീദേവിയുടെ ഇതിലൂടെയുള്ള ഗൂഢലക്ഷ്യം. ശിവവിരോധിയായ ദക്ഷന്, സതിയുടെ ശിവനുമായുള്ള ഈ ബന്ധം ഒന്നുകൊണ്ടും സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ശിവനും സതിയുമായുള്ള വിവാഹം നടക്കുകയുണ്ടായി. ഇതിലൂടെ ദക്ഷന് ശിവനോടുള്ള പകയും വിരോധവും വര്‍ദ്ധിക്കുവാന്‍ ഇടയായി. പ്രിയപുത്രിയായ സതീദേവി തന്‍റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിലൂടെ കടുത്ത നീരസത്തിലായി.
 
സതീദേവിയുടെ പിതാവായ ദക്ഷാപ്രജാപതി ഒരിക്കല്‍ വിപുലമായ ഒരു യജ്ഞം ഒരുക്കുവാന്‍ തീരുമാനം കൈക്കൊള്ളുന്നു. ഈ യജ്ഞത്തിലേക്ക് എല്ലാ ദേവീദേവന്മാരേയും ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ഈ യജ്ഞത്തില്‍ നിന്നും മനപ്പൂര്‍വ്വം തന്‍റെ മകളുടെ പതിയായ ശിവനേയും മകളായ സതിയേയും വിളിക്കാതെ അകറ്റിനിറുത്താനും തീരുമാനിക്കുന്നു.
 
എന്നാല്‍ സതീദേവി തന്‍റെ അച്ഛനോടുള്ള വാത്സല്യവും ബഹുമാനവും കണക്കിലെടുത്ത് ഈ യജ്ഞത്തില്‍ പങ്കുകൊള്ളുവാന്‍ ദൃഢനിശ്ചയം കൈക്കൊള്ളുന്നു. ഇതില്‍ കലിപൂണ്ട തന്‍റെ പിതാവ് സതീദേവിയെയും ഭര്‍ത്താവായ ശിവനേയും കുപിതനായി അരിശംപൂണ്ട് അപമാനിക്കുന്നു. ഇതില്‍ മനംനൊന്ത സതീദേവി യജ്ഞശാലയിലെ അഗ്നികുണ്ഡത്തിലേക്ക് എടുത്തു ചാടുകയും ആത്മഹുതി നടത്തുകയും ചെയ്യുന്നു. 
 
ഇതുകണ്ട് സഹിക്കാന്‍ കഴിയാതെ ശിവഭഗവാന്‍ അഗ്നികുണ്ഡത്തില്‍ നിന്നും പാതി കത്തിയ സതീദേവിയുടെ ശരീരം കൈകളില്‍ വാരി പ്രപഞ്ചത്തിന്‍റെ നാനാദിക്കിലേക്കും ക്രോധം സഹിക്കവയ്യാതെ ഒരു ഭ്രാന്തനെപ്പോലെ ഓടുകയുണ്ടായി. ഇതില്‍ അപകടം തിരിച്ചറിഞ്ഞും ലോകത്തെ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി അവിടെ സന്നിഹിതനായിരുന്ന ഭഗവാന്‍ വിഷ്ണു ഈ അവസരത്തില്‍ തന്‍റെ പക്കലുണ്ടായിരുന്ന സുദര്‍ശനചക്രം പ്രയോഗിക്കുന്നു. 
 
ഈ പ്രവര്‍ത്തിയില്‍ സതീദേവിയുടെ പാതി കത്തിയമര്‍ന്ന ശരീരം അന്‍പത്തൊന്ന് ഭാഗങ്ങളായി പ്രപഞ്ചത്തിന്‍റെ പല ഭാഗങ്ങളിലും പതിക്കുകയുണ്ടായി. ഈ ശരീരഭാഗങ്ങള്‍ ഏതൊക്കെ പുണ്യസ്ഥലങ്ങളില്‍ പതിച്ചുവോ അവിടമൊക്കെ പിന്നീട് ശക്തിപീഠങ്ങളായി അറിയപ്പെട്ടു. ഈ ശക്തി പീഠങ്ങളുടെ സംരക്ഷണാര്‍ത്ഥം പരമശിവന്‍ രൗദ്രമായ കാലഭൈരവന്‍റെ രൂപം പൂണ്ട് ഓരോ ശക്തി പീഠങ്ങളിലും സ്ഥിതി ചെയ്യുന്നുവെന്നാണ് വിശ്വാസം.
ഓരോ സ്ഥലങ്ങളിലും ജഗദീശ്വരി വിവിധ നാമങ്ങളില്‍ ആരാധിക്കപ്പെടുന്നു.
സതീദേവിയുടെ ഹൃദയഭാഗങ്ങള്‍ പതിച്ച അരസുരി എന്ന സ്ഥലം പിന്നീട് അംബാജിയായി മാറുകയുണ്ടായി. സതീദേവിയുടെ ഹൃദയഭാഗങ്ങള്‍ വീണ സ്ഥലമായതിനാല്‍ അംബാജിക്ഷേത്രം ശക്തിപീഠങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും പ്രശസ്തവും ശക്തിയേറിയതുമായ ശക്തിപീഠങ്ങളിലൊന്നായി അറിയപ്പെടുന്നു.
 
ഇന്ന് കാണുന്ന അംബാജി ക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന അരസുരി പര്‍വ്വതനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗബ്ബര്‍ കുന്നുകളിലാണ് സതീദേവിയുടെ ഹൃദയഭാഗങ്ങള്‍ പതിച്ചതെന്നും മറ്റൊരു വിശ്വാസം നിലനില്‍ക്കുന്നു. ഇവിടെ ദേവിയുടെ സാന്നിദ്ധ്യം നിലനില്‍ക്കുന്നതായും അവിടെ ഒരിക്കലും കെടാതെ നില്‍ക്കുന്ന അഖണ്ഡജ്യോതിയും ഭക്തര്‍ക്ക് എപ്പോഴും ദൃശ്യമാണ്.
 
അംബാജി ക്ഷേത്രത്തിന് പരമ്പരാഗതമായ ഒരു പ്രത്യേക വിഗ്രഹം ഇല്ലായെന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. പകരം ദേവിയെ 'വിശയന്ത്രം'രൂപത്തിലാണ് ആരാധിച്ചുപോരുന്നത്. ഈ യന്ത്രം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും പൂജാരിമാര്‍ അതിനെ ദേവീരൂപത്തില്‍ അലങ്കരിച്ച് ഭക്തര്‍ക്ക് ദര്‍ശനത്തിന് സജ്ജമാക്കുന്നു. ദൂരെ നിന്നും നോക്കുമ്പോള്‍ ദേവി ഇവിടെ കുടികൊള്ളുന്നുവെന്ന തോന്നലാണ് ഭക്തര്‍ക്ക് ഇതിലൂടെ ഉളവാകുന്നത്. പ്രത്യേകിച്ച് കാണാന്‍ സാധിക്കുന്ന ഒരു പ്രതിഷ്ഠ ഇവിടെയില്ലാത്തതിനാല്‍ അകക്കണ്ണിലൂടെ ദേവിയെ ദര്‍ശിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കണമെന്നാണ് പൊതുവായ വെയ്പ്പ്.
 
അംബാജിയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ നവരാത്രി ഉത്സവത്തിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഗുജറാത്തിലെ എല്ലാ വിശ്വാസികളും പ്രത്യേകിച്ച് പുറംനാടുകളില്‍ നിന്നുള്ളവര്‍ ഈ ദിവസങ്ങളില്‍ ഇവിടെ എത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചുപോരുന്നു. ഗര്‍ബാ നൃത്തങ്ങളും, നാടോടി നൃത്തങ്ങളും, മറ്റു ഇതര കലാരൂപങ്ങളും ഈ അവസരത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഭക്തരും ജനങ്ങളും പ്രത്യേകം ശ്രദ്ധാലുക്കളാകുന്നു. ജൂലൈ മാസത്തില്‍ വന്നെത്താറുള്ള 'ഭാദര്‍വി' പൂജയും ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്.അതുപോലെതന്നെ ദീപാവലി ആഘോഷങ്ങളും ഇവിടെ വലിയ തോതില്‍ തന്നെ ആഘോഷിച്ചുപോരുന്നു.
 
പൂര്‍ണ്ണചന്ദ്രനുദിക്കുന്ന പൗര്‍ണ്ണമി നാളുകളിലാണ് ഇവിടെ ഏറ്റവും അധികം വിശ്വാസികള്‍ വന്നെത്തുന്നത്. ഗബ്ബര്‍ കുന്നില്‍ അന്നേദിവസം ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങളാണ് വന്നെത്തുന്നത്.
 
ഇപ്പോഴത്തെ പുതുക്കി പണിത അംബാജി ക്ഷേത്രം വാസ്തുവിദ്യയിലും കൊത്തുപണികളിലും ലോകനിലവാരം പുലര്‍ത്തുന്നതാണ്. വെള്ള മാര്‍ബിള്‍ പാളികളിലും വെണ്ണക്കല്ലിലും തീര്‍ത്തിരിക്കുന്ന ഈ ക്ഷേത്രം അതിമനോഹരമായി നിലകൊള്ളുന്നു. ക്ഷേത്രത്തിന്‍റെ നിര്‍മ്മിതി മൂന്ന് ഭാഗങ്ങളായിട്ടാണ്. ഗര്‍ഭഗൃഹം, സഭാമണ്ഡപം, നൃത്തമണ്ഡപം എന്നീ രീതിയില്‍ പണികഴിച്ചിരിക്കുന്ന ഈ ക്ഷേത്രം ആരേയും ആകര്‍ഷിക്കുന്നതും അലങ്കാരങ്ങളിലും, കരകൗശല വേലകളിലും, വൈദ്യുതീദീപാലങ്കാരങ്ങളിലും മികച്ചുതന്നെ നില്‍ക്കുന്നു. 
 
അംബാജി ക്ഷേത്രത്തിനും പരിസര പ്രദേശങ്ങളിലും നിരവധി പുരാതന ചെറുക്ഷേത്രങ്ങളും കണ്ടുവരുന്നു.
 
ഇവിടുത്തെ നിത്യപൂജകളും മറ്റുപല പൂജാവിധികളും നിയന്ത്രിക്കുന്നത് 'മൗനാസ്ഗോത്ര' ബ്രാഹ്മണ കുടുംബത്തില്‍ നിന്നുമുള്ളവരാണ്. ഇവര്‍ ഗുജറാത്തിലെ 'സിദ്ധ്പൂര്‍' പ്രദേശത്തുനിന്നുമുള്ള തലമുറകള്‍ മാറിവന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത പൂജാരിമാരാണ്.
 
ഇവിടുത്തെ പ്രസാദം വളരെ വിശിഷ്ടവും പ്രസിദ്ധവുമാണ്. വര്‍ഷങ്ങളായി ഇവിടെ ഭക്തര്‍ക്ക് നല്‍കിപ്പോരുന്ന ഈ പ്രസാദം 'മൊഹന്തല്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.
 
അംബാജി ക്ഷേത്രത്തിന്‍റെ ഭരണം നിയന്ത്രിക്കുന്നത് ശ്രീ അരസുരി അംബാജി മാതാ ദേവസ്ഥാന്‍ ട്രസ്റ്റാണ്.
 
ഗുജറാത്ത് സംസ്ഥാനത്തിന്‍റെ വടക്ക് സ്ഥിതി ചെയ്യുന്നതും രാജസ്ഥാന്‍ സംസ്ഥാനത്തോട് ചേര്‍ന്നുകിടക്കുന്ന അംബാജി ക്ഷേത്രനഗരം മൗണ്ട് അബുവില്‍ നിന്നും 45 കിലോമീറ്ററും അബു റോഡില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരത്തും സ്ഥിതി ചെയ്യുന്നു. അഹമ്മദാബാദ്-ന്യൂ ദില്ലി ട്രെയിനില്‍ യാത്ര ചെയ്യുന്ന ഭക്തര്‍ക്ക് അബുറോഡില്‍ ഇറങ്ങിയശേഷം ഇവിടെ എത്താവുന്നതാണ്. ഏറ്റവും അടുത്ത വിമാനത്താവളമായ അഹമ്മദാബാദ് ഇവിടെനിന്നും 165 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്നു. അംബാജി ക്ഷേത്രത്തിലേക്ക് ഗുജറാത്ത് സംസ്ഥാനത്തിന്‍റെ ബസുകളും ലഭ്യമാണ്. ഇവിടെ വന്നുപോകുന്ന ഭക്തജനങ്ങള്‍ക്ക് താമസിക്കുവാന്‍ വലുതും ചെറുതുമായ നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്.