പാല്‍പ്പായസ മധുരവുമായി അമ്പലപ്പുഴ നാടകശാലസദ്യ

പാല്‍പ്പായസ മധുരവുമായി അമ്പലപ്പുഴ നാടകശാലസദ്യ

HIGHLIGHTS

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒമ്പതാംദിന ഉത്സവത്തിനാണ് പ്രശസ്തമായ നാടകശാലസദ്യ. ഭക്തസഹസ്രങ്ങള്‍ അന്ന് ഉച്ചയ്ക്ക് നാടകശാലയില്‍ പങ്കെടുത്ത് നിര്‍വൃതി നേടും. വില്വമംഗലം സ്വാമിയാര്‍ക്ക് ഭഗവത് ദര്‍ശനം ലഭിച്ചതിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണത്രേ നാടകശാലസദ്യ. തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പിയതിന് ശേഷമാണ് ഭക്തരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ 43 ലധികം വിഭവങ്ങളാണ് നാടകശാലസദ്യയില്‍ വിളമ്പുന്നത്. കക്കാഴം നാലുപറ ശ്രീകൃഷ്ണ കാറ്ററിംഗ് രാജേഷ്കുമാറാണ് പതിറ്റാണ്ടുകളായി നാടകശാലസദ്യ മുഖ്യ പാചകക്കാരന്‍.

 

മ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒമ്പതാംദിന ഉത്സവത്തിനാണ് പ്രശസ്തമായ നാടകശാലസദ്യ. ഭക്തസഹസ്രങ്ങള്‍ അന്ന് ഉച്ചയ്ക്ക് നാടകശാലയില്‍ പങ്കെടുത്ത് നിര്‍വൃതി നേടും. വില്വമംഗലം സ്വാമിയാര്‍ക്ക് ഭഗവത് ദര്‍ശനം ലഭിച്ചതിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണത്രേ നാടകശാലസദ്യ. തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പിയതിന് ശേഷമാണ് ഭക്തരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ 43 ലധികം വിഭവങ്ങളാണ് നാടകശാലസദ്യയില്‍ വിളമ്പുന്നത്. കക്കാഴം നാലുപറ ശ്രീകൃഷ്ണ കാറ്ററിംഗ് രാജേഷ്കുമാറാണ് പതിറ്റാണ്ടുകളായി നാടകശാലസദ്യ മുഖ്യ പാചകക്കാരന്‍.

നാടകശാലസദ്യയുടെ ഐതിഹ്യം

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഒമ്പതാംദിന ഉത്സവദിനം ക്ഷേത്ര ജീവനക്കാര്‍ക്കായി ചെമ്പകശ്ശേരി രാജാവ് നാടകശാലയില്‍ വിഭവസമൃദ്ധമായ സദ്യ നല്‍കിയിരുന്നു. വില്വമംഗലം സ്വാമിയാര്‍ ഒമ്പതാംദിന ഉത്സവത്തിന് ക്ഷേത്രസന്നിധിയിലെത്തി. ഉച്ചപൂജ ദര്‍ശനത്തിനായി വില്വമംഗലം എത്തിയപ്പോള്‍ ഭഗവത്സാന്നിധ്യം ക്ഷേത്രത്തില്‍ ഇല്ലെന്ന് സ്വാമിയാര്‍ക്ക് മനസ്സിലായി.

ഭഗവാനെ അന്വേഷിച്ച് വില്വമംഗലം സ്വാമിയാര്‍ ക്ഷേത്രപരിസരത്ത് അലഞ്ഞു. ഒടുവില്‍ സ്വാമിയാര്‍ നാടകശാലയില്‍ എത്തിയപ്പോള്‍ ക്ഷേത്രജീവനക്കാര്‍ക്ക് നെയ്യ് വിളമ്പുന്ന ഉണ്ണിക്കണ്ണനെയാണത്രേ വില്വമംഗലം കാണുന്നത്. 'കൃഷ്ണാ... കൃഷ്ണാ... എന്ന് ഉറക്കെ വിളിച്ച് വില്വമംഗലം നാടകശാലയിലേക്ക് ഓടിക്കയറി വന്നപ്പോഴാണ് ക്ഷേത്രജീവനക്കാര്‍ തങ്ങള്‍ക്ക് നെയ്യ് വിളമ്പിയത് സാക്ഷാല്‍ ഉണ്ണിക്കണ്ണനാണെന്ന് മനസ്സിലാക്കുന്നത്. ഇതേനേരം ഉണ്ണിക്കണ്ണന്‍ അപ്രത്യക്ഷനാവുകയും ചെയ്തത്രേ. ഊണ് പൂര്‍ത്തിയാക്കാതെ ക്ഷേത്രജീവനക്കാര്‍ സദ്യ വിളമ്പിയ ഇലയുമായി വില്വമംഗലം സ്വാമിക്ക് പിന്നാലെ ഓടി. ഓട്ടത്തിനിടയില്‍ ഇലയില്‍ നിന്ന് ഭക്ഷണം നിലത്തുവീണു. വില്വമംഗലം സ്വാമിയാര്‍ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയിലെ ഭഗവത് സാന്നിധ്യമുള്ള പുത്തന്‍കുളത്തിലേയ്ക്ക് ഇറങ്ങിയതോടെ ക്ഷേത്രജീവനക്കാരും പുത്തന്‍കുളത്തിലേക്ക് ഇറങ്ങി. ഉണ്ണിക്കണ്ണന്‍ പുത്തന്‍കുളത്തില്‍ ഇറങ്ങിയെന്നുള്ള സങ്കല്‍പ്പത്തിലാണ് ഇവരും പുത്തന്‍കുളത്തില്‍ ഇറങ്ങുന്നത്.

ഭക്തര്‍ നാടകശാലയില്‍ പങ്കെടുത്ത് ഇലയും, വറ്റുകളും വാരിവിതറി പടിഞ്ഞാറേ നടയിലെ പുത്തന്‍ കുളത്തിലേയ്ക്ക് പോകുന്നു. തുടര്‍ന്ന് തോട്ടക്കാട് ഗോപകുമാറും സംഘവും 'അമ്പലപ്പുഴയില്‍ വാഴും തമ്പുരാനാം ഉണ്ണിക്കണ്ണാ, ദോഷം തീര്‍ത്തു കാത്തുകൊള്ളണേ' എന്ന നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ട് പാടി പുത്തന്‍കുളം വരെ പോയി തിരികെ എത്തുമ്പോള്‍ ഭക്തര്‍ക്കും, ക്ഷേത്രജീവനക്കാര്‍ക്കും പോലീസ്സേന പഴക്കുല നല്‍കുന്ന ചടങ്ങ്, ദേവസ്വം അധികാരികള്‍ പണക്കിഴി നല്‍കുന്ന ചടങ്ങ് എന്നിവ നടക്കുന്നു. 

തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ പോയി ദേവനെ വണങ്ങുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകള്‍ക്ക് വിരാമമാകുന്നു. രാജപ്രതിനിധിയും ഈ നാടകശാലസദ്യയില്‍ പങ്കെടുക്കും.

നാടകശാലസദ്യ കേമം, ബഹുകേമം, കെങ്കേമം

കക്കായം നാലുപറ രാജേഷ്കുമാറാണ് നാടകശാല സദ്യയുടെ മുഖ്യപാചകക്കാരന്‍. അദ്ദേഹത്തിന്‍റെ അച്ഛന്‍ കക്കായം രാമചന്ദ്രന്‍നായരുടെ കാലശേഷമാണ് രാജേഷ്കുമാര്‍ നിയോഗം ഏറ്റെടുക്കുന്നത്. അച്ഛനോടൊപ്പം പതിറ്റാണ്ടുകളോളം നാടകശാലസദ്യ തയ്യാറാക്കാന്‍ രാജേഷ്കുമാര്‍ പ്രധാന സഹായിയായിട്ടുണ്ട്. സദ്യയുടെ തലേന്ന് വൈകിട്ട് ആറ് മണിയോടെ ക്ഷേത്രദര്‍ശനം നടത്തി പാചകം ആരംഭിക്കുന്നു. അമ്പലപ്പുഴ സ്വദേശികളായ അമ്പതോളം സഹായികളും രാജേഷ്കുമാറിനോടൊപ്പം ഉണ്ടാകും. 78 പറ അരിയാണ് കഴിഞ്ഞവര്‍ഷം സദ്യക്കായി ഉപയോഗിച്ചത്.

43 ലധികം വിഭവങ്ങള്‍ നാടകശാല സദ്യയിലുണ്ടാകും. പാല്‍പ്പായസം, അടപ്രഥമന്‍, കടലപ്രഥമന്‍, ഗോതമ്പുപരിപ്പ് പായസം എന്നീ 5 ഇനം പായസങ്ങളാണ് സദ്യയിലുള്ളത്. ഉപ്പേരി, അച്ചാര്‍ എന്നിവയാണ് ആദ്യം തയ്യാറാക്കുന്നത്. പപ്പടം, കടലപ്രഥമന്‍ എന്നിവയാണ് അവസാനമായി തയ്യാറാക്കുന്നത്. വലിയ പപ്പടം വഴിപാടായി ഭഗവാന് സമര്‍പ്പിക്കുന്നതാണ്. നാടകശാല സദ്യക്ക് മുന്നോടിയായി ഒരു വലിയ പപ്പടം നാടകശാലയില്‍ കെട്ടിത്തൂക്കുന്ന ചടങ്ങും ഉണ്ട്. സദ്യയ്ക്കുള്ള വിഭവങ്ങള്‍ വിളമ്പാനുള്ള കുട്ടകളും വഴിപാടായി സമര്‍പ്പിക്കുകയാണ് പതിവ്.

കുട്ട സമര്‍പ്പണം

നാടകശാലസദ്യയുടെ ഒരു വറ്റിനായി ആയിരങ്ങളാണ് പ്രാര്‍ത്ഥനാപൂര്‍വ്വം കൈയ് നീട്ടി കാത്തുനില്‍ക്കുന്നത്. നാടകശാലയില്‍ വലിയ പപ്പടവും പഴക്കുലയും തൂക്കുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. സദ്യക്ക് ഭക്ഷണം വിളമ്പാനുള്ള കുട്ടകള്‍ തയ്യാറാക്കി ക്ഷേത്രത്തില്‍ എത്തിക്കുന്നതിനുള്ള പാരമ്പര്യ അവകാശം പനവീട് രാമചന്ദ്രനാണ്. ഒരു വര്‍ഷം മുമ്പ് ആഞ്ഞിലിക്കാവ് വേലായുധന്‍റെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ അനുജന്‍ പനവീട് രാമചന്ദ്രന് ഇതിനുള്ള നിയോഗം ലഭിക്കുന്നത്. ഈറ കൊണ്ട് നെയ്തെടുക്കുന്ന പതിനഞ്ച് കുട്ടകളാണ് നാടകശാല സദ്യ വിളമ്പാനായി ഇദ്ദേഹവും ബന്ധുക്കളും ചേര്‍ന്ന് ക്ഷേത്രസന്നിധിയില്‍ എത്തിക്കുന്നത്. ചോറ് വിളമ്പാനായി 3 ചെറിയ കുട്ടകളും, നെല്ല്, അരി, പച്ചക്കറി എന്നിവയ്ക്കായി 11 വലിയ കുട്ടകളുമാണ് തയ്യാറാക്കുന്നത്.

ചെമ്പകശ്ശേരി രാജാവിന്‍റെ കാലത്ത് ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ദിവസവും 101 കുട്ടകള്‍ നല്‍കേണ്ട ചുമതല അമ്പലപ്പുഴ വലിയ പുരയ്ക്കല്‍ കുടുംബത്തിനായിരുന്നു. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്കുശേഷം 'പൂച്ചോറ്' പകര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു കുട്ടകള്‍ ഉപയോഗിച്ചിരുന്നത്(പൂജയ്ക്ക് ഉപയോഗിച്ച ശേഷമുള്ള പൂക്കള്‍ വലിയ ചെമ്പുപാത്രത്തിലേയ്ക്ക് മാറ്റുന്നു. ഇതില്‍ നിവേദ്യച്ചോറും ഇട്ട് ഭക്തര്‍ക്ക് ദിവസവും വൈകിട്ട് വിതരണം ചെയ്യുന്ന പതിവ് അക്കാലത്ത് ഉണ്ടായിരുന്നു) 

കുടുംബക്ഷേത്രമായ ആഞ്ഞിലിക്കാവ് ശ്രീദേവി ക്ഷേത്രസന്നിധിയിലിരുന്നാണ് ഇതിനായി പൂര്‍വ്വികര്‍ കുട്ടകള്‍ നെയ്തിരുന്നത്. ഇപ്പോള്‍ കുടുംബത്തില്‍ കുട്ടകള്‍ നെയ്യുന്നവര്‍ നാമമാത്രമായി. ഈറയുടെ അഭാവവും ഉണ്ട്. എങ്കിലും ആചാരം മുടക്കം വരാതെ നടത്തുന്നു. 8-ാം ഉത്സവദിനം വാദ്യമേള അകമ്പടിയോടെ കുട്ടകള്‍ കൃത്യമായി ഭഗവത് സന്നിധിയില്‍ എത്തിക്കുന്നു.


ഫോട്ടോ: ഗംഗാ സ്റ്റുഡിയോ അമ്പലപ്പുഴ