ആറ്റുകാലമ്മയ്ക്ക് അനില്‍കുമാറിന്‍റെ ആത്മസമര്‍പ്പണം

ആറ്റുകാലമ്മയ്ക്ക് അനില്‍കുമാറിന്‍റെ ആത്മസമര്‍പ്പണം

HIGHLIGHTS

1993 ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ ചെയ്ത പഞ്ചപാണ്ഡവരുടെ ഫൈബര്‍ ശില്‍പ്പവും അമ്പലപ്പുഴ ക്ഷേത്രത്തിലെ സിമന്‍റില്‍ ചെയ്ത ആനയും, വേളി പള്ളിയിലെ മകുടവുമൊക്കെ ഈ കലാവൈഭവത്തിന് തെളിവാണ്. ഒടുവിലിപ്പോഴിതാ, ആറ്റുകാലമ്മ ഭക്തരെ രക്ഷിച്ച് കരയ്ക്കെത്തിക്കുന്ന ഫൈബര്‍ ശില്‍പ്പവും

ഏഴുവര്‍ഷം മുന്‍പാണ്. വാമനപുരത്തുനിന്നും ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരു കുടുംബം ദര്‍ശനശേഷം പൊന്‍മുടിക്ക് സമീപമുള്ള കല്ലാറില്‍ ഒരു വഞ്ചിയാത്രയ്ക്ക് പോയി. കാഴ്ചയില്‍ അതിമനോഹരമായ കല്ലാറില്‍ അതുപോലെതന്നെ അപകടം പതിയിരിക്കുന്ന വിവരം അറിയാതെയായിരുന്നു വാമനപുരം കുടുംബത്തിന്‍റെ വഞ്ചിയാത്ര. നിരവധിയാളുകളാണ് കല്ലാറില്‍ ഒഴുക്കിലേക്ക് കാല്‍വഴുതി വീണും മലവെള്ളം കയറിയുമൊക്കെ മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. ഒക്കെയാണെങ്കിലും കല്ലാറിന്‍റെ സൗന്ദര്യം കണ്ടാല്‍ ഒന്നിറങ്ങാന്‍ ആര്‍ക്കും തോന്നും. അത്ര വശ്യമനോഹാരിതയാണ് ആ ഒഴുക്കിന്.

അതുതന്നെയാണ് വാമനപുരം കുടുംബത്തേയും കല്ലാറിലെത്തിച്ചത്. പക്ഷേ യാത്ര തുടങ്ങി അധികം കഴിയും മുന്‍പ് രംഗം മാറി. കുത്തിയൊലിച്ചുവന്ന മലവെള്ളപ്പാച്ചിലില്‍ കല്ലാറിലെ ജലനിരപ്പുയര്‍ത്തുകയും ഒഴുക്കിന്‍റെ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്തപ്പോള്‍, അതുവരെ ശാന്തസുന്ദരം ഒഴുകിക്കൊണ്ടിരുന്ന വഞ്ചി, തിരമാലകള്‍ കണക്കെ ഉയര്‍ന്ന ഓളങ്ങളില്‍ അപകടകരമാംവിധം ആടിയുലയാന്‍ തുടങ്ങി.

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. പാവം കുടുംബം ആറ്റുകാലമ്മയെ വിളിച്ചുപ്രാര്‍ത്ഥിച്ചു. മണിക്കൂറുകള്‍ മാത്രം മുന്‍പ് തങ്ങള്‍ ദര്‍ശിച്ച ആ തേജോമയ രൂപം ഒരു മിന്നായം പോലെ അവരില്‍ ഓരോരുത്തരുടേയും മനസ്സില്‍ തെളിഞ്ഞപ്പോള്‍ അവര്‍ അമ്മയെ വിളിച്ച് പ്രാര്‍ത്ഥിച്ചു. ആ മരണവക്ത്രത്തില്‍ നിന്ന് തങ്ങളെ കൈപിടിച്ചു രക്ഷിക്കാന്‍ കേണപേക്ഷിച്ചു.

പെട്ടെന്നാണ് അത് സംഭവിച്ചത്. മലവെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചു. കല്ലാര്‍ പിന്നെയും പഴയ ശാന്തസ്വരൂപിണിയായി. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ ആ വഞ്ചിയാത്രക്കാര്‍ നോക്കുമ്പോള്‍ വഞ്ചിയുടെ അമരത്ത് പുഞ്ചിരിച്ച്, ആശ്വാസം പകര്‍ന്നുകൊണ്ട് ജഗദംബയായ സാക്ഷാല്‍ ആറ്റുകാലമ്മ.

സ്വാഭാവികമായും ആ വിവരം അവര്‍ അപ്പോള്‍തന്നെ ക്ഷേത്രത്തില്‍ വിളിച്ചറിയിച്ചതിനപ്പുറം ക്ഷേത്ര ഭാരവാഹികള്‍ അതത്ര കാര്യമാക്കിയില്ല. അങ്ങനെ എത്രയെത്ര അനുഭവങ്ങളാണ് അമ്മയുടെ ഭക്തര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിത്യവും അതു കേട്ടുകേട്ട് ക്ഷേത്രഭാരവാഹികളെ സംബന്ധിച്ചിടത്തോളം അതൊരു വാര്‍ത്തയേ അല്ലാതായി കഴിഞ്ഞിരുന്നു.

എന്നാല്‍ തിരുമല സ്വദേശി ആര്‍ട്ടിസ്റ്റ് അനില്‍കുമാറിന് വാമനപുരം കുടുംബത്തിന്‍റെ ആ അനുഭവം അത്ര നിസ്സാരമായി തള്ളാന്‍ തോന്നിയില്ല. ഈ തോന്നായ്കയാണ് ഇക്കഴിഞ്ഞ ഉത്സവത്തിന് മുന്നോടിയായി, ക്ഷേത്ര നടപ്പന്തല്‍ അവസാനിക്കുന്നിടത്ത് സ്ഥാപിച്ചിട്ടുള്ള ചാരുതയാര്‍ന്ന ചിത്രത്തിന് പ്രേരണയായത്. അതിന് പിന്നില്‍ മറ്റൊരു കഥയുണ്ട്.
ഈ സംഭവം നടക്കുമ്പോള്‍ ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാനായിരുന്ന രവീന്ദ്രന്‍നായര്‍ക്ക്, പിന്നീട് പല പ്രാവശ്യം അതൊരു ശില്‍പ്പമായി ക്ഷേത്രത്തില്‍ സ്ഥാപിക്കണമെന്ന് തോന്നിയെങ്കിലും നടന്നില്ല. എന്നാല്‍ പിന്നീട് ഒരു സ്വപ്നദര്‍ശനമായി ദേവി തന്നെ അത് തോന്നിച്ചപ്പോള്‍ രവീന്ദ്രന്‍നായര്‍ക്ക് ഓര്‍മ്മ വന്നത് അനില്‍കുമാര്‍ എന്ന ആര്‍ട്ടിസ്റ്റ് അനിലിന്‍റെ പേരാണ്. 

അങ്ങനെയാണ് ഈ മനോഹര ശില്‍പ്പത്തിന്‍റെ നിര്‍മ്മാണം അനില്‍കുമാറിനെ തേടിയെത്തിയത്. നാടിന്‍റെ പല ഭാഗത്തും ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ ചുവര്‍ശില്‍പ്പങ്ങള്‍ ചെയ്തിട്ടുള്ള അനില്‍കുമാര്‍, തന്നെ തേടിയെത്തിയ ഒരു നിയോഗമായി അത് സ്വീകരിക്കുകയും തിരുമല ശ്രീകൃഷ്ണ നഗറിലെ പണിപ്പുരയില്‍ ശില്‍പ്പനിര്‍മ്മാണത്തിന്  തുടക്കം കുറിക്കുകയും ചെയ്തു.

ദേവിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഒരു മാസമെടുത്ത് ശില്‍പ്പരചനപൂര്‍ത്തിയാക്കി. രൂപരേഖ വരച്ച് സിമന്‍റില്‍ പണിതെടുത്ത് ഫൈബര്‍ ഗ്ലാസില്‍ വച്ച് നിറം നല്‍കിയ ശില്‍പ്പത്തിന് 22 അടി നീളവും 7 അടി പൊക്കവുമാണുള്ളത്. ആറ്റുകാലമ്മ തന്‍റെ ഭക്തര്‍ക്കൊപ്പം വഞ്ചിയില്‍ അമരത്തിരിക്കുന്ന ശില്‍പ്പം അനുഭവത്തിന്‍റെയും വിശ്വാസത്തിന്‍റെയും സാക്ഷ്യപത്രമാണെന്നാണ് അനില്‍കുമാര്‍ പറയുന്നത്. ഏത് ദുരിതക്കയത്തില്‍ നിന്നും തന്‍റെ ഭക്തരെ രക്ഷിച്ചുകരകയറ്റുവാന്‍ അമ്മ നേരിട്ടെത്തും എന്നുള്ളതിന്‍റെ സാക്ഷ്യപത്രം.

ഏതായാലും ഈ ഉത്സവകാലത്ത് ക്ഷേത്രത്തിലെത്തിയ പതിനായിരക്കണക്കിന് ഭക്തരുടെ പ്രധാന ആകര്‍ഷകങ്ങളില്‍ ഒന്നായിരുന്നു ഈ ഫൈബര്‍ ശില്‍പ്പം. സ്ക്കൂള്‍പഠനകാലം മുതല്‍ ചിത്രരചനയില്‍ താല്‍പ്പര്യം കാട്ടിയിരുന്ന അനില്‍കുമാര്‍ ശില്‍പ്പനിര്‍മ്മാണത്തിലേക്ക് തിരിക്കുവാന്‍ നിമിത്തമായത് തിരുമലയില്‍ ചേങ്കോട്ടുകോണം നീലകണ്ഠ ഗുരുവിന്‍റെ പേരില്‍ ഒരു ആശ്രമം സ്ഥാപിതമായതാണ്. മാധവന്‍ സ്വാമിയായിരുന്നു അവിടുത്തെ മഠാധിപതി. അദ്ദേഹത്തിന്‍റെ ക്ഷണപ്രകാരം ആശ്രമത്തിലെ ചുവരുകളിലും മറ്റും ഹനുമാന്‍, ഗീതോപദേശം, ആദിശങ്കരനും നാല് ശിഷ്യരും. തുടങ്ങിയ ശില്‍പ്പങ്ങള്‍ ചെയ്യാന്‍ വന്നതായിരുന്ന കലാരത്നം രാജഗോപാല്‍ എന്ന ശില്‍പ്പി. അദ്ദേഹവുമായുള്ള അടുപ്പമാണ് അനില്‍കുമാറിലെ ശില്‍പ്പിയെ പുറത്തെത്തിച്ചത്.

വരയിലും ശില്‍പ്പനിര്‍മ്മാണത്തിലുമൊക്കെയുള്ള താല്‍പ്പര്യം മൂലം ദിവസവും അതുകാണാന്‍ പോകുമായിരുന്ന അനില്‍കുമാര്‍ പയ്യെ പയ്യെ രാജഗോപാല്‍ പറയാതെ തന്നെ സിമന്‍റ് കൂട്ടിക്കൊടുത്തും മറ്റും ഒപ്പം കൂടി. ക്രമേണ ഒരു മുഴുവന്‍ സമയസഹായിയായി മാറി. അങ്ങനിരിക്കെയാണ് എറണാകുളത്ത് പത്തടിപ്പാലത്ത് ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നും രാജഗോപാലിന് വിളി വന്നത്. ആശ്രമത്തിലെ പണിയൊക്കെ കഴിഞ്ഞ് പത്തടിപ്പാലത്തേക്ക് പോകുമ്പോള്‍ രാജഗോപാല്‍ അനില്‍കുമാറിനോട് ചോദിച്ചു.. വരുന്നോ?

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍. പിന്നൊന്നും ആലോചിച്ചില്ല. ഒപ്പം കൂടി. വര്‍ഷങ്ങളോളം രാജഗോപാലിന്‍റെ സഹായിയായിക്കൂടിയ അനില്‍കുമാര്‍ ക്രമേണ സ്വയം ഒരു ശില്‍പ്പിയായി രൂപപ്പെടുകയായിരുന്നു. രാജഗോപാലിന്‍റെ പ്രേരണയും സഹായമായി. അതോടെ, വീടിനടുത്തുള്ള പാറക്കോവിലില്‍ ശ്രീകൃഷ്ണന്‍റെ ചിത്രം വരച്ചുതുടങ്ങിയ അനില്‍കുമാര്‍ പൂര്‍ണ്ണമായും ശില്‍പ്പനിര്‍മ്മാണത്തിലേക്ക് തിരിയുകയും ക്ഷേത്രങ്ങളിലും പള്ളികളിലുമൊക്കെ ശില്‍പ്പ നിര്‍മ്മാണം നടത്തുകയും ചെയ്തു.

1993 ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നില്‍ ചെയ്ത പഞ്ചപാണ്ഡവരുടെ ഫൈബര്‍ ശില്‍പ്പവും അമ്പലപ്പുഴ ക്ഷേത്രത്തിലെ സിമന്‍റില്‍ ചെയ്ത ആനയും, വേളി പള്ളിയിലെ മകുടവുമൊക്കെ ഈ കലാവൈഭവത്തിന് തെളിവാണ്. ഒടുവിലിപ്പോഴിതാ, ആറ്റുകാലമ്മ ഭക്തരെ രക്ഷിച്ച് കരയ്ക്കെത്തിക്കുന്ന ഫൈബര്‍ ശില്‍പ്പവും.
 

Photo Courtesy - jyothisharathnam