അമ്മേ മൂകാംബികേ -1
നാദസ്വരൂപിണി കൈവല്യദായിനി...
കോല മഹര്‍ഷിയുടെ തപസ്സിനാല്‍ പുണ്യഭൂമിയായി മാറിയതാണ് കൊല്ലൂരും മൂകാംബികാക്ഷേത്രവും. മൂകാംബികാ ദേവീക്ഷേത്രം ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. കര്‍ണ്ണാടക സംസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും നിത്യവും നിരവധി മലയാളി തീര്‍ത്ഥാടകരാണ് നാദസ്വരൂപിണിയും കൈവല്യദായിനിയുമായ ജഗദംബയെ ദര്‍ശിക്കുവാനായി ഇവിടെയെത്തുന്നത്. കലാകാരന്മാര്, വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, സംഗീതജ്ഞര്‍, ശിഷ്യന്മാര് തുടങ്ങിയവര്‍ ദേവിയെ ഉപാസിക്കുന്നു. വാഗ്ദേവതയായും നാദാംബികയായും പല ഭാവങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മൂകാംബികാദേവിയുടെ ദര്‍ശനം തന്നെ ജീവിതത്തില്‍ വിജയം നല്കുന്നു എന്നാണ് വിശ്വാസം. എല്ലാദിവസവും വിദ്യാരംഭം നടക്കുന്ന അപൂര്‍വ്വക്ഷേത്രം കൂടിയാണിത്.
സ്വച്ഛന്ദം ഒഴുകുന്ന സൗപര്‍ണ്ണികാനദി ഒരുവശത്ത്. മഴക്കാലത്ത് അവളുടെ ഭാവം തീക്ഷ്ണമാണ്. വേനല്‍ക്കാലത്ത് ശാന്തവുമാണ്. കോടമഞ്ഞ് മൂടിയ കുടജാദ്രി മലനിരകള്‍ മറുവശത്ത്. നമസ്ക്കാരമന്ത്രം ജപിക്കുന്ന സൗപര്ണ്ണികാനദിയും തപസ്സനുഷ്ഠിക്കുന്ന കുടജാദ്രി മലനിരകളും ഇവയുടെ നടുക്കായി സ്ഥിതി ചെയ്യുന്ന മൂകാംബികാക്ഷേത്രം. നാം സ്ത്രീയെ ശക്തിയായി കരുതുന്നു. ഇതിനൊക്കെ മുകളിലായി അമ്മ എന്ന മഹാസങ്കല് പ്രപഞ്ചസത്യം. ഈ നടയില്‍ നിന്ന് എന്ത് പ്രാര്‍ത്ഥിച്ചാലും അമ്മ നടത്തിത്തരുമെന്നാണ് പറയപ്പെടുന്നത്.
പ്രപഞ്ചഗുണങ്ങളില്പ്പെട്ട തൃഗുണങ്ങളില്‍(സാത്വികം, രാജസം, താമസം) മൂന്നും ചേര്‍ന്ന ആദിപരാശക്തി സ്വരൂപമാണ് മൂകാംബിക. മഹാകാളി, മഹാലക്ഷ്മീ, മഹാസരസ്വതി എന്നീ മൂന്ന് മൂര്‍ത്തീഭാവങ്ങളും സന്തുലിതമായി വര്‍ത്തിക്കുമ്പോള്‍ മാത്രമാണ് പ്രപഞ്ചത്തില്‍ എല്ലാത്തിനും പൂര്‍ണ്ണത കിട്ടുന്നത്. അതേ പ്രകാരത്തില്‍ ഏതേത് ഗുണങ്ങളുള്ള ആള്‍ക്കാരും ഈ സന്നിധിയില്‍ എത്തുമ്പോള്‍ അനുഭവം ഏറുന്നതും ഇതുതന്നെ. കാരണം, 'അക്ഷരം- ന-ക്ഷയം- വിദ്യാത്'- എല്ലാവരുടെ ജീവിതത്തിലും വാക്കുകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടുമാണ് പൂര്‍ണ്ണത ലഭിക്കുന്നത്. ഇവ മൂന്നും ചേര്‍ന്ന പൂര്‍ണ്ണതയ്ക്കും ആത്യന്തികമായ ശക്തിയായി വര്‍ത്തിക്കുന്നത് സാക്ഷാല്‍ ആദിപരാശക്തിയായ മൂകാംബി തന്നെയാണ് എന്നത് ഒരിക്കലെങ്കിലും ദര്‍ശനം പൂര്‍ത്തിയാക്കിയവര്‍ക്ക് അറിയാന്‍ സാധിക്കും. വാഗീശ്വരിയായ ആദിസരസ്വതിയായി നമ്മുടെ വാക്കിനേയും ലക്ഷ്മിയായി ബുദ്ധിയേയും ദുര്‍ഗ്ഗാഭാവത്തില്‍ ഗതിനിയന്താവായും അമ്മ ഭക്തര്‍ക്ക് അനുഗ്രഹം നല്കുന്നു. അത്ഭുതങ്ങളുടെയും അനുഭവസാക്ഷ്യങ്ങളുടെയും ഒരു വലിയ ചരിത്രം തന്നെ ഇവിടെയുണ്ട്.

ഇവിടെ വന്ന് ശ്രീമൂകാംബികയെ ദര്‍ശിച്ച് അനുഗ്രഹം നേടിയവര്‍ അതിപ്രശസ്തര്‍ മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്. വിദ്യാവിജയം , കലാപരമായ മേഖലയിലെ ഉന്നതവിജയം, ഉദ്യോഗലബ്ധി, വിവാഹലബ്ധി, സന്താനലബ്ധി, സര്വ്വൈശ്വര്യനേട്ടം തുടങ്ങി നിങ്ങള്‍ മനസ്സുതുറന്നു എന്തുചോദിക്കുന്നുവോ അത് അമ്മ സാധ്യമാക്കിത്തരും. അതിനാല്‍, തന്നെ ജാതി മത വര്‍ഗ്ഗമെന്യേ അമ്മേ എന്ന മന്ത്രത്തോടെ ദിവസവും ഈ ക്ഷേത്രത്തിലെത്തുന്നു.
കുറേ നാളുകളായി വിചാരിക്കുന്നു. മൂകാംബികയില്‍പ്പോയി ദേവിയെ ദര്‍ശിക്കണമെന്ന്. പക്ഷേ സാധിക്കുന്നുണ്ടായിരുന്നില്ല. എത്ര തയ്യാറെടുപ്പുകള്‍ നടത്തിയാലും നമ്മള്‍ക്ക് ഒഴിവും വഴിചെലവിനുള്ള കാശും കരുതിവെച്ചാലും അമ്മ വിചാരിച്ചാലെ മൂകാംബികയില്‍ പോയി ദര്‍ശനം നടത്തുവാന്‍ സാധിക്കുകയുള്ളൂ. തന്ത്രിയും പ്രധാന അര്‍ച്ചകനായ നിത്യാനന്ദ അഡിഗയുടെ വാക്കുകള്‍ എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അതിലിങ്ങനെയാണ് എഴുതിയിരിക്കുന്നത്. 'ഒരു നീല വെളിച്ചം നിങ്ങളെ വന്ന് തൊടും. അത് അമ്മയുടെ പ്രഭാവലയത്തിന്റെ പ്രകാശമാണ്. ആ പ്രകാശം വന്ന് സ്പര്‍ശിക്കുമ്പോള്‍ നിങ്ങള്‍ കൊല്ലൂരിലേക്കുള്ള പ്രയാണമാരംഭിക്കും. അതിന് പണമോ സാഹചര്യമോ ഒന്നും വിഘ്നമാവില്ല, നിങ്ങള്‍ കൊല്ലൂരില്‍ എത്തിയിരിക്കും.'
മൂന്നുനാലുതവണ മാറ്റിവച്ച മൂകാംബികാസന്ദര്ശനം ഈയടുത്താണ് സാധിച്ചത്. മൂകാംബികയില്‍ അമ്മ ചെല്ലുവാന്‍ പറഞ്ഞു. അങ്ങനെ അവിടെ പോയി അമ്മയെ മനസ്സ് നിറയെ ദര്‍ശിക്കുവാനും ഫോട്ടോകളെടുക്കാനും സാധിച്ചു. വര്‍ഷത്തില്‍ രണ്ടുമൂന്ന് തവണയെങ്കിലും മൂകാംബികദര്‍ശനം നടത്തുന്ന രാമനാഥന് ചേട്ടനും ഭാര്യയും ഞാനും ഭാര്യയും കൂടിയായിരുന്നു വിദ്യാവിലാസിനിയും വരവര്ണ്ണിനിയുമായ അമ്മയെ വണങ്ങുവാനായി പോയത്.

കൊല്ലൂരെത്തുന്നതിന് മുമ്പായി ദേവിയുടെ അംബാവനവും സ്വാഗത ഗോപുരവും. അംബാവനം തുടങ്ങുന്നയിടം പൗരാണികമായ ക്ഷേത്രാവശിഷ്ടങ്ങളും കല്ലില്‍തീര്‍ത്ത ചില രൂപങ്ങളും ഇവിടെ കാണാം. വനദുര്‍ഗ്ഗയായാണ് ദേവി ഇവിടെ വസിക്കുന്നത്. മൂകാംബിക എത്തുന്നതിന് മുമ്പുള്ള സ്വാഗതഗോപുരത്തോട് ചേര്‍ന്ന് ഇടതുഭാഗത്തായാണ് മസ്തിക്കട്ട എന്ന വനദുര്‍ഗ്ഗാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അംബാവനത്തിലേയ്ക്ക് വരുമ്പോഴും ഇവിടന്ന് തിരിച്ചുപോകുമ്പോഴും ഇവിടം വന്ദിച്ചിട്ടാണ് ഭക്തജനങ്ങള്‍ യാത്ര തുടങ്ങുന്നത്. കുട്ടികളില്ലാത്തവര്‍ക്ക് ഇവിടെ പ്രാര്‍ത്ഥിച്ച് തൊട്ടിലും കയറും സമര്‍പ്പിച്ചാല്‍ കാര്യസാദ്ധ്യമാകുമെന്നൊരു വിശ്വാസമുണ്ട്.
മഹാദ്വാരമെന്ന ഗോപുരവാതില്‍ കടന്ന് തിരുമുറ്റത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ നേരെ മുന്നിലായി കല്‍വിളക്കിനും സ്വര്ണ്ണക്കൊടിമരത്തിനുമപ്പുറം സാക്ഷാല്‍ വിദ്യാജനനി കുടികൊള്ളുന്ന ഗര്‍ഭഗൃഹം നോക്കി സാഷ്ടാംഗ പ്രണാമമര്‍പ്പിച്ച് ഏതോ ഒരദൃശ്യശക്തിയാലെന്നവണ്ണം പ്രാകാരപ്രദക്ഷിണവും കഴിഞ്ഞ് ഭക്തര്‍ ബലിക്കല്‍പ്പുരയും താണ്ടി അകത്തേയ്ക്ക് പ്രവേശിക്കുന്നു. നേരെ മുന്നിലേക്ക് കടന്നാല്‍ ഉള്ളിലെ വാതിലിന് മുകളിലായി കൊത്തിവെച്ച ഗണപതി വിഗ്രഹം. ഗണപതിയെ വണങ്ങി നേരെ മുന്നോട്ടുപോയാല്‍ ആ തിരുനട തുറന്നിരിക്കും. സര്‍വ്വാഭരണ വിഭൂഷിതയായ, അലങ്കാര പൂജ ചെയ്തിരിക്കുന്ന മൂകാംബിക അമ്മ. ഒരു നിമിഷം നമ്മുടെ നയനങ്ങള്‍ അശ്രുപൂരിതങ്ങളാകും. അമ്മയുടെ ചൈതന്യവത്തായ ആ വിഗ്രഹം നമ്മുടെ മനസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ ഭൗതിക സുഖങ്ങള്‍ക്കുമപ്പുറം നാം ഏതോ ആനന്ദലോകത്തേക്ക് പോകും. ധന്യമായ നിമിഷം, പുണ്യമായ നിമിഷം. ഇതനുഭവിക്കണം.

ജീവിതത്തിലൊരിക്കല്‍ അമ്മയെ ദര്‍ശിച്ച ഓരോരുത്തരും വീണ്ടും വീണ്ടും ഇവിടേയ്ക്ക് വരും.
കണ്‍കുളിര്‍ക്കെ മനംനിറയെ ദേവിയെ കണ്ടുവണങ്ങി. പഞ്ചലോഹനിര്‍മ്മിതമായ ചതുര്‍ബാഹുവായ ദേവി പത്മാസനത്തിലിരിക്കുന്നു. ശ്രീചക്രത്തിന്റെ കേന്ദ്രസ്ഥാനത്തുതന്നെ.
പ്രപഞ്ചശക്തിയുടെ കേന്ദ്രഭാവം, വരപ്രദായിനിയുടെ മോഹനരൂപം, കാളിമാതാവിന്റെ ഭാവം, ലക്ഷ്മിമാതാവിന്റെ ഭാവം, സരസ്വതിഭാവം ഇതെല്ലാം ഒത്തുചേര്‍ന്ന പ്രപഞ്ചത്തിന്റെ ശക്തി, ആദിപരാശക്തി.
ശ്രീകോവിലിന് തെക്കുഭാഗത്തായി ഒരുചെറിയ ഗണപതികോവില്‍ കാണാം. വലംപിരി ഗണപതിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിന് തൊട്ടടുത്തായി നിത്യവും ഗണപതിഹോമം നടത്തുന്ന സ്ഥലം കാണാം. ഇവിടുന്ന് പ്രദക്ഷിണ വഴിയെപോകുമ്പോള് ശ്രീകോവിലിന് പിറകിലായി ശ്രീശങ്കരാചാര്യര്‍ തപസ്സ് ചെയ്ത ഒരു ചെറിയ മണ്ഡപം കാണാം. അവിടെ വന്ദിച്ച് വടക്കേനട വഴി പുറത്തുകടക്കാം.
.jpg)
പുറത്തുകടന്ന് പ്രദക്ഷിണമായി വരുമ്പോള്‍ ആദ്യം വീരഭദ്രസ്വാമിയെ വന്ദിക്കണം. പിന്നീട് അഗ്നികോണില്‍ ശ്രീസുബ്രഹ്മണ്യസ്വാമിയെയും വന്ദിച്ച് സരസ്വതിമണ്ഡപത്തില്‍ തൊഴുതു പ്രാര്‍ത്ഥിക്കുന്നു. അവിടുന്ന് പ്രദക്ഷിണവഴിയെ വന്ന് നിര്യതികോണില് പ്രാണലിംഗേശ്വരന്‍, തൊട്ടടുത്ത് ശ്രീ പാര്ത്ഥേശ്വരന്, ശ്രീപഞ്ചമുഖ ഗണപതി, ശ്രീചന്ദ്രമൗലീശ്വരന്, ശ്രീനഞ്ചുണ്ടേശ്വരന് എന്നിവരേയും തൊഴുന്നു. ശ്രീനഞ്ചുണ്ടേശ്വര വിഗ്രഹത്തിന് മുന്നിലായി ഒരു നന്തി പ്രതിമയുണ്ട്. ആ പ്രതിമയുടെ ചെവിയില്‍ ആവശ്യങ്ങള്‍ പറയുന്ന നിരവധി ഭക്തരെ കാണാം. അവിടെ നിന്നും വായുകോണില്‍ ശ്രീ ആഞ്ജനേയ സ്വാമിയേയും ശ്രീവെങ്കട രമണനേയും തൊഴുന്നു. വീണ്ടും മുന്നോട്ടുള്ള പ്രദക്ഷിണത്തില്‍ ഈശാനകോണിലെ തുളസി ഗോപാലകൃഷ്ണ വിഗ്രഹത്തെ നമസ്ക്കരിക്കണം.
കോലാപുരം ലോപിച്ച് കൊല്ലൂര്‍ ആയി
മഹാ ആരണ്യപുരം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം വളരെ പണ്ട് കൊടുംകാട് ആയിരുന്നു. മഹാ ആരണ്യപുരം എന്ന പേരില്‍തന്നെ ഈ വനപ്രദേശത്തിന്റെ ഭയാനകത നിറഞ്ഞുനില്ക്കുന്നു. ഇവിടെ കോലമഹര്‍ഷി എന്നൊരു സിദ്ധന് വര്‍ഷങ്ങളോളം തപസ്സനുഷ്ഠിച്ചുപോന്നിരുന്നു. അദ്ദേഹത്തിന്റെ തപസ്സില്‍ സംപ്രീതനായി ശ്രീപരമേശ്വരന് പ്രത്യക്ഷപ്പെട്ട് കോലമഹര്‍ഷിയെ അനുഗ്രഹിച്ചു. അവിടെ ശ്രീചക്രാംഗിതമായ സ്വയംഭൂ ജ്യോതിര്‍ലിംഗത്തെ യഥാവിധി പൂജിച്ച് പരിപാലിക്കുവാനും ഭഗവാന് അരുള്‍ ചെയ്തു. സാക്ഷാല്‍ ആദിപരാശക്തി മൂന്ന് ഭാവങ്ങളില്‍ ഇവിടെ കുടികൊള്ളുന്നു.

ദേവിസാന്നിദ്ധ്യത്താല് ജ്യോതിര്‍ലിംഗം എപ്പോഴും ചൈതന്യവത്തായിരിക്കുമെന്നും ശ്രീമഹേശ്വരന്‍ അനുഗ്രഹിച്ചു. മാത്രമല്ല, ഈ പ്രദേശം ഇനി മുതല്‍ മാമുനേ അങ്ങയുടെ പേരോടുകൂടിയാണ് അറിയപ്പെടുക എന്നും പറഞ്ഞ് പരമശിവന് അപ്രത്യക്ഷനായി. അന്ന് മുതല്‍ മഹാരണ്യപുരം കോലാപുരമായി. കോലാപുരം ലോപിച്ച് കൊല്ലൂര്‍ ആയിത്തീര്‍ന്നു എന്നാണ് ഐതിഹ്യം.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
